പ്രതിബിംബങ്ങളുടെ പുസ്തകം ഒരു കാറ്റാടി വിൽപ്പനക്കാരി വായിച്ചെടുക്കുന്ന വിധം

പ്രതിബിംബങ്ങളുടെ പുസ്തകം ഒരു കാറ്റാടി വിൽപ്പനക്കാരി വായിച്ചെടുക്കുന്ന വിധം

ജയകൃഷ്ണന്റെ ആദ്യ നോവൽ ‘ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ’ തുറന്നിടുന്നത് ഒരു കാഫ്കയെസ്‌ക് ലോകത്തേക്കുള്ള വാതിലാണെന്ന് കുറിച്ചത് പി എഫ് മാത്യൂസ് ആണ്. വായനാനുഭവം പങ്കുവയ്ക്കുകയാണ് എഴുത്തുകാരിയായ സ്മിത ഗിരീഷ്

കഴിഞ്ഞ മഴക്കാലത്തെ ഇതേ പോലൊരു ദിവസമാണ്, ജയകൃഷ്ണൻ എഴുതിയ ''ചിത്രകഥയിൽ അവൻ്റെ ഭൂതങ്ങൾ" എന്ന നോവലിൻ്റെ കൈയ്യെഴുത്ത് പകർപ്പ് ഓഫീസിലിരുന്ന് വായിച്ചു തുടങ്ങിയത്. അത് അച്ഛൻ പറഞ്ഞു കൊടുത്ത കഥകളിൽ ജീവിക്കാൻ ആഗ്രഹിച്ച, ചിത്രങ്ങളിലൂടെ മാത്രം ലോകം കാണാൻ വിധിക്കപ്പെട്ട സഞ്ജയൻ്റെ പ്രതിസന്ധികളുടെ കഥയായിരുന്നു. കഥ വായിച്ച ആ ദിവസമാവട്ടെ, അതേ സങ്കടം മഴയിൽ കലങ്ങിയൊഴുകിയതായി തോന്നിച്ചു. ആ പകൽ അത്രയേറെ ഇരുട്ട് എവിടുന്ന് വന്നു? അതുപോലൊരു കാറ്റും?

സങ്കൽപ്പിച്ചു നോക്കണം. നിങ്ങൾ ഒരു പുസ്തകം വായിക്കുന്നു. അതിൽ ജീവിക്കുന്നു എന്നതിന് തെളിവു പോലെ അതിലെ കാറ്റ് വീശുന്നു. പച്ചിലകൾ പൊഴിഞ്ഞു വീഴുന്നു. എവിടെ നിന്നോ കുപ്പി തുറന്നു വിട്ടതു പോലെ നനഞ്ഞ ചിറകുകളുള്ള വെളുത്ത ശലഭങ്ങളും മഞ്ഞ ശലഭങ്ങളും മുറിക്കുള്ളിലേക്ക് കടന്നു വന്ന് ചുറ്റിപ്പറക്കുന്നു. ആകാശത്തേക്കുള്ള വഴി തെറ്റിയ സൂര്യൻ താഴെ വീണ് പുതഞ്ഞു കിടക്കുന്നു. അവിടെ എന്നാൽ കരിയിലകളില്ലായിരുന്നു മഴവരയ്ക്കുന്ന വൃത്തങ്ങളും. ഞാൻ ആ പുസ്തകം വായിക്കുകയായിരുന്നു. ഞാനതിലെ ഭൂതമായിരുന്നു. ഭൂതമായതുകൊണ്ടാണ് വായിച്ച കഥയിലെ സൂര്യനേയും ശലഭങ്ങളേയും എനിക്ക് മുന്നിൽ വരുത്താൻ കഴിഞ്ഞത്.

ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ (കവർ)
ചിത്രകഥയിൽ അവന്റെ ഭൂതങ്ങൾ (കവർ)

പക്ഷേ ഞാൻ ഭൂതമല്ല, കാറ്റാടി വിൽക്കുന്ന ഒരുവളാണെന്ന് തുടർന്ന് വായിക്കുമ്പോൾ തോന്നി. അങ്ങോട്ടേക്ക് എത്തും മുന്നെ ഈ കഥയുടെ തുടർച്ച പറയട്ടെ. കഥയിലെ സഞ്ജയനെപ്പോലെ ഞാനും അന്ന് ഓഫീസിൽ നിന്നിറങ്ങാൻ വൈകി. മഞ്ഞയിലകൾ പറന്നു നടക്കുന്ന കഥ പിടിച്ച തലയുമായി വീട്ടിലേക്കുള്ള നടകൾ ഇരുട്ടിൽ കയറുമ്പോൾ ബാഗിൽ വീണ്ടും പരതി, കുഞ്ഞിന് വേണ്ട പലഹാരം വാങ്ങിയിട്ടില്ലേ? ഉണ്ട്. കുഞ്ഞത് തട്ടിപ്പറിച്ചു തിന്നപ്പോൾ പേടിയായി. നഗരപ്രാന്തത്തിലെ എണ്ണപ്പലഹാരക്കടയിൽ നിന്നും വാങ്ങിയ ആ പലഹാരത്തിലും കഥയിൽ പറഞ്ഞ ഭൂതമുണ്ടോ? ആറ് പച്ചത്തത്തകളുടെ ചിറകുകളാണോ അതിലെ ആറ് പച്ചമുളക് കഷ്ണങ്ങൾ?

രാത്രിയിൽ വീണ്ടും കഥ വായിച്ചുറങ്ങിപ്പോയപ്പോൾ സഞ്ജയനെപ്പോലെ ഞാനും എൻ്റെ അച്ഛനെ കണ്ടു. മരത്തിൻ്റെ നിഴലിൽ ചാരി അച്ഛനിരിപ്പുണ്ട്. സത്യമാണ്. മരത്തിനേ നിഴലുള്ളു. അച്ഛൻ്റെ നിഴലെവിടെ? അച്ഛൻ്റെ കൂടെ, അച്ഛനും മുന്നെ ഉണ്ടായ നിഴൽ അച്ഛനെ എന്തിനാണ് വിട്ടു പോയത്? ഇനി എൻ്റെ നിഴൽ എനിക്കൊപ്പമുണ്ടോ? ലൈറ്റിട്ടു കിടന്നു. ഇരുട്ടിലേക്ക് വന്ന വെളിച്ചം, വെയിൽ ചീളാണെന്ന് തോന്നി. കണ്ണുകളിൽ ബാക്കിയുറക്കം നീറി. കണ്ണടച്ചു. നിഴൽ ഇരുട്ടിലൂടെ മെരുങ്ങി വന്ന് ഉള്ളിലേക്ക് ചേർന്നു കിടന്നു. ഞങ്ങൾ ഒന്നായി ഉറങ്ങി. ഉറക്കത്തിൽ, നിശ്ശബ്ദമായ മുറിയിലേക്ക് കാലൊച്ചകൾ നടന്നു വരുന്ന പേടി സ്വപ്നം കണ്ടു. അതേ ഉറക്കത്തിൽ നിഴലിനെ അടക്കിപ്പിടിച്ചു.

പിറ്റേന്ന്, ഒരു പരിചയക്കാരൻ്റെ ഭാര്യ മരണപ്പെട്ടു. തേങ്ങ ചിരകിക്കൊണ്ടിരുന്ന അവർ ഹൃദയം നിന്നാണ് മരിച്ചത്. അടക്കിന് പള്ളിപ്പറമ്പിൽ എത്തിയ ഞാൻ ഒരിക്കലും കാണാത്ത ഒരു കാഴ്ച അവിടെക്കണ്ടു. സെമിത്തേരി നിറയെ പൂക്കളും ശലഭങ്ങളും. കരിയിലകളിലും പുൽപ്പടർപ്പിലും സൂര്യനങ്ങനെ പൂക്കളുടെ മുഖവുമായി വീണു കിടപ്പുണ്ട്. അവിടെ ഓറഞ്ച് നിറമുള്ള ശലഭത്തെ തിരഞ്ഞു നടക്കുന്ന ഒരാളുണ്ടായിരുന്നു. "ഞാൻ മരിച്ചു പോയ സൂര്യനാണ്; ശലഭമല്ല. നോക്കൂ, എനിക്ക് നിഴലില്ല. സെമിത്തേരിയിൽ എനിക്ക് ഭൂതക്കണ്ണുണ്ട്. ഞാനയാൾക്ക് പിടികൊടുക്കില്ല," ഓറഞ്ച് ശലഭം എന്നോട് പറഞ്ഞു.

പതിമൂന്ന് എന്ന സംഖ്യയാണ് കഥ നിറയെ. അത് ദൗർഭാഗ്യത്തിൻ്റെ സംഖ്യയാണെങ്കിലും ഈ പുസ്തകത്തിലെമ്പാടും വാഗ്ദാനങ്ങളുമുണ്ട്. കഥ പറയുന്നവർ എല്ലായ്പോഴും നൽകുന്നതാണത്; കുറെ കഥകൾ എപ്പോഴെങ്കിലും പറയാമെന്നത്.

ശലഭം ഹെൻട്രി എന്നയാളുടെ കഥ അങ്ങനെയാണ് അന്ന് വൈകിട്ട് ഞാൻ എഴുതിയത്. ഈ പുസ്തകം വായിച്ചതിന് ശേഷമാണ് എല്ലാ ദിവസവും എവിടേയും ശലഭങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. കുട്ടിക്കാലത്ത് കഥയിലെ ശലഭങ്ങളെ തിരഞ്ഞല്ല, കൂടുതൽ മാർക്കു കിട്ടാൻ, പരീക്ഷയിൽ തോൽക്കാതിരിക്കാൻ പൊട്ടക്കിണറ്റിലെ പൊന്മാനെ തേടി നടന്ന ഒരു കുട്ടിയെ എനിക്കറിയാം. ഞാനാണത്. സഞ്ജയൻ്റെ കഥ വായിച്ച ആ ദിവസങ്ങളിലൊക്കെ രാത്രിയിൽ അച്ഛൻ വന്നു. നിഴൽ പിരിഞ്ഞു. ഞെട്ടി ഉണർന്നു. വെളിച്ചമിട്ട് കണ്ണടച്ച് സൂര്യനെ തിരഞ്ഞു; ചന്ദ്രനെയും. ചന്ദ്രക്കലയിലെ ശലഭം കൺപോളകൾക്കുള്ളിൽ വീണു ചിറകടിച്ചു.

പതിമൂന്ന് എന്ന സംഖ്യയാണ് കഥ നിറയെ. അത് ദൗർഭാഗ്യത്തിൻ്റെ സംഖ്യയാണെങ്കിലും ഈ പുസ്തകത്തിലെമ്പാടും വാഗ്ദാനങ്ങളുമുണ്ട്. കഥ പറയുന്നവർ എല്ലായ്പോഴും നൽകുന്നതാണത്; കുറെ കഥകൾ എപ്പോഴെങ്കിലും പറയാമെന്നത്. എന്നാൽ ചിറകുള്ള ഒരു പെൺകുട്ടിയെക്കുറിച്ച് പറയുന്ന ഇടത്തിൽ മാത്രം ഒരു കഥ പറയാനുണ്ട്. ആ കഥ അയാൾ ആരോടും പറയാനിഷ്ടപ്പെടുന്നില്ല എന്നതും പറയുന്നുണ്ട്. അത് സഞ്ജയൻ്റെ ഏറ്റവും വലിയ രഹസ്യമാവും. ഒരാൾ ആരോടും പറയാത്ത ഒരേയൊരു രഹസ്യം അയാളുടെ പ്രണയമോ മരണമോ അല്ലാതെന്ത്?

"ചിത്രകഥയിലെ അവൻ്റെ ഭൂതങ്ങൾ " എന്ന നോവലിൽ വളരെ കുറച്ച് മനുഷ്യർ മാത്രമേ കഥാപാത്രങ്ങളായി വന്നു പോകുന്നുള്ളു എന്നതും പ്രത്യേകതയാണ്. അതിനേക്കാളുപരി വീടുകളും കൂടാരങ്ങളുമടക്കമുള്ള അചേതനങ്ങളായ നൂറുകണക്കിന് വസ്തുക്കളും മരങ്ങളും നദികളും പക്ഷിമൃഗാദികളും കഥാഗതി നിർണയിക്കുന്ന സജീവ പാത്രങ്ങളാണ്. എങ്ങനെയാണ് ഒരാൾക്ക് ഇങ്ങനെ വിചിത്ര സുന്ദരമായ മാജിക് റിയലിസത്തിൽ, കാവ്യഭാഷയിൽ കഥ പറയാൻ പറ്റുക? ഇത് ഇതുവരെ വായിച്ച, പരിചയിച്ച കഥാകഥന രീതിയേയല്ലിത്.

പതിമ്മൂന്ന് അധ്യായങ്ങൾ വീതമുള്ള രണ്ടു ഭാഗങ്ങളാണ് ഈ നോവൽ. കഥയിൽ ഉടനീളം നൂറുകണക്കിന് രേഖാചിത്രങ്ങളുണ്ട്. ഈ ചിത്രങ്ങൾ കഥയ്ക്ക് കുറുകെ വേറൊരു കഥ പറയുന്നു. ഭിത്തിയിലും ആകാശത്തും ശൂന്യതയിലും പ്രതലങ്ങളിലും ചിത്രങ്ങൾ കാണുന്ന ഒരുവൾക്ക് ഈ ചിത്രകഥ അതിനാൽ ഒരു കഥയല്ല; ഒരായിരം കഥകളാണ്. സഞ്ജയൻ്റെ കഥയ്ക്ക് സമാന്തരമായി കുറഞ്ഞത് ഒരു പേജിൽത്തന്നെ പതിമ്മൂന്ന് കഥകളെങ്കിലും കുതുകികൾക്ക് വീണ്ടും കണ്ടെടുക്കാം. കൂടാതെ ഓരോ അധ്യായത്തിലും ലോകോത്തര കവിതാ വരികളുടെ സ്വതന്ത്ര ഭാവനാ വ്യാപാരങ്ങളുണ്ട്. ഈ കഥയിൽ ചേർക്കാൻ വേണ്ടി എഴുത്തുകാരൻ വിവിധ ലോക ഭാഷകളിലുള്ള ആയിരം കവിതയെങ്കിലും വായിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

പുസ്തകം അച്ചടിമഷി പുരണ്ട് കയ്യിലെത്തിയ ഈ മഴക്കാലത്ത് ചിത്രവായനയിൽ കഥ തെളിയിച്ചെടുക്കാനാണ് ശ്രമിച്ചത്. കാരണം, ഏതു കാര്യവും ചിത്രങ്ങളായാണ് ആദ്യം മനസിൽ പതിയുക. ആ ചിത്രങ്ങളിൽ നിന്നാണ് എഴുത്തുകൾ വരിക.

പുസ്തകം അച്ചടിമഷി പുരണ്ട് കയ്യിലെത്തിയ ഈ മഴക്കാലത്ത് ചിത്രവായനയിൽ കഥ തെളിയിച്ചെടുക്കാനാണ് ശ്രമിച്ചത്. കാരണം, ഏതു കാര്യവും ചിത്രങ്ങളായാണ് ആദ്യം മനസിൽ പതിയുക. ആ ചിത്രങ്ങളിൽ നിന്നാണ് എഴുത്തുകൾ വരിക. നോവലിസ്റ്റും കഥാനായകൻ സഞ്ജയനും കഥ വായിക്കുന്ന ഈയുള്ളവളും കുട്ടിക്കാലത്ത് അച്ഛൻ കൊടുത്ത കഥകളും പുസ്തകങ്ങളും വായിച്ച്, അതിൽ ലോകം പരുവപ്പെടുത്തി വളർന്നിട്ടും വളരാനാഗ്രഹിക്കാത്ത നിസ്സഹായരായ കുട്ടികളാണ്. മൂവരുടെയും അച്ഛന്മാരാവട്ടെ, മുഴുവൻ കഥകളും പറഞ്ഞു തരാതെ, പുസ്തകം മാത്രം തന്ന് വെള്ളപ്പൂക്കൾ മാത്രമുണ്ടാകുന്ന മരത്തിന് ചുവട്ടിലേക്ക് എന്നേയ്ക്കും വിശ്രമിക്കാനും പോയി. പിന്നീട് പറഞ്ഞു തരാമെന്നു പറഞ്ഞ് അച്ഛൻ ബാക്കി വെച്ച കഥകളാണോ, സഞ്ജയൻ കഥയിലെമ്പാടും പറയാതെ വാഗ്ദാനം ചെയ്യുന്നവ? അറിയില്ല. പറയുന്ന എല്ലാ കഥകളുടേയും ബാക്കി വായനക്കാർ പൂരിപ്പിക്കണമെന്നമെന്നാകും പക്ഷേ ഭാവനാശാലിയും ചിത്രകാരനും വായനക്കാരനുമായ നോവലിസ്റ്റ് ഉദ്ദേശിച്ചത്. കലയുടെ പരമാർത്ഥം നിഗൂഢതയാണല്ലോ; നിഴലിൽ മാത്രം തുടിക്കുന്ന നമ്മുടെയൊക്കെ ജീവിതത്തിൻ്റേയും.

അച്ഛൻ കൊടുത്ത കഥകളിലൂടെ വളർന്ന്, ലോകത്തെ കാണുന്ന സഞ്ജയൻ നേർക്കുന്ന ലോകം പക്ഷേ യാഥാർത്ഥ്യങ്ങളുടേയും ക്രൂര അഴിമതികളുടേതും അവിഹിത വേഴ്ചകളുടേതുമാണ്. അയാളാവട്ടെ, ഭിന്നശേഷിക്കാരനും നിസ്സഹായനുമാണ്. കഥകളിലും ചിത്രങ്ങളിലും ജീവിക്കുന്ന അയാളുടെ നീതിയുക്തവും നിശ്ശബ്ദവുമായ അരികുജീവിതം സത്യത്തെ നേർക്കുന്ന വിധം, അധികാരത്തിൻ്റെ പുളപ്പിൽ നദി മാറ്റിയൊഴുക്കാനും നദി വിറ്റ് ലാഭമുണ്ടാക്കാനും ജീവിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. ലോകാരംഭം മുതലുള്ള അന്യായ തുറങ്കലടക്കലിന് സഞ്ജയനും വിധേയപ്പെടേണ്ടി വരുന്നു.

അച്ഛൻ കൊടുത്ത കഥകളിലൂടെ വളർന്ന്, ലോകത്തെ കാണുന്ന സഞ്ജയൻ നേർക്കുന്ന ലോകം പക്ഷേ യാഥാർത്ഥ്യങ്ങളുടേയും ക്രൂര അഴിമതികളുടേതും അവിഹിത വേഴ്ചകളുടേതുമാണ്. അയാളാവട്ടെ, ഭിന്നശേഷിക്കാരനും നിസ്സഹായനുമാണ്.

കഥയിൽ സഞ്ജയൻ എഴുതുന്നില്ല. അധികം സംസാരിക്കുന്നില്ല. ചിരിക്കുന്നില്ല. കോപിക്കുന്നില്ല. എന്നാലോ കരയുന്നുണ്ട്. പേടിയും പ്രതിരോധവും തീർക്കുന്നത് ചിത്രങ്ങൾ വരഞ്ഞാണ്. മൗനമാണ് അയാളുടെ ഭാഷ. പേടി വരുമ്പോൾ അയാൾ വരക്കുന്ന മഴ കരച്ചിൽ പോലെ പെയ്യുന്നതാണ്. കുട്ടിക്കാലത്ത് സങ്കടം വരുമ്പോൾ ഒറ്റക്കിരുന്ന് ചിത്രങ്ങൾ വരച്ചിരുന്ന അങ്ങനൊരു കുട്ടി ഞാനായിരുന്നത് കൊണ്ട് അയാളെ എനിക്ക് മനസിലാവും. ഏത് ചുഴലിക്കാറ്റാണ് സങ്കടം മറയ്ക്കാൻ ചിത്രങ്ങൾ വേണ്ടാ എന്നു പറഞ്ഞ് എഴുത്തിൻ്റെ ലോകത്തേക്ക് പിന്നീട് മറിച്ചിട്ടത് എന്നറിഞ്ഞുകൂടാ. ഉള്ളിലുറഞ്ഞ കഥകൾ പറിച്ചെടുത്ത് വിൽക്കാനാവുമെന്ന്, തിളക്കുന്ന സങ്കടങ്ങൾക്ക് രുചിയുടെ നിറം കൊടുത്ത് എഴുതിയവ വിൽക്കുന്നത്, മരിച്ചു പോയതറിയാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നവർക്ക് കഥകൾ വേണമെന്ന് അറിയാവുന്നത് കൊണ്ടു കൂടിയാവുമെന്ന് ഈ കഥ വായിച്ചപ്പോൾ തോന്നിപ്പോയി.

പുസ്തകം നിറയെ നേരത്തെ പറഞ്ഞ പോലെ ലോകോത്തര കവിതകളാണ്.അതിൽ ഉദ്ധരിച്ചിരിക്കുന്ന Gabriela Mistral ൻ്റെ കവിതാ വരികൾ ഇതാണ്;

"And women who think they’re alive

And don't know that they were dead

Ask for stories every night ".

ഇത് വായിച്ചപ്പോൾ സങ്കടം വന്നത്, കഥകൾ കേട്ടു വളർന്ന ഞാനെന്ന കുട്ടിയ്ക്ക് കഥകൾ പറഞ്ഞു തരാൻ അച്ഛനില്ലാതായപ്പോൾ, ജീവിച്ചിരിക്കുന്നു എന്നുറപ്പുവരുത്താൻ എല്ലാ രാത്രിയും കഥകൾ എഴുതേണ്ടി വന്നല്ലോ എന്നോർത്തു കൂടിയാണ്. കഥകൾ പറഞ്ഞു തരാൻ ആരുമില്ലാത്തവരാണ്, അനാഥരാണ് കഥകൾ ഉണ്ടാക്കുന്നവർ.

ഒരു കഥ വേറൊരു ഭാഷയിലേക്ക് മാറ്റുമ്പോഴതിൽ ഭൂതങ്ങൾ കയറിപ്പറ്റും. കഥകളെ വിശ്വസിക്കരുത് എന്ന് പുസ്തകത്തിൽ പറയുന്നത് ചിന്തിപ്പിച്ചു. സത്യമാണ്. മനസിൽ ചിത്രങ്ങളിൽ കണ്ട കഥകൾ എഴുത്തിൻ്റെ ഭാഷയിലേക്ക് മാറ്റുമ്പോൾ എത്ര മാറ്റങ്ങൾ വരുന്നുണ്ടാവും. എത്ര ഭൂതങ്ങളവയിൽ കയറുന്നുണ്ടാവും.

ഒരാളുടെ കണ്ണീർ, പാത്രത്തിൽ നിറഞ്ഞാണ്, അത് ഉറഞ്ഞു കട്ടിയായാണ് കണ്ണാടി ഉണ്ടായത് എന്ന വായനയിൽ തടഞ്ഞു മുങ്ങി പോയി. കണ്ണാടിയിൽ സൂര്യൻ വീണാലോ എന്ന ഭാവന വന്നു. അവിടെ, സൂര്യൻ വീണ കണ്ണാടിയിൽ നിന്നും നദിയുണ്ടാകുന്നു. നദിയോരത്തുകൂടി ജാഥ പോകുന്നു. നദിയിൽ വീണ മരച്ചില്ലയിൽ ഉറുമ്പുകൾ വരി വെച്ച് നടക്കുന്നു. മത്സ്യങ്ങൾ ജലോപരിതലത്തിലേക്ക് എത്തിക്കുത്തുന്നു. അവ ചിറകു വെച്ച പെൺകുട്ടികളായി കരയുന്നവൻ്റെ നെഞ്ചിൽ ഉമ്മ വെയ്ക്കാൻ മുട്ടുകുത്തി കുനിഞ്ഞിരിക്കുന്നു. നക്ഷത്രപ്പക്ഷികൾ ജലപാളിയിലേക്ക് മുങ്ങാങ്കുഴിയിടുന്നു. എട്ടുകാലിയും പല്ലിയും മരയോന്തും കൂടി നദിയിൽ തൂക്കിയിട്ട തത്ത കൂട്ടിൽ കാറ്റാടി പറത്തുന്നു. തത്തകളെവിടെ? തത്തകളില്ല. പൂവൻകോഴികളും, മുട്ടകളും, ഭ്രാന്തൻ നായയുമില്ല. അവ ഒരുവൾ ആകെ നനഞ്ഞു നിന്നു പറഞ്ഞ കള്ളക്കഥയിൽ പെട്ടുപോയ നിഴലില്ലാത്ത മരണമായിരുന്നു, മരണം മാത്രം.

മരിച്ചവരാണ് മൂങ്ങയുടേയും കടവാതിലിൻ്റേയും രൂപത്തിൽ വന്ന് നമ്മളോട് സംസാരിക്കുന്നതെന്ന്, മരിച്ചവരുടെ ഏകാന്തത ജീവിച്ചിരിക്കുമ്പോൾ അറിയുന്ന ഒരാൾക്കേ എഴുതാൻ കഴിയുകയുള്ളു.

കണ്ണീർ കൊണ്ടുണ്ടാക്കി കണ്ണാടി നിർമ്മിച്ച കഥയിൽ സഞ്ജയനൊപ്പം അയാളുടെ മനുഷ്യർക്കൊപ്പം ഞാനും ദുർബലമായി പ്രതിരോധിച്ചു. ഉറുമ്പിനെപ്പോലെ നീങ്ങി. സഞ്ജയൻ, അയാളുടെ അച്ഛനമ്മമാർ, അയാൾക്ക് പുസ്തകം വെറുതെ കൊടുക്കുന്ന കച്ചവടക്കാരൻ, മേഘ എന്ന സുഹൃത്ത്, അവളുടെ മദ്യപനും വാദ്യസംഗീതം വായിക്കുന്നയാളുമായ അച്ഛൻ, രണ്ടു മുഖങ്ങളുള്ള അവളുടെ മരിച്ചു പോകുന്ന കുട്ടി, ഭ്രാന്തൻ ജോസഫ്, അയാളുടെ മകൾ അന്ന, ഇക്ബാൽ, കാറ്റാടിക്കാരൻ, തുടങ്ങി എത്രയോ ചുരുക്കം സംസാരം കുറഞ്ഞ നിർമമരായ മനുഷ്യരാണ് ഇതിൽ വന്നു പോകുന്നത്.

മരിച്ചവരാണ് മൂങ്ങയുടേയും കടവാതിലിൻ്റേയും രൂപത്തിൽ വന്ന് നമ്മളോട് സംസാരിക്കുന്നതെന്ന്, മരിച്ചവരുടെ ഏകാന്തത ജീവിച്ചിരിക്കുമ്പോൾ അറിയുന്ന ഒരാൾക്കേ എഴുതാൻ കഴിയുകയുള്ളു. തുടച്ചു നീക്കുന്നതു കൊണ്ടാണോ മരണത്തിന് കഥയിൽ ചൂലിൻ്റെ രൂപം കൊടുത്തതെന്നറിയില്ല.

കുപ്പായത്തിൽ നഷ്ടപ്പെട്ട സ്നേഹങ്ങളുടെ വാൽനക്ഷത്രങ്ങളുള്ള, ഏകാന്തതയുടെ അഞ്ഞൂറ് വർഷം പ്രായമുള്ള, ഫെബ്രുവരിക്ക് 30 ദിവസമുള്ള കാലത്ത് ജീവിച്ചിരുന്ന കാറ്റാടിക്കാരനെ സൃഷ്ടിക്കാൻ കഴിഞ്ഞതും മരിച്ചവരുടെ ഏകാന്തതയിൽ, ജീവിച്ചിരുന്ന് കഥ പറയാൻ കഴിഞ്ഞതുകൊണ്ടാണ്. ഒറ്റയ്ക്കാവുക എന്നാൽ മരണമാണെന്ന് സഞ്ജയൻ പറയുന്നുണ്ടല്ലോ. അങ്ങനെ വായിച്ചപ്പോൾ അത് കാറ്റാടിക്കാരനല്ല, കാറ്റാടിക്കാരിയാണ്, ഞാനാണെന്ന് മനസിലായി. കഥയോടത് കരഞ്ഞുപറഞ്ഞു. ആരും കേട്ടില്ല. കാരണം പിന്നിട്ടതും വരാൻ പോകുന്നതുമായ ജന്മങ്ങളിൽ ഒറ്റ ജന്മം ജീവിക്കുന്ന ഒരുവളായതിനാൽ കാളവണ്ടിയായിരുന്ന ഒരു കാലം ഓർമ്മ വന്നു. പിന്നീട് മറ്റെന്തൊക്കെയോ ആയ ഞാൻ വാറ്റുകാരനല്ല വാറ്റുകാരിയായത് കഥയിൽ പറഞ്ഞ പോലെ ഒറ്റയ്ക്കിരിക്കാനാണ്. ഒടുവിൽ കാറ്റാടിക്കാരൻ പുകയായി മാറിയ കഥ അങ്ങനല്ല. അതൊരു ആൺ പാവയായിരുന്നു. ലിംഗഭേദമില്ലാതെ സ്വകീയത തോന്നിപ്പിക്കുന്ന വായനാനുഭവത്തിൽ നിങ്ങൾ സ്വത്വം കണ്ടെത്തുകയാണ്.

ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസം ജീവിതം നിറയെ കഥകളും മരണത്തിലത് ഇല്ലാത്തതെന്നുമെന്നും സഞ്ജയൻ തിരിച്ചറിയുന്നുണ്ട്. ഒരു കുട്ടിയുടെ നിസ്സഹായതയും, മരണവും രണ്ടു മുഖവുമാണ് കഥയിൽ തെളിഞ്ഞു വരുന്ന മറ്റൊരു കഥ. സഞ്ജയൻ്റെയുള്ളിൽ കഥകളിൽ നിന്നും വളരാൻ മടിയുള്ള കുട്ടിയുണ്ടല്ലോ. പുസ്തകത്തിൽ ഒരിടത്ത് പരാമർശിക്കുന്ന In order to talk with the Dead എന്ന Jorge Teillier കവിത എന്നെ കരയിച്ചു. അതിങ്ങനെയാണ്:

"On the root of the neighbouring house

Rots a ball of rags left by a dead child "

കുട്ടി, മുതിർന്നവരുടെ ധാർഷ്ട്യങ്ങളുടെ ലോകത്ത് ദുർബലനാണ്. മുതിർന്നവർ കെട്ടിയ തടങ്കൽ മതിലിനകത്ത്, കറുത്ത തൂവാലയിൽ വരച്ച വീട്ടിൽ അവനും അമ്മയും കത്താൻ തുടങ്ങിയ ഭാഗം ഓർത്തത്, കുഞ്ഞുമായി അവൻ്റെ സ്ക്കൂൾ വരാന്തയിലൂടെ താമസിച്ച് അവൻ്റെ ക്ലാസിലേക്ക് നടന്ന പ്പോഴാണ് .ഇൻ്റർവെൽ സമയമായിരുന്നു. കൈവിട്ടാലവൻ മഴവെള്ളത്തിലേക്ക് ചാടും. ഉടുപ്പിലും കാലിലും ചെളിയാവും. അത് സാരമില്ലെന്നാണ് കഥകളിൽ മരിച്ചു ജീവിക്കുന്ന അമ്മയ്ക്ക്. പക്ഷേ യഥാർത്ഥ ലോകം ജീവിച്ച് മരിച്ച് തിരിച്ചുവരാത്തവരുടേതാണല്ലോ. കുട്ടി കൈവിടുവിച്ചു ചെളിവെള്ളത്തിലേക്ക് ചാടി.വെള്ളത്തിൽ നിന്നും വാൽനക്ഷത്രത്തിൻ്റെ മുഖമുള്ള കിളി പറന്ന് പോയി. അത് ചിറകടിച്ചപ്പോൾ പതിമൂന്ന് കിളികൾ ഒപ്പം പറന്നു. ചെളിവെള്ളം വീണ ഉടുപ്പുമായി കുട്ടി ഗ്രൗണ്ടിലൂടെ ചിരിച്ചു കൊണ്ടോടി. നഗരസഭാധ്യക്ഷൻ്റെ കുറിയ രൂപമുള്ള മുതിർന്ന ക്ലാസുകാരൻ, കുട്ടിയെ ചങ്ങല കെട്ടിയ പോലെ മുന്നിൽ നിന്ന് തടഞ്ഞു ശകാരിച്ചു. വെളുത്ത മരം പോലെ വരാന്തയിൽ തടഞ്ഞു നിന്നു പോയ അമ്മയെ അവൻ കണ്ടതില്ല. അമ്മയാവട്ടെ മഴനൂലിൽ വരിവെച്ച് നീങ്ങുന്ന ഉറുമ്പുകളെ നോക്കി, പുസ്തകത്തിൽ സഞ്ജയൻ പറഞ്ഞതോർത്തു. "മരിച്ചവനായി തടവിൽ കിടക്കുമ്പോഴാണ് ഒരുവൻ ഏറ്റവും വലിയകഥപറച്ചിലുകാരനായിത്തീരുന്നത്."

ജയകൃഷ്ണൻ
ജയകൃഷ്ണൻ

മഴയിൽ കുട്ടിക്ക് ചുറ്റും മുതിർന്ന കുട്ടികൾ കൂടി നിന്ന് സംസാരിക്കാനാവാത്ത അവനെ ശകാരിക്കയും കളിയാക്കുകയുമാണ്. അമ്മ കഥയിലെ സഞ്ജയനെപ്പോലെ, ചീവീടുകളെപ്പോലെ, തവളയെപ്പോലെ, പന്നിയെപ്പോലെ, എരണ്ടയെപ്പോലെ അവിടെ നിന്ന് കരഞ്ഞു.

അമ്മ കരയുന്നത് കണ്ട് ഇലകൾ പക്ഷികളായി പറന്നു പോകും പോലെ മുതിർന്ന കുട്ടികൾ ഓടിപ്പോയി. ചെളി പുരണ്ട കുട്ടിയുമായി അമ്മ, ദൈവത്തെ പുസ്തകത്തിലെ ഒരു കവിതയിലൂടെ ഇങ്ങനെ വിളിച്ചു. ''I scream your name in a strange thirst..."

ഒരു പുസ്തകം വായിച്ചിട്ട് ഇങ്ങനൊരനുഭവം ആദ്യമായാണ്. ഓരോ വായനയിലും ഓരോ അർത്ഥം. ഓരോ വരിയിലും കഥകൾ തിരഞ്ഞു നടന്ന കഥയിലൊളിച്ചു ജീവിക്കുന്ന ഒരുവൾക്ക് പരകായപ്രവേശം. കാലിക വ്യവസ്ഥകളോട്, സത്യസന്ധനായ ഒരാളുടെ ആന്തരിക ലോകത്തിൻ്റെ ഏകാന്തവും ദുർബലവുമായ പ്രതിരോധത്തെ ഇത്ര സുന്ദരമായി ആവിഷ്ക്കരിച്ച മറ്റൊരു പുസ്തകം ഓർമ്മയിലില്ല. കഥയിലെ പെൺകുട്ടികൾക്കെല്ലാം ചിറകുവെച്ചു കൊടുക്കുന്ന ഭാവന എത്ര ദൈവികമാണ്.

വായനാനുഭവം വ്യക്തിപരമായി ചുരുക്കി പറയാൻ ശ്രമിച്ചതാണ്. നീണ്ടുപോയി. "ചിത്രകഥയിൽ അവൻ്റെ ഭൂതങ്ങൾ " വായിച്ചു തീരാൻ സാധിക്കുന്നില്ല. കാരണം, കഥ തീരുമ്പോൾ തിരിച്ചു ചെല്ലേണ്ടയിടം ജീവിതമാണ്. അതാവട്ടെ കഥയിലും ചിത്രങ്ങളിലും ജീവിക്കുന്ന ഒരുവൾ എന്നോ മരിച്ചു പോയ ഒരിടവുമാണല്ലോ!

logo
The Fourth
www.thefourthnews.in