അറിയുമോ പ്രണയഗാനം  പാടുന്ന അഴീക്കോടിനെ?

അറിയുമോ പ്രണയഗാനം പാടുന്ന അഴീക്കോടിനെ?

പ്രഭാഷണകലയുടെ ആചാര്യനായ സുകുമാർ അഴീക്കോടിൽ ഒരു പാട്ടുകാരനും ഉണ്ടെന്ന് അത്ഭുതത്തോടെ തിരിച്ചറിഞ്ഞ നിമിഷങ്ങളെ കുറിച്ച്

മൈക്കിന് മുന്നിൽ നിന്ന്  ഘോരഘോരം പ്രസംഗിക്കുന്ന സുകുമാർ അഴീക്കോടിനെയാണ് കണ്ട് ശീലം. അതുകൊണ്ട് തന്നെ കണ്ണടച്ചിരുന്ന് പാടുന്ന മാഷിനെ കണ്ടപ്പോൾ അത്ഭുതം. എങ്ങായിരുന്നു ഈ ഗായകൻ ഇതുവരെ? 'വർത്തമാനം' പത്രത്തിന്റെ ചീഫ് എഡിറ്ററുടെ കസേരയിലിരുന്ന് പഴയൊരു പ്രണയഗാനത്തിന്റെ പല്ലവി മൂളുകയാണ് അഴീക്കോട് മാഷ്. "തങ്കക്കിനാക്കൾ ഹൃദയേ വീശും വനാന്ത ചന്ദ്രികയാരോ നീ..." ശ്രോതാവായി ഞാനൊരാൾ മാത്രം. 1951 ൽ പുറത്തിറങ്ങിയ "നവലോകം" എന്ന ചിത്രത്തിൽ കോഴിക്കോട് അബ്ദുൾഖാദർ പാടിയ പാട്ട്.  രചന: പി ഭാസ്കരൻ, സംഗീതം: ദക്ഷിണാമൂർത്തി.  

വേണ്ടിവന്നാൽ പ്രഭാഷണ വേദിയിലെ സാഗരഗർജ്ജനത്തിന്  മൃദുമർമ്മരമാകാനും കഴിയുമെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ.  "ജീവിതത്തിൽ ഇത് രണ്ടാം തവണയാണ് ഞാൻ ഈ പാട്ട് പാടുന്നത്."- പല്ലവി പാടി നിർത്തിയ ശേഷം മാഷ് പറഞ്ഞു. "ആദ്യം പാടിയത് മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽ പഠിപ്പിക്കുന്ന കാലത്താണ്. 1950 കളുടെ തുടക്കമാവണം. കോളേജ് വാർഷികത്തിന് സഹപ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി ചെയ്ത സാഹസം." എങ്ങനെയുണ്ടായിരുന്നു സദസ്സിന്റെ പ്രതികരണം? -- എന്റെ ചോദ്യം.

നേർത്തൊരു ചിരി മിന്നിമറയുന്നു മാഷിന്റെ മുഖത്ത്. "ഭാഗ്യത്തിന് കുട്ടികൾ ബഹളമൊന്നും ഉണ്ടാക്കിയില്ല. എന്നോടുള്ള സ്നേഹം കൊണ്ടാണ്. എങ്കിലും സഹപ്രവർത്തകർ ചിരിയടക്കാൻ പാടുപെട്ടിരിക്കും. നമ്മുടെ പാട്ടിനെ കുറിച്ച് നമുക്ക് തന്നെ ഒരു ധാരണയുണ്ടല്ലോ.  ഇത്ര കാലത്തിന് ശേഷം ഇപ്പോഴാണ് ആ ദിവസത്തെ കുറിച്ച് ഓർക്കുന്നത് ....." വർത്തമാനത്തിന്റെ മുഖ്യ പത്രാധിപരാണ്  അന്ന് അഴീക്കോട് മാഷ്. ഞാൻ അസിസ്റ്റന്റ് എഡിറ്ററും. മാസത്തിൽ മൂന്നോ നാലോ തവണയേ മാഷ് ചാലപ്പുറത്തെ പത്രമോഫീസിൽ വരൂ. അത്തരം സന്ദർശനവേളകളിലൊന്നിൽ സംഗീതം ചർച്ചാവിഷയമായപ്പോഴാണ് മാഷിനുള്ളിലെ ഗായകൻ അപ്രതീക്ഷിതമായി ഉണർന്നെണീറ്റത്‌; എന്റെ സ്‌നേഹപൂർണമായ നിർബന്ധത്തിന് വഴങ്ങി. ജന്മനാ കളിയെഴുത്തുകാരനായ സഹപ്രവർത്തകൻ പാട്ടിനെക്കുറിച്ചും എഴുതുമെന്ന കാര്യം മാഷ് തെല്ലൊരത്ഭുതത്തോടെ  അറിഞ്ഞ ദിവസം കൂടിയായിരുന്നു അത്.

തലേന്ന് കോഴിക്കോട് ടൗൺ ഹാളിൽ നടത്തിയ പ്രസംഗത്തിൽ  ഗായകൻ കുന്ദൻലാൽ സൈഗളിനെ കുറിച്ച്  മാഷ് സന്ദർഭവശാൽ പരാമർശിച്ചു കേട്ടതിന്റെ ധൈര്യത്തിലാണ് എന്റെ രണ്ടും കല്പിച്ചുള്ള ചോദ്യം: "മാഷ്ക്ക് സിനിമാപ്പാട്ട് ഇഷ്ടമാണ്, അല്ലേ?'' ചോദ്യം മാഷിനെ അമ്പരപ്പിച്ചുവെന്ന് വ്യക്തം. പെട്ടെന്ന് മനസ്സാന്നിധ്യം വീണ്ടെടുത്ത ശേഷം സംഗീത സ്മൃതികളിലേക്ക് തിരിച്ചുനടക്കുന്നു അദ്ദേഹം. അബ് തേരെ സിവാ കോൻ മേരാ കിസ്‌ന കനയ്യ, ചല് ചൽരെ നൗജവാൻ തുടങ്ങിയ ഹിന്ദി പാട്ടുകൾ; ത്യാഗരാജ ഭഗവതരുടേയും കെ ബി സുന്ദരാംബാളിന്റെയും തമിഴ് പാട്ടുകൾ, കോഴിക്കോട് അബ്ദുൾഖാദറിന്റെയും കെ എസ് ജോർജ്ജിന്റെയും മലയാളം പാട്ടുകൾ, ചെമ്പൈയുടെ കർണ്ണാടക സംഗീതം...

പതുക്കെ ഞങ്ങളുടെ സംസാരം യേശുദാസിൽ എത്തുന്നു. "എന്തൊരു സ്വർഗീയ  നാദമാണ് അദ്ദേഹത്തിന്റേത്. ആർക്കാണ് ആ മനുഷ്യനോട് അസൂയ തോന്നാതിരിക്കുക?  ഒരു വേദിയിൽ  ഞാൻ പറഞ്ഞു: ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം യേശുദാസിനെപ്പോലെ പാടാൻ കഴിയണേ എന്നാണ്. ഒരിക്കലും നടക്കാത്ത സ്വപ്നം. തൊട്ടു പിന്നാലെ സംസാരിച്ച യേശുദാസ് അതിനു മറുപടി നല്കിയതിങ്ങനെ: അഴീക്കോട് സാർ എന്തിന് പാട്ടു പാടണം? അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ തന്നെയുണ്ട് സംഗീതം."

സുദീർഘമായ ആ സംഗീത സല്ലാപം നൽകിയ ആത്മവിശ്വാസമാണ് മൂന്ന് വർഷം കഴിഞ്ഞ് "ഹൃദയഗീതങ്ങൾ" എന്ന പുസ്തകത്തിന്റെ അവതാരിക എഴുതണമെന്ന അഭ്യർത്ഥനയുമായി മാഷെ സമീപിക്കാനുള്ള പ്രേരണ.  ഒരു നിമിഷം നിശബ്ദനായിരുന്ന ശേഷം പൊട്ടിച്ചിരിച്ചുകൊണ്ട് മാഷ് ചോദിച്ചു, "എന്നോട് തന്നെ വേണോ ഈ കടുംകൈ? ഉള്ളിന്റെയുള്ളിൽ അല്ലാതെ പുറത്ത് ആരെങ്കിലും കേൾക്കും വിധം ഒരു മൂളിപ്പാട്ട് പോലും പാടിയിട്ടില്ലാത്ത ആളോടാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന ചിന്ത വേണം.'' പക്ഷേ മാഷിന്റെ ഉള്ളിലെ ആ മൂളിപ്പാട്ടുകാരനെ നേരത്തെ പരിചയപ്പെട്ടിരുന്നല്ലോ ഞാൻ.

ഒരാഴ്ചക്കകം അവതാരിക എഴുതി അയക്കുന്നു അഴീക്കോട് മാഷ്. അധികമാരുമറിയാത്ത  സ്വന്തം സംഗീത സ്നേഹത്തെക്കുറിച്ച്  രസകരമായി വിവരിക്കുന്നുണ്ട് മാഷ് ആ നീണ്ട കുറിപ്പിൽ. ചേച്ചിമാരുടെ സഹപാഠിയായിരുന്ന കേളു ഭാഗവതരുടെ ഹാർമോണിയത്തിൽ നിന്നാണത്രെ മാഷിന്റെ സംഗീത ബന്ധത്തിന്റെ തുടക്കം. "അഴീക്കോട്ട് ഞങ്ങളുടെ അയൽക്കാരനായിരുന്നു കേളു ഭാഗവതർ. ഭാഗവതരുടെ പാട്ടുപെട്ടിയോട് ആദ്യമാദ്യം ഇഷ്ടമായിരുന്നെങ്കിലും അതുണ്ടാക്കിയ പരുഷാരവങ്ങൾ അസഹനീയമായി തോന്നി എനിക്ക്. അന്ന് വെറുത്തുപോയ ഹാർമോണിയത്തെ പിന്നീടൊരിക്കലും സ്നേഹിക്കാനായില്ല എന്നതാണ് സത്യം.''

സംഗീതോപകരണങ്ങളിൽ പുല്ലാങ്കുഴലിനെയാണ് ആദ്യം അകമഴിഞ്ഞു സ്നേഹിച്ചതെന്ന് എഴുതുന്നു മാഷ്. "പിന്നീട് തായമ്പകയിലൂടെ ചെണ്ടയും പാലക്കാട്ട് മണി അയ്യരിലൂടെ മൃദംഗവും എന്റെ വാദ്യപ്രേമത്തെ അങ്ങേയറ്റം ഉയർത്തി നിർത്തി. അക്കാലത്ത് അഴീക്കോടും പരിസരങ്ങളിലും നാടകത്തിനായിരുന്നു ഏറ്റവും പ്രേക്ഷകർ. രാത്രിയിൽ ബന്ധുവായ ഒരു അധ്യാപകനൊപ്പം പതിവായി നാടക റിഹേഴ്‌സൽ കാണാൻ പോകും. ഭാഷാപ്രയോഗങ്ങൾ, ഉച്ചാരണം, വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ കർക്കശക്കാരനായിരുന്നു ഈ അധ്യാപകൻ. നടന്മാരിലൊരാൾ ഏതോ ഒരു പാട്ടിന്റെ അവസാനത്തിലെ "മാരനേ" എന്ന വാക്ക് നീട്ടി മാരാനേ എന്ന് പാടിയത് അദ്ദേഹത്തിന് സഹിച്ചില്ല. ശുണ്ഠിയെടുത്ത് ആ നിമിഷം തന്നെ ഇറങ്ങിപ്പോയി അദ്ദേഹം. അതോടെ എന്റെ റിഹേഴ്‌സൽ കാണലും അവസാനിച്ചു.''

സൈഗളിന്റെ `സോജാ രാജകുമാരി' ആയിരുന്നു സുകുമാർ അഴീക്കോടിന്റെ എക്കാലത്തെയും പ്രിയ ഗാനം. 1940 ൽ റിലീസായ `സിന്ദഗി'യിൽ കിദാർ ശർമ്മ എഴുതി പങ്കജ് മല്ലിക് ഈണമിട്ട ആ അനശ്വര ഗാനത്തെ കുറിച്ച് അഴീക്കോട് എഴുതി: "എനിക്ക് സംഗീതത്തിലെ മുരളീധരനും ഓർഫ്യൂസും താൻസനും എല്ലാം ഒരാളായിരുന്നു -- കുന്ദൻലാൽ സൈഗൾ. ജ്യോതിർഗോളങ്ങളുടെ പരിഭ്രമണത്തിൽ സമസ്ത ഗാന തല്ലജങ്ങളും തമോഗർത്തത്തിൽ വിലയം പ്രാപിക്കുമ്പോഴും എവിടെയോ ഒരു ജീവകണികയിൽ സോജാ രാജകുമാരി ഉണർന്നിരിക്കും. ഉറക്കത്തിലെ ഉണർവാണ് സോജാ ഗാനത്തിന്റെ അനശ്വര ചൈതന്യം. മറ്റാര് പാടിയാലും രാജകുമാരി ഉറക്കത്തിൽ ലയിക്കില്ല. ഭവഭൂതിയുടെ മഹത്തായ ഉത്തരരാമചരിതം നാടകത്തിൽ കാട്ടിൽ വെച്ച്‌ രാമൻ തന്റെ കൈത്തണ്ടയിൽ തലവെച്ചുറങ്ങാൻ സീതയോട് പറയുന്ന ഭാവസുന്ദരമായ ഒരു രംഗമുണ്ട്: 'നീയുറങ്ങൂ, മറ്റൊരുത്തിയെ തൊടാത്ത രാമബാഹു ഇതാ' എന്ന് ഏകദേശം ആശയം. മറ്റൊരുത്തിയെ തൊടാത്ത കൈ സൈഗളിന്റെ പാട്ടിലില്ല. പക്ഷേ ഏതോ സുരനദിയുടെ മോഹനതരംഗങ്ങളുടെ പ്രശാന്തധാരയുടെ അതിസൂക്ഷ്മമായ ഇളക്കങ്ങളെ തന്റെ നാദത്തിന്റെ മഹേന്ദ്രജാലത്താൽ സാക്ഷാൽക്കരിച്ച സൈഗൾ പാടുമ്പോൾ ഞാൻ അതിൽ ആ രാമബാഹു കാണുന്നു, രാജകുമാരിയും കണ്ടിരിക്കണം!"

വെറുമൊരു സിനിമാപ്പാട്ടിനെ ഇത്ര മനോഹരമായി വ്യാഖ്യാനിക്കാൻ സുകുമാർ അഴീക്കോടിനല്ലാതെ മറ്റാർക്ക് കഴിയും?  

logo
The Fourth
www.thefourthnews.in