മാധവന്റെയും മജീദിന്റെയും കൽക്കത്തകൾ

മാധവന്റെയും മജീദിന്റെയും കൽക്കത്തകൾ

'ബാല്യകാല സഖിയെഴുതാൻ പ്രേരണയായത് കൽക്കത്തയിൽ വെച്ച് കണ്ട ഒരു ദുസ്വപ്നമാണെന്ന് ബഷീർ പറഞ്ഞിട്ടുണ്ട്.' ബാല്യകാലസഖിയെ കുറിച്ചും ബഷീറിനെ കുറിച്ചും നോവലിസ്റ്റും തിരക്കഥാകൃത്തുമായ എസ് ഹരീഷ് എഴുതുന്നു

പണ്ട് വായിച്ചതൊക്കെ ഒന്നുകൂടി വായിക്കുന്ന ശീലം ഈയിടെ തുടങ്ങിയിട്ടുണ്ട്. അതിൻറെ ഭാഗമായാണ് ബാല്യകാലസഖി വായിച്ചത്. തൊട്ടുമുൻപ് വായിച്ചത് ഇന്ദുലേഖയായത് യാദൃശ്ചികം മാത്രം. ഇന്ദുലേഖ എഴുതപ്പെടുന്നത് 1889ൽ ആണ്. ബാല്യകാലസഖി 1944ലും. രണ്ടിനുമിടയിൽ അരനൂറ്റാണ്ടിലധികം വരുന്ന വലിയ അകലമുണ്ട്. ഈ കാലയളവിൽ മലയാളത്തിലെ ഫിക്ഷനെഴുത്തിൽ സിവി രാമൻ പിള്ളയല്ലാതെ വലുതായൊന്നും സംഭവിച്ചിട്ടില്ല. രാമരാജ ബഹദൂർ 1918ലാണ് പുറത്തുവരുന്നത്. അതിനും ബാല്യകാലസഖിക്കുമിടയിൽ ഇരുപത്താറ് വർഷത്തെ ദൂരമുണ്ട്. അതിനിടയിൽ  നമ്മുടെ ഭാഷയിൽ ബഷീറിൻ്റെ തന്നെ പ്രേമലേഖനമൊഴികെ ഇപ്പോഴും പ്രസക്തമായ നോവലുകളൊന്നും ഉണ്ടായിട്ടില്ല.

വായനയിൽ രസമായി തോന്നിയത് ഇന്ദുലേഖയിലേയും ബാല്യകാലസഖിയിലേയും നായകന്മാർ അര നൂറ്റാണ്ടിന്റെ അകലത്തിൽ നടത്തുന്ന യാത്രകളാണ്. ലോകമെങ്ങും പ്രശസ്ത നോവലുകളിലെ നായകന്മാർ നടത്തുന്ന യാത്രകളെക്കുറിച്ചാലോചിച്ചാൽ നമ്മൾ വല്ലാതെയായിപ്പോകും. ഡോൺ ക്വിക്സോട്ട് മുതൽ തോമസ് നെവിൻസൺ വരെ, അവരെല്ലാവരും ഇരിപ്പുറയ്ക്കാതെ യാത്ര ചെയ്തവരാണ്.  ഖസാക്കിലെ രവിയും ഉറൂബിന്റെ വിശ്വവും തുടങ്ങി നമ്മുടെ നായകന്മാരും നിരന്തര യാത്രകളിലാണ്.  മാധവനും മജീദുമാകട്ടെ ഒരേ സ്ഥലത്തേക്ക് തന്നെയാണ് പോകുന്നത്- കൽക്കത്ത. 

ഇന്ദുലേഖയിലെ കഥ നടക്കുന്ന കാലം നോവലെഴുതപ്പെട്ട കാലം തന്നെയാണ്. ബാല്യകാലസഖിയും എഴുതപ്പെട്ടതിന് തൊട്ടുമുൻപുള്ള സമയമാണെന്ന് വിചാരിക്കാം. ചെറിയ നോവലാണെങ്കിലും ബഷീർ വലിയൊരു കാലയളവിനെ എഴുതുന്നുണ്ട്. മജീദിന്റെയും സുഹറയുടേയും ചെറുപ്പം മുതൽ യൗവ്വനം തീരാറായ സുഹറയുടെ മരണം വരെയുള്ള സമയം. മാധവന്റെ ആദ്യത്തെ പ്ലാൻ വടക്കേ ഇന്ത്യയും ബർമ്മയും കറങ്ങാനായിരുന്നു. ട്രെയിനിൽ ആദ്യം ബോംബെയ്ക്കാണ് പോകുന്നത്. അവിടെനിന്ന് ബിലാത്തിക്ക് കടന്നാലോ എന്നാലോചിച്ചെങ്കിലും പിന്നെ കപ്പലിൽ യാത്ര കൽക്കത്തയ്ക്കാക്കി. മജീദ് രണ്ട് വലിയ യാത്രകൾ നടത്തുന്നുണ്ട്. ആദ്യത്തേത് ഏഴോ പത്തോ കൊല്ലക്കാലം നീളുന്ന എങ്ങോട്ടെന്നില്ലാത്ത പോക്കാണ്.

‘മജീദ് സഞ്ചരിച്ചു! പല നിലയിലും-നടന്നും വാഹനങ്ങളിലും യാചകന്മാരുടെ കൂടെയും ഗോസായികളുടെ സഖാവായും സന്യാസികളുടെ ശിഷ്യനായും ഹോട്ടൽ വേലക്കാരനായും ആഫീസ് ക്ലർക്കായും രാഷ്ട്രീയ പ്രവർത്തകരുടെ കൂടെയും കുബേരന്റെ അതിഥിയായും അങ്ങനെ പല നിലയിലും ജീവിച്ചു’ (ബാല്യകാലസഖി). മഹാ മണലാരണ്യങ്ങളുൾപ്പെടെ മജീദ് കണ്ട സ്ഥലങ്ങളെക്കുറിച്ചും ബഷീർ പറയുന്നുണ്ട്.

മാധവന്റെയും മജീദിന്റെയും കൽക്കത്തകൾ
ബുക്സ്റ്റോപ്പിൽ അനിത ദേശായി

രണ്ടാമത്തേത് ജോലിതേടി അല്ലെങ്കിൽ പെങ്ങന്മാരെ കല്യാണം കഴിപ്പിക്കാനുള്ള പണം സംഘടിപ്പിക്കാനായി ജന്മദേശത്തുനിന്ന് ആയിരത്തഞ്ഞൂറ് മൈൽ അകലെയുള്ള മഹാനഗരത്തിലേക്കുള്ള യാത്രയാണ്. തലയോലപ്പറമ്പിൽ നിന്ന് കൽക്കത്ത ഏതാണ്ട് അത്രയും ദൂരെയാണ്. കൂടാതെ ബാല്യകാലസഖിയെഴുതാൻ പ്രേരണയായത് കൽക്കത്തയിൽ വെച്ച് കണ്ട ഒരു ദുസ്വപ്നമാണെന്ന് ബഷീർ പറഞ്ഞിട്ടുമുണ്ട്.

ഫോട്ടോ: പി മുസ്തഫ

മാധവന്റേയും മജീദിന്റേയും യാത്രകളിൽ കൽക്കത്ത ഒഴിവാക്കിയാലും വേറെയും സാമ്യങ്ങളുണ്ട്. മരുമക്കത്തായിയായ മാധവന്റെ യാത്രയ്ക്ക് കാരണം അമ്മാവൻ പഞ്ചുമേനോനോടുള്ള പിണക്കവും ഇന്ദുലേഖയെ സൂരി നമ്പൂതിരി സംബന്ധം ചെയ്തു എന്ന തെറ്റിദ്ധാരണയുമാണ്. മക്കത്തായിയായ മജീദ് ബാപ്പയുമായി പിണങ്ങിയാണ് ആദ്യത്തെ യാത്ര പോകുന്നത്. ബാപ്പ പിടലിക്ക് പിടിച്ച് ഇറക്കിവിട്ടു എന്നതാണ് കൂടുതൽ ശരി. രണ്ടുപിണക്കത്തിനും അന്തർധാരയായി വേറൊരു കാര്യവുമുണ്ട്. ചിന്നനെ പഠിപ്പിക്കാത്തതുകൊണ്ടാണ് മാധവൻ പഞ്ചുമേനോനുമായി തെറ്റുന്നത്. മജീദും ഉമ്മയും ആവശ്യപ്പെട്ടിട്ടും ബാപ്പ സുഹറയെ പഠിപ്പിക്കാൻ കൂട്ടാക്കുന്നില്ല. രണ്ട് കാരണവന്മാരും മുൻശുണ്ഠിക്കാരും തങ്ങളിൽ തന്നവരോട് ഇഷ്ടമില്ലാത്തവരുമാണ്. മാധവന്റേയും മജീദിന്റേയും യാത്രകളിൽ പൊതുവായി അവരെ പിന്തുടരുന്ന പ്രണയമുണ്ട്. കാമുകിമാരിലും സാമ്യങ്ങളുണ്ട്. ഇന്ദുലേഖ പഠിക്കാൻ അതി മിടുക്കി. തുടർ പഠനം നടന്നില്ലെങ്കിലും സുഹറയും അതെ. പിന്നെ ഇന്ദുലേഖയും സുഹറയും തങ്ങളുടെ കാമുകന്മാരുടെ മേൽ മാനസിക ആധിപത്യം സ്ഥാപിച്ചവരുമാണ്. പരാജയമാണ് എല്ലാ യാത്രകളുടേയും പ്രേരണയെന്ന് പറയാറുണ്ട്. മാധവന്റേയും മജീദിന്റേയും കാര്യത്തിലും അത് ശരിയാണെന്ന് കാണാം. രണ്ടുപേരും എങ്ങോട്ട് പോയെന്ന കാര്യം ബന്ധുക്കൾക്ക് അജ്ഞാതവുമായിരുന്നു.

മജീദിന്റെ രണ്ട് യാത്രകളും ദുരന്തത്തിലാണ് അവസാനിച്ചത്. ആദ്യത്തെ തവണ നാട്ടിൽ തിരിച്ചെത്തിയപ്പോൾ സുഹറ നിവൃത്തിയില്ലാതെ വേറെ കല്യാണം കഴിച്ച് പോയിരുന്നു. ഇന്ദുലേഖയുടെ സ്നേഹത്തെപ്പോലെ തീവ്രമാണ് സുഹറയുടേതും. പക്ഷേ കാമുകനെ നീണ്ടകാലം കാത്തിരിക്കാനുള്ള സാമ്പത്തിക- സാമൂഹിക പിന്തുണ അവൾക്കില്ല

ഫോട്ടോ: പി മുസ്തഫ

 പക്ഷേ അരനൂറ്റാണ്ടിന്റെ അകലത്തിൽ പഴയ ബ്രിട്ടീഷ് മലബാറിലെ കോഴിക്കോടുകാരനായ മാധവനും തിരുവിതാംകൂർ രാജ്യത്തെ കോട്ടയംകാരനായ മജീദും നടത്തുന്ന യാത്രകൾ വിപരീത ഫലങ്ങളാണുണ്ടാക്കുന്നത്. മാധവന്റെ യാത്ര ശുഭപര്യവസായിയായി മാറി. തെറ്റിദ്ധാരണകൾ മാറി അയാൾക്ക് ഇന്ദുലേഖയുടെ സ്നേഹം ജീവിതകാലം മുഴുവൻ അനുഭവിക്കാൻ യോഗമുണ്ടായി. താമസിയാതെ സർക്കാർ സർവ്വീസിൽ ജോലി കിട്ടി.

മജീദിന്റെ രണ്ട് യാത്രകളും ദുരന്തത്തിലാണ് അവസാനിച്ചത്. ആദ്യത്തെ തവണ നാട്ടിൽ തിരിച്ചെത്തിയപ്പോൾ സുഹറ നിവൃത്തിയില്ലാതെ വേറെ കല്യാണം കഴിച്ച് പോയിരുന്നു. ഇന്ദുലേഖയുടെ സ്നേഹത്തെപ്പോലെ തീവ്രമാണ് സുഹറയുടേതും. പക്ഷേ കാമുകനെ നീണ്ടകാലം കാത്തിരിക്കാനുള്ള സാമ്പത്തിക- സാമൂഹിക പിന്തുണ അവൾക്കില്ല. രണ്ടാമത്തെ യാത്രയിൽ മജീദിന് സുഹറയെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുന്നു. അയാൾക്കിനി നാട്ടിലേക്ക് തിരിച്ചുവരാൻ പറ്റുമോ എന്നുപോലും ഉറപ്പില്ല.

മാധവന്റെയും മജീദിന്റെയും കൽക്കത്തകൾ
ചരിത്രവും പ്രണയവും കലർന്നൊഴുകുന്ന 'കെയ്‌റോസ്'; ബുക്സ്റ്റോപ്പിൽ ബുക്കർ ജേതാവ് ജെന്നി എർപെൻബെക്ക്

ഒരേ സ്ഥലത്തേക്ക് മാധവനും മജീദും നടത്തുന്ന യാത്രയിലുണ്ടാകുന്ന അനുഭവങ്ങളും തികച്ചും വിപരീതമാണ്. ആദ്യത്തെ യാത്രയിൽ ലോകം കണ്ടെങ്കിലും നിസ്വനായാണ് മജീദിന്റെ തിരിച്ചുവരവ്. രണ്ടാം യാത്രയിൽ അയാൾക്ക് വണ്ടിയിടിച്ച് ഒരു കാൽ നഷ്ടപ്പെടുന്നു. വിദൂരദേശങ്ങളിലെ പണക്കാരായ മുസൽമാന്മാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അവരെല്ലാം അയാളെ കൈയൊഴിയുകയാണ്. അവസാനം മജീദിന് എച്ചിൽ പാത്രങ്ങൾ കഴുകി ജീവിക്കേണ്ടി വരുന്നു. നാട്ടിൽ അയാളുടെ കുടുംബത്തിന് കിടപ്പാടം നഷ്ടപ്പെടുന്നു. കല്യാണപ്രായം കഴിഞ്ഞ പെങ്ങന്മാർ വഴിയാധാരമാകുന്നു. 

മജീദിൻറെ ജീവിതത്തിലെ യാദൃശ്ചികതകൾ ദുരന്തമുണ്ടാക്കാൻ വേണ്ടിയുള്ളതാണെങ്കിൽ മാധവന് സംഭവിക്കുന്ന യാദൃശ്ചികതകൾ അയാളെ രക്ഷിക്കാനുള്ളതാണ്

“മകനേ, ഇവിടെയുള്ള മുസ്ലീങ്ങൾ കണ്ണിൽച്ചോരയില്ലാത്തവരാണ്” 

അയാളുടെ ഉമ്മയുടെ അവസാനം വന്ന കത്തിലെഴുതി.

മാധവന്റെ അനുഭവം വേറൊന്നാണ്. സത്യസന്ധനായ മാധവനെ ഒന്നുരണ്ടു തവണ അപരിചിതരായ കള്ളന്മാർ പറ്റിക്കുന്നുണ്ട്. എന്നാൽ രൂപം കൊണ്ടും പെരുമാറ്റം കൊണ്ടും ബുദ്ധികൊണ്ടും ആളുകൾ അയാളിലേക്കാകർഷിക്കപ്പെടുന്നു. കൈയിലുള്ളതെല്ലാം പോയാലും സമ്പന്നരായ ബംഗാളികൾ അയാളെ സഹായിക്കാനുണ്ട്. പലപ്പോഴും രാജകീയമാണ് അയാളുടെ യാത്രക്കാലത്തെ ജീവിതം. മാത്രമല്ല ഏറ്റവും വേണ്ടപ്പെട്ടവർ അയാളെ തേടി പിന്നാലെ ചെല്ലുന്നു. മജീദിന്റെ ജീവിതത്തിലെ യാദൃശ്ചികതകൾ ദുരന്തമുണ്ടാക്കാൻ വേണ്ടിയുള്ളതാണെങ്കിൽ മാധവന് സംഭവിക്കുന്ന യാദൃശ്ചികതകൾ അയാളെ രക്ഷിക്കാനുള്ളതാണ്. മജീദ് യാത്ര ചെയ്യുന്തോറും നിസ്സഹായതയിലാണ് പെടുന്നത്. എന്നാൽ പരാജയ ബോധത്തിൽ നിന്നുണ്ടായ യാത്രയിലും മാധവന് വീരത്വം കാട്ടാനുള്ള അവസരം ചന്തുമേനോൻ ഉണ്ടാക്കുന്നുണ്ട്. കൽക്കട്ടയിലെ പാർക്കിൽ വച്ച് കൂട്ടിൽ നിന്ന് ചാടിയ ചീറ്റയെ മാധവൻ തന്റെ റിവോൾവർ കൊണ്ട് വെടിവെച്ചുകൊന്ന് ആളുകളെ രക്ഷിക്കുന്നു. (ഇന്ത്യൻ ചീറ്റകളുടെ വംശനാശത്തിൽ ഒരു മലയാളി നായകന്റെ പങ്ക്. അന്നും ചീറ്റ വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ്. മൃഗയാവിനോദത്തിനായി രാജാക്കന്മാർ ആഫ്രിക്കൻ ചീറ്റകളെ ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്).

ഫോട്ടോ: പി മുസ്തഫ

എന്തുകൊണ്ടാണ് അൻപത്തഞ്ച് വർഷം കഴിഞ്ഞപ്പോൾ മലയാളി നായകന്റെ കൽക്കത്താ യാത്ര ദുരന്തമായി മാറിയത്? അര നൂറ്റാണ്ട് മനുഷ്യജീവിതത്തെ വളരെ മുന്നോട്ട് കൊണ്ടുപോകേണ്ടതാണ്. ആ കാലം കേരളത്തിൽ ഏറെക്കുറെ വലിയതും നല്ലതുമായ മാറ്റങ്ങളുണ്ടായ സമയമാണ്. അരുവിപ്പുറം പ്രതിഷ്ഠ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് ഇന്ദുലേഖ എഴുതപ്പെടുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസം വരവറിയിച്ചു കഴിഞ്ഞു. എന്നാലും എല്ലാവർക്കും പ്രാപ്യമായിട്ടില്ല. അതിൽ നിന്ന് ഏറെ മുന്നോട്ടുപോയ കാലമാണ് 1944. തിരുവിതാംകൂറിൽ തൊട്ടുകൂടായ്മ ഏറെക്കുറെ അവസാനിക്കുന്നു. ഐക്യകേരളം വരുമെന്ന വിചാരമുണ്ട്. പ്രതീക്ഷയുണ്ടാക്കുന്ന സമരങ്ങൾ നടക്കുന്നു. പിന്നെന്താണ് മജീദിന്റെ ജീവിതവും യാത്രയും ദുരന്തമായത്?                                 

ലോകത്തേക്കും മൊത്തം ഇന്ത്യയിലേക്കും മുഖംതിരിച്ചയാളാണ് ബഷീറെന്നതാണതിന് കാരണമെന്ന് ഞാൻ വിചാരിക്കുന്നു. ആ അരനൂറ്റാണ്ടിനിടെ രണ്ട് ലോകയുദ്ധങ്ങളുണ്ടായി. ബാല്യകാലസഖി എഴുതുന്ന സമയത്ത് രണ്ടാമത്തെ ലോകയുദ്ധം തീരുമോ എന്നറിയാതെ തുടരുന്നു. മാധവൻ യാത്ര ചെയ്തകാലമാകട്ടെ രണ്ടാം വ്യവസായ വിപ്ലവത്തിന്റേതാണ്. കൽക്കത്ത അക്കാലം ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമാണ്. ബംഗാളിൻറെ മികച്ച സമയം. ആ ദേശീയത ഹിന്ദു- മുസ്ലീം എന്ന് വിഭജിക്കപ്പെട്ടിട്ടില്ല. മജീദ് യാത്ര ചെയ്ത കൽക്കത്ത വ്യത്യസ്തമാണ്. ബംഗാൾ മതത്തിൻറെ അടിസ്ഥാനത്തിൽ 1905ൽ രണ്ടായി. 1911ൽ വീണ്ടുമത് ഒന്നിച്ചെങ്കിലും അതേ മുറിവുകൾ വീണ്ടുമൊരു ശാശ്വത വിഭജനത്തിലേക്ക് അടുക്കുന്നു. മാത്രമല്ല, അത് ലക്ഷങ്ങൾ മരിച്ച ബംഗാൾ ക്ഷാമത്തിന്റെ കാലവുമാണ്. അതായത് ചന്തുമേനോന്റേയും ബഷീറിന്റേയും നായകന്മാർ യാത്ര ചെയ്ത നഗരങ്ങൾ ഒന്നല്ല. മതവും ഭരണകൂട നയങ്ങളും ആ നാടിനെ വേറൊന്നാക്കി മാറ്റി.  മാധവന്റെ ബംഗാൾ യാത്ര 1944 ൽ ആയിരുന്നെങ്കിൽ അയാൾക്ക് ഇന്ദുലേഖയെ തിരികെ കിട്ടുമോ എന്ന് സംശയമാണ്. 

അടിക്കുറിപ്പ്:

വായിച്ചപ്പോൾ തോന്നിയ സംശയം: മജീദിന്റെ ഏഴോ പത്തോ വർഷം നീണ്ട ലോക യാത്രയാണോ ബഷീറും നമ്മളും ബഷീറിന്റെ ജീവചരിത്രത്തിൽ പെടുത്തിക്കളഞ്ഞത്?   

logo
The Fourth
www.thefourthnews.in