കടലും കായലും ചേരുന്ന മരണയിടുക്ക്

എന്താണ് മുതലപ്പൊഴിയിലെ യഥാർഥ പ്രശ്നമെന്ന് പരിശോധിക്കുകയാണ് ദ ഫോര്‍ത്ത്

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അഞ്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ചു, മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു, മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു - ഇങ്ങനെയുള്ള വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എന്താണ് മുതലപ്പൊഴിയിലെ യഥാർഥ പ്രശ്നമെന്ന് പരിശോധിക്കുകയാണ് ദ ഫോര്‍ത്ത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 64 പേരാണ് മുതലപ്പൊഴിയില്‍ മരിച്ചത്

സര്‍ക്കസ് കൂടാരത്തിലെ മരണക്കിണറില്‍ കാണുന്നതിനേക്കാള്‍ അഭ്യാസം കാണിച്ചിട്ടാണ് ഓരോ വള്ളവും കടലിലേക്ക് ഇറക്കുന്നത്. കുതിരയ്ക്ക് കടിഞ്ഞാണ്‍ ഇടുന്നത് പോലെ വള്ളത്തില്‍ കയറുകെട്ടി ബാലന്‍സ് ചെയ്ത് രണ്ടും കല്‍പ്പിച്ചുള്ള പോക്ക്. പരിചയസമ്പത്തിനൊപ്പം മഹാഭാഗ്യവും കൂടെയുണ്ടെങ്കിലെ മുതലപ്പൊഴിയിലെ മരണപ്പൊഴി കടന്നുകിട്ടൂ. ഇല്ലെങ്കില്‍ വീണു പോകും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 64 പേരാണ് മുതലപ്പൊഴിയില്‍ മരിച്ചത്, മൂന്ന് പേരുടെ മൃതദേഹം കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. നൂറു കണക്കിന് വള്ളങ്ങള്‍ ഇതിനിടയില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു.

ഏതൊരു തുറമുഖത്തിന്റെയും അടിസ്ഥാനപരമായ ആവശ്യം വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും കടലില്‍ പോയി വരുന്നതിന് സുരക്ഷിതമായ വഴി നല്‍കുക എന്നതാണ്. നിര്‍ഭാഗ്യവശാല്‍ 2002ല്‍ നിര്‍മാണം തുടങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ത്തീകരിച്ച മുതലപ്പൊഴി ഹാര്‍ബറില്‍ അത് മാത്രമില്ല. സ്വാഭാവിക മണല്‍തീരത്ത് കരയില്‍ എത്തിച്ചേരുന്ന വള്ളങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷിതത്വം പോലും ഹാര്‍ബറില്‍ കിട്ടില്ല.

തുറമുഖ കവാടത്തില്‍ മണല്‍ അടിഞ്ഞുണ്ടാകുന്ന തിട്ടകള്‍ കാരണം ഊഹിക്കാന്‍ പോലും കഴിയാത്ത ശക്തമായ തിരമാലകളാണ് അടിച്ചുകയറുന്നത്. ഇത് മറികടന്നാലെ കടലിലേക്ക് പോകാനും തിരിച്ച് കരയിലേക്ക് വരാനും കഴിയൂ. അപകടങ്ങൾ പതിവായിട്ടും പുലിമുട്ടിൻെറ അപാകതകൾ തീർക്കാനോ മണ്ണ് നീക്കം ചെയ്യാനോ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല.

Related Stories

No stories found.
logo
The Fourth
www.thefourthnews.in