ചെമ്പില്‍ അരയന്‍
ചെമ്പില്‍ അരയന്‍

ബ്രിട്ടീഷുകാരെ വിറപ്പിച്ച ചെമ്പില്‍ അരയന്‍; രാജ്യം മറന്ന സ്വാതന്ത്ര്യ സമര പോരാളി

തിരുവിതാംകൂര്‍ രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്നു ചെമ്പില്‍ അനന്തപദ്മനാഭന്‍ വലിയ അരയന്‍

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും മുന്‍പേ വെള്ളക്കാരെ വിറപ്പിച്ച ധീര യോദ്ധാക്കള്‍ മലയാള മണ്ണില്‍ ഉണ്ടായിട്ടുണ്ട്. അവരില്‍ ഓര്‍ത്തിരിക്കേണ്ട പേരാണ് ചെമ്പില്‍ അരയന്‍ അഥവാ അനന്തപദ്മനാഭന്‍ വലിയ അരയന്‍. ബ്രിട്ടീഷുകാര്‍ക്കെതിരായ ആദ്യ പടപ്പുറപ്പാടുകളില്‍ ഒന്നായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് ചെമ്പിലരയന്റെ കൊച്ചി ബോള്‍ഗാട്ടി പാലസ് ആക്രമണമാണ്. കേണല്‍ കോളിന്‍ മെക്കാളയെ ആക്രമിച്ചു കീഴ്‌പ്പെടുത്താന്‍ നടത്തിയ ശ്രമം പരാജയപ്പെട്ട് പിടിയിലായെങ്കിലും, മരണത്തെ പോലും കൂസാതെ നിന്ന ചെമ്പിലരയനെ സായിപ്പിന്റെ കോടതി മോചിപ്പിക്കുകയായിരുന്നു. നാടും ചരിത്രവും ചെമ്പിലരയനെ വീരനായകനായി വാഴ്ത്തുന്നുണ്ടെങ്കിലും, സ്വാതന്ത്ര്യം അമൃത മഹോത്സവ നാളിലെത്തുമ്പോഴും രാജ്യം അദ്ദേഹത്തെ സ്വാതന്ത്ര്യ സമര പോരാളിയായി അംഗീകരിച്ചിട്ടില്ല.

രാജാക്കന്മാര്‍ പള്ളിയോടങ്ങളില്‍ എഴുന്നള്ളുമ്പോള്‍ ഓടങ്ങള്‍ നയിക്കുവാനും അകമ്പടി സേവിക്കുവാനും നിയോഗിക്കപ്പെട്ടിരുന്ന അരയ പ്രമാണിമാരാണ് 'വലിയ അരയന്‍' എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാരുടെ സൈന്യങ്ങളില്‍ ഇവര്‍ സാന്നിധ്യമായിരുന്നു. രാജാക്കന്മാരുടെ അകമ്പടിക്കാരായും ഇവര്‍ നിയോഗിക്കപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്നു ചെമ്പില്‍ അനന്തപദ്മനാഭന്‍ വലിയ അരയന്‍.

1761 ഏപ്രില്‍ 23ന്, കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ചെമ്പില്‍ തൈലംപറമ്പില്‍ വീട്ടില്‍ അയ്യപ്പന്‍-ലക്ഷ്മി ദമ്പതികളുടെ പുത്രനായി ജനനം. കങ്കുമരന്‍ എന്നായിരുന്നു പേര്. വിദ്യാഭ്യാസത്തിനൊപ്പം ചെമ്പ് കളരിക്കല്‍ പണിക്കരില്‍ നിന്നും കളരിയും അഭ്യസിച്ചു. പിന്നീട്, സ്വന്തമായി കളരി ആരംഭിച്ച കങ്കുമരന്‍ ആയില്യം തിരുനാള്‍ മഹാരാജാവിനെ കളരി അഭ്യസിപ്പിച്ചിരുന്നു. തിരുവിതാംകൂറിന്റെ ഭരണസാരഥ്യം വഹിച്ചിരുന്ന ബാലരാമവര്‍മ്മ മഹാരാജാവ്, കങ്കുമരന്റെ അഭ്യാസശേഷി മനസിലാക്കി അദ്ദേഹത്തെ നാവികസേനാ പടത്തലവന്‍ ആക്കി. അന്നത്തെ ദളവ വേലുത്തമ്പിയും, കരസേന മേധാവി വൈക്കം പത്മനാഭപിള്ളയും, കൊച്ചിയിലെ ദിവാന്‍ പാലിയത്ത് കോമിയച്ഛനും ആയിരുന്നു. ആയോധന കലയില്‍ അഗ്രഗണ്യനായിരുന്ന കങ്കുമരന് കാവലും അകമ്പടി സേവയും ചുങ്കം പിരിവും ഉള്‍പ്പെടെ അധികാരങ്ങള്‍ ലഭിച്ചു. തിരുവിതാംകൂര്‍ മഹാരാജാവാണ്, കങ്കുമരന് അനന്തപദ്മനാഭന്‍ വലിയ അരയന്‍ എന്ന പേരും പദവിയും നല്‍കിയത്.

തിരുവിതാംകൂറിന്റെ ഭരണാധികാരം വേലുത്തമ്പി ദളവയ്ക്ക് നല്‍കിയത് മെക്കാളെ പ്രഭുവിന് ഇഷ്ടമായിരുന്നില്ല. അദ്ദേഹം തിരുവിതാംകൂറിന്റെ കപ്പം ഇരട്ടിയാക്കി. നികുതിഭാരം ജനങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറം ആയിരുന്നു. അതോടെ, വേലുത്തമ്പി ദളവ കപ്പം നിര്‍ത്തലാക്കി, ബ്രിട്ടീഷ് മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന്, തിരുവിതാംകൂര്‍ സേനയുടെ നായകനായിരുന്ന ചെമ്പിലരയനെ ചുമതലപ്പെടുത്തി. അതിന്റെ തുടര്‍ച്ചയായിരുന്നു, മെക്കാളെ പ്രഭുവിന്റെ കോട്ടയായ കൊച്ചി ബോള്‍ഗാട്ടി പാലസ് ആക്രമണം.

ബോള്‍ഗാട്ടി പാലസ്
ബോള്‍ഗാട്ടി പാലസ്

1808 ഡിസംബര്‍ 28 അര്‍ദ്ധരാത്രിയായിരുന്നു പാലസ് ആക്രമണം. ഇരുട്ടുമറവില്‍ ഓടിവള്ളത്തിലായിരുന്നു അരയന്റെ നേതൃത്വത്തില്‍ വൈക്കം പത്മനാഭപിള്ള, കരുമാടി ഗോവിന്ദപിള്ള, കൊച്ചു ശങ്കരപിള്ള എന്നിവരുള്‍പ്പെട്ട സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടത്. കോട്ട സൂക്ഷിപ്പുകാരുമായി സംഘത്തിന് പോരാടേണ്ടിവന്നു. യുദ്ധം മുറുകിയപ്പോള്‍, ചെമ്പില്‍ അരയന്റെ കൂടെയുണ്ടായിരുന്നവര്‍ ചിതറി, ചിലര്‍ പിന്മാറി. കടുത്ത പോരാട്ടത്തിനൊടുവില്‍ ചെമ്പില്‍ അരയന്‍ കോട്ടയില്‍ പ്രവേശിച്ചെങ്കിലും, അതിനിടെ മെക്കാളെ പ്രഭുവും കുടുംബവും നിലവറ വഴി രക്ഷപെട്ട്, കപ്പലില്‍ അഭയം തേടിയിരുന്നു. അതോടെ, കോട്ടയ്ക്കകത്ത് ഏഴു ചങ്ങലയില്‍ തൂങ്ങി നിന്നിരുന്ന ആഡംബരവിളക്ക് പൊന്നുംവാള്‍ കൊണ്ട് വെട്ടിവീഴ്ത്തിയാണ് ചെമ്പിലരയന്‍ ദേഷ്യമടക്കിയത്.

നിങ്ങളുടെ രാജ്യത്തോട് നിങ്ങള്‍ കൂറ് പുലര്‍ത്തുന്നതുപോലെ ഞങ്ങളുടെ രാജ്യത്തോട് ഞങ്ങള്‍ കൂറുകാണിക്കുന്നത് തെറ്റാണോ? എന്റെ രാജ്യത്തെ നശിപ്പിക്കുന്നവരെ ഞാനും നശിപ്പിക്കുമെന്നായിരുന്നു അരയന്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കൊടുത്ത മറുപടി.

പക്ഷേ, പാലസ് ആക്രമണത്തോടെ ചെമ്പിലരയനും വേലുത്തമ്പിയും ഒറ്റപ്പെട്ടു. മഹാരാജാവുപോലും ഇരുവരെയും പഴിച്ചു. മെക്കാളെയുടെ കോപം ഇരട്ടിച്ചു. പ്രതികാര നടപടികള്‍ വര്‍ധിച്ചതോടെ, വേലുത്തമ്പി പലായനം ചെയ്തു, പിന്നീട് ജീവനൊടുക്കി. എന്നാല്‍ നാടുവിടാന്‍ തയ്യാറാകാതിരുന്ന ചെമ്പിലരയനെ ബ്രിട്ടീഷ് സൈന്യം അറസ്റ്റ് ചെയ്തു. ഇരുമ്പ് ചങ്ങലയില്‍ ബന്ധിക്കാന്‍ തുടങ്ങിയപ്പോള്‍, അരയന്‍ എതിര്‍ത്തു. വെള്ളി വിലങ്ങ് ആവശ്യപ്പെട്ടു. അക്കാലത്ത് ഉയര്‍ന്ന അധികാരികളെയാണ് വെള്ളി വിലങ്ങുകൊണ്ട് ബന്ധിച്ചിരുന്നത്. വെള്ളി വിലങ്ങില്‍ ബന്ധിച്ച അരയനെ പള്ളാത്തുത്തിയിലെ കോടതിയില്‍ എത്തിച്ചു. വിസ്താരത്തില്‍, ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോയെന്നും, ഒന്നും വേണ്ടായിരുന്നെന്ന് തോന്നുന്നുണ്ടോയെന്നും ചോദ്യം ഉയര്‍ന്നു. 'ചെയ്തത് എല്ലാം ശരി', എന്നായിരുന്നു അരയന്റെ മറുപടി. വെറുതെ വിട്ടാല്‍ ബ്രിട്ടീഷ് നിയമത്തെ അംഗീകരിക്കുമോയെന്നായി അടുത്ത ചോദ്യം. തയ്യാറല്ലെന്നായിരുന്നു മറുപടി. നിങ്ങളുടെ രാജ്യത്തോട് നിങ്ങള്‍ കൂറ് പുലര്‍ത്തുന്നതുപോലെ ഞങ്ങളുടെ രാജ്യത്തോട് ഞങ്ങള്‍ കൂറുകാണിക്കുന്നത് തെറ്റാണോ? എന്റെ രാജ്യത്തെ നശിപ്പിക്കുന്നവരെ ഞാനും നശിപ്പിക്കുമെന്നായിരുന്നു അരയന്‍ കൊടുത്ത മറുപടി.

ശിക്ഷ വിധിക്കുംമുമ്പ്, കോടതി അവസാന ആഗ്രഹം ചോദിച്ചു. മകളെ കാണണമെന്ന് അരയന്‍ മറുപടി നല്‍കി. അതനുസരിച്ച് മകളെ കോടതിയില്‍ എത്തിച്ചു. അച്ഛനെ വധിക്കാന്‍ പോകുകയാണെന്ന് കോടതി അറിയിച്ചപ്പോള്‍, അങ്ങനെയെങ്കില്‍ അച്ഛന്‍ തുടങ്ങിവെച്ച പോരാട്ടം ഏറ്റെടുക്കുമെന്നായിരുന്നു മകള്‍ കോമച്ചിയുടെ മറുപടി. അരയന്റെയും മകളുടെയും ധൈര്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തലകുനിച്ചു. കോടതി അരയന്റെ ശിക്ഷയൊഴിവാക്കി. ബ്രിട്ടീഷുകാരുടെ ക്രൂരമായ മര്‍ദ്ദനങ്ങളേറ്റുവാങ്ങിയ ചെമ്പിലരയന്‍ 1811 ജനുവരി 13ന്, അമ്പതാം വയസില്‍ വിടപറഞ്ഞു.

ദിനാചരണത്തിനും സ്മാരകത്തിനുമായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. സ്വാതന്ത്ര്യ സമര സേനാനിയായി പോലും രാജ്യം ചെമ്പിലരയനെ അംഗീകരിച്ചിട്ടില്ല.
അരയന്റെ ഏഴാംതലമുറയില്‍പ്പെട്ട അജിത് കുമാര്‍

ദേശസ്‌നേഹികളുടെ മനസില്‍ ഒളിമങ്ങാത്ത പോരാളിയാണ് ചെമ്പിലരയന്‍. എന്നാല്‍ രാജ്യം അദ്ദേഹത്തിന് അര്‍ഹിച്ച അംഗീകാരം പോലും നല്‍കിയില്ലെന്നാണ് ചരിത്രകാരന്മാരുടെയും പിന്മുറക്കാരുടെയും ആരോപണം. ദിനാചരണത്തിനും സ്മാരകത്തിനുമായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് അരയന്റെ ഏഴാംതലമുറയില്‍പ്പെട്ട അജിത് കുമാര്‍ ഫോര്‍ത്തിനോട് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയായി പോലും രാജ്യം ചെമ്പിലരയനെ അംഗീകരിച്ചിട്ടില്ല. ചരിത്ര പഠിതാക്കള്‍ അരയന്റെ ജീവിതത്തെക്കുറിച്ച് അറിയാന്‍ തൈലംപറമ്പില്‍ വീട്ടിലെത്താറുണ്ട്. പൊന്നും കാവും വാളുമൊക്കെ കാണിച്ച്, അവരോട് ചരിത്രം പറയാറുമുണ്ട്. എന്നാല്‍ അതിനപ്പുറം, അറിയപ്പെടേണ്ട, പഠിക്കപ്പെടേണ്ട പോരാളിയാണ് ചെമ്പിലരയന്‍. അതിന് സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. അത് വൈകിക്കൂടാ. ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയന്‍ സ്മാരക ട്രസ്റ്റ് രൂപീകരിച്ച് അതിനുള്ള പരിശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും അജിത് കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in