പൂരം, പൊടി പൂരം, തൃശ്ശൂര്‍ പൂരം!

പൂരം, പൊടി പൂരം, തൃശ്ശൂര്‍ പൂരം!

ഇനി വടക്കുംനാഥ൯ സാക്ഷിയായി മതി പൂരം, തൃശൂര്‍ മതി പൂരം - എന്ന് തീരുമാനമെടുത്തു! സാക്ഷാൽ ശക്തൻ തമ്പുരാന്‍

തൃ‍ശ്ശൂരെയപ്പനെക്കണ്ടവനല്ല ഞാന്‍,

തൃത്താവു നട്ടു നനച്ചുമില്ല.

എങ്കിലും മൂപ്പരെ,തൃശ്ശൂരെപ്പൂരങ്ങ-

ളെമ്പാടും  കണ്ടു  രസിച്ചവന്‍  ഞാന്‍.

മുന്‍പിലെന്‍മണ്ട  കുലുങ്ങിടായ്കില്‍ 

തിരുവമ്പാടിക്കാര്‍ക്കില്ല പ‍ഞ്ചവാദ്യം! 

പക്കെത്തെന്‍  കുമ്പ വിയര്‍ക്കാതിലഞ്ഞിക്കല്‍

പാറമേക്കാവിന്റെ മേളമില്ല  !

അന്തിത്തുടുപ്പെന്‍ മുഖത്തുദിച്ചില്ലെങ്കി-

ലാനക്കുടച്ചന്തം മാറലില്ല ! 

ആനപ്പുറത്തെത്തിടമ്പുതൊട്ടല്ലിലാ

മാനത്തുപൊട്ടുമമിട്ടിലോളം

ശിവനെകുറിച്ചുള്ള ബോധമേ കണ്ടു ഞാന്‍

ശിവനുണ്ണിക്കായ്കളിലെന്നപോലെ.

( കുട്ടികളുടെ തൃശൂര്‍ പൂരം- അക്കിത്തം )

225 ആണ്ടുകൾക്കു മുൻപ്,  കനത്ത പേമാരി മൂലം ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കാന്‍ കഴിയാതിരുന്ന  തൃശൂര്‍ ദേശക്കാരെ,  പിറ്റേകൊല്ലം ഉത്സവത്തിന് പങ്കെടുപ്പിക്കാതെ  പടിക്ക് പുറത്ത്  നിറുത്തിയപ്പോൾ, മേടച്ചൂടിനേക്കാൾ ചൂടനായിരുന്ന അന്നത്തെ ഭരണാധികാരി  രാമവര്‍മ്മ ഒമ്പതാമന്‍ എന്ന കൊച്ചി രാജാവ്, എന്നുവച്ചാല്‍ സാക്ഷാൽ ശക്തൻ തമ്പുരാന്‍ ഇനി വടക്കും നാഥ൯ സാക്ഷിയായി മതി പൂരം, തൃശൂര്‍ മതി പൂരം - എന്ന് തീരുമാനമെടുത്തു!

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ 200 വർഷത്തിലധികം പഴക്കമുള്ള ചരിത്രം അങ്ങനെ തുടങ്ങുന്നു!

വടക്കുംനാഥൻ പൂരത്തിൽ പങ്കെടുക്കുന്നില്ല ! എല്ലാറ്റിനും സാക്ഷിയായി പൂരത്തിനെ അനുഗ്രഹിച്ച് ആശീർവദിക്കുന്നു!

മീന മാസത്തിലാണ് ആദ്യം പൂരം നടത്തിയത്. ഉത്സവകാലമായതിനാൽ, വാദ്യക്കാരേയും ആനകളേയും കിട്ടാതെ വന്നപ്പോൾ അത് മേടമാസത്തിലെ മകം നാളിലേക്ക് മാറ്റി, തൃശൂർ പട്ടണത്തിനു ചുറ്റുമുള്ള 10 ക്ഷേത്രങ്ങൾ പങ്കെടുക്കുന്നു. പ്രമുഖർ പാറമേക്കാവും, തിരുവമ്പാടിയും തന്നെ!

തൃശൂർ പൂരത്തെക്കാൾ ആനകളെ അണിനിരത്തുന്ന ആറാട്ടുപുഴ പൂരമുണ്ട്. നെന്മാറ വല്ലങ്ങി വെടിക്കെട്ടിന്റെ പെരുമയോ പ്രകമ്പനമോ തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിനില്ല. പക്ഷേ, തൃശൂർ പൂരത്തിന്റെ പിന്നിലെ ഇവയൊക്കെ നിൽക്കൂ . കാരണമെന്തെന്ന് ചോദിച്ചാൽ അത് അങ്ങനെയാണ്. തൃശൂർ പൂരം സർവ്വ മതക്കാരുടെയും ഉത്സവമാണ്. ജാതി മതഭേദമില്ലാതെ, ഏതൊരാൾക്കും പൂരത്തിന്റെ പ്രധാന സംഭവങ്ങൾ നടക്കുന്ന തേക്കിൻകാട് മൈതാനത്തിൽ വന്ന് പങ്കു കൊള്ളാമെന്നതാണ് ഇതിന് കാരണം. തൃശൂർക്കാരുടെ ദേശീയോത്സവമായി മാറിയ തൃശൂർ പൂരം കേരളത്തിലെ ,മതസൗഹാർദ്ദത്തിന്റെ മനോഹര വേദി തന്നെ!

പൂരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയാണ് കുടമാറ്റം. തൃശൂർ പൂരമെന്ന് പറയുമ്പോൾ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസിൽ വരുന്ന ചിത്രവും കുടമാറ്റത്തിന്റെത്  തന്നെ. തെക്കോട്ടിറക്കത്തിൽ പതിനായിരക്കണക്കിന് ഉത്സവ പ്രേമികൾ തിങ്ങി നിറഞ്ഞ വർണ കുടകളുമേന്തിയുള്ള ഇരു വിഭാഗക്കാരുടെ ആ നിൽപ്പാണ് തൃശൂർ പൂരത്തിന്റെ ഐക്കൺ.  സൂര്യാസ്തമയത്തിന്റെ സമയത്തെ ആ കാഴ്ച ആർപ്പുവിളിയിലും മേളത്തിലും മുങ്ങി തീരുമ്പോൾ തൃശൂർക്കാർ അഭിമാനത്തോടെ ഒരിക്കൽ കൂടി മനസിലുറപ്പിക്കുന്നു. ഈ മനോഹര വർണ കാഴ്ച തൃശൂർ പൂരത്തിന് മാത്രം സ്വന്തം !

ഈ മനോഹര വർണ കാഴ്ച തൃശൂർ പൂരത്തിന് മാത്രം സ്വന്തം !

ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ പൂരത്തിനാണ് കുടമാറ്റം ആരംഭിച്ചത്. അന്ന് 14 ചുവപ്പ് കുടയും നടുവിൽ ഒരു പച്ചക്കുടയുമായി 15 ആനകൾ അണിനിരന്നു. ആ കൊല്ലം തിരുവമ്പാടിക്കാർ ഒരു പുതിയ ആശയം അവതരിപ്പിച്ചു. പച്ചക്കുടകൾക്ക് നടുവിൽ ഒരു ചുവന്ന കുടമാറ്റി ഉയർത്തി. മനോഹരമായ ഈ കാഴ്ചയിൽ പകച്ചു പോയെങ്കിലും പാറമേക്കാവുകാർ പതറിയില്ല. മൈതാനത്ത് വിൽക്കാൻ വെച്ചിരുന്ന ഓലകുടകൾ വാങ്ങി ഉയർത്തി മറുപടി നൽകി , വീറിലും വാശിയിലും വർണ്ണങ്ങൾ കൊണ്ട് കാഴ്ചക്കാരെ ആഹ്ളാദഭരിതമാക്കുന്ന തൃശൂർ പൂരം കുടമാറ്റത്തിന്റെ ആരംഭം അവിടെ നിന്നാണ്. ഇപ്പോൾ 1500 ഓളം കുടകൾ കുടമാറ്റത്തിന് ഉപയോഗിക്കുന്നുണ്ടത്രെ. 

ഏതാണ്ട് 20 വർഷം മുൻപ്,കുടകൾ സംഭാവനയായി നൽകുന്ന ഒരു പദ്ധതി തുടങ്ങി , 20000 രൂപ കൊടുത്താൽ നിങ്ങളുടെ പേരിൽ ഒരു കുട ഉയർത്തപ്പെടും. മാത്രമല്ല, പൂരത്തിന്റെ തലേനാൾ ചമയ കാഴ്ചയിൽ കുട പ്രദർശിപ്പിക്കും.  ഹാളിൽ കുടയുടെ സ്പോൺസർ ആയി നിങ്ങളുടെ പേര് എഴുതി വച്ചിരിക്കും. അർധരാത്രിക്ക് കുട പിടിക്കുകയാണെന്ന് തെറ്റിദ്ധരിക്കേണ്ട, നിങ്ങൾ കാശ് കൊടുത്ത കുട പ്രദർശിപ്പിക്കുക മാത്രമാണ് ഇതെന്ന് മനസിലാക്കുക !

1932ലാണ് ആദ്യമായി പൂരം എക്സിബിഷൻ സംഘടിപ്പിച്ചത് ' സ്വദേശി പ്രദർശനം' എന്നറിയപ്പെട്ട ഇത് 1930കളിൽ പ്രശസ്തമായ ' മദ്രാസ് പാർക്ക് എക്സിബിഷൻ' എന്ന വാണിജ്യമേളയെ അനുകരിച്ചാണ് തുടങ്ങിയത്.

തൃശൂർ നഗരത്തിനെ വികസിപ്പിക്കാൻ ശക്തൻ തമ്പുരാൻ പൂരം കൊണ്ടു വന്നു. പൂരത്തിന്റെ വാണിജ്യ സാധ്യതകൾ നഗര വികസനത്തിന് ധനപരമായ നേട്ടം വരുമെന്ന സാമ്പത്തിക ശാസ്ത്രമായിരുന്നു അതിന് പിന്നിൽ. പൂരം എക്സിബിഷൻ അതിന്റെ പിന്തുടർച്ചയായി നടത്തുന്ന ഒന്നാണ്. 1932ലാണ് ആദ്യമായി പൂരം എക്സിബിഷൻ സംഘടിപ്പിച്ചത് ' സ്വദേശി പ്രദർശനം' എന്നറിയപ്പെട്ട ഇത് 1930കളിൽ പ്രശസ്തമായ ' മദ്രാസ് പാർക്ക് എക്സിബിഷൻ' എന്ന വാണിജ്യമേളയെ അനുകരിച്ചാണ് തുടങ്ങിയത്. തൃശൂരിലെ സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു ഇതിന്റെ പിന്നിൽ. അതിനാൽ സ്വദേശി പ്രദർശനം എന്നറിയപ്പെട്ടു.1963ൽ തൃശൂർ മുനിസിപ്പാലിറ്റി ഇത് പാറമേക്കാവിനും തിരുവമ്പാടിക്കും കൈമാറി. പിന്നിട് 'പൂരം എക്സിബിഷൻ' എന്ന പേരിൽ അറിയപ്പെട്ടു.

പൂരം വെടിക്കെട്ട് എന്നും ആവേശം കൊളളിച്ച പകിട്ടാണ്. നേരത്തെ സൂചിപ്പിച്ച മദ്രാസ് പാർക്ക് എക്സിബിഷനിൽ, കരിമരുന്ന് വിദ്ഗധനായിരുന്ന പൊന്നു വീട്ടിൽ ഗോപാലൻ നായർ എന്ന ആളാണ് തൃശൂർ പൂരം വെടിക്കെട്ടിൽ മിന്നൽ അമിട്ട് ആദ്യമായി അവതരിപ്പിച്ചത്. 1950 കളിൽ നടന്ന,ആ വെടിക്കെട്ടിൽ ആകാശത്ത് വിവിധ വർണ്ണങ്ങളിൽ അമിട്ട് വിരിഞ്ഞപ്പോൾ പൂരത്തിന് കൂടിയ ജനസഹസ്രങ്ങൾ ആഹ്ളാദത്തോടെ, അത്ഭുതത്തോടെ നോക്കി നിന്നു. ആ വർണ്ണങ്ങൾ മനസിൽ വിരിയിച്ച ആഹ്ളാദ നിമിഷങ്ങളെ കുറിച്ച് കുട്ടിയായിരുന്നപ്പോൾ അത് നേരിട്ട് കണ്ട,  തൃശൂർക്കാരനായ സി. അച്യുത മേനോൻ  എഴുതിയിട്ടുണ്ട്.

തിരുവമ്പാടിക്കാരുടെ മഠത്തിൽ നിന്നുള്ള വരവ്, പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം ഈ രണ്ടുമാണ് തൃശൂർ പൂരത്തിന്റെ ഏറ്റവും മികച്ച മുഹൂർത്തങ്ങൾ !

പ്രശസ്ത സംസ്കൃത ഗവേഷണ കേന്ദ്രമായ ബ്രഹ്മസ്വം മഠത്തിന്റെ മുന്നിലാണ് മഠത്തിൽ നിന്നുള്ള വരവ് - പഞ്ചവാദ്യം നടത്തുന്നത്. പണ്ട് മഠത്തിന്റെ അധിപനായ സ്വാമിയാർക്ക് 3 സ്വർണ നെറ്റിപ്പട്ടം ഉണ്ടായിരുന്നു. പൂരത്തിന് തിരുവമ്പാടിക്കാർക്ക് ആ നെറ്റിപ്പട്ടം ഉപയോഗിക്കണമെന്ന് തോന്നി. സ്വാമിയാർ സമ്മതിച്ചു , ഒരു വ്യവസ്ഥയിൽ. എഴുന്നള്ളത്ത് വരുമ്പോൾ മഠത്തിന്റെ മുന്നിൽ നിര്‍ത്തി വാദ്യം നടത്തണം. പകരം നെറ്റിപ്പട്ടം തരും. അങ്ങനെ, മഠത്തിൽ വരവ് ഇറങ്ങി എഴുന്നെള്ളിപ്പായ് . പൂരം കഴിഞ്ഞ് മടക്കത്തിൽ നെറ്റിപ്പട്ടം തിരികെ കൊടുക്കും. സ്വർണ നെറ്റിപ്പട്ടം ഇല്ലാതെ ഇന്നും മഠത്തിൽ നിന്നുള്ള വരവ് നടക്കുന്നു.

ഏറ്റവും അധികം വാദ്യക്കാർ പങ്കെടുക്കുന്ന മേളമാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം - ശരിക്കും കേരളത്തിന്റെ , തൃശൂരിന്റെ സിംഫണി ! മേളം മുറുകുമ്പോൾ പഴയ ഇലഞ്ഞിയുടെ ഇലകൾ പോലും താളം പിടിക്കും ! ഡൽഹിയിലുള്ള ഓൾ ഇന്ത്യ റേഡിയോയുടെ വാർത്ത കഴിഞ്ഞു 2:10 ന് ആരംഭിക്കും; ലൈവ് മേള. ടി.വി ചാനലുകൾ, വെബ് സൈറ്റുകൾ ഇല്ലാത്ത കാലത്ത്, ആ ശിലായുഗത്തിൽ,  റേഡിയോ താരമായിരുന്ന  കാലത്ത്, ശ്രോതാക്കളുടെ ആവശ്യം അനുസരിച്ച്, വാർത്ത കഴിഞ്ഞ് മാത്രം ഇലഞ്ഞിത്തറമേളം പ്രക്ഷേപണം ചെയ്യണം എന്ന അപേക്ഷ റേഡിയോക്കാർ കൈകൊണ്ടതിന്റെ പ്രകാരമാണ്, വാർത്താ ശല്യം ഒഴിവാക്കി ഇന്നും റേഡിയോ തുടരുന്ന ഇലഞ്ഞിത്തറമേളം ലൈവ്. റേഡിയോയിലും വടക്കുനാഥന്റെ ഇലഞ്ഞിത്തറയിലും. പഞ്ചവാദ്യം എന്ന വാദ്യകലയ്ക്ക് വേണ്ടി ഒരൊറ്റ രാത്രി മുഴുവൻ മാറ്റി വച്ച ഒരേ ഒരു പൂരം തൃശൂർ പൂരമാണ്.

പൂരപ്പകലിൽ, ചെണ്ടമേളവും പഞ്ചവാദ്യവും പകുതിയോളം . പാറമേക്കാവിന് പാണ്ടി മേളവും തിരുവമ്പാടിക്ക് തുടക്കത്തിൽ പഞ്ചവാദ്യവും പിന്നീട് പാണ്ടിമേളവും. രാത്രിയിൽ 4 മണിക്കൂർ, പഞ്ചവാദ്യം അരങ്ങ് വാഴുന്നു. തൃശൂർ പൂരത്തിന്റെ അരങ്ങിലാണ് ആധുനിക പഞ്ച വാദ്യം രൂപം കൊണ്ടതെന്ന് ഇതുമായി ബന്ധപ്പെട്ട അറിവുള്ളവർ പറയുന്നു. പഴയ പഞ്ചവാദ്യത്തിൽ മരം, തൊപ്പിമദ്ദളം, ചേങ്കില, ഇടയ്ക്ക, ശംഖ് എന്നിവയായിരുന്നു. പിന്നിട് മരം മാറ്റി തിമില വന്നു. കൊമ്പും കൂടെയെത്തി.

മദ്ദള കലയിലെ ആചാര്യൻ വെങ്കിച്ചൻ സ്വാമിയാണ് പഞ്ചവാദ്യത്തിന്റെ ഘടന മാറ്റിയത്; ഒരു കൊല്ലം മഠത്തിൽ നിന്നുള്ള വരവിൽ കഴുത്തിൽ കെട്ടി കൊട്ടുന്ന പതിവ് രീതി ഉപേക്ഷിച്ച്, മദ്ദളം അരയിൽ കെട്ടി.

അന്നമനട അച്യുത മാരാർ, പീതാംബരമാരാർ, പരമേശ്വരമാരാർ എന്നീ തിമിലയിലെ ത്രിമൂർത്തികളുടെ സഹായത്തോടെയാണ്  വെങ്കിച്ചൻ സ്വാമി ഇന്ന് നാം ആസ്വദിക്കുന്ന പഞ്ചവാദ്യം അരങ്ങിൽ കേൾപ്പിച്ചത്., എന്നും മുഴങ്ങുന്ന കേളി കൊട്ടായ് നിലനിന്ന , ആ പ്രതിഭകളുടെ സംഭാവനയാണ് ഇപ്പോഴത്തെ പഞ്ചവാദ്യം!

തേക്കിൻകാട് മൈതാനമാണ് തൃശൂർ നഗരത്തിന്റെ ആത്മാവ് . ഈ മൈതാനമറിയാത്ത ഒരു ചലനവും തൃശൂരില്ല. ഒരു പുരാതനമായ ക്ലോക്കിന്റെ ഡയൽ പോലെ, നഗരത്തിന്റെ ചലനങ്ങൾ അതിലൂടെ കടന്നുപോകുന്നു. സാധാരണ ദിവസങ്ങളിൽ അടഞ്ഞുകിടക്കുന്ന, വാക്കുംനാഥന്റെ തെക്കെ ഗോപുരം പൂരത്തിന്റെ ആവശ്യത്തിനായ് തലേദിവസത്തിന് മുൻപുള്ള ദിവസം തുറക്കുന്നു. നൈതലക്കാവ് ഭഗവതിക്കാണ് ഇതിനുള്ള അവകാശം. ഭഗവതിയുടെ എഴുന്നെള്ളത്ത് അന്നേ ദിവസം തൃശൂരിലെത്തി, വടക്കുനാഥന്റെ പടിഞ്ഞാറെ ഗോപുരം വഴി അകത്ത് കടന്ന് തെക്കെ ഗോപുരം വഴി പുറത്തേക്ക് വരുന്നു അതോടെ തെക്കെ ഗോപുരം തുറന്നിടുന്നു.

വടക്കുംനാഥൻ പൂരത്തിൽ പങ്കെടുക്കുന്നില്ല ! എല്ലാറ്റിനും സാക്ഷിയായി പൂരത്തിനെ അനുഗ്രഹിച്ച് ആശീർവദിക്കുന്നു !

സാമ്പിൾ വെടിക്കെട്ട് തൃശൂർ പൂരത്തിന് മാത്രമുള്ള  പ്രതിഭാസമാണ്. പൂരത്തിന് രണ്ട് നാൾ മുൻപ്, ശക്തി തെളിക്കുന്ന, രണ്ട് വിഭാക്കാരുടെയും  കരിമരുന്ന് പ്രയോഗത്തിന്റെ മുന്നറിവ്. വൻ ജനാവലിയാണ് ഇതിനും വരുന്നത്. ആന ചമയം - പൂരത്തിന്റെ പന്തലുകൾ ഉയരുന്നതോടെ നഗരം പൂരത്തിരക്കിലേക്ക് നീങ്ങുന്നു.

ബാഹുബലി പോലെ ഒരു മെഗാ ചലച്ചിത്രം നിർമിക്കുന്ന പ്രയത്നം ഒരു പൂരം നടത്തിപ്പിനുണ്ട് എന്ന സത്യം ആരുമോർക്കാറില്ല , കൊടിമരം തയ്യാറാക്കുന്ന പണിക്കാർ തൊട്ട്, പൂരമവസാനിക്കുന്ന ഉച്ചയ്ക്ക് പാറമേക്കാവ് ക്ഷേത്രത്തിലെ നടപന്തലിൽ ഉച്ചക്കഞ്ഞി വിളമ്പുന്നവർ വരെയുള്ളവരുടെ അധ്വാനം വരെ തൃശൂർ പൂരത്തിന്റെ നടത്തിപ്പിലുണ്ട്. ആ കൂട്ടായ്മയുടെ പുണ്യഫലമാണ് നാളുകൾ പിന്നിടുമ്പോഴും പ്രശസ്തിയും പകിട്ടും വർധിച്ച് മുന്നേറുന്ന തൃശൂർ പൂരം .

വടക്കുംനാഥ ക്ഷേത്രവുമായി ബന്ധപ്പെടുത്തി തൃശൂർ നഗരരൂപവത്കരണത്തിൽ പ്രദേശിക സംസ്കാരങ്ങളെ സംയോജിപ്പിക്കാൻ സംഘടിപ്പിച്ച ശക്തൻ തമ്പുരാന്റെ പരിഷ്കാരം, ലോക പ്രശസ്തമായ ഒരു സാംസ്കാരിക മേളയായി ഉയർന്നു കഴിഞ്ഞു എന്നത് തൃശൂർക്കാരുടെ മാത്രമല്ല, മലയാളികളുടെ അഭിമാനമാണ് !

logo
The Fourth
www.thefourthnews.in