ആരോരുമില്ലാതെ വലയുന്നവര്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉറ്റവര്‍ ഉപേക്ഷിച്ച 
രോഗികളുടെ എണ്ണം കൂടൂന്നു

ആരോരുമില്ലാതെ വലയുന്നവര്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉറ്റവര്‍ ഉപേക്ഷിച്ച രോഗികളുടെ എണ്ണം കൂടൂന്നു

രോഗം ഭേദമായാലും പോകാനിടമില്ലാത്തവരുമുണ്ട്. ആരുമില്ലാത്തവരല്ല, എല്ലാവരുമുണ്ടായിട്ടും കുടുംബത്തിന്റെ പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റപ്പെട്ടവരാണ്

അഞ്ച് മക്കളുണ്ടായിട്ടും ആരും കൂട്ടിനില്ലാതെ, പരിചരിക്കാനാളില്ലാതെ ഒരമ്മ, വീട് പണിക്കിടെ വീണ് നട്ടെല്ലിന് പരിക്കേറ്റ് അനങ്ങാനാകാതെ കിടക്കുന്ന സുനില്‍ കുമാര്‍, പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്ന പുരുഷോത്തമന്‍ തുടങ്ങി ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് രോഗപീഢകള്‍ക്കൊപ്പം ഒറ്റപ്പെടലിന്റെ ദുരിതം പേറുന്ന നിരവധി പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുള്ളത്. ചികിത്സയ്ക്ക് കൊണ്ടുവന്ന് പാതിവഴിയെ ആശുപത്രിക്കിടക്കയില്‍ ഉപേക്ഷിക്കപ്പെട്ടവർ. രോഗം ഭേദമായാലും പോകാനിടമില്ലാത്തവരുമുണ്ട്. ആരുമില്ലാത്തവരല്ല, എല്ലാവരുമുണ്ടായിട്ടും കുടുംബത്തിന്റെ പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റപ്പെട്ടവരാണ്. ഇതിനുപുറമെ, പോലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

കാലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാബു
കാലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാബു

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബന്ധുക്കള്‍ ഉപേക്ഷിച്ച് പോകുന്ന രോഗികളുടെ എണ്ണം വളരെ കൂടൂതലാണെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. നിലവില്‍ രോഗികളെ ഉള്‍ക്കൊള്ളിക്കാന്‍ സ്ഥലപരിമിതി നേരിടുന്ന മെഡിക്കല്‍ കോളേജില്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തവരുടെ എണ്ണമേറുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. നാല്‍പ്പതോളം രോഗികളാണ് മെഡിക്കല്‍ കോളേജില്‍ ഈ വിധം അഭയം തേടിയിരിക്കുന്നത്. ബന്ധുക്കള്‍ ഇല്ലാത്തവരും ആശുപത്രിയില്‍ എത്തുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും ഉപേക്ഷിക്കപ്പെടുന്നവരാണ്. പോലീസും സന്നദ്ധ സംഘടനകളും എത്തിക്കുന്നവർ എണ്ണത്തില്‍ കുറവാണ്.

പുരുഷോത്തമൻ
പുരുഷോത്തമൻ

രോഗികളെ ബന്ധുക്കള്‍ ഉപേക്ഷിച്ച് പോകുന്നത് ചികിത്സാ സംവിധാനത്തെ സാരമായി ബാധിക്കുന്നു. നിരവധി രോഗികള്‍ കിടക്കകള്‍ക്കായി ബുദ്ധിമുട്ട് നേരിടുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞവരാണ് ഇവരിലധികവും. മാത്രമല്ല, ഉപേക്ഷിക്കപ്പെടുന്ന എല്ലാവരെയും പരിചരിക്കാനുള്ള ജീവനക്കാരും ആശുപത്രിയില്‍ ഇല്ലെന്നത് പ്രധാന പ്രശ്‌നമാണെന്ന് കെജിഎംസിടിഎ (കേരള ഗവര്‍ണമെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍) പ്രസിഡന്റ് ഡോ.ആര്‍ സി ശ്രീകുമാര്‍ 'ദ ഫോർത്തി'നോട് പറഞ്ഞു.

രവീന്ദ്രൻ നായർ
രവീന്ദ്രൻ നായർ

ചികിത്സയ്ക്ക് പുറമേ ബന്ധുക്കളുടെ സാമീപ്യവും പരിചരണവും രോഗമുക്തിയില്‍ എത്ര വലിയ ഘടകമാണെന്ന് ഇവരുടെ സങ്കടം പറച്ചിലുകളിലുണ്ട്. അസുഖം മാറിയാലും ഏറ്റെടുക്കാൻ ആളില്ലാതാകുന്നത് കടുത്ത മാനസിക പ്രതിസന്ധികളിലേക്കും തള്ളിവിടുന്നു. വിഷാദ രോഗത്തിന് അടിമപ്പെടുന്നവരും ചുരുക്കമല്ല. ആറ് മാസത്തോളം ആശുപത്രിക്കിടക്കയില്‍ അവശയായി കിടക്കുന്ന 70 വയസുള്ള ഒരമ്മയ്ക്ക് അഞ്ച് മക്കളുണ്ടെന്ന കാര്യം അടുത്ത ബെഡിലുള്ളവർ പോലും അറിയുന്നത് മാസങ്ങള്‍ക്കിപ്പുറമാണ്.

ഗിരീഷ്
ഗിരീഷ്

ഇത്തരത്തില്‍ നിര്‍ധനരായ ആളുകളുടെ ഭക്ഷണം, വസ്ത്രം എന്നിവ നല്‍കുന്നതിന് ആശുപത്രിക്ക് പരിമിതികള്‍ ഏറെയാണ്. നിരവധി സന്നദ്ധ സംഘടനകള്‍ ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെ നല്‍കി വരുന്നുണ്ടെങ്കിലും ദിനംപ്രതി രോഗികളുടെ എണ്ണവും വര്‍ധിച്ചു വരുകയാണെന്ന് ആര്‍ സി ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു. കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ പൊളിറ്റന്‍ ഹെല്‍ത്ത് ആന്‍ഡ് പേഷ്യന്‍സ് കെയര്‍ സ്ഥാപനം ആരോരുമില്ലാത്ത രോഗികള്‍ക്ക് നിരന്തരം സഹായം നല്‍കി പോരുന്നുണ്ട്. തിരികെ വീടുകളിലേയ്ക്ക് പോകാന്‍ സാധിക്കാത്ത രോഗികളെ സഹായിക്കുന്നതിനായി 1999ല്‍ സര്‍ക്കാരിന്റെ അനുമതിയോട് കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളില്‍ തുടങ്ങിയതാണ് ഈ സ്ഥാപനം.

കെ രാധാകൃഷ്ണൻ രോഗിക്ക് സമീപം
കെ രാധാകൃഷ്ണൻ രോഗിക്ക് സമീപം

ബന്ധുക്കള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ ബോധവത്ക്കരണം നല്‍കി രോഗികളെ തിരിച്ചുകൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കാനും ആശുപത്രി അധികൃതർ ശ്രമിക്കുന്നുണ്ട്. അതിനായി ബന്ധപ്പെടുമ്പോള്‍, പല ബന്ധുക്കളും ആശുപത്രിയില്‍ നിന്നാണെന്ന് അറിയുമ്പോള്‍ മുഖം തിരിക്കാറാണ് പതിവെന്നും ഡോ.ആര്‍ സി ശ്രീകുമാര്‍ പറയുന്നു. അസുഖത്തിന്റെ നീറ്റലുകളേക്കാള്‍ ഇവരുടെ ഉള്ളുപൊള്ളിക്കുന്നത് ഈ അവഗണനയാകാം. രോഗം ഭേദമായാലെങ്കിലും തിരികെയൊരു വിളി വരുമെന്ന പ്രതീക്ഷകള്‍ മാത്രമാണ് ബാക്കി.

logo
The Fourth
www.thefourthnews.in