ഉയിർഭൂപടങ്ങളിൽ തെളിയുന്ന 
അരികുജീവിത ഭാഷണങ്ങൾ

ഉയിർഭൂപടങ്ങളിൽ തെളിയുന്ന അരികുജീവിത ഭാഷണങ്ങൾ

എഴുത്തുകാർ തങ്ങളുടെ സൃഷ്ടിയിൽ പറയാതെ പറഞ്ഞതും അധികം പറഞ്ഞതും ചേർത്ത് വായിക്കേണ്ടതുമായ കണ്ടെത്തലുകൾ ഒരു പക്ഷേ എല്ലാ വായനക്കാരിലേക്കും എത്താതിരിക്കാം, അവിടെയാണ് കൃത്യതയുള്ള നിരൂപകരുടെ പ്രസക്തി

ആഗോളീകരണാനന്തര ലോകത്ത് രൂപപ്പെട്ട അധികാരത്തിന്റെ രൂപഭാവങ്ങളോട് സമകാലീന മലയാള സാഹിത്യം എങ്ങനെ പ്രതികരിക്കുന്നു എന്നും പ്രതിനിധാനത്തിന്റെയും പ്രതിരോധത്തിന്റെയും ഭൂമികയായി എഴുത്തിടങ്ങൾ രൂപം കൊള്ളുന്നതിലെ ജൈവികവും രാഷ്ട്രീയവുമായ മാനങ്ങളെ അന്വേഷിക്കാനുമുള്ള ശ്രമമാണ് ‘ഉയിർ ഭൂപടങ്ങളി’ലൂടെ നിരൂപകൻ രാഹുൽ രാധാകൃഷ്ണൻ നടത്തുന്നത്.

നല്ലൊരു സാഹിത്യസൃഷ്ടി അതിന്റെ ചുറ്റുവട്ടത്തെ ജീവിതത്തെയും പ്രശ്നങ്ങളെയും സൂക്ഷ്മനിരീക്ഷണം നടത്തുന്നു എന്നത് ആരോഗ്യകരമായ നിരൂപണങ്ങളിലൂടെ പ്രതിഫലിക്കുന്ന വസ്തുതയാണ്. എഴുത്തുകാർ തങ്ങളുടെ സൃഷ്ടിയിൽ പറയാതെ പറഞ്ഞതും അധികം പറഞ്ഞതും ചേർത്ത് വായിക്കേണ്ടതുമായ കണ്ടെത്തലുകൾ ഒരു പക്ഷേ എല്ലാ വായനക്കാർക്കും ഉൾകൊള്ളാൻ കഴിഞ്ഞു എന്ന് വരില്ല. അവിടെയാണ് കൃത്യതയുള്ള നിരൂപകരുടെ സാന്നിധ്യത്തിന് പ്രസക്തി. പ്രശസ്തമായതോ, വായിക്കപ്പെടേണ്ടതോ ആയ കൃതികളിൽ കേവലം കഥകൾക്ക് പുറമെ എഴുത്തുകാരൻ / എഴുത്തുകാരി കല്പിച്ചു വയ്ക്കുന്ന കുറച്ച് മാനങ്ങൾ കൂടി ഉണ്ടാവും. അവ ശരിയായി അപഗ്രഥിച്ച് വായനക്കാരുടെ മുന്നിലേക്ക് എത്തിക്കുകയാണ് നിരൂപകരുടെ ദൗത്യം.

പ്രശസ്തമായതോ, വായിക്കപ്പെടേണ്ടതോ ആയ കൃതികളിൽ കേവലം കഥകൾക്ക് പുറമെ എഴുത്തുകാരൻ / എഴുത്തുകാരി കല്പിച്ചു വയ്ക്കുന്ന കുറച്ച് മാനങ്ങൾ കൂടി ഉണ്ടാവും

ആഗോളീകരണ കാലത്തിന് ശേഷം ശരാശരി വായനക്കാരുടെ ജീവിതാനുഭവങ്ങളിൽ കാര്യമായ പുതുമകൾ ഉണ്ടായിട്ടുണ്ട്. പുതിയ മേഖലകൾ, പുതിയ മനുഷ്യർ, അപരിചിതമായ ഭൂപ്രദേശങ്ങൾ, മനുഷ്യ ബന്ധത്തിലെ ശാരീരികമായ അപചയങ്ങൾ, അധികാര വിപണി തുടങ്ങിയവയുടെയെല്ലാം പ്രതിഫലനം കഥകളിലും നോവലുകളിലും കൂടി വരുന്നുണ്ട്. പുതു കാലഘട്ടത്തിലെ കഥകളിലെയും നോവലുകളിലെയും അത്തരം പ്രതിഫലനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് നിരൂപകൻ രാഹുൽ രാധാകൃഷ്ണൻ ‘ഉയിർ ഭൂപടങ്ങൾ’ എന്ന ഗ്രന്ഥത്തിലൂടെ. സാഹിത്യത്തിന്റെ, ഭാവനയുടെ മേഖലകളിൽ നിന്നും ആസ്വാദ്യ തലങ്ങളിൽ നിന്നുമെല്ലാം ഒരു പടി ഉയർന്ന് നിന്നുകൊണ്ട് ബൗദ്ധിക മണ്ഡലത്തിലേക്ക് തന്റെ വായനയെ ഉൾകൊള്ളിച്ച്, ഒരു കൃതിയിൽ തന്നെ പാശ്ചാത്യ, പൗരസ്ത്യ കൃതികളുടെ താരതമ്യം കൂടി നിരീക്ഷിച്ച് പഠനവിധേയമാക്കുന്ന നിരൂപക ശൈലി ഈ കൃതിയിൽ ദൃശ്യമാണ്. തന്റെതായൊരു ഭാഷ വികസിപ്പിച്ചെടുത്ത് അതിൽ ന്യൂനതകൾ വരാതെ നിരൂപണ കലയെ ഉള്ളിലേക്ക് സ്വാംശീകരിക്കൻ കഴിയുന്ന എഴുത്തുകളാണ് ഉയിർഭൂപടങ്ങളിലൂടെ രാഹുൽ രാധാകൃഷ്ണൻ പ്രകാശിപ്പിക്കുന്നത്.

തന്റെതായൊരു ഭാഷ വികസിപ്പിച്ചെടുത്ത് അതിൽ ന്യൂനതകൾ വരാതെ നിരൂപണ കലയെ ഉള്ളിലേക്ക് സ്വാംശീകരിക്കൻ കഴിയുന്ന എഴുത്തുകളാണ് ഉയിർഭൂപടങ്ങളിലൂടെ രാഹുൽ രാധാകൃഷ്ണൻ പ്രകാശിപ്പിക്കുന്നത്.

സമൂഹത്തിലെ അധികാര വ്യവസ്ഥയുടെ വരിഞ്ഞ് മുറുക്കുന്ന കാണാ ചരടുകൾ കടന്നുവരുന്ന കഥകളും നോവലുകളും വിലയിരുത്തുകയാണ് ഉയിർ ഭൂപടങ്ങളിൽ രാഹുൽ രാധാകൃഷ്ണൻ; ഒപ്പം നിരന്തരം സമൂഹത്തോട് കലഹിക്കുന്ന എഴുത്തുകാരുടെ ഉദ്വേഗവും അനാവരണം ചെയ്യുന്നു. അരികുവത്കരിക്കപ്പെടുന്ന സമൂഹങ്ങൾ നേരിടുന്ന അധികാര വെല്ലുവിളികളെ ലേഖകൻ ഓരോ ലേഖനത്തിലും ഊന്നൽ നൽകി പരാമർശിക്കുന്നുണ്ട്. തന്റെതായൊരു ഭാഷ വികസിപ്പിച്ചെടുത്ത് അതിൽ ന്യൂനതകൾ വരാതെ നിരൂപണ കലയെ ഉള്ളിലേക്ക് സ്വാംശീകരിക്കൻ കഴിയുന്ന എഴുത്തുകളാണ് ഉയിർഭൂപടങ്ങളിലൂടെ രാഹുൽ രാധാകൃഷ്ണൻ പ്രകാശിപ്പിക്കുന്നത്.

രാഹുൽ രാധാകൃഷ്ണൻ
രാഹുൽ രാധാകൃഷ്ണൻ

ആഗോളീകരണാനന്തര ലോകത്ത് അധികാരത്തിന്റെ രൂപഭാവങ്ങൾ നിരവധിയാണ്. സമകാലിക മലയാള സാഹിത്യം ഇവയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് കണ്ടെത്താനും പ്രതിനിധാനത്തിന്റെയും പ്രതിരോധത്തിന്റെയും ഭൂമികയായി എഴുത്തിടങ്ങൾ രൂപം കൊള്ളുന്നതിലെ ജൈവികവും രാഷ്ട്രീയവുമായ മാനങ്ങളെ സൈദ്ധാന്തികമായി അന്വേഷിക്കാനുമുള്ള ശ്രമമാണ് രാഹുൽ രാധാകൃഷ്ണൻ നടത്തുന്നത്. പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് ആഗോളീകരണാനന്തര കാലത്ത് രൂപപ്പെട്ട സാമൂഹിക- സാംസ്കാരിക- സാമ്പത്തിക ഘടനകൾ കാലദർശനത്തിലും ദൈനംദിന ജീവിതത്തിലും വരുത്തിയ വലിയ മാറ്റങ്ങൾ സാഹിത്യത്തിൽ കൊണ്ടുവന്ന പുത്തൻ പ്രവണതകളെപ്പറ്റിയാണ് പരാമർശിക്കുന്നത്.   

ഇടങ്ങളുടെ ഇത്തരം രൂപപ്പെടൽ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. എഴുത്തിൽ ഉൾപ്പെടെ നിലനിൽക്കുന്ന അധികാര വ്യവസ്ഥകളെ പ്രതിരോധിക്കാൻ ഇതിനാകുന്നുണ്ട്

കാലത്തോടുള്ള പ്രതികരണങ്ങൾ എന്നതിൽ ചുരുങ്ങാതെ അത്തരം പ്രവണതകളൊക്കെയും എങ്ങനെ നിരന്തരം രൂപപ്പെടുന്ന ജൈവികമായ ഇടങ്ങൾ ആയി മാറുന്നു എന്ന് നോക്കി കാണുന്നു. ഇടങ്ങളുടെ ഇത്തരം രൂപപ്പെടൽ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. എഴുത്തിൽ ഉൾപ്പെടെ നിലനിൽക്കുന്ന അധികാര വ്യവസ്ഥകളെ പ്രതിരോധിക്കാൻ ഇതിനാകുന്നുണ്ട്. എഡ്വേർഡ് സോജ യുടെ ‘മൂന്നാമിടം’ എന്ന സങ്കൽപമാണ് ഇതിനോട് ചേർത്ത് വായിക്കേണ്ടത്. 

ഇന്ത്യയുടെ പല ഭാഗങ്ങളിലും സംഭവിച്ച, അല്ലെങ്കിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും ഭീകരതയുടെയും അധികാര കയ്യേറ്റത്തിന്റെയും അന്തരീക്ഷത്തെ കേരളീയ ഭൂമികയിൽ അവതരിപ്പിച്ച ഇ സന്തോഷ് കുമാറിന്റെ അന്ധകാരനഴി എന്ന നോവലിനെ വിശകലനം ചെയ്യുന്നുണ്ട് ലേഖകൻ. അധികാരത്തിന്റെ ഇടപെടലുകൾ നിത്യജീവിതത്തിൽ വിളയാടുമ്പോൾ ജീവിത സാഹചര്യങ്ങൾ തീവ്രമാറ്റങ്ങൾക്ക് വിധേയമാക്കേണ്ടി വരുന്നത് ആളുകളെ അസ്വസ്ഥരാക്കുന്നു.

ആധികാരികതയുടെ തീവ്രമായ കണ്ണുകൾ എത്തുന്നയിടമെല്ലാം വളർച്ച മുരടിച്ച് ശോഷിച്ച് പോകുന്നു. അടുക്കളയിടങ്ങളിൽ വരെ എത്തിനിൽക്കുന്ന മത്സരങ്ങളുടെയും വിപണി കേന്ദ്രീത അതിബുദ്ധികളുടെയും ലോകം സമകാലിക മനുഷ്യരുടെ ഇടങ്ങളിൽ എല്ലാം എത്തിനിൽക്കുന്നു. ഈ സാഹചര്യങ്ങളെയെല്ലാം സന്തോഷ് കുമാർ അന്ധകാരനഴിയിൽ ഉൾപ്പെടുത്തിയതായി രാഹുൽ രാധാകൃഷ്ണൻ തന്റെ വായനയിലൂടെ സാക്ഷ്യപ്പെടുത്തുന്നു.

വർത്തമാനകാലത്ത് നോവൽ സാഹിത്യ മേഖല  പരീക്ഷണ സ്വഭാവത്തിൽ നിന്ന് ഏറെ അകന്നു നിന്നുകൊണ്ട് സമൂഹത്തോട് പ്രതിപത്തിയുള്ള വിഷയങ്ങൾ ഏറ്റെടുക്കുകയുണ്ടായി.

വർഗീയ രാഷ്ട്രീയത്തിലും വിപ്ലവ പ്രസ്ഥാനങ്ങളിലുമെല്ലാം വിശ്വാസം നഷ്ടപ്പെടുന്ന മനുഷ്യരെ ഇതിൽ കാണാം. ഭരണകൂടത്തിന്റെ അധികാര വിപര്യയങ്ങളും ജനാധിപത്യം എന്നത് വെറും പൊള്ളയായ വാക്കുകളാണെന്നും തുറന്നു കാണിക്കുന്ന രാഷ്ട്രീയ വിമർശനങ്ങളും പൗരന്റെ അവകാശങ്ങൾക്കും മേൽ ഭരണകൂടത്തിന്റെ അധികാരപ്രയോഗങ്ങളുമാണ് അന്ധകാരനഴി വെളിപ്പെടുത്തുന്നത് എന്നതാണ് ലേഖകന്റെ കണ്ടെത്തൽ.  

കത്തോലിക്കാ സഭയ്ക്ക് എതിരെ പോരാടി ജീവിച്ച ഇട്ടിക്കോരയിലൂടെയാണ് ആഗോളീകരണത്തിന്റെ അറിവുകൾ നോവൽ ആവിഷ്കരിച്ചത് എന്നാണ് രാഹുൽ രാധാകൃഷ്ണന്റെ നിരീക്ഷണം.

വർത്തമാനകാലത്ത് നോവൽ സാഹിത്യ മേഖല പരീക്ഷണ സ്വഭാവത്തിൽ നിന്ന് ഏറെ അകന്ന് നിന്നുകൊണ്ട് സമൂഹത്തോട് പ്രതിപത്തിയുള്ള വിഷയങ്ങൾ ഏറ്റെടുക്കുകയുണ്ടായി. അധികാരത്തിന്റെയും ജാതിയുടെയും അംശങ്ങൾ മുൻപത്തേക്കാൾ കൂടുതലായും കരുതലോടും കൂടിയും ആഖ്യാനത്തിലും പ്രമേയത്തിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. അധികാരത്തിന്റെ ഫാസിസ്റ്റ് മനോഭാവങ്ങൾ, സൃഷ്ടികളിൽ ഭീകരാവസ്ഥ തന്നെ സൃഷ്ടിച്ചു എന്ന് വേണം പറയാൻ. ആഗോളീകരണം എന്ന പ്രതിഭാസം നൂറ്റാണ്ടുകൾക്ക് മുൻപേ ഉണ്ടായിരുന്നുവെന്നത് ചരിത്രത്തിന്റെയും നിഗൂഢത സിദ്ധാന്തത്തിന്റെയും കൂട്ടുപിടിച്ച് നോവലുകളിൽ വിജയകരമായി ആവിഷ്കരിച്ചത് ‘ഫ്രാൻസിസ് ഇട്ടിക്കോര’ എന്ന നോവലിലൂടെ ടി ഡി രാമകൃഷ്ണനാണ്.

കത്തോലിക്കാ സഭയ്ക്ക് എതിരെ പോരാടി ജീവിച്ച ഇട്ടിക്കോരയിലൂടെയാണ് ആഗോളീകരണത്തിന്റെ അറിവുകൾ നോവൽ ആവിഷ്കരിച്ചത് എന്നാണ് രാഹുൽ രാധാകൃഷ്ണന്റെ നിരീക്ഷണം. കോളനിവത്കരണം, അധിനിവേശം, സാമ്രാജ്യത്വം, തീവ്രവാദം, നരമാംസഭോജനം തുടങ്ങിയ ഭിന്ന സ്വഭാവങ്ങളുടെ ആഖ്യാനം കൊണ്ടും തുറന്നു കാണിക്കുന്ന അധികാരത്തിന്റെ ആസക്തി കൊണ്ടും നോവൽ ശ്രദ്ധിക്കപ്പെടുന്നു. അധികാരത്തിന്റെ കെട്ടുപാടിനുള്ളിൽ ഇരയ്ക്ക് വിലയില്ലാത്ത സമകാലിക രാഷ്ട്രീയ സ്വഭാവത്തെയും ഇട്ടിക്കോരയും മക്കളും കാട്ടിത്തരുന്നു. അധികാരം അതിന്റെ ഭീകരാവസ്ഥ പുറത്തെടുത്ത് സ്വന്തം താത്പര്യങ്ങൾക്കായി ഏതറ്റം വരെയും പോകാൻ തയ്യാറായ അവസ്ഥയിലാണെന്ന് സൂചിപ്പിക്കുന്നുണ്ട്.

ഇത്തരം അധികാരത്തിന്റെയും ആഗോളീകരണത്തിന്റെയും പിടിയിലായവരാണ് നോവലിലെ സ്ത്രീകഥാപാത്രങ്ങൾ

വിജ്ഞാനവും രതിയും നിഗൂഢത സിദ്ധാന്തവും ഹിംസയും പല രൂപങ്ങളായി മാറുന്ന വിദ്യയാണ് നോവലിൽ ഉള്ളത്. അധികാരത്തിന്റെ വ്യത്യസ്തമായ ഘടകങ്ങൾ വിപണിയുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നു. അധികാരവും വിപണിയും ചേർന്ന് ക്രൂരതയുടെ പര്യായമായി മാറിക്കൊണ്ട് ആസക്തിയെ ശമിപ്പിക്കാൻ നോക്കുന്ന കാഴ്ച. ഇത്തരം അധികാരത്തിന്റെയും ആഗോളീകരണത്തിന്റെയും പിടിയിലായവരാണ് നോവലിലെ സ്ത്രീ കഥാപാത്രങ്ങൾ. നോവലെന്ന നിലയ്ക്ക് ഫ്രാൻസിസ് ഇട്ടിക്കോര സ്വന്തം അസ്തിത്വം സ്ഥാപിച്ച കൃതിയാണ്. പ്രാദേശികതയിൽ നിന്ന് ആഗോള മാനങ്ങളിലേക്കുള്ള ഒരു പടർച്ചയായും ഫ്രാൻസിസ് ഇട്ടിക്കോരയെ ലേഖകൻ വായിച്ചെടുക്കുന്നു.

മതാത്മക ലൈംഗിക സദാചാര വ്യവസ്ഥയ്ക്ക് നേരെ വിരൽചൂണ്ടുന്ന സ്ത്രീകളെ ആളോഹരി ആനന്ദത്തിൽ കാണാം.

പരസ്പരം സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാൻ കഴിയാത്ത ഇണകളുടെ അസ്വാസ്ഥ്യകരമായ ജീവിതകഥ പറഞ്ഞുകൊണ്ട് എഴുതിയ സാറ ജോസഫിന്റെ ‘ആളോഹരി ആനന്ദം’ എന്ന നോവലിനെ വിശകലനം ചെയ്യുന്നുണ്ട് രാഹുൽ രാധാകൃഷ്ണൻ. പുരുഷൻ എന്നത് അധികാരത്തിന്റെ പര്യായമാകുമ്പോൾ താളം തെറ്റുന്ന കുടുംബവ്യവസ്ഥകളും സ്വവർഗ ലൈംഗികതയും പള്ളിയും മതവും വിശ്വാസികളുടെ മേൽ അടിച്ചമർത്തുന്ന നിയമങ്ങളും ഇന്നത്തെ സാമൂഹികാവസ്ഥയുമായി തുലനം ചെയ്തുകൊണ്ട് വിവരിക്കുകയാണ് ലേഖകൻ.

മതാത്മക ലൈംഗിക സദാചാര വ്യവസ്ഥയ്ക്ക് നേരെ വിരൽചുണ്ടുന്ന സ്ത്രീകളെ ആളോഹരി ആനന്ദത്തിൽ കാണാം. കേരളം പോലുള്ള  അടഞ്ഞ സമൂഹത്തിൽ വിവാഹേതര ബന്ധങ്ങളും സ്വവർഗ ലൈംഗികതയും ഇന്നും പാപമാണെന്ന് കരുതുന്നവരുണ്ട്. കേരളീയ സമൂഹത്തിലെ പുതിയ സമവാക്യങ്ങളും അധികാര ചിഹ്നങ്ങളും അധികാര  ധാർഷ്ട്യവും പ്രകടിപ്പിക്കുന്ന മധ്യവർഗ മലയാളിയെയും പരിചയപ്പെടുത്തുകയാണ് സാറാ ജോസഫ് ഈ നോവലിലൂടെ ഉദ്ദേശിക്കുന്നതെന്ന് ലേഖകൻ പറഞ്ഞുവയ്ക്കുന്നു. 

സാറാ ജോസഫ്
സാറാ ജോസഫ്

മനുഷ്യൻ എവിടെ അവസാനിക്കുന്നുവോ അവിടെ യന്ത്രങ്ങൾ ആരംഭിക്കുന്നു എന്ന സൂചന നൽകിക്കൊണ്ട് മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള സാധ്യതകളെ കൂടി ഇവിടെ ചർച്ച ചെയ്യുന്നു

സി വി ബാലകൃഷ്ണന്റെ ‘ദിശ’ എന്ന നോവലിലൂടെ ദൃശ്യമാധ്യമങ്ങളും വിപണി സമ്പത്ത് വ്യവസ്ഥയും രാഷ്ട്രീയവും ചേർന്ന് അതിസങ്കീർണമായ സാമൂഹ്യഘടന നിർമ്മിക്കപ്പെടുന്ന കേരള ജനതയുടെ തകർച്ച ചൂണ്ടിക്കാണിക്കുകയാണ് രാഹുൽ രാധാകൃഷ്ണൻ. മനുഷ്യൻ എവിടെ അവസാനിക്കുന്നുവോ അവിടെ യന്ത്രങ്ങൾ ആരംഭിക്കുന്നു എന്ന സൂചന നൽകിക്കൊണ്ട് മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള സാധ്യതകളെ കൂടി ഇവിടെ ചർച്ച ചെയ്യുന്നു. മലയാളത്തിൽ സൈബർ വ്യവഹാരങ്ങളെ പരിചരിക്കുന്ന സാഹിത്യത്തിന്റെ ലക്ഷണമൊത്ത ആദ്യകാല മാതൃകയായി ദിശയെ ലേഖകൻ അവരോധിക്കുന്നു.

എൻ പ്രഭാകരന്റെ 'തീയൂർ രേഖകൾ "എന്ന നോവൽ വിശകലനം ചെയ്യുന്നത് വാക്കുകളിൽ സൂക്ഷിച്ചുവയ്ക്കപ്പെടാതെ പോയ സമഗ്ര ജീവിതങ്ങളുടെ മഷി ചിത്രമായാണ്. ആധുനിക രചനാശൈലി ഉപേക്ഷിച്ചുകൊണ്ട് ഉത്തരാധുനികതയുടെ വീക്ഷണം വച്ച് പുലർത്തി എഴുതിയ നോവലാണിത്. കക്ഷിരാഷ്ട്രീയത്തിന്റെ അകവും പുറവും വകഞ്ഞു നോക്കാതെ മലയാള രാഷ്ട്രീയ നോവൽ സാഹിത്യത്തിലെ മികച്ച രാഷ്ട്രീയ നോവലായാണ് ലേഖകൻ തീയൂർ രേഖകളെ കണക്കാക്കുന്നത്.

രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതങ്ങളും ജാതികളും സങ്കുചിതമായി പെരുമാറുന്ന പരിതസ്ഥിതിയിൽ അധികാരം അവയുടെ ഭാഗധേയത്തെ നിയന്ത്രിക്കാനും നിർണയിക്കാനും ആരംഭിച്ചു. ആഗോളീകരണത്തിന്റെ പ്രചാരം, ജാതിമത ചിന്തകളുടെ വർധിച്ച വേർതിരിവുകൾ, പരസ്പര ബഹുമാനമില്ലാത്ത രാഷ്ട്രീയകക്ഷികളും സംഹിതകളും മുതലായ ഘടകങ്ങൾ ഇക്കാലത്തെ സമൂഹത്തെയും സംസ്കാരത്തെയും ആഴത്തിൽ ബാധിച്ചു തുടങ്ങി. രാഷ്ട്രീയത്തിലെ വർഗീകരണങ്ങളും ജാതിമത ലിംഗ വിവേചനങ്ങളും തൊഴിലിനു വേണ്ടിയുള്ള പലായനവും കുടിയേറ്റവും സമൂഹത്തിന്റെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമ്പോൾ രാഷ്ട്രീയ ബോധമുള്ള ഒരു എഴുത്തുകാരന്റെ പേനത്തുമ്പിൽ നിന്നും ‘തീയൂർ രേഖകൾ’ സൃഷ്ടിക്കപ്പെട്ടു എന്നാണ് രാഹുൽ രാധാകൃഷ്ണൻ അഭിപ്രായപ്പെടുന്നത്.  

സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളെയും ഏകാധിപത്യ പ്രവണതകൾ പ്രകടമാക്കുന്ന ഭരണകൂടത്തിന്റെ പ്രവർത്തികളെയും ഉത്കണ്ഠയോടെ നോക്കിക്കാണുന്ന ഒരു എഴുത്തുകാരന്റെ സർഗാത്മക പ്രതിരോധമാണ്  രാജേഷ് ആറിന്റെ ‘ചുവന്ന ബാഡ്ജ്’ എന്ന നോവൽ. ജനാധിപത്യത്തെ ഒളിച്ചു കടന്നാക്രമിക്കുന്ന ഫാസിസത്തിന്റെ സൂചകങ്ങളാണ് നോവലിലുള്ളത്. കെട്ടുകഥകളും അസത്യങ്ങളും ചരിത്രമാണെന്ന് സൂചിപ്പിക്കുന്ന ഫാസിസത്തിന്റെ ഒരു ഭീതി നിറഞ്ഞ കാഴ്ച ചുവന്ന ബാഡ്ജിന്റെ വായനയിലൂടെ രാഹുൽ രേഖപ്പെടുത്തുന്നുണ്ട്. ഭയത്തിന്റെ ആവരണം കൊണ്ട് നിർമിക്കപ്പെട്ട ശാസനങ്ങളെല്ലാം തന്നെ ഒരു വ്യക്തിയെ മാനസിക പിരിമുറുക്കം കൊണ്ട് അസ്ഥികൾ ഓരോന്നും വിഘടിതമാകുന്ന സാഹചര്യത്തിലേക്ക് എത്തിക്കുകയും അയാളുടെ സർഗപരവും തൊഴിലധിഷ്ഠിതവുമായ കഴിവുകൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

ജനാധിപത്യവിരുദ്ധമായ ആശയങ്ങളിൽ നിന്നും ഏകാധിപത്യത്തിലേക്ക് ദൂരം കുറവാണ് എന്ന് അസന്നിഗ്ദ്ധമായി തെളിയിക്കുന്ന ആഖ്യാനമാണ് ചുവന്ന ബാഡ്ജ്

ഈ വിധത്തിലുള്ള ഒരു ഭയം പൊതുസമൂഹത്തിൽ ഉടലെടുക്കുന്നു. അധികാരത്തിന്റെ, ഭീകരതയുടെ ആഴം ജനങ്ങൾക്ക് ബോധ്യപ്പെടുന്നു. ഏകാധിപത്യ രീതികൾ മനുഷ്യത്വം തന്നെ ഹനിക്കുന്നവയാണ്. ജനാധിപത്യവിരുദ്ധമായ ആശയങ്ങളിൽ നിന്നും ഏകാധിപത്യത്തിലേക്ക് ദൂരം കുറവാണ് എന്ന് അസന്നിഗ്ധമായി തെളിയിക്കുന്ന ആഖ്യാനമാണ് ചുവന്ന ബാഡ്ജ്. നാസി സംഘടന കൃത്യമായ അജണ്ടയുടെ പിൻബലത്തിൽ ജനാധിപത്യത്തെ  തകിടം  മറിയ്ക്കുന്ന കാഴ്ചകളാണ് രാജേഷ് വർമ  ചുവന്ന ബാഡ്ജ് എന്ന നോവലിലൂടെ ഭാവന നെയ്യുന്നത്. എന്നാൽ അത് വെറും ഭാവനാതീതമല്ല എന്നും ഭീതിതം ആണെന്നുമാണ് രാഹുൽ രാധാകൃഷ്ണന്റെ കണ്ടെത്തൽ.

രാഷ്ട്രീയം ഒരു ആഖ്യാന ധാരയായി വർത്തിക്കുമ്പോഴും സ്വപ്നങ്ങളും വ്യാഖ്യാനവുമാണ് നോവലിന്റെ കാതൽ

കരുണാകരന്റെ ‘യുവാവായിരുന്ന ഒൻപതു വർഷം’ എന്ന നോവൽ വേറിട്ടൊരു രചനയായാണ് തന്റെ ലേഖനത്തിലൂടെ രാഹുൽ രാധാകൃഷ്ണൻ അടയാളപ്പെടുത്തുന്നത്. നീതിന്യായ വ്യവസ്ഥയുടെ അപചയത്തിൽ പ്രതിഷേധിച്ചുകൊണ്ട് അതിന്റെ കാവലാളുകളായി സ്വയം അവരോധിക്കുന്ന ചെറുപ്പക്കാരുടെ പ്രതിനിധിയെയാണ് നോവലിൽ കാണാൻ കഴിയുന്നത്. ഏകാന്തതകളും സ്വപ്നാടനവും സർഗാത്മകമാക്കിയ നായകൻ, സ്വപ്നങ്ങളിലെ  അയാഥാർഥ്യത്തിനും യഥാർഥ ലോകത്തിലെ സംഘർഷങ്ങൾക്കും ഇടയിൽ ജീവിതം മുന്നോട്ടു നീക്കുന്ന നായകൻ അരാജകവാദിയോ അലസനോ അല്ല.

രാഷ്ട്രീയം ഒരു ആഖ്യാന ധാരയായി വർത്തിക്കുമ്പോഴും സ്വപ്നങ്ങളും വ്യാഖ്യാനവുമാണ് നോവലിന്റെ കാതൽ. അധികാരത്തിന്റെ പിടിയിലാവാതിരിക്കാൻ ഒളിവ് ജീവിതം നയിക്കേണ്ടിവരുന്ന നായകന് വേറൊരു ഭരണകൂടത്തിന്റെ കീഴിൽ തടവറയിൽ ആകേണ്ടിവരുന്നു. സന്ദിഗ്ധമായ അവസ്ഥകളും സംഘർഷഭരിതമായ സാഹചര്യങ്ങളും നേരിടേണ്ടി വരുന്നവരുടെ ആഖ്യാനമാണ് യുവാവായിരുന്ന ഒൻപതു വർഷം എന്ന നോവലിനെ രാഹുൽ രാധാകൃഷ്ണൻ വിലയിരുത്തുന്നത്.

തുടർന്നുള്ള കഥാപഠനത്തിലും ഹിംസയുടെയും അധികാരത്തിന്റെയും ഇടയിൽപ്പെട്ട ജീവിതത്തിന്റെ അന്വേഷണങ്ങൾ തന്നെയാണ് ലേഖകൻ നടത്തുന്നത്. ആനന്ദിന്റെ മൂന്ന് നീണ്ടകഥകളുടെ സമാഹാരമായ ‘സംഹാരത്തിന്റെ പുസ്തകം’ മുൻനിർത്തി ‘ഹിംസയുടെ ജനിതകം’ എന്ന പേരിലാണ് ആദ്യപഠനം. ഹോട്ടൽകാരൻ, തോട്ടക്കാരൻ, തുന്നൽക്കാരൻ എന്നീ മൂന്നു കഥകളിലും സംഹാരത്തിന്റെ ഓരോ തലങ്ങളുണ്ട്. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയ സാധ്യതകളെ എക്കാലവും അധികാര വർഗം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വിവേകമില്ലാത്ത ലോകത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്താനായി ഹിംസ എങ്ങനെയെല്ലാം മനുഷ്യ ജീവിതത്തെ സ്പർശിക്കുന്നു എന്നതാണ്  ലേഖനങ്ങൾ ചർച്ച ചെയ്യുന്നത്.

ജാതീയമായ രാഷ്ട്രീയത്തെ സൂക്ഷ്മമായി പിന്തുടരുകയും വർഗവും വർണവും ജാതിസ്വത്വത്തെ പ്രശ്നവല്‍ക്കരിക്കുന്നതിൽ നിർവഹിക്കുന്ന പങ്ക് വിശകലനം ചെയ്യുകയും ചെയ്യുകയാണ് സാറാ ജോസഫ്, കെ ആർ മീര, സിതാര എസ്, എൻ പ്രഭാകരൻ, സി അയ്യപ്പൻ, യമ, സന്തോഷ് എച്ചിക്കാനം, ഇ സന്തോഷ് കുമാർ, എസ് ഹരീഷ്, വിനോയ് തോമസ് എന്നിവരുടെ കഥകളിലൂടെ. അരികു ജീവിതക്കാഴ്ചകൾ ഒട്ടും പുതുമയല്ലാത്ത സമൂഹത്തിന്റെ കണ്ണാടിയിൽ പുറമ്പോക്കുകൾ വരെ രാഷ്ട്രീയ അജണ്ടകളായി മാറുകയാണ്. പൊതുസമൂഹത്തിന്റെ ഉപരി ഘടനയിൽ നിന്നും വേറിട്ട് നിൽക്കുന്ന അരികു ജീവിത കാഴ്ചകൾ ഒട്ടും അപ്രസക്തമല്ലെന്നു ഈ രചനകൾ തെളിയിക്കുന്നു.

തിരക്കുപിടിച്ച ഇടങ്ങളിൽ വരെ തൊട്ടുകൂടായ്മയും സവർണ നേട്ടങ്ങളും അവതരിക്കുന്നതിന്റെ കാഴ്ചകളാണ് എൻ പ്രഭാകരന്റെ ‘ഇഞ്ചിപ്പണിക്കാർ’. അധികാരത്തിന്റെ അടയാള രൂപങ്ങൾക്ക് ഉരുണ്ടുകൂടാൻ സ്ഥലമോ സമയമോ നിയന്ത്രണം കൽപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന കഥയാണിത്. വിഭവസമാഹരണത്തിന്റെ പുതിയ മേച്ചിൽ പുറങ്ങൾ രൂപപ്പെട്ടുവരുന്ന പുതിയ ലോകത്ത് ഭാവിയെ പറ്റി ആശങ്കകൾ ഒന്നുമില്ലാത്തവർ ജാതിയെക്കുറിച്ച് സംസാരിക്കുന്നത് പോലെയായിരുന്നില്ല സി അയ്യപ്പന്റെ ‘ഭ്രാന്ത്’ എന്ന കഥയിലെ കഥാപാത്രങ്ങൾ. ശരീരത്തിന്റെ നിറത്തെ വ്യക്തിത്വവുമായി ബന്ധപ്പെടുത്തി വായിക്കേണ്ട കാലം കഴിഞ്ഞുവെന്നും  സാമൂഹികമായ ജ്ഞാനോദയം സ്വായത്തമായി എന്നുള്ള ബോധ്യം തെറ്റാണെന്നും സ്ഥാപിക്കുന്ന കഥയാണ് ഭ്രാന്ത്. 

എൻ പ്രഭാകരന്‍
എൻ പ്രഭാകരന്‍

അരികുജീവിതത്തിന്റെ  കഥകൾ  അതിനു പുറത്തുനിന്ന് നോക്കുന്നവർക്ക് എപ്പോഴും കെട്ടുകഥകൾ മാത്രമാകും.

കീഴാളർക്ക് മേൽ പതിച്ച സംസ്കാരത്തിന്റെ ആഗോളവത്കരണത്തെക്കുറിച്ച് പ്രദീപൻ പാമ്പിരിക്കുന്നിന്റെ ‘ദളിത സൗന്ദര്യശാസ്ത്രം’ എന്ന പുസ്തകത്തെ പരാമർശിച്ചുകൊണ്ട് ലേഖകൻ വിവരിക്കുന്നുണ്ട്. അരികുജീവിതത്തിന്റെ  കഥകൾ  അതിനു പുറത്തുനിന്ന് നോക്കുന്നവർക്ക് എപ്പോഴും കെട്ടുകഥകൾ മാത്രമാകും. സാറാ ജോസഫിന്റെ ‘വിയർപ്പടയാളങ്ങൾ’ എന്ന കഥയെ ലേഖകൻ വിലയിരുത്തുന്നത് സമൂഹം നേരിടുന്ന ചൂഷണത്തിന്റെ ബാക്കിപത്രമായാണ്. സാംസ്കാരികവും സാമൂഹികവുമായ പരിവർത്തനങ്ങൾ കടന്നുചെല്ലുന്ന ദളിത് സമൂഹത്തിന്റെ അവസ്ഥകളെയാണ് രാഹുൽ രാധാകൃഷ്ണൻ കണ്ടെത്തുന്നത്. വിയർപ്പടയാളങ്ങൾ എന്ന കഥയോട് ചേർത്ത് വായിക്കാവുന്നതാണ് സിതാര എസിന്റെ ‘കറുത്ത കുപ്പായക്കാരി’ എന്ന കഥ.  

സന്തോഷ് ഏച്ചിക്കാനത്തിന്റെ പന്തിഭോജനം എന്ന കഥയിൽ ധനം, തൊഴിൽ, സാമൂഹ്യപദവി എന്നിവയുടെ അടിസ്ഥാനത്തിൽ ജാതീയതയുടെ ഏറ്റക്കുറച്ചലിനെ അടയാളപ്പെടുത്തുകയാണ്. ഭക്ഷണ വിഭവങ്ങൾക്ക് വരെ ജാതിയുടെ ബന്ധം കൽപ്പിക്കുന്ന വിധത്തിൽ സമൂഹത്തിൽ ഓരോ അലിഖിത നിയമങ്ങൾ ഉണ്ടാവുന്നു. മധ്യവർഗത്തിന്റെ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് ജാതിയെ അപലപിക്കുന്ന വിധത്തിലാണ് പന്തിഭോജനത്തെ രാഹുൽ രാധാകൃഷ്ണൻ വിവരിക്കുന്നത്. ജാതീയതയുടെ വേർതിരിക്കലിനെ വ്യാപിപ്പിക്കുന്ന വിധത്തിലാണ് ഇ സന്തോഷ് കുമാറിന്റെ ‘ഒരാൾക്ക് എത്ര മണ്ണ് വേണം’ എന്ന കഥയും എസ് ഹരീഷിന്റെ ‘മോദസ്ഥിതനായങ്ങു വസിപ്പൂ മല മേലെ’ എന്ന കഥയെയും രാഹുൽ രാധാകൃഷ്ണൻ വായിച്ചെടുക്കുന്നത്

ജാതീയത എന്നത് മനുഷ്യമനസിൽ അടിഞ്ഞുകൂടിയ കൊടിയ വിഷമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള രാഷ്ട്രീയവത്കരണത്തിന് വരെ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നു. ദളിതരിൽ നിന്നും ക്രിസ്ത്യാനി ആയി പരിവർത്തനം ചെയ്യപ്പെട്ടവർ നേരിടുന്ന ജാതീയവും തൊഴിൽപരവും വിദ്യാഭ്യാസപരമായി ബന്ധപ്പെട്ടതുമായ അല്ലലുകളെയാണ് കെ ആർ മീരയുടെ ‘നായ്‌ക്കോലം’ എന്ന കഥയിലൂടെ ലേഖകൻ അനാവരണം ചെയ്യുന്നത്.

കെ ആർ മീര
കെ ആർ മീര

ആഗോളീകരണത്തിന്റെ ഭാഗമായി ഒരു സംസ്കാരത്തെ തള്ളിപ്പറഞ്ഞ് മറ്റൊരു സംസ്കാരത്തിലേക്ക് ചേക്കേറാനുള്ള മനുഷ്യരുടെ വ്യഗ്രത കാണിക്കുന്ന കഥയാണ് വിനോയ് തോമസിന്റെ "ആനന്ദ ബ്രാൻഡർ". ചാലിയ സമുദായത്തിന്റെ നിഷ്ഠകളിൽ ഊന്നിക്കൊണ്ട് വേറൊരു ലോകത്തിലേക്കുള്ള ചുവടുവയ്പ് എത്രകണ്ട് പ്രയോഗികമാണെന്നുള്ള അന്വേഷണമാണ്  ആനന്ദ ബ്രാൻഡർ.  

അനുദിനം ചൂടുകൂടുന്ന പ്രകൃതിയുടെ വികൃതിയിൽ ഒരു ദ്വീപ് തന്നെ ഇല്ലാതാകുന്ന കാഴ്ചയാണ് എസ് ഹരീഷ് കഥയിൽ വ്യക്തമാക്കുന്നത്

ആഗോളതാപനത്തിന്റെ ഭീകരതയെ കേരളീയ പശ്ചാത്തലത്തിൽ  അവതരിപ്പിച്ച കഥയാണ് അംബികാസുതൻ മാങ്ങാടിന്റെ ‘നീരാളിയൻ’. പരിസ്ഥിതിയോടുള്ള പൊതുസമൂഹത്തിന്റെ ഇടപെടലുകളും അധികാര വ്യവസ്ഥയും വംശനാശം നേരിടുന്ന കടലാമകളുടെ ജീവിതചക്രത്തിന് കോട്ടം വരുത്തുന്ന രീതിയിൽ ഇടപെടുന്ന സമൂഹത്തിനെയും കഥയിൽ ചിത്രീകരിച്ചിരിക്കുന്നു. അണു കുടുംബത്തിലെ സ്ത്രീ പുരുഷ ബന്ധങ്ങളുടെ മാറിയ സാഹചര്യങ്ങളെ കൂടി കഥ വെളിപ്പെടുത്തുന്നതായി ലേഖകൻ കണ്ടെത്തുന്നുണ്ട്. ആഗോളതാപനത്തിന്റെ ഭീകരതയെ വ്യക്തമാക്കുന്ന മറ്റൊരു കഥയാണ് എസ് ഹരീഷിന്റെ ‘രണ്ടാം മറവൻ ദ്വീപ് യുദ്ധം’.

എസ് ഹരീഷ്
എസ് ഹരീഷ്

അനുദിനം ചൂടുകൂടുന്ന പ്രകൃതിയുടെ വികൃതിയിൽ ഒരു ദ്വീപ് തന്നെ ഇല്ലാതാകുന്ന കാഴ്ചയാണ് എസ് ഹരീഷ് കഥയിൽ വ്യക്തമാക്കുന്നത്. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ കൊണ്ട് ഒരു ഭാഷ തന്നെ ഇല്ലാതാവുന്നതിന്റെ വേറിട്ട ഒരു ആഖ്യാനവും കഥയിൽ കാണാം. അധികാരത്തെയും ഫാസിസ്റ്റ് മനോഭാവത്തെയും വിവരിക്കുന്ന കഥകളായി രാഹുൽ രാധാകൃഷ്ണൻ പിന്നീട് കണ്ടെത്തുന്നത് ഉണ്ണി ആറിന്റെ ‘ബാദുഷ എന്ന കാൽനടയാത്രക്കാരൻ’ എന്ന കഥയെയാണ്.

അന്തർ സംസ്ഥാന തൊഴിലാളികളുടെ ജീവിതത്തിന്റെ കഥ പറയുന്ന ഇ പി ശ്രീകുമാറിന്റെ ‘മാനവ വിഭവം’, വി എം ദേവദാസിന്റെ ‘ബാബേൽ’ എന്നീ കഥകളും ലേഖകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. തൊഴിൽ രംഗത്ത് പുതിയ നൂറ്റാണ്ടിലും എങ്ങനെയാണ് കൂടുതൽ ചൂഷണം നടക്കുന്നത് എന്ന് ഈ കഥകളിലൂടെ വ്യക്തമാണ്.

മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ കൊണ്ട് ഒരു ഭാഷ തന്നെ ഇല്ലാതാവുന്നതിന്റെ വേറിട്ട ഒരു ആഖ്യാനവും കഥയിൽ കാണാം

തൊഴിലാളികൾ അനുഭവിക്കുന്ന  പീഡനങ്ങളുടെ ഒരു നേർക്കാഴ്ചയായിട്ടാണ് ലേഖകൻ ഈ കഥകളെയെല്ലാം ചൂണ്ടിക്കാണിക്കുന്നത്. ഭാഷയിലും സംസ്കാരത്തിലും വ്യത്യാസമുള്ള മുതലാളി, തൊഴിലാളി വിനിമയത്തിന്റെ രാഷ്ട്രീയം കൂടി ലേഖകന്റെ വായനയിൽ കാണാം. കരുണാകരന്റെ കഥയായ ‘കാഫ്ക’യെയും  അധികാരത്തിന്റെയും ഭരണകൂടത്തിന്റെ കയ്യേറ്റത്തേയും സൂചിപ്പിക്കുന്ന സൂചിപ്പിക്കുന്ന കഥയായിട്ടാണ് ലേഖകൻ കണ്ടെത്തുന്നത്.

ചുരുക്കത്തിൽ മലയാള കഥ, നോവൽ സാഹിത്യ മേഖലയിൽ കുറച്ചു വർഷങ്ങളായി രൂപപ്പെട്ടുവരുന്ന ഭാവുകത്വ വ്യതിയാനങ്ങളെ സമഗ്രവും സൂക്ഷ്മമായി പഠനവിധേയമാക്കിയതിന്റെ അടയാളമാണ് ഉയിർഭൂപടങ്ങൾ. മറ്റു ഭാഷകളിൽ നിന്നുകൂടി കൃതികളെ പരിചയപ്പെടുത്തി നിരൂപണത്തിന്റെ മേഖലയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 

നോവലുകളെയും കഥകളെയും തന്റെ സമൂഹവുമായി ചേർത്തുവച്ചുകൊണ്ട് സമകാലിക ലോകത്തിലെ അവസ്ഥകളുമായി താരതമ്യം ചെയ്യുകയാണ് എഴുത്തുകാരൻ. കഥയുടെയോ നോവലിന്റെയോ ഭൗതിക ഘടന, സൗന്ദര്യം എന്നിവ മാത്രം നോക്കാതെ അതിന്റെ ആഴത്തിലേക്കുള്ള വേരോട്ടം അദ്ദേഹത്തിന്റെ ഓരോ ലേഖനങ്ങളിലും വ്യക്തമാണ്. അതുകൊണ്ടുതന്നെ സമകാലിക നിരൂപണ ലോകത്തെ വേറിട്ട ശബ്ദമായി രാധാകൃഷ്ണന്റെ ഉയിർഭൂപടങ്ങൾ ശ്രദ്ധേയമാകുമെന്ന് ഉറപ്പിക്കാം.  

logo
The Fourth
www.thefourthnews.in