'പാടിയവർ ജയിലിലടയ്ക്കപ്പെട്ടു, പാട്ട് തെരുവുകളില്‍ അലയടിച്ചു'; സമരാവേശമായ ദേശഭക്തിഗാനങ്ങള്‍

'പാടിയവർ ജയിലിലടയ്ക്കപ്പെട്ടു, പാട്ട് തെരുവുകളില്‍ അലയടിച്ചു'; സമരാവേശമായ ദേശഭക്തിഗാനങ്ങള്‍

സാരെ ജഹാം സെ അച്ഛാ.. എന്ന ഗാനം യെർവാഡ ജയിലിൽ കഴിയുന്ന കാലത്ത് തനിക്ക് ഊർജം പകർന്നെന്ന് ഗാന്ധിജി പറഞ്ഞിരുന്നു
Updated on
2 min read

രാജ്യത്തിന് മേല്‍ അടിമത്തത്തിന്റെ ചങ്ങലക്കണ്ണികള്‍ മുറുകിയപ്പോള്‍ ജനതയ്ക്ക് കരുത്തേകിയ നിരവധി ദേശഭക്തിഗാനങ്ങളുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ, പാടിയവർ പോലും ജയിലിലടയ്ക്കപ്പെട്ടു. പക്ഷെ, പാടിയവർ മാത്രമേ ജയിലിലടയ്ക്കപ്പെട്ടുള്ളൂ, പാട്ട് തെരുവുകളില്‍ അലയടിച്ചു. ഒരു തലമുറയെ സ്വാതന്ത്ര്യബോധത്തിലേക്ക് നയിച്ച ചില ദേശഭക്തിഗാനങ്ങള്‍.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ബങ്കിം ചന്ദ്ര ചാറ്റർജിയുടെ തൂലികയില്‍ നിന്ന് പിറന്നു വീണ ഗാനമാണ് 'വന്ദേ മാതരം'. 1880 ല്‍ ചാറ്റർജിയുടെ ആനന്ദമഠം എന്ന നോവലില്‍ ഈ ഗാനം ഉള്‍പ്പെടുത്തി. അതിന് മുന്‍പേ വരികള്‍ ജനത ഏറ്റെടുത്തിരുന്നു. 1896 ല്‍ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്റെ കല്‍ക്കട്ട സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോറാണ് ഈ ഗീതം ആദ്യം സംഗീതം നല്‍കി ആലപിച്ചത്. എന്നാല്‍ ഗാനം ബ്രിട്ടീഷ് സർക്കാർ വിലക്കി. വന്ദേമാതരം ആലപിച്ച നിരവധി പേർ ജയിലിലാകുകയും ചെയ്തു. ഇന്ത്യ സ്വതന്ത്ര്യം നേടിയ ശേഷം 1950 ല്‍ വന്ദേമാതരം ദേശീയ ഗീതമായി പ്രഖ്യാപിച്ചു.

നൂറ്റാണ്ടുകള്‍ക്കിപ്പുറവും ടാഗോർ പാടുകയാണ്. സ്വാതന്ത്ര്യ സമര കാലത്ത് ഏറെ പ്രസക്തി നേടിയ ഗാനമായിരുന്നു ടാഗോറിന്റെ 'എക് ല ചലോ രേ'.1905 ല്‍ ഭന്ദാർ എന്ന മാസികയിലാണ് ടാഗോറിന്റെ ഈ കവിത ആദ്യം പ്രസിദ്ധീകരിച്ചത്. ബംഗാള്‍ വിഭജന കാലത്തെ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു ഈ ഗാനം. എക് ല ചലോ രേ യ്ക്ക് ഇന്നും ആരാധകർ ഏറെയാണ്.

അടുത്തത് തലമുറകള്‍ ഏറ്റുപാടിയ ദേശീയ ഭക്തിഗാനമായ സാരെ ജഹാം സെ അച്ഛാ ആണ്. ഉറുദു കവി ഇക്ബാലിന്റെതാണ് വരികള്‍. ഗസല്‍ രൂപത്തിലാണ് ആദ്യം ചിട്ടപ്പെടുത്തിയിരുന്നത്. 1945 ല്‍ ധർത്തികാ ലാല്‍ എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി പണ്ഡിറ്റ് രവിശങ്കറാണ് ഇന്ന് കേള്‍ക്കുന്ന ഈണത്തിലേക്ക് ഗാനം ചിട്ടപ്പെടുത്തിയത്. 1930 ല്‍ പുണെയിലെ യെർവാഡ ജയിലിൽ കഴിയുന്ന കാലത്ത് തനിക്ക് ഊർജം പകർന്നത് ഈ ഗാനമായിരുന്നു എന്ന് മഹാത്മാഗാന്ധി പിന്നീട് പറഞ്ഞിരുന്നു,

1940ലുകളുടെ തുടക്കത്തിലിറങ്ങിയ ഒട്ടമിക്ക ചലച്ചിത്രഗാനങ്ങളും സമരാവേശം വഹിക്കുന്നതായിരുന്നു. അത്തരത്തിലൊന്നാണ് കവി പ്രദീപ് എഴുതിയ 'ഏക് നയാ സന്‍സാർ ബസാ ലേന്‍' . 1941 ല്‍ പുറത്തിറങ്ങിയ നയാ സന്‍സാർ എന്ന സിനിമയില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയിരുന്നു. അശോക് കുമാറും രേണുക ചൗധരിയും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. സ്വതന്ത്ര ഇന്ത്യയ്ക്കായുള്ള ആഹ്വാനമായ ഈ ഗാനം ബ്രിട്ടീഷ് ഭരണകൂടത്തെ ചൊടിപ്പിച്ചു. ഇതോടെയാണ് ബ്രിട്ടീഷ് സെന്‍സർ ബോർഡ് പല സിനിമകളുടെയും പേര് മാറ്റാനും സിനിമയില്‍ നിന്ന് പാട്ടുകള്‍ വിലക്കാനും തുടങ്ങിയത്.

1944 ല്‍ പുറത്തിറങ്ങിയ 'പെഹലി ആപ്'എന്ന ചിത്രത്തിലെ ഗാനമാണ് അടുത്തത്. മുഹമ്മദ് റാഫിയുടെ ആദ്യത്തെ ഗാനമാണ് 'ഹിന്ദുസ്ഥാന്‍ കീ ഹം ഹേന്‍ ഹിന്ദുസ്ഥാന്‍ ഹമാരാ'. ഡിഎന്‍ മധോകിന്റെ വരികള്‍. നൗഷാദിന്റെ സംഗീതം. ഇന്ത്യ ഇന്ത്യക്കാർക്ക് അവകാശപ്പെട്ടതാണെന്നാണ് ഗാനത്തിന്റെ ഉള്ളടക്കം. ഇന്ത്യയിലെ ജാതി വ്യവസ്ഥയെയും രൂക്ഷമായി വിമർശിക്കുന്നതാണ് ഗാനം.

1946ലിറങ്ങിയ ഹം ജോലി എന്ന ചിത്രത്തിലെ 'യേ ദേശ് ഹമാരാ പ്യാരാ ഹിന്ദുസ്ഥാന്‍'ആണ് അടുത്തത്. സമരമുഖത്തും പിന്നീടുള്ള വിഭജന കാലത്തും ഏറെ പ്രചാരണത്തിലിരുന്ന ഗാനം. അന്‍ജും പീലി ഭീട്ടി എഴുതി ഹാഫിസ് ഖാന്‍ സംഗീതം നല്‍കിയ ഗാനം നൂർജഹാനാണ് പാടിയത്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ആഹ്വാനം ചെയ്യുന്നതാണ് 'യേ ദേശ് ഹമാരാ പ്യാരാ ഹിന്ദുസ്ഥാന്‍'

ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചാരത്തിലിരുന്ന ഗാനമാണ് കവി പ്രദീപിന്റെ 'ദൂർ ഹാതോ ഏ ദുനിയാ വാലെ'. 1943 ല്‍ പുറത്തിറങ്ങിയ കിസ്മത്ത് എന്ന സിനിമയില്‍ ഈ പാട്ട് ഉള്‍പ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് സെന്‍സർ ബോർഡ് ഒഴിവാക്കാതിരിക്കാനായി, ജപ്പാന് എതിരായിട്ടാണെന്ന മട്ടില്‍ ഒരു വരി കൂടി കവി പ്രദീപ് എഴുതിച്ചേർത്തു. എന്നാല്‍, ബാക്കി എല്ലാ വരികളും ഇന്ത്യയുമായി ബന്ധപ്പെട്ടായിരുന്നു.

logo
The Fourth
www.thefourthnews.in