കെ കെ സുരേന്ദ്രന്‍ അഭിമുഖം: അന്ന് പൊതുസമൂഹം ആദിവാസികള്‍ക്കെതിരായിരുന്നു, ഇപ്പോഴും അതിൽ മാറ്റമില്ല

കെ കെ സുരേന്ദ്രന്‍ അഭിമുഖം: അന്ന് പൊതുസമൂഹം ആദിവാസികള്‍ക്കെതിരായിരുന്നു, ഇപ്പോഴും അതിൽ മാറ്റമില്ല

മുഖ്യധാര രാഷ്ട്രീയക്കാരും പരിസ്ഥിതിക്കാരും മുത്തങ്ങയിൽ സമരം ചെയ്യുന്ന ആദിവാസികൾക്കെതിരായിരുന്നു

മുത്തങ്ങയില്‍ പോലീസ് വെടിവയ്പ്പിനെ തുടര്‍ന്ന് അറസ്റ്റിലായ അധ്യാപകന്‍ കെ കെ സുരേന്ദ്രന് ക്രൂരമര്‍ദനമാണ് ഏല്‍ക്കേണ്ടിവന്നത്. അന്നത്തെ സംഭവങ്ങളെക്കുറിച്ചും ആദിവാസികളോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

Q

മുത്തങ്ങയില്‍ പോലീസ് വെടിവയ്പ്പ് നടന്നതിന് ശേഷം ഗീതാനന്ദനും സി കെ ജാനുവും അറസ്റ്റ് ചെയ്യപ്പെട്ട് ഉടനെ തന്നെ താങ്കളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമരവുമായി താങ്കള്‍ ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടിരുന്നോ

A

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ തുടങ്ങിയ ആദിവാസികളുടെ അവകാശ സമരങ്ങളെ കേരളത്തിലെ മുഖ്യധാര രാഷ്ട്രീയം അവഗണിക്കുകയായിരുന്നു. അതിന് മാറ്റമുണ്ടാകുന്നത് ആന്റണി സര്‍ക്കാരിന്റെ കാലത്ത് സി കെ ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ നടത്തിയ കുടില്‍ കെട്ടി സമരമായിരുന്നു. ആദിവാസികളുടെ പട്ടിണി മരണത്തെ തുടര്‍ന്നായിരുന്നു കുടില്‍കെട്ടി സമരം നടന്നത്. 48 ദിവസം നീണ്ടുനിന്ന സമരത്തിന് ശേഷം സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് വഴങ്ങി. അഞ്ച് ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അത്രയും ഭൂമിയും മറ്റിടങ്ങളില്‍ കുറഞ്ഞത് ഒന്നരയേക്കറും നല്‍കുമെന്നതടക്കമുള്ളതായിരുന്നു വ്യവസ്ഥകള്‍. എന്നാല്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സര്‍ക്കാര്‍ പാലിച്ചില്ല. ഇതേ തുടര്‍ന്നാണ് മുത്തങ്ങയില്‍ ആദിവാസി ഗോത്രസഭയുടെ നേതൃത്വത്തില്‍ ഭൂമിയില്‍ അവകാശം സ്ഥാപിച്ച് സമരം തുടങ്ങിയത്. 2003 ജനുവരി അഞ്ചിനായിരുന്നു സമരം ആരംഭിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍ ഉള്‍പ്പെടുന്ന വനത്തിലാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ആദിവാസികള്‍ സമരം ആരംഭിച്ചത്. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിക്ക് സമീപത്തുനിന്നുള്ള ഊരുകളില്‍നിന്നായിരുന്നു സമരത്തിന് ആദിവാസികള്‍ കൂടുതലായി എത്തിയത്. അവര്‍ വന്നത് കുടുംബത്തോടെയായിരുന്നു . ആ സമരവുമായി എനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമുണ്ടായിരുന്നില്ല. ജാനുവിനെ പരിചയവും ഉണ്ടായിരുന്നില്ല. ഗീതാനന്ദനെ അറിയാമായിരുന്നു. സമരത്തില്‍ ഉന്നയിക്കപ്പെട്ട ആദിവാസികളുടെ ഭൂമി എന്ന ആവശ്യത്തോട് അനുഭാവവും ഉണ്ടായിരുന്നു. ഒരു തവണ അവിടെ പോയപ്പോള്‍ സമരത്തിന്റെ ഭാഗമായി നിരവധി കുട്ടികള്‍ അവിടെയുള്ളത് ശ്രദ്ധയില്‍പ്പെട്ടു. പത്താം ക്ലാസ് പരീക്ഷ അടുത്തിരിക്കെ വിദ്യാര്‍ത്ഥികളുടെ അധ്യയനം നഷ്ടപ്പെടുന്നത് എങ്ങനെ ഒഴിവാക്കാമെന്ന് ഞാന്‍ ഗീതാനന്ദനോട് ചോദിച്ചു. ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹവും എന്നോട് ചോദിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ഇക്കാര്യം സംസാരിച്ചു നോക്കാമെന്നും ഞാന്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് അദ്ദേഹം എ്‌ന്റെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുന്നത്. ഞാന്‍ എന്റെ കൈയിലുണ്ടായിരുന്ന പച്ചമഷി പേന ഉപയോഗിച്ച് എന്റെ ഓഫീസ് നമ്പര്‍ അതില്‍ എഴുതി കൊടുക്കുകയും ചെയ്തു. അതാണ് പിന്നീട് വിനയായത്. ഗീതാനന്ദന്‍ അറസ്റ്റിലായ ഉടനെ തന്നെ അവര്‍ എന്നെ ഓഫീസില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓഫീസില്‍ നിന്ന് തന്നെ മര്‍ദിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു.

സി കെ ജാനുവിന്റെ മുഖം അടിയേറ്റ് ചീര്‍ത്തിരുന്നു. എന്റെ ചെവി മര്‍ദനം കാരണം തകരാറിലായി എന്ന് എനിക്ക് മനസ്സിലായി. ഇതിനിടയില്‍ ജാനുവിന്റെ മുന്നില്‍നിര്‍ത്തി എന്നെ അറിയാമോ എന്ന് അവരോട് ചോദിക്കുന്നുണ്ടായിരുന്നു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ അവരെ ക്രൂരമായി വീണ്ടും മര്‍ദിക്കുന്നതിനും സാക്ഷിയാകേണ്ടി വന്നു

പിന്നെ പോലീസ് സ്റ്റേഷനിലെത്തിച്ച് ഭീകരമായ മര്‍ദനമായിരുന്നു. ഗീതാനന്ദന്റെ ഡയറിയില്‍ എന്റെ പേര് വന്നതെങ്ങനെ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. അപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. നിൽക്കാനും ഇരിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു. ലോക്കപ്പിലാക്കിയപ്പോള്‍ അതിനുളളില്‍ ഗീതാനന്ദനും ഉണ്ടായിരുന്നു. ഞെരങ്ങാന്‍പോലുമാകാത്ത അവസ്ഥയിലായരിുന്നു അയാള്‍. രാത്രി മദ്യപിച്ചെത്തിയ പോലീസുകാര്‍ ഊഴംവെച്ച് മര്‍ദിച്ചു. കേട്ടാലറയ്ക്കുന്ന തെറി വിളിച്ചുകൊണ്ടായിരുന്നു മര്‍ദനം. ജാനുവിന്‌റെ മുഖം അടിയേറ്റ് ചീര്‍ത്തിരുന്നു. എന്റെ ചെവി മര്‍ദനം കാരണം തകരാറിലായി എന്ന് എനിക്ക് മനസ്സിലായി. ഇതിനിടയില്‍ ജാനുവിന്റെ മുന്നില്‍നിര്‍ത്തി എന്നെ അറിയാമോ എന്ന് അവരോട് ചോദിക്കുന്നുണ്ടായിരുന്നു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ അവരെ ക്രൂരമായി വീണ്ടും മര്‍ദിക്കുന്നതിനും സാക്ഷിയാകേണ്ടി വന്നു.

Q

എത്രനാള്‍ ജയിലില്‍ കഴിയേണ്ടിവന്നു

A

ഫെബ്രുവരി 22 നാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഏപ്രില്‍ മാസമാണ് ജാമ്യം കിട്ടുന്നത്. ഇതിനിടയില്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ എനിക്ക് മര്‍ദനം ഏറ്റ വിവരം അറിയിക്കുന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂരിലേക്ക് മാറ്റുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അത്രയും ഭീകരമായ മര്‍ദനത്തിനാണ് ഞാന്‍ വിധേയനായത്. ചവിട്ടുകയും ഇടിക്കുകയും ചെയ്തു. സിഐ, എസ്ഐ, എഎസ്ഐ കോണ്‍സ്റ്റബിളുമാര്‍ എന്നിവര്‍ ഭീകരമായി മര്‍ദിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കേള്‍വി ശക്തി തകരാറിലായി. ഇതാണ് ഞാന്‍ കോടതിയെ അറിയിച്ചതും ചികിത്സയ്ക്ക് നിര്‍ദേശിക്കപ്പെട്ടതും.


ഭീകരമായ മര്‍ദനത്തിനാണ് ഞാന്‍ വിധേയനായത്. ചവിട്ടുകയും ഇടിക്കുകയും ചെയ്തു. സിഐ, എസ്ഐ, എഎസ്ഐ കോണ്‍സ്റ്റബിളുമാര്‍ എന്നിവര്‍ ഭീകരമായി മര്‍ദിച്ചു

Q

കണ്ണൂര്‍ ജയിലില്‍ എന്തായിരുന്നു അവസ്ഥ

A

കണ്ണൂര്‍ ജയിലില്‍ നക്സലൈറ്റ് പ്രവര്‍ത്തകനൊപ്പമാണ് എന്നെ ഒരു സെല്ലില്‍ ഇട്ടിരുന്നത്. പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ ജയിലില്‍ സന്ദര്‍ശിച്ചു. അദ്ദേഹം കാര്യമായി സംസാരിച്ചു. പാര്‍ട്ടി ബന്ധമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞു. തന്നെ പോലീസുകാര്‍ മര്‍ദിച്ച കാര്യം ചൂണ്ടിക്കാട്ടി. മാഷ് തളരരുതെന്നും കൂടെയുണ്ടാകുമെന്നും എല്ലാ വേദികളിലും വിഷയം ഉന്നയിക്കുമെന്നും വി എസ് ഉറപ്പുനല്‍കി. യഥാര്‍ത്ഥത്തില്‍ വി എസ് വിഷയത്തില്‍ സജീവമായി ഇടപെട്ടതിന് ശേഷമാണ് ആദിവാസികളെ പരസ്യമായി നാട്ടുകാരും പോലീസും കൈകാര്യം ചെയ്യുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായത്. അന്ന് ആദിവാസികള്‍ക്കെതിരെ വലിയ പൊതുബോധം സൃഷ്ടിക്കപ്പെട്ടിരുന്നു. ആദിവാസികളെ എവിടെ കണ്ടാലും നാട്ടുകാര്‍ അവരെ മര്‍ദിക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ബത്തേരിയില്‍ ഉണ്ടായത്. മുത്തങ്ങ സമരത്തിന്റെ ഒരു പ്രത്യേകത തന്നെ ഈ വംശീയതയെ കൂടി അടയാളപ്പെടുത്തിയെന്നതാണ്. സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാം ആദിവാസികള്‍ക്കെതിരെ തിരിഞ്ഞിരുന്നു. അവര്‍ സംഘടിതമായി പ്രചാരണം നടത്തി. വെടിവയ്പ്പിന് ശേഷം അത് മൂര്‍ധന്യത്തിലെത്തി.


വി എസ് അച്യുതാനന്ദന്‍ വിഷയത്തില്‍ സജീവമായി ഇടപെട്ടതിന് ശേഷമാണ് ആദിവാസികളെ പരസ്യമായി നാട്ടുകാരും പോലീസും കൈകാര്യം ചെയ്യുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായത്.

Q

ആദിവാസികള്‍ക്കെതിരെയായിരുന്നു പൊതുബോധം എന്നാണോ താങ്കള്‍ പറയുന്നത്.


A

അതെ. ആദ്യമായി പരിസ്ഥിതി പ്രവര്‍ത്തകരും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിക്കാരും ഒന്നിച്ചുനിന്ന സമരം കൂടിയായിരുന്നു അത്. സാധാരണ പരിസ്ഥിതിക്കാരും മുഖ്യധാര രാഷ്ട്രീയക്കാരും പരസ്പരം എതിരിടുകയാണ് പതിവ്. മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ അവര്‍ ഒന്നിച്ചായിരുന്നു. വെടിവയ്പ്പിന് ശേഷം ആദിവാസി കോളനികളില്‍ പോലീസ് തേര്‍വാഴ്ച നടന്നു. ആദിവാസികളെ കുടികളില്‍ കയറി പോലീസ് മര്‍ദിച്ചു. കുട്ടികള്‍ അടക്കമുള്ളവരെ പിടിച്ചുകൊണ്ടുപോയി. ഗീതാനന്ദനെയും ജാനുവിനെയും ഒളിപ്പിച്ചുവച്ചിട്ടുണ്ടാകുമെന്ന ധാരണയിലായിരുന്നു ആ അതിക്രമങ്ങള്‍ അരങ്ങേറിയത്. മുത്തങ്ങ സമരം നടക്കുമ്പോള്‍ ആദിവാസികളെ ഏതുവിധേനയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതിക്കാരും സിപിഎം, കോണ്‍ഗ്രസ്, ബിജെപി എന്നീ വ്യവസ്ഥാപിത രാഷ്ട്രീയക്കാരും മാര്‍ച്ച് നടത്തുകയുണ്ടായി. ജാനുവിന്റെ പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്നായിരുന്നു സിപിഐ എംഎല്‍ റെഡ്ഫ്ളാഗ് പോലുള്ള ചില നക്സല്‍ സംഘടനകള്‍ ആവശ്യപ്പെട്ടത്. സുഗതകുമാരിയെപോലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ മുത്തങ്ങ സമരത്തിനെതിരെ പൊതുപ്രസ്താവന നടത്തി. അതില്‍ ഒപ്പിട്ട ഒ വി വിജയന്‍ പിന്നീട് പിന്മാറി. ബാക്കിയുള്ളയാളുകള്‍ നിലപാടുമാറ്റിയില്ല. ആദിവാസികള്‍ക്കെതിരായ പൊതുസമൂഹത്തിന്റെ പ്രത്യയശാസ്ത്ര ഐക്യമായിരുന്നു അന്ന് രൂപപ്പെട്ടത്. അന്ന് ബത്തേരി യഥാര്‍ത്ഥത്തില്‍ വംശീയ വിദ്വേഷത്തിന്റെ പ്രിട്ടോറിയ ആയിരുന്നു.


മുത്തങ്ങ സമരം നടക്കുമ്പോള്‍ ആദിവാസികളെ ഏതുവിധേനയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതിക്കാരും സിപിഎം, കോണ്‍ഗ്രസ്, ബിജെപി എന്നീ വ്യവസ്ഥാപിത രാഷ്ട്രീയക്കാരും മാര്‍ച്ച് നടത്തുകയുണ്ടായി

Q

പിന്നീട് നടത്തിയ നിയമപോരാട്ടം എങ്ങനെയായിരുന്നു


A

ജയില്‍ മോചിതനായ ശേഷം നടത്തിയ നിയമ പോരാട്ടമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി അംഗീകരിച്ചത്.

മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസും സിവില്‍ കേസും നല്‍കി. സിവില്‍ കേസ് മുന്നോട്ടു പോകുന്നതില്‍ ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായി. അതും കേസ് നടത്തിപ്പ് വൈകാന്‍ കാരണമായി. ആറ് പോലീസുകാരെ പ്രതികളാക്കിയായിരുന്നു കേസ് ഫയല്‍ ചെയ്തത്. ഇതിന് പുറമെ കേരള സര്‍ക്കാര്‍, വയനാട് ജില്ലാ കലക്ടര്‍ എന്നിവരെയും പ്രതികളാക്കിയാണ് കേസ് ഫയല്‍ ചെയ്തത്. സിഐ ദേവരാജ്, എസ്ഐ വിശ്വംഭരന്‍, എഎസ്ഐ മത്തായി, കോണ്‍സ്റ്റബിള്‍മാരായ രഘുനാഥന്‍, വസന്തകുമാര്‍, വര്‍ഗീസ് എന്നിവരായിരുന്നു കുറ്റാരോപിതരായ പോലീസുകാര്‍.

ഈ കേസിലാണ് രണ്ട് വര്‍ഷം മുമ്പ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.


Q

മുത്തങ്ങ നടന്നിട്ട് ഇരുപത് വര്‍ഷം കഴിഞ്ഞു. സമരം നടക്കുമ്പോള്‍ കേരളത്തിന്റെ മുഖ്യധാര പൊതുബോധം ആദിവാസികള്‍ക്കെതിരെ ആയിരുന്നുവെന്ന് വിശദീകരിച്ചു. ഇപ്പോള്‍ കേരളം മാറിയിട്ടുണ്ടോ


A

ഇല്ലെന്നാണ് സമീപകാല സംഭവങ്ങള്‍ പോലും തെളിയിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന വിശ്വനാഥന്‍ ഏറ്റവും പുതിയ ഇരയാണ്. വംശീയ മുന്‍വിധികളുടെ ഇര. നമ്മളെ പോലെ തന്നെയുള്ള മനുഷ്യരാണ് ആദിവാസികള്‍ എന്ന് അംഗീകരിക്കാന്‍ പോലും നമുക്ക് കഴിയുന്നില്ല. അതാണ് അടിസ്ഥാനപരമായ പ്രശ്നം. പരിസ്ഥിതി വാദികളും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും എങ്ങനെയാണ് ആദിവാസികളെയും അവരുടെ ഭൂ സമരങ്ങളെയും കണ്ടത് എന്ന് മുത്തങ്ങ തെളിയിച്ചു. ഇപ്പോഴും കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് മധുവിന്റെയും വിശ്വനാഥന്റെയും അനുഭവങ്ങളും കൂലി കൂടുതല്‍ ചോദിച്ചതിന് മര്‍ദനം ഏറ്റുവാങ്ങേണ്ടി വരുന്നവരും തെളിയിക്കുന്നത്


logo
The Fourth
www.thefourthnews.in