ഇന്നിന്റെ ആകുലതകളിൽ നിന്ന് രക്ഷപെടാനുള്ള 'ടൈം ഷെൽട്ടർ'

ഇന്നിന്റെ ആകുലതകളിൽ നിന്ന് രക്ഷപെടാനുള്ള 'ടൈം ഷെൽട്ടർ'

വർത്തമാനകാലം ഉപേക്ഷിച്ചു തിരികെ ഭൂതകാലത്തിൽ ചേക്കേറുന്നതാണോ നമ്മുടെ സങ്കടങ്ങൾക്ക് മറുമരുന്ന്?- ഇൻ്റർനാഷണൽ ബുക്കർ സമ്മാനം ലഭിച്ച ബൾഗേറിയൻ ഭാഷയിലെ ടൈം ഷെൽട്ടർ എന്ന നോവലിനെക്കുറിച്ചൊരു ആസ്വാദനം

കഴിഞ്ഞ നൂറ്റാണ്ടിൽ ലോകം കണ്ട മഹായുദ്ധങ്ങളിലും അതിന്റെ കഥാശേഷങ്ങളിലും പെട്ട് കണ്ണാടിത്തുണ്ടുകൾ കണക്ക് ചിതറിയ ഭൂതകാലമുള്ള രാഷ്ട്രങ്ങളാണ് ഇന്നത്തെ കിഴക്കൻ യൂറോപ്പിലേത്. ഗതകാലസ്മരണകളും സ്മാരകങ്ങളുമൊക്കെ ശാപമോ അനുഗ്രഹമോ എന്ന് തീർച്ചയാക്കാൻ ഇനിയുമാകാതെ കൊണ്ടുനടക്കുന്നവർ അനേകങ്ങളുണ്ടവിടെ. ഇക്കാലത്തിന്റെ കയ്പ്പും ക്രൗര്യവും മാത്രമല്ല അവർ അനുഭവിച്ചിട്ടുള്ളത്, ഭൂമിയുടെ തന്നെ ബാക്കി ഇടങ്ങളിലേക്കാളും കൂടുതൽ പലയാവർത്തി മാറ്റിയെഴുതപ്പെട്ട അതിർത്തികളും ഇവിടെയുണ്ട്. അതൊക്കെ സൃഷ്ടിച്ചിട്ടുള്ള സംഭ്രമങ്ങളും ആകുലതകളും തീർച്ചയായും അവരുടെ സാഹിത്യത്തിലും കലയിലും പ്രതിഫലിക്കുന്നുമുണ്ട്. ലോകഭാഷകളിലെ സാഹിത്യത്തിൽ 'വലുത്' എന്ന് വിവക്ഷിക്കപ്പെടുന്ന സംഭവങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങളുടെ കുത്തൊഴുക്കിൽ പെട്ട് വായനക്കാർ ശ്രദ്ധിക്കാതെ പോയിട്ടുള്ളതും 'ചെറു'ഭാഷകളിൽ എഴുതപ്പെട്ടതുമായ തീക്ഷ്ണമെങ്കിലും പ്രാദേശികമായ കഥാപരിസരങ്ങളുണ്ട് ഈ എഴുത്തുകളിൽ. അതുകൊണ്ടുതന്നെ ഇത്തരം എഴുത്തിനും കഥകൾക്കും എഴുത്തുകാർക്കും ഒരു സാഹിത്യസമ്മാനത്തിന്റെ വേദി ലഭിക്കുമ്പോൾ ആനന്ദിക്കുന്നത് ഒരു രാജ്യമോ, അവിടത്തെ ജനതയോ, ഒരു ഭാഷയോ മാത്രമല്ല, ഈ അതിർത്തികൾ പണ്ട് പങ്കു വച്ചിരുന്ന പല സംസ്കാരങ്ങളാണ്. ഇതുപോലെ നമുക്കും വരും ഒരു കാലം എന്ന് സമാശ്വസിക്കുന്ന ഇതര ചെറുഭാഷകളാണ്.

2023ലെ ഇന്റെർനാഷണൽ ബുക്കർ സമ്മാനത്തിനായി ബൾഗേറിയൻ ഭാഷയിലെ പുസ്തകമായ ടൈം ഷെൽട്ടർ തെരഞ്ഞെടുക്കപ്പെടുമ്പോൾ അത് തീർച്ചയായും ആ പുസ്തകത്തിനുപരി ഒരു രാജ്യത്തിനും, ഒരു ഭാഷയ്ക്കും, പിന്നെ ഒരു എഴുത്തുകാരനും ഉള്ള സംയുക്തമായ ആദരവായിരിക്കും എന്ന് ടൈം ഷെൽറ്ററിന്റെ രചയിതാവായ ജോർജി ഗോസ്‌പോഡിനോവ് സമ്മാനപ്രഖ്യാപനത്തിനു മുന്നേ കൊടുത്ത ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ബൾഗേറിയ ഈ വിഹ്വലതകൾ അധികം അനുഭവിച്ചിട്ടില്ല എന്നും ഞങ്ങളുടെ ഭൂതകാലം താരതമ്യേന സംഭവബഹുലമല്ല എന്നും ഗോസ്‌പോഡിനോവ് അതിനും വളരെ മുൻപേ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ രാഷ്ട്രീയമായ ഒരു സംഘർഷമല്ല ഈ പുസ്തകത്തിലെ കഥാസംഘർഷം എന്ന് വായനക്കാരന് തോന്നും. ഓർമ്മകൾ നഷ്ടപ്പെട്ട മനുഷ്യരുടെ ആന്തരികവും ശാരീരികവുമായ സംഘർഷങ്ങളിൽ നിന്ന് തുടങ്ങി കാല്പനികമായ മറ്റ് കഥാപരിസരങ്ങളിലേക്ക് തികഞ്ഞ കയ്യടക്കത്തോടെ പോകുന്നു ടൈം ഷെൽട്ടറിന്റെ കഥാസഞ്ചാരം.

 ജോർജി ഗോസ്‌പോഡിനോവ്
ജോർജി ഗോസ്‌പോഡിനോവ്
ഇന്നിന്റെ ആകുലതകളിൽ നിന്ന് രക്ഷപെടാൻ ടൈം ഷെൽട്ടർ ഒരു അത്താണിയാകുമോ എന്ന സ്ഥിതിയിലേക്ക് കഥ മുന്നേറുന്നു. അതും തികച്ചും ആരോഗ്യവാന്മാരായ മനുഷ്യർക്ക് ഒരു ഒളിച്ചോട്ടത്തിനായുള്ള ഒരിടമാകാൻ ടൈം ഷെൽട്ടറിനു കഴിയുമോ? സമയത്തിന് ചങ്ങലയിടാൻ കഥപറയുന്നവന് സാധിക്കുമോ? വർത്തമാനകാലം ഉപേക്ഷിച്ചു തിരികെ ഭൂതകാലത്തിൽ ചേക്കേറുന്നതാണോ നമ്മുടെ സങ്കടങ്ങൾക്ക് മറുമരുന്ന്? ഇങ്ങനെ വായനക്കാരന്റെ വ്യാഖ്യാനത്തിന്റെ വ്യാപ്തിയും ആഴവും അനുസരിച്ച് കഥ കൂടുതൽ കൂടുതൽ നമ്മുടേതാകുന്ന നോവലാണ് ടൈം ഷെൽട്ടർ

പുസ്തകത്തിന്റെ ശീർഷകം സൂചിപ്പിക്കുന്നത് പോലെ നഷ്ടസ്മൃതികളുടെ ഒരു അഭയകേന്ദ്രമോ പാർപ്പിടമോ പോലെ ഒരു ഷെൽട്ടർ, ഒരു കെട്ടിടം. അതാണ് കഥയുടെ പശ്ചാത്തലം. അവിടെ അൽഷീമേഴ്സ് ബാധിച്ച മനുഷ്യർക്കായി ഓരോ നിലയിലും ഓരോ പതിറ്റാണ്ട് അതിസൂക്ഷ്മമായി പുനർസൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വീട്ടുസാമാനങ്ങളും, അലങ്കാരങ്ങളും, എന്തിന് അക്കാലത്തെ പത്രങ്ങളും കുപ്പായക്കുടുക്കുകളും, സുഗന്ധങ്ങളും പോലുമുണ്ട് ഇവിടെ ചികിത്സാസഹായിയായി. സൂറിച്ചിലുള്ള ആപ്രിക്കോട്ട് നിറമുള്ള ഈ കെട്ടിടത്തിലേക്ക് വന്നെത്തുന്ന രോഗികൾക്ക് ഒരു ബദൽ ചികിത്സ മുന്നോട്ടു വയ്ക്കുന്നു ഇതിന്റെ ഉപജ്ഞാതാവായ ഗൗസ്റ്റിൻ എന്ന തെറാപ്പിസ്റ്റ്. മറവി രോഗങ്ങളുടെ ചികിത്സയാണ് അദ്ദേഹത്തിൻ്റെ പ്രത്യേകത. ഡിമെൻഷ്യ, അൽഷീമേഴ്‌സ് എന്നീ രോഗങ്ങൾ ബാധിച്ചവരുടെ ഓർമ്മകളെ എവിടെയെങ്കിലും ഒരു പതിറ്റാണ്ടിൽ പിടിച്ചു നിർത്തി മനസ്സിന് സ്ഥിരത വരുത്താനാണ് ഗൗസ്റ്റിന്റെ ശ്രമം എന്ന് നമുക്ക് മനസ്സിലാകുന്നുണ്ട്. ഇതിനു ഒപ്പം നിൽക്കുന്നത് പേരില്ലാത്ത ഒരു സഹായിയാണ്. അയാളാണ് നമ്മളോട് ഈ കഥ പറയുന്നതും. ടൈം ഷെൽട്ടർ വിശ്വാസ്യത നേടുന്നതോടെ ആണ് കഥയുടെ ഗതി മാറുന്നത്. ഇന്നിന്റെ ആകുലതകളിൽ നിന്ന് രക്ഷപെടാൻ ടൈം ഷെൽട്ടർ ഒരു അത്താണിയാകുമോ എന്ന സ്ഥിതിയിലേക്ക് കഥ മുന്നേറുന്നു. അതും തികച്ചും ആരോഗ്യവാന്മാരായ മനുഷ്യർക്ക് ഒരു ഒളിച്ചോട്ടത്തിനായുള്ള ഒരിടമാകാൻ ടൈം ഷെൽട്ടറിനു കഴിയുമോ? സമയത്തിന് ചങ്ങലയിടാൻ കഥപറയുന്നവന് സാധിക്കുമോ? വർത്തമാനകാലം ഉപേക്ഷിച്ചു തിരികെ ഭൂതകാലത്തിൽ ചേക്കേറുന്നതാണോ നമ്മുടെ സങ്കടങ്ങൾക്ക് മറുമരുന്ന്? ഇങ്ങനെ വായനക്കാരന്റെ വ്യാഖ്യാനത്തിന്റെ വ്യാപ്തിയും ആഴവും അനുസരിച്ച് കഥ കൂടുതൽ കൂടുതൽ നമ്മുടേതാകുന്ന നോവലാണ് ടൈം ഷെൽട്ടർ. ബൾഗേറിയ എന്ന രാജ്യത്തിന്റെ ചരിത്രം കൃത്യമായി ചൂണ്ടിക്കാണിക്കുന്നില്ലെങ്കിലും കമ്യൂണിസ്റ്റ് ഭൂതകാലവും പാശ്ചാത്യസംസ്കാരങ്ങളുമായുള്ള അടുപ്പമുള്ള വർത്തമാനകാലവും തമ്മിലുള്ള സംഘർഷവും ഈ കഥയിൽ നെയ്തു ചേർത്തിട്ടുള്ള ഒരു ചരടാണോ എന്ന് പിന്നീട് തോന്നാം. ഗോസ്‌പോഡിനോവിൻ്റെ കഥകൾ ഇനിയുമുണ്ട് ചർച്ച ചെയ്യാൻ. പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ 'ദ് ഫിസിക്സ് ഓഫ് സോറോ' എന്ന നോവൽ. ബൾഗേറിയൻ പുസ്തകങ്ങളുടെ, പ്രത്യേകിച്ച് ഗോസ്‌പോഡിനോവിന്റെ എഴുത്തുകളുടെ തുടക്കമാകട്ടെ ടൈം ഷെൽട്ടർ.

logo
The Fourth
www.thefourthnews.in