ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെ കൈവിട്ട് ദക്ഷിണാഫ്രിക്ക; തിരിച്ചടിക്ക് പിന്നിലെന്ത് ?

ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെ കൈവിട്ട് ദക്ഷിണാഫ്രിക്ക; തിരിച്ചടിക്ക് പിന്നിലെന്ത് ?

നെൽസൺ മണ്ടേല സ്ഥാപിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടികൾ ഒന്നാണ്

ദക്ഷിണാഫ്രിക്കന്‍ പൊതുതിരഞ്ഞെടുപ്പില്‍ വൻ തിരിച്ചടി നേരിട്ടിരിക്കുകയാണ് ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (ANC). 400 പാർലമെന്റ് സീറ്റുകളിൽ ആകെ 159 സീറ്റുകൾ മാത്രമായാണ് പാർട്ടി നേടിയത്. ദേശീയ വോട്ട് വിഹിതത്തിൻ്റെ 40 ശതമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 230 സീറ്റുകളാണ് പാർട്ടി നേടിയിരുന്നത്. 58 ശതമാനം ആയിരുന്നു വോട്ടുവിഹിതം. 30 വർഷത്തിനിടെ ആദ്യമായാണ് എഎൻസിക്ക് രാജ്യത്ത് ഭൂരിപക്ഷം നഷ്ടപ്പെടുന്നത്. തിരഞ്ഞെടുപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് പാർട്ടി ഇത്തവണ നേരിട്ടതെന്ന് പറയാം. നെൽസൺ മണ്ടേല സ്ഥാപിച്ച ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടികളില്‍ ഒന്നാണ്.

ഫലങ്ങൾ ജനാധിപത്യത്തിന്റെ വിജയം ആണെന്നാണ് പാർട്ടി തലവനും പ്രസിഡന്റുമായ സിറില്‍ റാംഫോസ വ്യക്തമാക്കിയത്. രാജ്യത്ത് ആദ്യമായി സഖ്യസർക്കാർ രൂപീകരിക്കാനായി ചർച്ചകൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ദക്ഷിണാഫ്രിക്കയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് അലയൻസ് (ഡിഎ) 22 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്താണ്. മുന്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ പുതുതായി രൂപീകരിച്ച എംകെ പാര്‍ട്ടി (14.59 ശതമാനം), ഇടത് പാര്‍ട്ടിയായ എക്കോണമിക് ഫ്രീഡം ഫൈറ്റേഴ്‌സ് (9.51 ശതമാനം) എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ വോട്ടു വിഹിതം.

സിറില്‍ റാംഫോസ
സിറില്‍ റാംഫോസ

ദക്ഷിണാഫ്രിക്കയിലെ തിരഞ്ഞെടുപ്പ് ചിത്രം എന്താണ് ?

രണ്ടേമുക്കാൽ കോടി ആളുകൾക്കാണ് രാജ്യത്ത് വോട്ടവകാശം ഉള്ളത്. എന്നിരുന്നാലും, തിരഞ്ഞെടുപ്പ് ദിവസം 1.62 കോടി പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ആകെ രേഖപ്പെടുത്തിയത് 58.61 ശതമാനം പോളിങ്. ദക്ഷിണാഫ്രിക്കയുടെ 30 വർഷത്തെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്. 1999 ൽ, രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 90 ശതമാനവും വോട്ട് രേഖപ്പെടുത്തിയിരുന്നു. 2019 ലെ തിരഞ്ഞെടുപ്പിൽ 66 ശതമാനം പോളിങ് രേഖപ്പെടുത്തി. ഈ വർഷം വീണ്ടും കുറഞ്ഞിരിക്കുകയാണ്.

അധിനിവേശ ശക്തികൾക്കെതിരെ ചെറുത്തുനിൽപ്പുകൾ നടത്തുകയും വർണവിവേചനത്തിനെതിരെ ശക്തമായ പോരാട്ടങ്ങൾ നടത്തുകയും ദക്ഷിണാഫ്രിക്ക പടുത്തുയർത്തുയർത്തുന്നതിന്റെ മുൻപന്തിയിൽ നിൽക്കുകയും ചെയ്ത പാർട്ടിയാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്. അധിനിവേശ ശക്തികളുടെ വർണവിവേചന സമ്പ്രദായം അവസാനിച്ചതിനുശേഷം ദക്ഷിണാഫ്രിക്കയുടെ പുതിയ രാഷ്ട്രീയപാത നയിച്ചത് എഎൻസിയാണ്. രാജ്യത്ത് ഒരിക്കൽ നിരോധിക്കപ്പെട്ട പാർട്ടി, 1994-ലെ വിഖ്യാതമായ സർവജാതി വോട്ടിൽ ദേശീയ വോട്ടിൻ്റെ 62.65 ശതമാനം നേടി. ആഫ്രിക്കക്കാർ സ്നേഹത്തോടെ "മാഡിബ" എന്നു വിളിക്കുന്ന നേതാവ് മണ്ഡേല ആ വർഷം പ്രസിഡന്റായി സ്ഥാനമേറ്റു. അതിനുശേഷം, ദേശീയ തിരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ വോട്ട് വിഹിതം ഒരിക്കലും 50ശതമാനത്തിൽ കുറഞ്ഞിട്ടില്ല.

എഎൻസിയുടെ പതനത്തിന് പിന്നിൽ?

"രാജ്യത്തെ പല യുവ വോട്ടർമാരും വർണവിവേചനത്തിലൂടെയല്ല ജീവിച്ചത്. അവർ ഒരു ഗവൺമെൻ്റിനെ വിലയിരുത്തുന്ന മാനദണ്ഡം വിമോചന പ്രസ്ഥാനങ്ങളെ ആശ്രയിക്കുന്നില്ല. ആരോഗ്യം, തൊഴിൽ, സാമ്പത്തിക വികസനം തുടങ്ങിയ മേഖലകളിലെ സർക്കാർ പ്രവർത്തനങ്ങളുടെ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് യുവ വോട്ടർമാരുടെ വിശകലനം. എഎൻസിയുടെ ഭൂതകാലം ഇനി തിരഞ്ഞെടുപ്പ് കാര്യങ്ങളിൽ വളരെയധികം സഹായിക്കില്ല, ”രാഷ്ട്രീയ ശാസ്ത്രജ്ഞനായ അബ്ദുൽഹക്ക് ബസ്സോ വിശദീകരിക്കുന്നു.

അടിസ്ഥാന സർക്കാർ സേവനങ്ങളിലെ വീഴ്ചകൾ ദശലക്ഷ കണക്കിന് ആളുകളെ ബാധിക്കുന്നു. കടുത്ത ദാരിദ്ര്യത്തോടും അസമത്വത്തോടും പൊരുതുകയാണ് ദക്ഷിണാഫ്രിക്ക. ലോകബാങ്കിൻ്റെ കണക്കനുസരിച്ച്, ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യയുടെ 55 ശതമാനം ദാരിദ്ര്യത്തിലാണ്. ജലം, പാർപ്പിടം, ഊർജം എന്നീ പ്രതിസന്ധികളാൽ ജനങ്ങൾ വലയുന്നു. വെള്ളമോ വൈദ്യുതിയോ ശരിയായ പാർപ്പിടമോ ഇല്ലാതെ നിരവധി ആളുകളാണ് കഷ്ടപ്പെടുന്നത്. പ്രധാന നഗരമായ ഡർബനിൽ നിന്ന് 20 മിനിറ്റ് യാത്ര ചെയ്താൽ എത്തുന്ന ട്രെനൻസ് പാർക്ക് പോലുള്ള പ്രവിശ്യയുടെ ഭാഗങ്ങളിൽ 10 മാസമായി ടാപ്പ് വെള്ളമില്ല. തൊഴിലില്ലായ്മ 33ശതമാനം ആണ്. സാമ്പത്തിക അസംതൃപ്തി കുറ്റകൃത്യങ്ങളുടെ വർധനവിന് കാരണമായി. നരഹത്യ നിരക്ക് 100,000 ആളുകൾക്ക് 45 എന്ന രീതിയില്‍ ഉയർന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട വെല്ലുവിളികളില്ലാത്ത ഭരണത്തിന് പിന്നാലെ എഎൻസി നേതൃത്വം അനവധി അഴിമതി ആരോപണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർച്ചയിലാണ്.

ഇനി എന്ത് സംഭവിക്കും ?

സർക്കാർ രൂപീകരിക്കാനും നിലവിലെ പ്രസിഡൻ്റ് സിറിൽ റമാഫോസക്ക് രണ്ടാം തവണയും അധികാരത്തിലേറാനും ഒരു സഖ്യകക്ഷിയെ തേടേണ്ടിവരും. ദക്ഷിണാഫ്രിക്കക്കാർ പ്രസിഡൻ്റിന് നേരിട്ട് വോട്ട് ചെയ്യുന്നില്ല. പകരം, അവർ ദേശീയ അസംബ്ലിയിലെ 400 അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. ഈ അംഗങ്ങളാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. 201 അല്ലെങ്കിൽ അതിൽ കൂടുതൽ വോട്ടുകൾ ലഭിക്കുന്നയാളാകും പ്രസിഡന്റ്. റംഫോസയുടെ നേതൃത്വത്തിൽ എഎൻസിയുമായി സഖ്യത്തിലേർപ്പെടില്ലെന്ന് ജേക്കബ് സുമയുടെ എംകെ പാർട്ടി അറിയിച്ചിട്ടുണ്ട്.

ജേക്കബ് സുമ
ജേക്കബ് സുമ

നിലവിൽ ബിസിനസ് സൗഹൃദ കേന്ദ്ര-വലത് പാർട്ടിയായ ഡി എയുമായി ചർച്ചകൾ ഉണ്ടായെങ്കിലും എഎൻസിയുടെ രണ്ട് പ്രധാന മുൻഗണനകളെ ഡിഎ നേതാവ് ജോൺ സ്റ്റീൻഹുയിസെൻ എതിർക്കുന്നുണ്ട്. വംശീയ വർണവിവേചന കാലഘട്ടത്തിൽ കറുത്തവർഗക്കാരെ ഒഴിവാക്കിയതിനെത്തുടർന്ന് സമ്പദ്‌വ്യവസ്ഥയിൽ അവർക്ക് ഒരു ഓഹരി നൽകുക എന്ന ലക്ഷ്യത്തോടെ കറുത്ത വർഗക്കാർക്കുള്ള ശാക്തീകരണ നയങ്ങൾ, സാർവത്രികമായി എല്ലാവർക്കും ആരോഗ്യ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന നാഷണൽ ഹെൽത്ത് ഇൻഷുറൻസ് (NHI) ബിൽ എന്നിവയാണ് ഡി എ എതിർക്കുന്നത്. എന്നാൽ സഖ്യ ചർച്ചകളിൽ രണ്ട് നയങ്ങളും ചർച്ച ചെയ്യാനാകില്ലെന്ന് എ എൻ സി വ്യക്തമാക്കിയിട്ടുണ്ട്.

ജോൺ സ്റ്റീൻഹുയിസെൻ
ജോൺ സ്റ്റീൻഹുയിസെൻ

ചർച്ചകളുടെ ബഹളമാണ് ഇനി ദക്ഷിണാഫ്രിക്കയിൽ നടക്കുക. ദക്ഷിണാഫ്രിക്കൻ ഭരണഘടനയനുസരിച്ച്, അന്തിമ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ച് 14 ദിവസത്തിനുള്ളിൽ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഏത് സഖ്യം അധികാരത്തിൽ വന്നാലും ആരുടെ കീഴിലായാലും മുന്നോട്ടുള്ള പാത വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. രാജ്യം ശരിയായ ദിശയിലേക്ക് നീങ്ങുന്നതിന് എ എൻ സി ആധിപത്യം ഇല്ലാതാകണമെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്. സഖ്യ സാധ്യതകൾ എത്രത്തോളം പ്രയോഗികമാണെന്ന് കണ്ടറിയേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in