'കുപ്പിയിലടക്കപ്പെട്ട കാവ്യം' അനുഭവിച്ചറിയാം; പോകാം വൈൻ ടൂറിന്
കുപ്പിയിലടക്കപ്പെട്ട കാവ്യം എന്നാണ് വീഞ്ഞിനെ വിശേഷിപ്പിക്കാറ്. വീഞ്ഞ് രുചിച്ചു നോക്കാത്തവർ വിരളമായിരിക്കും. എന്നാൽ വീഞ്ഞിനെക്കുറിച്ച് വളരെക്കുറച്ച് കാര്യങ്ങൾ മാത്രമേ മിക്കവർക്കും അറിയൂ.
മുന്തിരിപ്പഴങ്ങൾ വീഞ്ഞായി മാറുന്ന പ്രക്രിയ നേരിൽ കാണാം. വീഞ്ഞിനെക്കുറിച്ച് പ്രബുദ്ധരാകാം. വീഞ്ഞ് രുചിച്ചു നോക്കുന്നതിന്റെ ലോകോത്തര രീതി പരിചയപ്പെടാം. എങ്ങനെയെന്നല്ലേ, ഒരു വൈൻ ടൂറിൽ പങ്കെടുത്താൽ മതി.
കർണാടക വൈൻ ബോർഡിന് കീഴിലുള്ള ഒട്ടുമിക്ക വൈൻയാഡുകളിലും വൈൻ ടൂർ നടത്താനുള്ള സൗകര്യമുണ്ട്. നേരിട്ടോ ഓൺലൈനായി രജിസ്റ്റർ ചെയ്തോ വൈൻ ടൂറിൽ പങ്കെടുക്കാം. മുന്തിരിപ്പാടങ്ങൾ കാണാനും മുന്തിരിപ്പഴങ്ങളിൽനിന്ന് ചാറ് എടുക്കുന്നതും പുളിപ്പിക്കാൻ വെക്കുന്നതും രുചിവൈവിധ്യങ്ങൾ സൃഷ്ടിക്കുന്നതുമൊക്കെ നമുക്ക് ശാസ്ത്രീയമായി വിശദീകരിച്ചു തരാൻ ഗൈഡ് ഉണ്ടാകും.
പ്രാദേശികമായി മാത്രം വിറ്റുപോകുന്ന വൈൻ മുതൽ അന്താരാഷ്ട്ര നിലവാരമുള്ള പ്രീമിയം വൈനുകൾ വരെ ഇവിടെനിന്ന് വാങ്ങാനാകും. അഞ്ചു തരം വൈനുകൾ രുചിച്ചു നോക്കി നിങ്ങൾക്ക് വൈൻ ടേസ്റ്റിങ്ങിന്റെ അന്താരാഷ്ട്ര രീതി മനസിലാക്കാം. ഒരേ വീഞ്ഞ് തന്നെ പല ഗന്ധങ്ങളിൽ അനുഭവിക്കാം.
ബെംഗളൂരു, രാമനഗര, ചിക്കബല്ലാപുര ജില്ലകളിലാണ് കർണാടകയിൽ വൈൻ നിർമാണ കേന്ദ്രങ്ങൾ ഉള്ളത്. ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് വൈൻ നിർമാണ പ്രക്രിയ നടക്കുക. ആറുമാസം കൊണ്ട് വിപണിയിലെത്തിക്കാൻ പാകത്തിനാണ് വൈനറികളുടെ പ്രവർത്തനം.
കർണാടകയിലെ മുന്തിരി കർഷകരെ സഹായിക്കാനാണ് വിദേശരാജ്യങ്ങളിൽ സുപരിചിതമായ വൈൻ ടൂർ പദ്ധതി കർണാടക സർക്കാർ തുടങ്ങിവെച്ചത്. ശൈത്യകാലത്താണ് വൈൻ ടൂറിനു തിരക്കേറുക. നിരവധി സഞ്ചാരികളാണ് വൈൻ ടൂറിൽ പങ്കെടുക്കാനായി എത്തുന്നത്.