'ബംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍'- സാഹിത്യത്തിലെ 'അതി'വിപ്ലവ വഴികള്‍

'ബംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍'- സാഹിത്യത്തിലെ 'അതി'വിപ്ലവ വഴികള്‍

നകസല്‍ ബാരി കലാപത്തിന്റെ വാര്‍ഷികത്തില്‍, അന്നത്തെ വിപ്ലവ ചിന്തകൾ മലയാള സാഹിത്യത്തില്‍ ഇടപെട്ടതിനെക്കുറിച്ചൊരു കുറിപ്പ്

പശ്ചിമബംഗാളിലെ സിലിഗുരി ജില്ലയിലെ നക്‌സല്‍ബാരി എന്ന ഗ്രാമം ആഗോള ശ്രദ്ധയില്‍ വന്നതിന്റെ വാര്‍ഷിക ദിവസങ്ങളാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മാവോ സെ തുങ്ങിന്റെ ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ സായുധ വിപ്ലവം നടത്താന്‍ തയ്യാറായവര്‍ കലാപ ശ്രമങ്ങള്‍ തുടങ്ങിയത് അവിടെനിന്നായിരുന്നു. സിപിഎമ്മിന്റെ വിപ്ലവ പാത തിരുത്തല്‍വാദത്തിന്റെതാണെന്ന് ആരോപിച്ച് നടത്തിയ കാര്‍ഷിക കലാപത്തിന് ചൈന പിന്തുണ നല്‍കി. ഇന്ത്യയില്‍ വസന്തത്തിന്റെ ഇടിമുഴക്കം ഉണ്ടായിരിക്കുന്നുവെന്ന് പീക്കിങ് റേഡിയോ പ്രഖ്യാപിച്ചു.

സര്‍വകാലശാലകളിലും എഴുത്തുകാരിലും തുടങ്ങി വിജ്ഞാനത്തിന്റെ സമസ്ത മേഖലകളിലും ദാര്‍ശനിക സ്വാധീനം ചെലുത്തി, പിന്നീട് ഛിന്നഭിന്നമായെങ്കിലും, വിമോചന സ്വപ്‌നങ്ങളില്‍ വിരിഞ്ഞ സാഹിത്യം ഇന്നും വലിയ തോതില്‍ വായനക്കാരെ ആകര്‍ഷിക്കുന്നു. മലയാള സാഹിത്യത്തിന്റെ വിവിധ രൂപങ്ങളിലും നക്‌സല്‍ കലാപവും അതിന്റെ സാഹസികമായ വഴികളും പല രീതിയില്‍ സ്വാധീനം ചെലുത്തി. അതില്‍ മിക്കതും ഉദാത്തമായ സാഹിത്യ രൂപങ്ങളായി ഇന്നും വായിക്കപ്പെടുകയും ചെയ്യുന്നു.

അറുപതുകളിലും എഴുപതുകളിലും നക്‌സല്‍ കലാപത്തിന്റെ ആദ്യ കാലത്തുതന്നെ സാഹിത്യപ്രവര്‍ത്തകരുടെ സൃഷ്ടികളില്‍ വിപ്ലവത്തിന്റെ അലയൊലികള്‍ കാണാമായിരുന്നു. കവിതയിലും കഥയിലും നോവലിലും നാടകത്തിലും നക്‌സലിസത്തിന്റെ സ്വാധീനം പ്രകടമായി. സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുളളിക്കാട്, കെജി ശങ്കരപ്പിളള, കടമ്മനിട്ട രാമകൃഷ്ണന്‍, ആറ്റൂര്‍ രവിവര്‍മ്മ അടക്കമുളള കവികളുടെ രചനകളില്‍ അന്നത്തെ ക്ഷുഭിത യൗവനത്തിന്റെ തീക്ഷ്ണമായ രാഷ്ട്രീയം പ്രതിഫലിച്ചു. കടമ്മനിട്ടയുടെ ഞാനുമിന്നെന്റെ ഗ്രാമത്തിലാണ്, കണ്ണൂര്‍ക്കോട്ട, ഐകമത്യം, കുറത്തി എന്നീ കവിതകളില്‍ ഈ രാഷ്ട്രീയ സ്വാധീനം കാണാം. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തെ ന്യായീകരിച്ചുകൊണ്ട് കടമ്മനിട്ട എഴുതിയ തിരഞ്ഞെടുപ്പ് എന്ന കവിതയും ഇക്കൂട്ടത്തില്‍പ്പെടും.

കെജിഎസിന്റെ ബംഗാള്‍, കഷി, നിശ്ശബ്ദത എന്നീ കവിതകള്‍ വിമോചന സ്വപ്നങ്ങളും അതിലേക്കുള്ള കനല്‍ വഴികളും പ്രതിഫലിച്ചു. ധൃതരാഷ്ട്രരുടെ വീക്ഷണകോണിലൂടെ വിരിയുന്ന കവിത അന്നത്തെ രാഷ്ട്രീയത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു. ബാലചന്ദ്രന്‍ ചുളളിക്കാടിന്റെ മാപ്പുസാക്ഷിയില്‍ വിപ്ലവകാരിയുടെ സഹനത്തില്‍ പങ്കുചേരാന്‍ കഴിയാത്ത ഒരു യുവാവിന്റെ ഉത്കണ്ഠകളെയാണ് അവതരിപ്പിക്കുന്നത്. ചുളളിക്കാടിന്റെ പതിനെട്ട് കവിതകള്‍ എന്ന സമാഹാരത്തിലെ കവിതകളിലും തീവ്ര ഇടതുരാഷ്ട്രീയത്തിന്റെ പ്രതിഫലനം കാണാം.

കഥയുടെ തീരത്തിലേക്ക് വരികയാണെങ്കില്‍ മാധവിക്കുട്ടിയുടെയും ബഷീറിന്റെയും എംടിയുടെയും കാലത്ത് തന്നെ അവരില്‍ നിന്നും വ്യത്യസ്തമായി സാഹിത്യത്തില്‍ വേരൂന്നിയ കഥാകാരനാണ് പട്ടത്തുവിള കരുണാകരന്‍. വിപ്ലവത്തെയും ദാര്‍ശനിക സമസ്യകളെയും കഥയിലേക്ക് സന്നിവേശിപ്പിച്ച കഥാകാരനാണദ്ദേഹം. ബൂര്‍ഷ്വാസ്‌നേഹിതന്‍, അല്ലോപനിഷത്, കണ്ണേ മടങ്ങുക, മുനി തുടങ്ങി ശ്രദ്ധേയമായ അനവധി കഥകള്‍ അദ്ദേഹം എഴുതി.

ആധുനികതയിലെ മാര്‍ക്‌സിസ്റ്റ് ധാരയെ പ്രതിനിധാനം ചെയ്ത എഴുത്തുകാരനാണ് യു പി ജയരാജ്. നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്, സ്മരണ, ഒക്കിനാവയിലെ പതിവ്രതകള്‍ എന്നീ മൂന്നു കൃതികളിലൂടെ വ്യക്തമായ രാഷ്ട്രീയം പറഞ്ഞുകൊണ്ട് സമൂഹത്തോട് സംവദിച്ച പ്രതിഭയാണ് ജയരാജ്. മഞ്ഞ് എന്ന ഒറ്റ കഥയിലൂടെ തന്ന ജയരാജിന്റെ കഥാവൈഭവം തിരിച്ചറിയാന്‍ കഴിയും. ഒക്കിനാവയിലെ പതിവ്രതകള്‍, മഞ്ഞ് എന്നീ കഥകള്‍ സാഹിത്യനിരൂപകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടവയാണ്.

മലയാളത്തിലെ നക്‌സല്‍ കഥകളില്‍ വേറിട്ട മുഖമാണ് എം സുകുമാരന്റേത്. അനീതിയുടെ കീഴില്‍ ജീവിതം മുന്നോട്ട് നയിക്കേണ്ടി വരുന്ന മനുഷ്യരുടെ നിസ്സഹായാവസ്ഥയെ വിമര്‍ശനബുദ്ധിയോട് കൂടി സമീപിച്ച കഥാകൃത്ത്. 1960കളുടെ മധ്യത്തില്‍ എഴുത്തിലേക്ക് കടന്നുവന്ന അദ്ദേഹം കഥ പറച്ചിലിന്റെ പതിവ് ആഖ്യാനങ്ങളെയെല്ലാം പൊളിച്ചെഴുതുകയായിരുന്നു. മാര്‍ക്‌സിയന്‍ രാഷ്ട്രീയ കാഴ്ചപ്പാടും ചരിത്രബോധത്തെയും ഇഴചേര്‍ത്താണ് സുകുമാരന്‍ കഥ പറഞ്ഞത്. അവിടെ കീഴാള മനുഷ്യരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. അഴിമുഖം, ചുവന്ന ചിഹ്നങ്ങള്‍, എം. സുകുമാരന്റെ കഥകള്‍, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം, തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക് എന്നീ കഥകളിലൂടെ സാഹിത്യലോകത്ത് അദ്ദേഹം ഇടം കണ്ടെത്തി. ജനിതകം എന്ന കഥയില്‍ ആത്മീയതയും വിപ്ലവബോധവും തമ്മിലുളള സംഘര്‍ഷമാണ് ഇതിവൃത്തമായി സ്വീകരിച്ചത്. ഇടതുപക്ഷത്തെ വിമര്‍ശിച്ചുകൊണ്ടുതന്നെ കേരളത്തിലെ വിപ്ലവ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പ്രകടമാക്കിയ എഴുത്തുകാരനാണ് അദ്ദേഹം. നക്‌സല്‍ പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ച മനുഷ്യരെപ്പറ്റിയാണ് പിതൃതര്‍പ്പണം എന്ന കഥ.

ഒ വി വിജയന്റെ കടല്‍ത്തീരത്ത് എന്ന കഥ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. എഴുത്തില്‍ സ്വീകരിച്ചിരിക്കുന്ന ഭാഷാശൈലിയുടെ പ്രത്യേകതകള്‍ വിജയന്‍ വ്യക്തമായി പ്രകടമാക്കിയ കഥയാണ് കടല്‍ത്തീരത്ത്. മകന്‍ കണ്ടുണ്ണിയുടെ വധശിക്ഷയ്ക്ക് തലേ ദിവസം കണ്ണൂരിലെ ജയിലിലേക്ക് പോകുന്ന വെളളായിപ്പനെ മലയാളികള്‍ മറക്കാനിടയില്ല. കയ്യില്‍ കരുതിയിരുന്ന പൊതിച്ചോറുമായി ജയില്‍ വളപ്പിലെത്തുന്ന വെളളായിയപ്പന്‍ മകനെ അവസാനമായി കാണാനാണ് ചെല്ലുന്നത്. മകന്‍ ചെയ്ത കുറ്റം എന്താണെന്ന് പോലും ഒവി വിജയന്‍ ഇവിടെ പറയുന്നില്ല. പകരം വെളളായിയപ്പന്‍ എന്ന പിതാവിന്റെ മാനസികവ്യാപാരത്തിലൂടെയാണ് വിജയന്റെ കഥ മുന്നോട്ടുപോകുന്നത്.

മനുഷ്യാവകാശങ്ങള്‍ വ്യാപകമായി നിഷേധിക്കപ്പെട്ടിരുന്ന അടിയന്തരാവസ്ഥയുടെ കഥയാണ് 'അന്ധകാരനഴി' എന്ന നോവല്‍. മനുഷ്യബന്ധങ്ങളില്‍ അധികാരം എങ്ങനെ ഇടപെടുന്നുവെന്ന് ഇ സന്തോഷ്‌കുമാര്‍ തന്റെ നോവലിലൂടെ സൂക്ഷമമായി നിരീക്ഷിക്കുന്നു. വര്‍ഗശത്രുക്കള്‍ക്കെതിരെ പോരാടിയ ഒരു വ്യക്തി വര്‍ഗവഞ്ചകനേക്കാള്‍ നീചമായ രീതിയിലേക്ക് മാറുന്നതും അന്ധകാരനഴിയില്‍ കാണാം. അടിയന്തരാവസ്ഥ പൂര്‍ണമായി പശ്ചാത്തലമാകുന്ന കൃതിയല്ല ഇത്. കേരളത്തിലെ തീവ്രമായ ഇടതുപക്ഷ രാഷ്ട്രീയ ഗതിമാറ്റങ്ങളെയും അതില്‍പ്പെട്ടുലഞ്ഞ ജീവിതങ്ങളേയുമാണ് നോവലില്‍ പ്രമേയമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി മുതല്‍ ചേരിയിലെ ബഹിഷ്‌കൃതര്‍ വരെ നിറഞ്ഞു നില്‍ക്കുന്ന സി രാധാകൃഷ്ണന്റെ മുമ്പേ പറക്കുന്ന പക്ഷികള്‍ ഏറെ ചര്‍ച്ച ചെയ്യേണ്ടുന്ന കൃതിയാണ്. സായുധ വിപ്ലവത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ആശയങ്ങളുടെ ഉള്ളിലേക്കിറങ്ങി ചെന്ന് പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ കണ്ടെത്താനാണ് സി രാധാകൃഷ്ണന്‍ ഇതിലൂടെ ശ്രമിക്കുന്നത്.

logo
The Fourth
www.thefourthnews.in