ഹിന്ദു മഹാസഭയുടെ ഘോഷയാത്രയില്‍ നിന്ന്
ഹിന്ദു മഹാസഭയുടെ ഘോഷയാത്രയില്‍ നിന്ന് Source: Twitter

ഗോഡ്‌സെ ചിത്രവുമായി ഉത്തര്‍പ്രദേശില്‍ ഹിന്ദു മഹാസഭയുടെ തിരംഗ യാത്ര

ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ ഘോഷയാത്ര സംഘടിപ്പിച്ചത്

ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ ചിത്രവുമായി ഹിന്ദു മഹാസഭയുടെ തിരംഗ യാത്ര. ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ ഗോഡ്‌സെ ചിത്രവുമായി ഘോഷയാത്ര സംഘടിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വലിയ ഗോഡ്‌സെ ചിത്രം സ്ഥാപിച്ച ചെറിയ ലോറിക്ക് പിന്നില്‍ ദേശീയ പതാകയും കാവിക്കൊടികളുമായി ആളുകള്‍ മാര്‍ച്ച് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവം വിവാദമായതോടെ ഹിന്ദു മഹാസഭ നേതാക്കള്‍ തന്നെ ന്യായീകരണവുമായി രംഗത്തെത്തി. ദേശീയ തലത്തില്‍ പലയിടത്തും ഗോഡ്‌സെ ഉള്‍പ്പെടെ പല വിപ്ലവകാരികളുടെയും ഫോട്ടോകള്‍ പ്രവര്‍ത്തകര്‍ ഘോഷയാത്രയ്ക്ക് ഉപയാഗിച്ചിരുന്നു എന്നാണ് ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് യോഗേന്ദ്ര വര്‍മയുടെ പ്രതികരണം. ദേശവിരുദ്ധമായ ഗാന്ധിയുടെ നയങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ച വ്യക്തിയാണ് ഗോഡ്‌സെ എന്നും യോഗേന്ദ്ര വര്‍മ പ്രതികരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വി ഡി സവര്‍ക്കറുടെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ അടങ്ങിയ ബാനറുകള്‍ സ്ഥാപിച്ച സംഭവത്തില്‍ കര്‍ണാടകയിലും വിവാദങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു. കര്‍ണാടകയിലെ ശിവമോഗയില്‍ സ്വാതന്ത്ര്യ ദിനത്തില്‍ സ്ഥാപിച്ച ബാനറുകളെ ചൊല്ലിയുണ്ടായ ബഹളം സംഘര്‍ഷത്തില്‍ കലാശിച്ചു. മുസ്ലിം ആരാധനാലയം ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തിന് മുന്നില്‍ ഒരു വിഭാഗം സ്ഥാപിച്ച സവര്‍ക്കറുടെ ചിത്രം മറുവിഭാഗം എടുത്തു മാറ്റി അവിടെ ടിപ്പു സുല്‍ത്താന്റെ ചിത്രം വെക്കുകയായിരുന്നു. പിന്നാലെയാണ് വിഷയം സംഘര്‍ഷത്തിലേക്ക് തിരിഞ്ഞത്.

പോലീസെത്തി ബാനറുകള്‍ നീക്കം ചെയ്തു ദേശീയ പതാക സ്ഥാപിച്ചെങ്കിലും സംഘര്‍ഷത്തിന് അയവു വന്നിരുന്നില്ല. ഇതിനിടെ സംഭവം നടക്കുന്നതിനു 200 മീറ്റര്‍ അകലെ ഗാന്ധി ബസാറില്‍ രാജസ്ഥാന്‍ സ്വദേശിയായ പ്രേം സിംഗ് എന്ന യുവാവിന് കുത്തേറ്റു. സംഘര്‍ഷത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ശിവമോഗ സംഘര്‍ഷവുമായി ബന്ധപ്പെട്ടു നിരവധി യുവാക്കളെ കസ്റ്റഡിയില്‍ എടുത്തതായി ശിവമോഗ സിറ്റി പോലീസ് അറിയിച്ചു . പ്രദേശത്തു ബുധനാഴ്ച്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് ,30 പ്ലാറ്റൂണ്‍ സായുധ സേനയെയും വിന്യസിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in