'യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു'; ഇസ്ലാമോഫോബിയയുടെയും തീവ്ര വലതുപക്ഷത്തിന്റെയും ഭൂതം

'യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു'; ഇസ്ലാമോഫോബിയയുടെയും തീവ്ര വലതുപക്ഷത്തിന്റെയും ഭൂതം

യൂറോപ്പിൽ വിവിധ രാജ്യങ്ങളിൽ തീവ്ര വലതുപക്ഷ, കുടിയേറ്റ വിരുദ്ധ, ഇസ്ലാം വിരുദ്ധ പാർട്ടികൾ അധികാരത്തിൽ വരുന്നതിന് പിന്നിലെ കാരണങ്ങൾ എന്താവും

യൂറോപ്പിനെ പിടികുടിയ ഒരു ഭൂതത്തെക്കുറിച്ച് പറഞ്ഞാണ് കാള്‍ മാര്‍ക്‌സും എംഗല്‍സും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിത്തുടങ്ങുന്നത്. അതുപക്ഷേ കമ്യൂണിസമെന്ന ഭൂതം പിടികൂടിയിരിക്കുന്നുവെന്ന പ്രതിലോമകാരികളുടെ ആശങ്കയായിരുന്നു അവര്‍ പറഞ്ഞത്. അതൊക്കെ കഴിഞ്ഞു. ഇപ്പോള്‍ യൂറോപ്പ് അതിതീവ്ര വലതുപക്ഷത്തിന്റെയും ഇസ്ലാം വിരുദ്ധതയുടെയും പിടിയിലാവുന്നതിന്റെ കാഴ്ചകളാണ് കാണുന്നത്.

കഴിഞ്ഞദിവസം പുറത്തുവന്ന നെതര്‍ലൻഡ്സിലെ തിരഞ്ഞെടുപ്പ് ഫലമാണ് ഇതിന്റെ അവസാന സൂചന. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ഇസ്ലാംവിരുദ്ധ തീവ്ര വലതുപക്ഷം അധികാരത്തിലെത്തുകയോ, അല്ലെങ്കില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയാവുകയോ ചെയ്തിരിക്കുന്നു. എല്ലാ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെയും നയസമീപനം ഒന്നല്ലെങ്കിലും, അവ പൊതുവില്‍ പങ്കിടുന്ന ചില കാര്യങ്ങളുണ്ട്. കുടിയേറ്റ വിരുദ്ധത, അതിദേശീയത, ഏറിയും കുറഞ്ഞുമുള്ള ഇസ്ലാം വിരുദ്ധത എന്നിങ്ങനെയാണ് അവ.

തീവ്ര വലതുപക്ഷത്തിന്റെ വളര്‍ച്ച

തീവ്ര വലതുപക്ഷ രാഷ്ട്രീയത്തോട് എങ്ങനെയാണ് യൂറോപ്പ് പൊരുത്തപ്പെടുന്നതെന്ന് സൂചിപ്പിക്കാന്‍ രണ്ട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം.

ഏകദേശം കാല്‍നൂറ്റാണ്ടുമുമ്പ്, ഓസ്ട്രിയയില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടിയ്ക്ക് 25 ശതമാനം വോട്ട് ലഭിക്കുകയും സര്‍ക്കാരില്‍ പങ്കാളികളാവുകയും ചെയ്തപ്പോള്‍ അത് യൂറോപ്പില്‍ കടുത്ത ആശങ്കയാണുണ്ടാക്കിയത്. ജോര്‍ഗ് ഹെദറിനെ സര്‍ക്കാരിന്റെ ഭാഗമാക്കിയതിനെതിരെ യുറോപ്പിലെ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ അവരുടെ പ്രതിനിധികളെ പിന്‍വലിച്ചാണ് പ്രതിഷേധിച്ചത്. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉഭയകക്ഷി ബന്ധം മരവിപ്പിച്ചു. അത്രയും വലിയ ആശങ്കയാണ് അന്ന് തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റത്തില്‍ ലോകത്തിനുണ്ടായത്.

ഇനി മറ്റൊരു സാഹചര്യം നോക്കാം. ഫ്രാന്‍സിലെ തീവ്രവലതുപക്ഷ പ്രസ്ഥാനമായ നാഷണല്‍ ഫ്രണ്ടിലെ ജീന്‍ മാരി ലേ പെന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തുന്നു. അന്തിമ മത്സരം ജാക്ക് ഷിറാക്കുമായിട്ടായിരുന്നു. എന്നാല്‍ തീവ്ര വലതുപക്ഷ നേതാവുമായി സംവാദ വേദി പോലും പങ്കിടാന്‍ തയ്യാറാകാതെയായിരുന്നു അദ്ദേഹം ചെറുത്തത്. ഒടുവിൽ ഷിറാക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

നെതർലൻഡ്‌സിൽ വിജയിച്ച ഫ്രീഡം പാർട്ടി നേതാവ് ഗീർട്ട് വൈൽഡേഴ്സ്
നെതർലൻഡ്‌സിൽ വിജയിച്ച ഫ്രീഡം പാർട്ടി നേതാവ് ഗീർട്ട് വൈൽഡേഴ്സ്

അതായത് ഒന്നാം ലോകയുദ്ധത്തെത്തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ മൂലം രൂപംകൊണ്ട ഫാസിസ്റ്റ് സര്‍ക്കാരുകളുണ്ടാക്കിയ കെടുതികള്‍ അത്രയും തീവ്രമായി തന്നെ യൂറോപ്പിലെ രാഷ്ട്രീയം പൊതുവില്‍ പങ്കിട്ടിരുന്നു. ഇപ്പോള്‍ അത്തരമൊരു സാഹചര്യമില്ല. യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ ഇതിനകം തന്നെ തീവ്ര വലതുപക്ഷ സര്‍ക്കാരുകളാല്‍ നയിക്കപ്പെടുന്നു. പലയിടങ്ങളിലും മുഖ്യപ്രതിപക്ഷമായി അവര്‍ മാറിയിരിക്കുന്നു.

കഴിഞ്ഞ ദിവസം നെതര്‍ലൻഡ്‌സില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇസ്ലാം വിരുദ്ധ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടി മുന്നിലെത്തിയിരിക്കുന്നു. പുതിയ സര്‍ക്കാരില്‍ ഈ പാര്‍ട്ടിക്ക് മുന്‍തൂക്കമുണ്ടാകുമെന്ന കാര്യം ഉറപ്പായിരിക്കുന്നു. ആ പാര്‍ട്ടിയുടെ അടിസ്ഥാന നയം ഇസ്ലാം വിരുദ്ധതയാണ്. മുസ്ലിം പള്ളികള്‍ ഇല്ലാതാക്കുക, ഖുറാന്‍ നിരോധിക്കുക തുടങ്ങിയവാണ് ഫ്രീഡം പാർട്ടിയുടെ പ്രധാനപ്പെട്ട ആശയങ്ങളില്‍ ചിലത്.

ഇറ്റലി, സ്വീഡന്‍, ഫിന്‍ലൻഡ്, ഇപ്പോള്‍ നെതര്‍ലൻഡ്‌സ്, വലതുപക്ഷത്തിന്റെ മുന്നേറ്റത്തിന്റെ പിടിയിലായ രാജ്യങ്ങളാണ് ഇവ. ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജിയ മെലാണിയുടെ പാര്‍ട്ടി ബ്രദേഴ്‌സ് ഓഫ് ഇറ്റലി ഒരു നിയോ ഫാസിസ്റ്റ് പാര്‍ട്ടിയായാണ് അറിയപ്പെടുന്നത്. ലോകയുദ്ധത്തിന് ശേഷം യുറോപ്പില്‍ അധികാരത്തില്‍ വരുന്ന തീവ്ര വലതുപക്ഷ സര്‍ക്കാരാണ് മെലാണിയുടെത്.

ഫിന്‍ലൻഡില്‍ ദ ഫിന്‍സ് എന്ന തീവ്ര വലതുപക്ഷ പാര്‍ട്ടി കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഭാഗമാണ്. സ്വീഡനിലെ സർക്കാരിലും വലതുപക്ഷത്തിനാണ് സ്വാധീനം.

അധികാരത്തിലുള്ളത് മാത്രമല്ല, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലൻഡ്, ഗ്രീസ് എന്നിങ്ങനെയുളള രാജ്യങ്ങളിലും തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഹംഗറിയിലെ വിക്ടര്‍ ഒര്‍ബാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സമകാലിക ലോകത്ത് ഏറ്റവും കൂടുതല്‍ പരമാര്‍ശിക്കപ്പെടുന്ന തീവ്ര വലതുപക്ഷ സര്‍ക്കാരാണ്.

ഫ്രാൻസിൽ ഇസ്ലാമോഫോബിയക്കെതിരെ നടന്ന പ്രകടനം
ഫ്രാൻസിൽ ഇസ്ലാമോഫോബിയക്കെതിരെ നടന്ന പ്രകടനം

യൂറോപ്പിലെ തീവ്ര വലതുപക്ഷത്തിൻ്റെ ചരിത്രം

യൂറോപ്പിലെ ഏറ്റവും ഇരുണ്ട കാലഘട്ടമായിരുന്നു ഫാസിസത്തിന്റെയും നാസിസത്തിന്റെയും. നാസികള്‍ അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ നേതൃത്വത്തില്‍ ജര്‍മനിയില്‍ ഒന്നാം ലോകയുദ്ധത്തിന് ശേഷമുണ്ടായ സാഹചര്യങ്ങളെത്തുടര്‍ന്ന് അധികാരത്തിലെത്തിയപ്പോള്‍, ഇറ്റലിയില്‍ ബെനറ്റോ മുസ്സോളിനിയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റുകളും അധികാരത്തിലെത്തി. ഒന്നാം ലോകയുദ്ധത്തിനുശേഷം ജര്‍മനിയ്ക്കുമേല്‍ അടിച്ചേല്‍പ്പിച്ച വെര്‍സെയില്‍സ് ഉടമ്പടി ആ രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തു. ഇതില്‍നിന്നുണ്ടായ സാമൂഹ്യ അസ്വസ്ഥതകളുടെ പുറത്താണ് ഹിറ്റ്‌ലര്‍ അധികാരത്തിലെത്തുന്നത്.

ജര്‍മനിയുടെ ദേശീയാഭിമാനം തിരിച്ചുപിടിക്കുമെന്നതായിരുന്നു ഹിറ്റ്‌ലറുടെ വാഗ്ദാനം. സര്‍വാധിപത്യം, വംശീയത, അതിദേശീയത, ജൂതവിരുദ്ധത എന്നിവയായിരുന്നു നാസികളുടെ പ്രധാന ആശയങ്ങള്‍. ഇതാണ് ദശലക്ഷങ്ങളുടെ കൂട്ടക്കൊലയിലേക്ക് നയിച്ചത്. ഒന്നാം ലോകയുദ്ധത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ തന്നെയാണ് മുസ്സോളിനിയെയും ഇറ്റലിയുടെ അധികാരത്തിലെത്തിച്ചത്. സാമ്പത്തികത്തകര്‍ച്ചയും തൊഴിലില്ലായ്മയും ഉണ്ടാക്കിയ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് 1922 ല്‍ മുസ്സോളിനി അധികാരത്തിലെത്തിയതും ഇറ്റലിയെ ഫാസിസ്റ്റ് രാജ്യമാക്കി മാറ്റിയതും. ചരിത്രത്തിലെ ഈ ദുരന്തത്തിനുശേഷം തീവ്ര വലതുപക്ഷങ്ങളെ സംശയത്തോടെ മാറ്റിനിര്‍ത്തുകയായിരുന്നു പല രാജ്യങ്ങളും. എന്നാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി രൂപപ്പെടുന്ന സാഹചര്യങ്ങള്‍ ഫാസിസ്റ്റ് ആഭിമുഖ്യമുള്ള പാര്‍ട്ടികളെ കൂടുതല്‍ ശക്തമായി രംഗത്തുവരാന്‍ സഹായിക്കുന്നതായിരുന്നു.

വ്യവസ്ഥാപിത പാര്‍ട്ടികളോടും സര്‍ക്കാരുകളോടുമുള്ള എതിര്‍പ്പിനെയാണ് വലതുപാര്‍ട്ടികള്‍ വൈകാരികമായി മുതലെടുക്കുന്നത്. ഇതില്‍ പ്രധാനമായി രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ്. എല്ലാ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെയും പ്രധാന അജണ്ട എന്നത് കുടിയേറ്റ നിരോധനമാണ്. ആഗോളവല്‍ക്കരണത്തിന്റെയും നിയോ ലിബറല്‍ നയങ്ങളുടെ ഫലമായുണ്ടായ സാമ്പത്തികത്തകര്‍ച്ചയും അതിദേശീയ സമീപനങ്ങള്‍ക്ക് പല രാജ്യങ്ങളിലും സ്വീകാര്യത ഉണ്ടാക്കിക്കൊടുത്തു. ഈ പാര്‍ട്ടികളുടെ എല്ലാം അടിസ്ഥാന സമീപനങ്ങളില്‍ സങ്കുചിതമായ ദേശീയത ഇടം പിടിച്ചതങ്ങനെയാണ്. ഇപ്പോള്‍ നെതര്‍ലൻഡ്‌സില്‍ അധികാരത്തില്‍ വന്ന പാർട്ടിയുടെ യഥാര്‍ത്ഥ ആവശ്യം യുറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോരുകയാണ്. ഫൈനാന്‍സ് മൂലധനത്തിന്റെ താല്‍പ്പര്യ സംരക്ഷിക്കുന്നതിന് വേണ്ടി നടപ്പാക്കപ്പെട്ട ആഗോളവല്‍ക്കരണമാണ് പല രാജ്യങ്ങളുടെയും സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണങ്ങള്‍ പരിശോധിക്കാതെ, ജനപ്രിയ മുദ്രാവാക്യങ്ങളാണ് തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ചത്. പോപ്പുലിസം അല്ലെങ്കില്‍ ജനപ്രിയ നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവില്‍ സ്വീകരിക്കുന്ന സമീപനം നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായി ഒരു അപരവിഭാഗത്തെ സൃഷ്ടിക്കലാണ്. മുസ്ലിം വിരുദ്ധതയങ്ങനെയാണ് ഇവരുടെ പൊതുനയമായി മാറുന്നത്. ഇതുപക്ഷേ യൂറോപ്പില്‍ മാത്രമല്ല, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും കാണുന്നതാണ്.

ശീതയുദ്ധത്തിന്റെ അവസാനം, 2001 സെപ്റ്റംബര്‍ 11ന്റെ ഭീകരാക്രമണം, എന്നിവയ്ക്കുശേഷമാണ് മുസ്ലിങ്ങളെ അപരവല്‍ക്കരിച്ചുകൊണ്ടുള്ള വംശീയ സമീപനങ്ങള്‍ വലതുപാര്‍ട്ടികള്‍ പരസ്യമായി പ്രകടിപ്പിച്ചു തുടങ്ങിയത്. ശീതയുദ്ധം അവസാനിക്കുകയും സോഷ്യലിസ്റ്റ് ബ്ലോക്ക് ഇല്ലാതാകുകയും ചെയ്തതോടെ, ഇനി ലോകത്ത് നടക്കാനുള്ളത് സംസ്‌കാരങ്ങളുടെ സംഘര്‍ഷമാണെന്ന ആശയങ്ങള്‍ 1980 കളില്‍ സജീവമാകുകയും ചെയ്തു. യൂറോപ്യന്‍ സംസ്‌കാരവുമായി ഇസ്ലാം ചേര്‍ന്നുനില്‍ക്കുന്നതല്ലെന്നടക്കമുള്ള പ്രചാരണങ്ങളാണ് പരസ്യമായി തന്നെ യൂറോപ്പിലെ വലതുപാര്‍ട്ടികളില്‍ പലതും പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ യുറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായ വസ്തുതകളെ ശാസ്ത്രീയമായി അപഗ്രഥിച്ചല്ല, ഈ പാര്‍ട്ടികള്‍ ജനങ്ങളുടെ പിന്തുണ പിടിച്ചുപറ്റുന്നത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം അപരരും ന്യൂനപക്ഷവുമായ ഒരു വിഭാഗമാണെന്ന പ്രചാരണവും ഭൂരിപക്ഷ വാദത്തിന്റെ അടിസ്ഥാനത്തിലുള്ള ദേശീയത ബോധവുമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

ഒന്നാം ലോകയുദ്ധത്തിനുശേഷം ലോകം കടന്നുപോയ ഫാസിസത്തിന്റെയും നാസിസത്തിന്റെയും അടിസ്ഥാന ആശയങ്ങള്‍ തന്നെയാണ് വലതുപാര്‍ട്ടികളുടെ ഇപ്പോഴത്തെയും അടിസ്ഥാന പ്രത്യയശാസ്ത്രം. അതുകൊണ്ടാണ് യൂറോപ്പിലെ വലതുമുന്നേറ്റം ആശങ്കയുണ്ടാക്കുന്നതും.

logo
The Fourth
www.thefourthnews.in