'അറാഫത്തിന്റെ ടര്‍ബനും ബത്‌ലഹേമിലെ വിശുദ്ധ കുര്‍ബാനയും'; ഓര്‍മയിലെ ഒരു ബഹുസ്വര ക്രിസ്മസ് ആഘോഷം

'അറാഫത്തിന്റെ ടര്‍ബനും ബത്‌ലഹേമിലെ വിശുദ്ധ കുര്‍ബാനയും'; ഓര്‍മയിലെ ഒരു ബഹുസ്വര ക്രിസ്മസ് ആഘോഷം

രണ്ടായിരത്തിലെ ബത്‌ലഹേം ക്രിസ്മസാണ് എന്റെ ഓർമയിലുള്ളത്. മഞ്ഞ് നിറഞ്ഞ, മഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു ക്രിസ്മസ് രാവായിരുന്നു അത്. രണ്ടാം ഇന്‍തിഫാദ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ക്രിസ്മസ്
Summary

പല മതവിഭാഗക്കാർ, മഞ്ഞ് വീണുകിടക്കുന്ന ബത്‌ലഹേമിൽ മഴ പെയ്തുകൊണ്ടേയിരിക്കുന്നു, ഒരുഭാഗത്ത് പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ, തൊട്ടപ്പുറത്ത് ചിലർ നൃത്തം ചവിട്ടുന്നു, പള്ളിയിൽ കുർബാന നടക്കുന്നു. ഇതെല്ലാം ഒരേസമയത്താണ് അവിടെ നടക്കുന്നത്. പല രാജ്യക്കാർ, പല മതവിശ്വാസികൾ, വിശ്വാസികളല്ലാത്തവർ അങ്ങനെ എല്ലാരും സംഗമിക്കുന്ന ഒരു കാർണിവലായിരുന്നു എന്റെ ഓർമയിലെ ബത്‌ലഹേം ക്രിസ്മസ്

ബത്‌ലഹേം ഒരു ക്രിസ്തീയ നഗരമാണെങ്കിൽ പോലും പലസ്തീനിലെ എല്ലാ മത വിഭാഗങ്ങളുടെയും സഹകരണത്തോടെയാണ് ക്രിസ്മസും മറ്റ് ക്രൈസ്തവ ആഘോഷങ്ങളും നടക്കുന്നത്. ക്രിസ്മസിന് പല രാജ്യങ്ങളിൽ നിന്നുള്ളവരും മുസ്ലിങ്ങളും ഡ്രൂസും അങ്ങനെ എല്ലാ വിഭാഗക്കാരുടെയും സജീവ പങ്കാളിത്തം ഉണ്ടാകും. സത്യത്തിൽ ബഹുസ്വരതയുടെ സൗന്ദര്യമാണ് നമുക്കവിടെ കാണാനാവുക. രണ്ടായിരത്തിൽ ഗവേഷണ വിദ്യാർഥിയായി ജറുസലേമിൽ കഴിഞ്ഞിരുന്നപ്പോഴാണ് ഞാൻ ബത്‌ലഹേമിലെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുന്നത്. മഞ്ഞ് നിറഞ്ഞ, മഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു ക്രിസ്മസ് രാവായിരുന്നു അത്. രണ്ടാം ഇൻതിഫാദ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ക്രിസ്മസ്.

പല രാജ്യക്കാർ, മതവിശ്വാസികൾ, വിശ്വാസികളല്ലാത്തവർ അങ്ങനെ എല്ലാരും സംഗമിക്കുന്ന ഒരു കാർണിവലായിരുന്നു എന്റെ ഓർമയിലെ ബെത്ലഹേം ക്രിസ്മസ്

അന്നത്തെ ആഘോഷത്തിൽ ഞാനും എന്റെ സുഹൃത്തുക്കളും ആംഗ്ലിക്കൻ ചര്‍ച്ചിലാണ് ആദ്യമെത്തിയത്. പലസ്തീൻ പോരാളി കൂടിയായ റിയ അബു സലേലായിരുന്നു അവിടുത്തെ ആർച്ച്ബിഷപ്. അവിടെ നടന്ന പ്രത്യേക ശുശ്രൂഷയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ചർച്ച് ഓഫ് നേറ്റിവിറ്റിയിലേക്ക് പോയി. അവിടെയാണ് ബത്‌ലഹേമിലെ സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ പങ്കെടുക്കുന്ന പ്രദക്ഷിണങ്ങളെല്ലാം അവസാനിക്കുന്നത്. അവിടെ കുർബാന നടന്നുകൊണ്ടിരിക്കുന്നു. അപ്പോൾ പെട്ടെന്നൊരു ഹർഷാരവം കേട്ടു.

യാസർ അറാഫാത്
യാസർ അറാഫാത്

യാസർ അറാഫത്തും കുടുംബവും ഇപ്പോഴത്തെ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമെല്ലാം കടന്നുവരുന്നതാണ് പെട്ടെന്ന് തിരിഞ്ഞുനോക്കുമ്പോൾ ഞാൻ കാണുന്നത് . ക്രിസ്തീയ പുരോഹിതന്മാർ ഒപ്പമുണ്ട്. അവർ നടന്നുവരുമ്പോൾ മുഴുവൻ കൈയടികളായിരുന്നു. ഒരു ദൈവദൂതനെ പോലെയായിരുന്നു അറാഫാത്തിന്റെ ആ വരവ്. കുർബാന നിർത്തിവച്ച് ലാറ്റിൻ പാർട്രിആർകേറ്റ് (കത്തോലിക്കാ സഭാ അധിപൻ) അൾത്താരയിൽനിന്ന് ഇറങ്ങി അറാഫത്തിനടുത്തെത്തി അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് അദ്ദേഹത്തെ കസേരയിലിരുത്തിയ ശേഷമാണ് ബാക്കി ചടങ്ങുകൾ നടന്നത്.

"റാമയിൽ ഒരു വലിയ ശബ്ദം കേട്ടു. വലിയ കരച്ചിലും നിലവിളിയും. റാഹേൽ തന്റെ മക്കളെ ചൊല്ലി കരഞ്ഞു" രണ്ടായിരം വർഷങ്ങൾക്ക് മുൻപ് റാമയിലെ ആ കുഞങ്ങളുടെ അമ്മമാർ നിലവിളിച്ചത്തിന് തുല്യമായോ അതിനേക്കാൾ ഭീതിതമോ ആയ കരച്ചിലാണ് ഈ ക്രിസ്മസ് ദിനത്തിൽ ഗാസയിൽനിന്ന് ഉയരുന്നത്

ആ ചടങ്ങിൽ മുഴുവൻ യാസർ അറാഫത്ത് പങ്കെടുത്തിരുന്നു. 'നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക,' 'സ്നേഹമാണെല്ലാം' എന്നൊക്കെയുള്ള സ്നേഹവും സമത്വവും ഉൾക്കൊള്ളുന്ന യേശുവിന്റെ വചനങ്ങൾ അർഥവത്താകുന്ന നിമിഷങ്ങൾ. പല മതവിഭാഗക്കാർ, മഞ്ഞ് വീണുകിടക്കുന്ന ബത്‌ലഹേമിൽ മഴ പെയ്തുകൊണ്ടേയിരിക്കുന്നു, ഒരുഭാഗത്ത് പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ, തൊട്ടപ്പുറത്ത് ചിലർ നൃത്തം ചവിട്ടുന്നു, പള്ളിയിൽ കുർബാന നടക്കുന്നു. ഇതെല്ലാം ഒരേസമയത്താണ് അവിടെ നടക്കുന്നത്. പല രാജ്യക്കാർ, മതവിശ്വാസികൾ, വിശ്വാസികളല്ലാത്തവർ അങ്ങനെ എല്ലാരും സംഗമിക്കുന്ന ഒരു കാർണിവലായിരുന്നു എന്റെ ഓർമയിലെ ബത്‌ലഹേം ക്രിസ്മസ്.

അതിന്റെ അടുത്തവർഷം ആയപ്പോഴേക്കും അറാഫത്തിനെ ഇസ്രയേൽ വീട്ടു തടങ്കലിലാക്കി. പിന്നീട് 2004ൽ മരിക്കുംവരെ ഒരു കുർബാനയിൽ പോലും നേരിട്ട് പങ്കെടുക്കാൻ അറാഫത്തിന് സാധിച്ചിരുന്നില്ല. പക്ഷേ എല്ലാത്തവണയും അദ്ദേഹം തന്റെ തലപ്പാവ് (ടർബൻ) പള്ളിയിലേക്ക് കൊടുത്തയക്കുമായിരുന്നു. അതൊരു കസേരയിൽ വച്ചിട്ടായിരുന്നു ശുശ്രൂഷ നടക്കുക. ശരിക്കും ലോകത്തിന് മുന്നിൽ എടുത്തുകാട്ടേണ്ട ക്രിസ്മസ് ആഘോഷം.

ഇത്തവണ ബെത്ലഹേമിലെ ആഘോഷത്തില്‍നിന്ന്
ഇത്തവണ ബെത്ലഹേമിലെ ആഘോഷത്തില്‍നിന്ന്

എന്നാൽ ഇപ്പോൾ വളരെ ദു:ഖകരമായ അവസ്ഥയാണ്. ബത്‌ലഹേം ശൂന്യമാണ്. ഇന്നവിടെ കുർബാന മാത്രമാണ്. നാമമാത്രമായ ജനം പള്ളികളിലെത്തുന്നു. ലാറ്റിൻ കാത്തലിക്, ഗ്രീക്ക് ഓർത്തഡോക്സ്‌, അർമേനിയൻ ഓർത്തഡോക്സ്‌, കോക്റ്റിക് ഓർത്തഡോക്സ്, എത്യോപ്യൻ ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്‌, മെതഡിസ്റ്റ് ചർച്ച്, ബാപ്റ്റിസ്റ്റ് ചർച്ച്, ലുതെറൻ ചർച്ച്, ആംഗ്ലിക്കൻ ചർച്ച്, പ്രെസ്പെടീരിയൻസ്, മേൽകൈറ്റ്സ്, മാരോനൈറ്റ്സ് ഉൾപ്പെടെയുള്ള ചർച്ചുകളാണ് ബത്‌ലഹേമിലുള്ളത്. അവരെല്ലാം കൂടിയാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. അതിനുപുറമെ സിറിയ, ലെബനൻ, ഈജിപ്ത്, തുർക്കി തുടങ്ങി പശ്ചിമേഷ്യൻ രാജ്യങ്ങളിലും ആഘോഷങ്ങൾ മാറ്റിവച്ചിട്ടുണ്ട്. ഗാസയ്ക്കുള്ള ഐക്യദാർഢ്യമാണ് പിന്നിൽ.

ഒക്ടോബർ ഏഴിനുമുൻപ് തന്നെ ഗാസ ഒരു നരകമായിരുന്നു എന്നാണ് പലസ്തീനിലെ ബൈബിൾ കോളേജിന്റെ ഡീൻ റെവ. മുൻദിർ ഐസക്ക് പറയുന്നത്. അതിനെ ഇപ്പോൾ കൂടുതൽ ഭീകരമാക്കിയിരിക്കുകയാണ്. "കൂടാതെ ഈ കൂട്ടക്കൊലയെ ബൈബിൾ ഉപയോഗിച്ച് ന്യായീകരിക്കാനും ചിലർ ശ്രമിക്കുന്നു. അത് ക്രിസ്ത്യൻ പ്രമാണങ്ങൾക്ക് എതിരാണ്. ക്രിസ്ത്യാനിറ്റിയുടെ പ്രബോധനങ്ങൾക്ക് വിരുദ്ധമാണ്". ആ വൈദികൻ ഇന്ന് നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. അവിടെയും കിഴക്കൻ ജെറുസലേമിലുമുള്ള പള്ളികളിലെല്ലാം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. അവിടേക്ക് ജനങ്ങൾ പോകാൻ ഭയക്കുന്നു. വിദേശികൾ വരുന്നില്ല. ഇതാണ് അവസ്ഥ.

റെവ. മുൻദിർ ഐസക്ക്
റെവ. മുൻദിർ ഐസക്ക്

കഴിഞ്ഞ വർഷം ഏകദേശം പന്ത്രണ്ട് ലക്ഷം ക്രിസ്ത്യന്‍ ടൂറിസ്റ്റുകള്‍ എത്തിയിടത്താണ് ഈ ശൂന്യത. കിഴക്കൻ ജറുസലേമിലെ ഹോളി സെപേൽകർ, ബത്‌ലഹേമിലെ ചർച്ച് ഓഫ് നേറ്റിവിറ്റിയുമാണ് പ്രധാന തീർഥാടന കേന്ദ്രങ്ങൾ. ജെറുസലേമിൽനിന്ന് മാറിയുള്ള നസ്രിയത്ത് (യേശുവിന്റെ ഗ്രാമം), ഗലീലി എന്നിവയും ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ഈ സീസണിലെ വരുമാനമാണ് ഇവിടെയുള്ള വഴിയോരക്കച്ചവടക്കാരുടെ മുഖ്യ സാമ്പത്തിക സ്രോതസ്. അതുകൊണ്ടുതന്നെ ക്രിസ്മസ് ആഘോഷങ്ങളില്ലെന്ന് പറയുമ്പോൾ മതപരമായ ഒന്ന് എന്നതിനപ്പുറം വെസ്റ്റ് ബാങ്കിലെ സാമ്പത്തികത്തെ കൂടിയാണ് ഇവ ബാധിക്കുന്നത്. നമ്മുടെ നാട്ടിൽ ഉത്സവങ്ങൾ നടക്കുമ്പോൾ ലഭിക്കുന്ന കച്ചവടം പോലെയാണ് ഈ മാസങ്ങൾ. അതുകൊണ്ടുതന്നെ അവരുടെ സാമ്പത്തിക സ്ഥിതിയെ തകർക്കാനുള്ള ഒരു ഗൂഢപദ്ധതി കൂടി ഇസ്രയേലിനുണ്ട് എന്നത് വിസ്മരിച്ചുകൂടാനാവാത്ത വസ്തുതയാണ്.

'അറാഫത്തിന്റെ ടര്‍ബനും ബത്‌ലഹേമിലെ വിശുദ്ധ കുര്‍ബാനയും'; ഓര്‍മയിലെ ഒരു ബഹുസ്വര ക്രിസ്മസ് ആഘോഷം
ക്രിസ്മസ് രാത്രിയിലും ഗാസയില്‍ കൂട്ടക്കുരുതി, കൊല്ലപ്പെട്ടത് 70 പേര്‍

'യേശു ബത്‌ലഹേമിൽ ജനിച്ചതിന് ശേഷം കിഴക്കുനിന്ന് വിദ്വാന്മാർ കാണാനെത്തി. അവർ എത്തിയത് ഹെരോദാവിന്റെ കൊട്ടാരത്തിലാണ്. ഒരു രാജാവ് ലഭിക്കുമെന്ന ദൂതനുസരിച്ചായിരുന്നു ഹെരോദാവിന്റെ കൊട്ടാരത്തിലേക്ക് അവർ ചെന്നത്. രാജാവാകാൻ പോകുന്ന കുഞ്ഞ് എവിടെയാണെന്ന് ഹെരോദാവിന് അറിയില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം കേട്ടപ്പോൾ രാജാവ് ആകെ പരിഭ്രമിച്ചു. കുട്ടിയെ കണ്ടുപിടിക്കാൻ ജൂത പണ്ഡിതന്മാരുടെയും മറ്റും സഭ രാജാവ് വിളിച്ചുകൂട്ടി. കുട്ടി ജനിച്ചിരിക്കുന്നത് ബത്‌ലഹേമിലാണെന്ന് അവർ പറഞ്ഞു. കുട്ടി എവിടെയാണെന്ന് തന്നെ കൂടി അറിയിക്കണമെന്ന് യേശുവിനെ കാണാൻ പോകാൻ തയാറെടുക്കുന്ന വിദ്വാന്മാരോട് രാജാവ് പറഞ്ഞു. സത്യത്തിൽ ആ കുട്ടിയെ കൊല്ലാൻ ആയിരുന്നു രാജാവിന്റെ ഉദ്ദേശ്യമെങ്കിലും തനിക്ക് കുട്ടിയെ കണ്ട് വണങ്ങാൻ വേണ്ടിയാണെന്നാണ് രാജാവ് അവരോട് പറഞ്ഞത്. എന്നാൽ വിദ്വാന്മാർ തിരിച്ചുവന്നില്ല. ഇതിൽ കലിപൂണ്ട രാജാവ് ബത്‌ലഹേമിലെ കുട്ടികളെയെല്ലാം കൊല്ലാൻ ഉത്തരവിട്ടു'

ബൈബിളിലെ ഈ കഥയ്ക്ക് താഴെയൊരു വചനമുണ്ട്. "റാമയിൽ ഒരു വലിയ ശബ്ദം കേട്ടു. വലിയ കരച്ചിലും നിലവിളിയും. റാഹേൽ തന്റെ മക്കളെ ചൊല്ലി കരഞ്ഞു" രണ്ടായിരം വർഷങ്ങൾക്ക് മുൻപ് റാമയിലെ ആ കുഞ്ഞുങ്ങളുടെ അമ്മമാർ നിലവിളിച്ചതിന് തുല്യമായോ അതിനേക്കാൾ ഭീതിതമോ ആയ കരച്ചിലാണ് ഈ ക്രിസ്മസ് ദിനത്തിൽ ഗാസയിൽനിന്ന് ഉയരുന്നത്. ആ കുഞ്ഞുങ്ങളുടെ കരച്ചിലാണ് ഈ ദിനത്തെ ഭയാനകമാക്കുന്നത്.

വിദേശകാര്യ വിദഗ്ധനും ജറുസലേമിൽ ഗവേഷകനുമായിരുന്നു ലേഖകൻ. നിലവില്‍ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്‍റ് വിസിറ്റിങ് പ്രൊഫസറാണ്

logo
The Fourth
www.thefourthnews.in