ബൃന്ദാ കാരാട്ട് പറയുന്ന 
റിത എന്ന കമ്മ്യൂണിസ്റ്റിന്റെ ജീവിതം

ബൃന്ദാ കാരാട്ട് പറയുന്ന റിത എന്ന കമ്മ്യൂണിസ്റ്റിന്റെ ജീവിതം

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിൻ്റെ ഓർമക്കുറിപ്പുകളുടെ വായന

സ്വയം ഡീ ക്ലാസ് ചെയ്ത് കമ്മ്യൂണിസ്റ്റായി മാറിയതാണ് റിത. കമ്മ്യുണിസ്റ്റായി, പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലണ്ടനിലെ ജോലി വിട്ട് അവര്‍ ഇന്ത്യയിലെത്തി. പിന്നീട് പാര്‍ട്ടിയുടെ പല ഘടകങ്ങളിലും പ്രവര്‍ത്തിച്ചു. സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമായി. പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയിലെത്തുന്ന ആദ്യ വനിതാ അംഗം. ബൃന്ദാ കാരാട്ടിന്റെ പാര്‍ട്ടിയിലെ ഏതാനും വര്‍ഷത്തെ കമ്മ്യൂണിസ്റ്റെന്ന നിലയിലുള്ള ജീവിതമാണ് An Education for Rita - A Memoir 1975-85 എന്ന ലെഫ്റ്റ് വേഡ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം.

ലണ്ടനില്‍ പോയി തീയേറ്റര്‍ പഠിക്കുകയെന്നതായിരുന്നു ബൃന്ദ യുടെ ആഗ്രഹം. എന്നാല്‍ അവിടുത്ത പഠനത്തിനുള്ള ചെലവ് സ്വയം കണ്ടെത്തുന്നതാണ് നല്ലതെന്ന അച്ഛന്റെ നിര്‍ദ്ദേശം സ്വീകരിച്ച് അവര്‍ കല്‍ക്കത്തയില്‍ എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നു. പിന്നീട് ലണ്ടനിലേക്ക് സ്ഥലം മാറ്റംവാങ്ങുന്നു. ലക്ഷ്യം നാടക പഠനം. എന്നാല്‍ ജോലിയിലെ തിരക്ക് കാരണം നാടക ക്ലാസുകളില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. അതിന് പകരം എത്തിപ്പെട്ടത് വിമത ചിന്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഇടയില്‍. അവരുടെ കൂട്ടത്തില്‍ അരാജകവാദികളും മാര്‍ക്‌സിസ്റ്റുകളും, ഹിപ്പി പ്രസ്ഥാനക്കാരുമെല്ലാം ഉണ്ടായിരുന്നു. ഇന്ത്യക്കാരായ മാര്‍ക്‌സിസ്റ്റുകാരില്‍ ഏറെയും നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ അനുഭാവികളായിരുന്നു. എന്നാല്‍ അവരാലല്ല, ബൃന്ദ സ്വാധീനിക്കപ്പെട്ടത്. സിപിഎം അനുകൂല നിലപാടെടുക്കുന്നവരിലായിരുന്നു.

വിയറ്റ്നാം യുദ്ധവും അവരെ മാര്‍ക്‌സിസ്റ്റാക്കി. അങ്ങനെ കമ്മ്യൂണിസ്റ്റായി ജീവിക്കാന്‍ അവര്‍ തീരുമാനിക്കുന്നു. ലണ്ടനില്‍ വച്ച് സുഭാഷിണി സെഗാലിനെ കണ്ടു. അമേരിക്കയില്‍ പഠിക്കുന്ന ബൃന്ദയുടെ സുഹൃത്തുകൂടിയായ സുഭാഷിണി, ലണ്ടന്‍ വഴി ഇന്ത്യയിലേക്ക് വരികയായിരുന്നു. ആ കൂടിക്കാഴ്ചയിലാണ് താന്‍ കമ്മ്യൂണിസ്റ്റായെന്ന് അവര്‍ അറിയിക്കുന്നത്. എന്നാല്‍ അതായിരുന്നില്ല, വെല്ലുവിളി. ജോലി ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നുവെന്ന കാര്യം അച്ഛനെ അറിയിക്കുകയായിരുന്നു. അതെളുപ്പമായിരുന്നില്ലെന്ന് പറഞ്ഞാണ് ഈ ഓര്‍മ പുസ്തകം ആരംഭിക്കുന്നത്.

ബൃന്ദാ കാരാട്ട് പറയുന്ന 
റിത എന്ന കമ്മ്യൂണിസ്റ്റിന്റെ ജീവിതം
ഗാന്ധിവധ ഗൂഢാലോചന കേസില്‍നിന്ന് വി ഡി സവര്‍ക്കര്‍ രക്ഷപ്പെട്ടതെങ്ങനെ?

ഡല്‍ഹിക്ക് പുറത്തും പാര്‍ട്ടിയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തപ്പോള്‍ തന്റെ വ്യക്തിത്വം, ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനം അതിനെയെല്ലാം പ്രകാശിന്റെ ഭാര്യയെന്ന നിലയില്‍ കണ്ടുതുടങ്ങിയെന്നാണ് ബൃന്ദ കാരാട്ട് എഴുതുന്നത്

അടിയന്തരാവസ്ഥയ്ക്കുമുമ്പുള്ള കാലത്തായിരുന്നു ബൃന്ദ കല്‍ക്കത്തയിലെത്തി, സിപിഎം നേതാക്കളുമായി ബന്ധപ്പെടുന്നത്. അന്ന് പാര്‍ട്ടി, കോണ്‍ഗ്രസ് ഭരണത്തില്‍ ശക്തമായ അടിച്ചമര്‍ത്തല്‍ നേരിടുകയായിരുന്നുവെന്ന് ഓര്‍മക്കുറിപ്പില്‍ വിശദീകരിക്കുന്നു. പ്രമോദ് ദാസ് ഗുപ്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കാലം. പിന്നീടിങ്ങോട്ടുള്ള ജീവിതമാണ് ബൃന്ദയെ കുറച്ചു കാലം റിതയാക്കിയതും ബൃന്ദാ കാരാട്ടാക്കിയതും. ഇന്ത്യയിലെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചു തുടങ്ങി, അതുമായി പൊരുത്തപ്പെട്ട് തുടങ്ങിയ കാലമായിരിക്കണം അത്. താത്വികമായി വിപ്ലവത്തിലേക്കുള്ള വഴി അന്വേഷിക്കുന്നുണ്ടാവുമെങ്കിലും, പ്രായോഗിക രാഷ്ട്രീയത്തിന്റെ വെല്ലുവിളികളായിരുന്നു സിപിഎമ്മിന് മുഖ്യം. ഇന്ത്യന്‍ വിപ്ലവം സാധ്യമാണെന്നും അത് സംഭവിച്ചിട്ടു മാത്രമെ ഇനി വിദേശത്തേക്കുള്ളുവെന്ന് ഉറപ്പിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തന്നെ ഉപേക്ഷിച്ചാണ് വിപ്ലവ വഴിയില്‍ സഞ്ചരിക്കാന്‍ ബൃന്ദ ഇന്ത്യയിലെത്തിയത്. എന്നാല്‍ ഈ കാല്‍പനികമായ ചിന്തയില്‍യിന്ന് ഡല്‍ഹിയിലെ തുണി മില്ലുകളില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്ന ശ്രമകരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് മാറിയതിന്റെ കഥയാണ് ഈ ഓര്‍മക്കുറിപ്പിനെ ഏറ്റവും ഹൃദ്യമാക്കുന്നത്. അടിയന്തരവസ്ഥയ്ക്ക് തൊട്ടുമുന്‍പും, അതിന് ശേഷവും ഡല്‍ഹിയിലും പരിസരത്തും കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രവര്‍ത്തനം നേരിട്ട വെല്ലുവിളികളാണ് ഈ ഓര്‍മ്മകളില്‍ നിറയുന്നത്. ആ പാഠങ്ങളെ സ്മരിച്ചാവും An education of Rita എന്ന് തലക്കെട്ട് പുസ്തകത്തിന് നല്‍കിയത്.

ഒരു തൊഴിലാളി സ്ത്രീ അഭിമുഖീകരിക്കുന്ന, ഒരു പുരുഷ തൊഴിലാളിയില്‍നിന്ന് വ്യത്യസ്തമായ വെല്ലുവിളികളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഈ പുസ്തകത്തില്‍ ചിതറി കിടപ്പുണ്ട്

അടിയന്തരാവസ്ഥക്കാലത്ത്, തന്റെ രാഷട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ മറ്റൊരു പേരില്‍ പ്രവര്‍ത്തിക്കണമെന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകന്‍ ബൃന്ദാ കാരാട്ടിന് നല്‍കിയ പേരായിരുന്നു റിത.

കണിശമായ സംഘടനാ ബോധം പുലര്‍ത്തുന്ന ഒരു നേതാവ്, ഓര്‍മക്കുറിപ്പുകള്‍ എഴുതിയാല്‍, സംഘടന ഓരോ കാലത്തുമെടുത്ത തീരുമാനങ്ങളുടെ വിശദാംശങ്ങള്‍ അല്ലാതെ അതില്‍ മറ്റെന്താണുണ്ടാവുക എന്ന ചോദ്യം വായനക്കാരനെ സംബന്ധിച്ച് പ്രസക്തമായിരിക്കാം. ആ ചോദ്യം ഈ ഓര്‍മക്കുറിപ്പുകള്‍ വായിച്ചുകഴിയുമ്പോഴും ശേഷിക്കുന്നുണ്ട്.

എന്നാല്‍ ഈ പുസ്തകത്തിന്റെ പ്രത്യേകത അത് വര്‍ഗ വൈരുദ്ധ്യമെന്ന യാന്ത്രികതയ്ക്കപ്പുറം, ലിംഗപരമായ പ്രശ്‌നങ്ങളെക്കുറിച്ച് വളരെ പരിമതമായെങ്കിലും പറയുന്നുണ്ടെന്നതാണ്. ഒരു തൊഴിലാളി സ്ത്രീ അഭിമുഖീകരിക്കുന്ന, ഒരു പുരുഷ തൊഴിലാളിയില്‍നിന്ന് വ്യത്യസ്തമായ വെല്ലുവിളികളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഈ പുസ്തകത്തില്‍ ചിതറി കിടപ്പുണ്ട്. എന്നുമാത്രമല്ല, യൂണിയന്‍ പ്രവര്‍ത്തനത്തിലും, പിന്നീട് സംഘടനാ പ്രവര്‍ത്തനത്തിലും സ്ത്രീയെന്ന നിലയില്‍ തനിക്കുണ്ടായ വ്യത്യസ്ത അനുഭവങ്ങള്‍ ഈ ഓര്‍മക്കുറിപ്പില്‍ പറയുന്നുണ്ട്.

1982 മുതല്‍ 1985 വരെ പ്രകാശ് കാരാട്ട് ഡല്‍ഹി സിപിഎം സെക്രട്ടറിയായിരുന്ന കാലത്തെയും പിന്നീടുള്ള കാലത്തെയും താരതമ്യം ചെയ്താണ് ചില അസ്വസ്ഥതകള്‍ പരസ്യപ്പെടുത്തുന്നത്. പ്രകാശ് കാരാട്ട് ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് തനിക്ക് തന്റെതായ അഭിപ്രായങ്ങള്‍ പറയാമായിരുന്നു, പ്രവര്‍ത്തിക്കാമായിരുന്നു. അതിനെ പ്രകാശുമായുള്ള ബന്ധത്തെ മുന്‍നിര്‍ത്തി ആരും കണക്കാക്കില്ലായിരുന്നു. എന്നാല്‍ പിന്നീടുള്ള സ്ഥിതി അതായിരുന്നില്ലെന്ന് അവര്‍ പറയുന്നു. ഡല്‍ഹിക്ക് പുറത്തും പാര്‍ട്ടിയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തപ്പോള്‍ തന്റെ വ്യക്തിത്വം, ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനം അതിനെയെല്ലാം പ്രകാശിന്റെ ഭാര്യയെന്ന നിലയില്‍ കണ്ടുതുടങ്ങിയെന്നാണ് ബൃന്ദ കാരാട്ട് എഴുതുന്നത്. പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ ഇത് വര്‍ധിക്കുകയും മാധ്യമങ്ങളില്‍ ഗോസിപ്പുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ' ഇതെല്ലാം സഖാക്കളോടുള്ള ഇടപെടലില്‍ കരുതലോടെയാവാന്‍ എന്നെ നിര്‍ബന്ധിതമാക്കി' അവര്‍ എഴുതുന്നു

ബൃന്ദാ കാരാട്ട് പറയുന്ന 
റിത എന്ന കമ്മ്യൂണിസ്റ്റിന്റെ ജീവിതം
ലോഹ്യ മുതല്‍ നിതീഷ്കുമാര്‍ വരെ; സോഷ്യലിസ്റ്റ് അടുക്കളയില്‍ ഫാസിസത്തിന് കഞ്ഞിവെച്ചവര്‍

തന്റെ കമ്മ്യൂണിസ്റ്റ് ജീവിതത്തെക്കുറിച്ചും, തൊഴിലാളികളെ സംഘടിപ്പിച്ചതിനെക്കുറിച്ചും പിന്നീട് വനിത സംഘടനയുടെ ആരംഭത്തിലേക്കും നയിച്ച കാര്യങ്ങളാണ് ഓര്‍മക്കുറിപ്പിലുള്ളത്. കാരാട്ടുമായുള്ള ജീവിതത്തെക്കുറിച്ചുള്ള പരാമര്‍ശം വളരെ കുറവ്. എന്നാല്‍ വിവാഹത്തിന് ശേഷം പ്രകാശിന്റെ അമ്മയോടൊപ്പം ജീവിച്ചതിന്റെ മധുരമായ ഓര്‍മകള്‍ പങ്കിടുന്നതും ഭാഷയിലും നിലപാടിലും വളരെ സുതാര്യമായി അനുഭവപ്പെട്ട ഈ ഓര്‍മക്കുറിപ്പിനെ കൂടുതല്‍ ഹൃദ്യമാക്കുന്നു

logo
The Fourth
www.thefourthnews.in