വിയറ്റ്നാം യുദ്ധത്തിനെതിരെ തുടങ്ങി ഇസ്രയേൽ  വംശഹത്യക്കെതിരെ വരെ; അമേരിക്കയെ വിറപ്പിക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾ

വിയറ്റ്നാം യുദ്ധത്തിനെതിരെ തുടങ്ങി ഇസ്രയേൽ വംശഹത്യക്കെതിരെ വരെ; അമേരിക്കയെ വിറപ്പിക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾ

1968ലെ കൊളംബിയ വിദ്യാർഥി പ്രക്ഷോഭം പോലെയൊന്നിനാണ് അമേരിക്ക 56 വർഷങ്ങൾക്ക് ശേഷം വീണ്ടും സാക്ഷ്യം വഹിക്കുന്നത്

കഫിയ സ്‌കാര്‍ഫ് ധരിച്ച് ഗാസ അനുകൂല മുദ്രാവാക്യങ്ങളും മുഴക്കി ജോ ബൈഡൻ ഭരണകൂടത്തെ വിറപ്പിക്കുകയാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ക്യാമ്പസുകളിലെ വിദ്യാർഥികൾ. ഒരേയൊരാവശ്യം, ഗാസയിലെ ജനങ്ങളെ കൊന്നുതള്ളാൻ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് നൽകുന്ന സർവ പിന്തുണയും അമേരിക്ക അവസാനിപ്പിക്കുക. ആദ്യം വിശ്വ പ്രസിദ്ധമായ കൊളംബിയ യൂണിവേഴ്സിറ്റിയിൽ, അവിടെനിന്ന് അമേരിക്കയിലെ ഓരോ ക്യാമ്പസുകളും ദിവസങ്ങളുടെ വ്യത്യാസത്തിൽ വിദ്യാർഥി പ്രക്ഷോഭങ്ങളുടെ കളമായി മാറി.

വിജയം കണ്ട വലിയൊരു വിദ്യാർഥി പ്രക്ഷോഭ ചരിത്രമുറങ്ങുന്ന മണ്ണാണ് കൊളംബിയ യൂണിവേഴ്സിറ്റി ക്യാമ്പസ്

ഏപ്രിൽ 17ന് പുലർച്ചെ നാലുമണിയോടെയാണ് കൊളംബിയ യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ തെക്ക് ഭാഗത്ത് വിദ്യാർഥികൾ ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളെ അനുസ്മരിപ്പിക്കും വിധം ടെന്റുകൾ സ്ഥാപിക്കാൻ ആരംഭിച്ചത്. ഇസ്രയേലുമായി ബന്ധമുള്ള കമ്പനികളിൽനിന്ന് യൂണിവേഴ്സിറ്റി പിന്മാറണം ഇതായിരുന്നു വിദ്യാർഥികളുടെ ആവശ്യം. എന്നാൽ അധികൃതർ പ്രതിഷേധത്തെ നേരിട്ടത് ന്യൂയോർക്ക് പോലീസിനെ ഉപയോഗിച്ചായിരുന്നു. 108 വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു, ടെന്റുകൾ നശിപ്പിച്ചു.

എന്നാൽ, സമരം തകർക്കാനുള്ള അധികൃതരുടെയും പോലീസിന്റെയും സകല പദ്ധതികൾക്കും കനത്ത തിരിച്ചടിയായിരുന്നു ഫലം. പുതിയ ടെന്റുകൾ അതേ ക്യാമ്പസിൽ സ്ഥാപിക്കപ്പെട്ടു. ബ്രൗൺ, പ്രിൻസ്റ്റൺ, നോർത്ത് വെസ്റ്റേൺ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ തൊട്ടടുത്ത ദിവസങ്ങളിൽ വാരാന്ത്യത്തിലും പ്രതിഷേധം നടത്തി. യേലിലെയും യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിന ചാപ്പൽ ഹില്ലിലെയും വിദ്യാർഥികളും അവ ഏറ്റെടുത്തു. ഇതോടെയാണ് 1968ലെ കൊളംബിയ വിദ്യാർഥി പ്രക്ഷോഭം പോലെയൊന്നിന് അമേരിക്ക 56 വർഷങ്ങൾക്ക് ശേഷം വീണ്ടും സാക്ഷ്യം വഹിക്കുന്നത്.

വിയറ്റ്നാം യുദ്ധത്തിനെതിരെ തുടങ്ങി ഇസ്രയേൽ  വംശഹത്യക്കെതിരെ വരെ; അമേരിക്കയെ വിറപ്പിക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾ
അമേരിക്കൻ ക്യാമ്പസുകളിൽ കലാപം പടരുന്നതെന്തിന് ?

അന്ന് വിയറ്റ്നാമിൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലമായിരുന്നു. വിയറ്റ്നാമിൽ നൂറുക്കണക്കിന് സൈനികർ അമേരിക്കയ്ക്ക് ദിനംപ്രതി നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അതിനുപകരമായി വിദ്യാർഥികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു അമേരിക്ക കണ്ടെത്തിയ വഴി. സ്റ്റുഡന്റസ് ഫോർ എ ഡെമോക്രാറ്റിക് സൊസൈറ്റി, സൊസൈറ്റി ഓഫ് ആഫ്രോ-അമേരിക്കൻ സ്റ്റുഡൻ്റ്സ് (എസ്എഎസ്) എന്നീ സംഘടനകളായിരുന്നു പ്രതിഷേധത്തിന് ചുക്കാൻ പിടിച്ചത്.

പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കുന്നു
പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കുന്നു

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിനേക്കാൾ തീവ്രമായിരുന്നു 1968ൽ അമേരിക്കയിൽ ഉയർന്ന വിദ്യാർഥി പ്രതിഷേധം. കഴിഞ്ഞയാഴ്ച കണ്ടപോലെ പോലീസിനെ ഉപയോഗിച്ചായിരുന്നു അന്നും അധികൃതർ വിദ്യാർഥികളെ നേരിട്ടത്. കൊളംബിയ യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ അഞ്ചോളം കെട്ടിടങ്ങൾ വിദ്യാർഥികൾ കയ്യടക്കി. ഡീൻ ഹെൻറി കോൾമാനെ ഓഫീസിൽ 25.5 മണിക്കൂർ നേരം ബന്ദിയാക്കി. 712 വിദ്യാർഥികളെയാണ് പ്രതിഷേധം അടിച്ചമർത്താനെത്തിയ പോലീസ് അറസ്റ്റ് ചെയ്തത്. 100 പേർക്ക് പരുക്കേറ്റു.

1968ലെ കൊളംബിയ യുണിവേഴ്സിറ്റി
1968ലെ കൊളംബിയ യുണിവേഴ്സിറ്റി

അന്നവർ ഉയർത്തിയ പ്രതിഷേധം പലതരത്തിൽ ഫലം കണ്ടുവെന്നാണ് ബർണാർഡ് കോളേജിലെ ചരിത്രകാരിയായ റോസലിൻഡ് റോസെൻബെർഗ് അടുത്തിടെ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നത്. വിയറ്റ്നാമിൽ ഉപയോഗിക്കേണ്ട ആയുധങ്ങൾ സംബന്ധിച്ച് അമേരിക്ക നടത്തിയ രഹസ്യഗവേഷണം അവസാനിപ്പിക്കാനും വിദ്യാർഥികൾക്കിടയിൽ നിന്നുള്ള സൈനിക- സിഐഎ റിക്രൂട്ട്‌മെന്റിന് അന്ത്യം കുറിക്കാനും അവർക്കായി എന്ന് '1968: അമ്പത് വർഷങ്ങൾക്ക് ശേഷം' എന്ന ലേഖനത്തിൽ റോസലിൻഡ് എടുത്തുപറയുന്നുണ്ട്.

അങ്ങനെ വിജയം കണ്ട വലിയൊരു വിദ്യാർഥി പ്രക്ഷോഭ ചരിത്രമുറങ്ങുന്ന മണ്ണാണ് കൊളംബിയ യൂണിവേഴ്സിറ്റി ക്യാമ്പസ്. നിലവിൽ അവിടെ ഉയരുന്ന പ്രതിഷേധങ്ങൾ ആന്റി- സെമിറ്റിക് ആണെന്നൊക്കെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും 'RIVER TO THE SEA, PALESTINE WILL BE FREE' എന്ന മുദ്രാവാക്യത്തിന് ഒരേയൊരു അർത്ഥമേയുള്ളു. അത് ലോകം കണ്ട ഏറ്റവും വലിയ ക്രൂരതയെ എന്തുവിലകൊടുത്തും എതിർക്കുക എന്നതുതന്നെയാണ്. അതിനായാണ് ദശാബ്ദങ്ങൾക്ക് ശേഷം ആ വിദ്യാർഥി കൂട്ടായ്മ ഒന്നിച്ചൊരു മനസായി പോരാടുന്നത്.

logo
The Fourth
www.thefourthnews.in