'മധുവിന്റെ അരങ്ങേറ്റത്തിന് ഞാൻ സാക്ഷി'

'മധുവിന്റെ അരങ്ങേറ്റത്തിന് ഞാൻ സാക്ഷി'

നിർമാതാവായിരുന്ന ആർ എസ് പ്രഭു മധുവിന്റെ സിനിമ ജീവിതത്തിന്റെ പ്രാരംഭ ഘട്ടങ്ങളെക്കുറിച്ച് എഴുതുന്നു

ഡൽഹിയിൽ വച്ചാണ് മധുവിനെ ആദ്യം കണ്ടത്, 1961ൽ. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുകയാണ് അന്നദ്ദേഹം. റോസ്‌കോട്ട് കൃഷ്ണപിള്ളയോടൊപ്പം രാമു കാര്യാട്ടിനെ കാണാൻ വന്ന സുമുഖനായ ചെറുപ്പക്കാരനെ ഇന്നുമോർക്കുന്നു. ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണപിള്ളയാണ് അഭിനയത്തിൽ മധുവിനുള്ള താല്പര്യം ഞങ്ങളോട് വെളിപ്പെടുത്തിയത്.

ആദ്യകാഴ്ചയിൽ തന്നെ കാര്യാട്ടിന് മധുവിനെ (അന്ന് മധു ആയിട്ടില്ല; മാധവൻ നായർ) ഇഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. മദ്രാസിൽ തിരിച്ചെത്തിയ ശേഷം അറിയിക്കാമെന്ന് വാക്കുനൽകി മധുവിനെ യാത്രയാക്കുന്നു ഞങ്ങൾ. ചന്ദ്രതാരയുടെ ബാനറിൽ എസ് കെ പൊറ്റെക്കാട്ടിന്റെ 'മൂടുപടം' സിനിമയിലാക്കാനുള്ള ശ്രമത്തിലാണ് കാര്യാട്ട്. ആ സിനിമയിൽ സത്യനായിരുന്നു നായകൻ. എങ്കിലും മധുവിന് വേണ്ടി നല്ലൊരു റോൾ നീക്കിവയ്ക്കാൻ തയ്യാറായി കാര്യാട്ട്. മദ്രാസിലേക്ക് മധുവിനെ വിളിച്ചുവരുത്തുകയും ചെയ്തു.

'മൂടുപട'ത്തിലൂടെ (1962) അങ്ങനെ മധു അരങ്ങേറുന്നതിന് സാക്ഷിയാകാൻ എനിക്ക് ഭാഗ്യമുണ്ടായി. ആദ്യ സിനിമയിൽ ചന്ദ്രതാരയ്ക്കുവേണ്ടി മധുവുമായി കരാർ ഒപ്പിട്ടതും ഞാൻ തന്നെ. അന്ന് ചന്ദ്രതാരയുടെ പ്രൊഡക്ഷൻ മാനേജർ ആയിരുന്നല്ലോ ഞാൻ. ആദ്യം അഭിനയിച്ചത് മൂടുപടത്തിൽ ആണെങ്കിലും ആദ്യം പുറത്തുവന്നത് എൻഎൻ പിഷാരടി സംവിധാനം ചെയ്ത 'നിണമണിഞ്ഞ കാൽപ്പാടുകൾ' ആയിരുന്നു.

പിന്നീട് പല സിനിമകളിലും ഞങ്ങൾ ഒരുമിച്ചു. മധുവിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായ 'ഭാർഗ്ഗവീനിലയ'ത്തിലും പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി ഞാനുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥാംശമുള്ള കഥാപാത്രത്തെ മധു ഗംഭീരമായിത്തന്നെ അവതരിപ്പിച്ചു. പിൽക്കാലത്ത് ആഭിജാത്യത്തിലൂടെ (1971) ഞാൻ ഒരു നിർമാതാവായി മാറിയപ്പോൾ മധുവിനെയാണ് നായകനാക്കിയത്. വിൻസന്റ് സംവിധാനം ചെയ്ത ആഭിജാത്യത്തിൽ ഗായകനും സംഗീതാധ്യാപകനുമായ മാധവന്റെ വേഷം മധു തികവോടെ അവതരിപ്പിച്ചു. ആ പടത്തിന്റെ ബോക്സോഫീസ് വിജയത്തിൽ മധുവിന്റെയും ശാരദയുടെയും മികച്ച അഭിനയത്തിനും നല്ല പങ്കുണ്ടായിരുന്നു.

ഒരു നിർമാതാവ് കൂടി ആയതിനാൽ മറ്റൊരു നിർമാതാവിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിഞ്ഞ് പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു മധുവിന്. അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം സഹകരിച്ച എല്ലാ സിനിമകളും എനിക്ക് അവിസ്മരണീയം
ആർ എസ് പ്രഭു
ആർ എസ് പ്രഭു

തുടർന്ന് ഞാൻ നിർമിച്ച തീർത്ഥയാത്ര (എ വിൻസന്റ്), തെക്കൻകാറ്റ് (ശശികുമാർ) എന്നീ ചിത്രങ്ങളിലും മധു തന്നെയായിരുന്നു നായകൻ. അവസാനമായി നിർമാതാവിന്റെ റോൾ അണിഞ്ഞ 'ആയുധ'ത്തിലും (1982) മധുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഒരു നിർമാതാവ് കൂടി ആയതിനാൽ മറ്റൊരു നിർമാതാവിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിഞ്ഞ് പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു മധുവിന്. അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം സഹകരിച്ച എല്ലാ സിനിമകളും എനിക്ക് അവിസ്മരണീയം.

കഴിഞ്ഞ മേയിൽ എനിക്ക് 93 തികഞ്ഞു. മധുവിന് 90 തികയാൻ പോകുന്നു. പ്രായം കൊണ്ട് മലയാള സിനിമയിലെ ഏറ്റവും തലമുതിർന്ന സാന്നിധ്യങ്ങളാണ് ഞങ്ങൾ രണ്ടു പേരും. മധുവുമായി അപൂർവമായേ ഫോണിൽ സംസാരിക്കാറുള്ളൂ. എങ്കിലും ആ സംഭാഷണങ്ങൾ എന്നെ സംബന്ധിച്ച് പോയിമറഞ്ഞ മനോഹരമായ ഒരു കാലത്തേക്കുള്ള തിരിച്ചുപോക്കാണ്. ഒരിക്കലും തിരിച്ചുവരാത്ത ഒരു കാലത്തിലേക്ക്.

logo
The Fourth
www.thefourthnews.in