ദൈവത്തിന്റെ 'ചോയ്‌സ്', നിശ്ചയദാർഢ്യത്തിന്റെയും 

ദൈവത്തിന്റെ 'ചോയ്‌സ്', നിശ്ചയദാർഢ്യത്തിന്റെയും 

പ്രമുഖ വ്യവസായിയും ചോയ്‌സ് ഗ്രൂപ്പ് ഉടമയുമായ ജോസ് തോമസിന്റെ ബിസിനസ് ജീവിതം ഒരു സിനിമ കഥ പോലെയാണ്. ആ ജീവിതത്തിലെ ഉയർച്ച താഴ്ചകൾ ചർച്ച ചെയ്യുകയാണ് വിനോദ് മാത്യു രചിച്ച ബൈ ചോയ്‌സ് എന്ന പുസ്തകം  

ഏതാണ്ട് 30 വർഷം മുൻപ്, ഇന്ത്യ ഉദാരവൽക്കരണത്തിന്റെ ആകാശത്തിൽ ചിറക് വിടർത്തി പറന്നു തുടങ്ങിയപ്പോൾ മുപ്പതുകളുടെ ആവേശവും സാഹസികതയും നിറഞ്ഞു തുളുമ്പുന്ന ചെറുപ്പക്കാരനായിരുന്നു കൊച്ചിയിലെ ജോസ് തോമസ്. കയറ്റുമതി, കൺസ്ട്രക്ഷൻ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ചോയ്‌സ് ഗ്രൂപ്പിന്റെ ഉടമയായ അദ്ദേഹം തന്റെ സ്വപ്നങ്ങൾക്ക് പരിധിയില്ലെന്ന് ആത്മാർഥമായി വിശ്വസിച്ചു. ഉദാരവൽക്കരണത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വ്യോമയാന രംഗത്ത് ഒരു കൈ നോക്കാൻ അദ്ദേഹം തീരുമാനിച്ചു. ഡെന്മാർക്കിലെ മേഴ്‌സ്‌ക് എയറുമായി (Maersk Air) ചേർന്ന് ചോയ്‌സ് എയർ സ്ഥാപിച്ച് ടാറ്റയോടും ജെറ്റ് എയർവേസിനോടും ഒക്കെ മത്സരിച്ച് രാജ്യത്തെ ആദ്യ തലമുറ സ്വകാര്യ എയർലൈൻ ആകാനായിരുന്നു പദ്ധതി. 

പുതിയ ഓഫീസുകൾ സജ്ജീകരിക്കുകയും വിമാനങ്ങൾ പാട്ടത്തിനെടുക്കുകയും പൈലറ്റുമാരെയും എയർ ഹോസ്റ്റസുമാരെയും നിയമിക്കുകയും ഒക്കെ ചെയ്ത് ലൈസൻസിനായി കാത്തിരിപ്പ് തുടങ്ങി. എന്നാൽ ഡൽഹിയിലെ ചില അട്ടിമറികളെ തുടർന്ന് ചോയ്‌സ് എയറിന് എയർ ടാക്സി ലൈസൻസ് ലഭിച്ചില്ല. 1994-ൽ ആ സ്വപ്നത്തിന്റെ അപ്രതീക്ഷിത അന്ത്യം ജോസ് തോമസിനുണ്ടാക്കിയത് 90 കോടി രൂപയുടെ നഷ്ടമാണ്. ചോയ്‌സ് ഗ്രൂപ്പിലെ മറ്റു കമ്പനികൾക്ക് ഈ സംഭവത്തെ തുടർന്നുണ്ടായ നഷ്ടം കൂടെ കണക്കിലെടുത്താൽ നഷ്ടം 300 കോടി രൂപ വരുമെന്ന് ജോസ് തോമസ് പറയുന്നു. 

പുസ്തകത്തിന്റെ കവർ
പുസ്തകത്തിന്റെ കവർ

ഇത്തരം തിരിച്ചടികളിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്ത് എഴുന്നേറ്റാണ് ജോസ് തോമസ് എന്ന ജെ ടി ഇന്ത്യയിലും അമേരിക്കയിലും യൂറോപ്പിലും വിപുലമായ ബിസിനസ് സംരംഭങ്ങളുള്ള ബ്രാൻഡ് ആയി ചോയ്‌സ് ഗ്രൂപ്പിനെ വളർത്തിയത്. ബൈ ചോയ്‌സ്: ദി അൺകൺവെൻഷനൽ സ്റ്റോറി ഓഫ് ജോസ് തോമസ് (By Choice: The Unconventional Story of Jose Thomas) എന്ന പുസ്തകത്തിൽ വിനോദ് മാത്യു എഴുതുന്നത് ചെങ്കുത്തായ കയറ്റങ്ങളും ആഴമറിയാത്ത ചുഴികളും നിറഞ്ഞ ജോസ് തോമസിന്റെ ജീവിതമാണ്. ആ പ്രതിസന്ധികൾ പ്രായോഗിക ബുദ്ധിയോടെ അദ്ദേഹം തരണം ചെയ്തത് എങ്ങനെയെന്നും പുസ്തകം വിശദമാക്കുന്നുണ്ട്. ആ അർത്ഥത്തിൽ ബിസിസിനസുകാർക്കും എം ബി എ വിദ്യാർത്ഥികൾക്കും ഏറ്റവും ഉപകരിക്കുന്ന കൈപ്പുസ്തകങ്ങളിൽ ഒന്നായി ബൈ ചോയ്‌സ് മാറാൻ സാധ്യതയുണ്ട്.

“നമ്മൾ വായിക്കുന്ന പ്രമുഖരുടെ ജീവ ചിത്രങ്ങൾ മിക്കതും അതിമാനുഷ കഥകളാണ്. അതിൽ ഒരു മാറ്റം വേണമെന്ന് തോന്നി. ഈ പ്രൊജക്റ്റ് ചർച്ചയായപ്പോൾ തന്നെ വീഴ്ചകളും ദുഖങ്ങളുമെല്ലാം തുറന്നുപറയുന്ന ഒരു ജീവിത കഥയാവും കൂടുതൽ ആത്മാർത്ഥവും സമൂഹത്തിനു കൂടുതൽ ഗുണപ്രദവുമെന്നു ഞാൻ നിർദേശിച്ചിരുന്നു. ജെ ടി അത് തുറന്ന മനസോടെ അംഗീകരിച്ചതിനാലാണ് ബൈ ചോയ്‌സ് ഈ രൂപത്തിൽ യാഥാർഥ്യമായത്,” മൂന്ന് പതിറ്റാണ്ടിലേറെ പത്രപ്രവർത്തകനും പതാധിപരുമായി ജോലി ചെയ്തിരുന്ന വിനോദ് മാത്യു ‘ദ ഫോർത്തി’നോട് പറഞ്ഞു. 

ന്യൂയോർക്കിലെ പുസ്തക പ്രകാശന ചടങ്ങിൽ ജോസ് തോമസും വിനോദ് മാത്യുവും
ന്യൂയോർക്കിലെ പുസ്തക പ്രകാശന ചടങ്ങിൽ ജോസ് തോമസും വിനോദ് മാത്യുവും

കേരളം ഒട്ടും നിക്ഷേപ സൗഹൃദമല്ലെന്ന് കരുതപ്പെട്ടിരുന്ന കാലത്താണ് കയറ്റുമതി, കൺസ്ട്രക്ഷൻ, വിദ്യാഭ്യാസ മേഖലകളിലെല്ലാം ജോസ് തോമസ് പുതിയ സംരംഭങ്ങൾക്ക് തുടക്കമിടുന്നത്. അതിസാഹസികമായ പല നീക്കങ്ങളും തന്റെ ബിസിനസ് സംരംഭങ്ങളുടെ വിജയത്തിനായി അദ്ദേഹം നടത്തുന്നുണ്ട്. പലതും വിജയിച്ചു; ചിലതൊക്കെ തകർന്നു തരിപ്പണമായി.

“പഴയ പരാജയങ്ങളുടെ കഥകൾ ഓർത്തെടുക്കുന്നത് ജെ ടിയെ സംബന്ധിച്ച് വിഷമകരമായ പ്രക്രിയയിരുന്നു. പലപ്പോഴും മണിക്കൂറുകൾ നീണ്ട സൂം മീറ്റിംഗുകളിൽ കഥകൾ പറഞ്ഞു തീർക്കാതെ അടുത്ത ദിവസത്തിലേക്ക് മാറ്റിവയ്‌ക്കേണ്ടി വന്നു. വൈകാരികമായ ഒരു വെല്ലുവിളി തന്നെയായിരുന്നു അത് അദ്ദേഹത്തിന്,” വിനോദ് മാത്യു പറഞ്ഞു. ബിസിനസ് റിപ്പോർട്ടർ ആയി കരിയർ തുടങ്ങി പിന്നീട് ഇന്ത്യൻ എക്സ്പ്രസ്, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രങ്ങളുടെ റസിഡന്റ് എഡിറ്ററായി സേവനമനുഷ്ഠിച്ച വിനോദ് തന്റെ പത്രപ്രവർത്തന പരിചയം വിഷമകരമായ കഥകൾ പോലും ജെ ടിയെ കൊണ്ട് പറയിക്കാൻ സഹായകമായെന്നു പറഞ്ഞു. 

ന്യൂയോർക്കിലെ പുസ്തക പ്രകാശന ചടങ്ങിൽ വിനോദ് മാത്യു
ന്യൂയോർക്കിലെ പുസ്തക പ്രകാശന ചടങ്ങിൽ വിനോദ് മാത്യു

ഇന്ത്യയിൽ മാത്രമല്ല, ജോസ് തോമസിന്റെ സംരംഭങ്ങൾ പരാജയം നേരിട്ടത്. മൊസാംബിക്കിൽ ഒരു സംരംഭവുമായി എത്തുന്ന അദ്ദേഹം വലിയ തിരിച്ചടിയാണ് അവിടെ നേരിട്ടത്. എന്നാൽ ഇത്തരം സന്ദർഭങ്ങളിലെല്ലാം അതിജീവിക്കാൻ വേണ്ട സഹായവും പിന്തുണയും അദ്ദേഹത്തിന് കിട്ടുന്നുണ്ട്. ഭാഗ്യം ധൈര്യശാലികളെ വേണ്ടവണ്ണം തുണയ്ക്കുമെന്ന പഴഞ്ചൊല്ല് സത്യമാണെന്നു തോന്നിക്കുന്നതാണ് ആ ഇടപെടലുകൾ. എയർലൈൻ സ്വപ്നം തകരുന്ന ജെ ടിയുടെ ജീവിതത്തിലേക്ക് രക്ഷകനായി എത്തുന്നത് അന്ന് കയറ്റുമതി വ്യവസായം സജീവമായി ആരംഭിച്ച ഗുജറാത്ത് വ്യവസായി ഗൗതം അദാനിയാണ്. അതുപോലെയാണ് സുഡാൻ സർക്കാരിൽ നിന്ന് അദ്ദേഹത്തിന് അപ്രതീക്ഷിതമായി ലഭിക്കുന്ന സഹായം. 

ജോസ് തോമസ്
ജോസ് തോമസ്

“പുസ്തകത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ ജെ ടി പറഞ്ഞതാണെങ്കിലും അതിന്റെ വസ്തുതകൾ സ്വതന്ത്രമായി അന്വേഷിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹവുമായും ഈ സംഭവങ്ങളുമായും ബന്ധപ്പെട്ട മറ്റുള്ളവരോടും സംസാരിച്ചാണ് പുസ്തകം തയാറാക്കിയത്. തീർത്തും ജേണലിസ്റ്റിക് ആയ ഒരു പ്രൊജക്റ്റ് ആയാണ് ഞാൻ ഇതിനെ കണ്ടത്,” വിനോദ് മാത്യു പറഞ്ഞു. ന്യൂയോർക്കിൽ ഇൻഡോ അമേരിക്കൻ ആർട്സ് കൗൺസിൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ വച്ച് കഴിഞ്ഞ മാസമാണ് ബൈ ചോയ്‌സ് പ്രകാശനം ചെയ്തത്. ഹാർപ്പർ കോളിൻസിന്റെ സഹോദരസ്ഥാപനമായ ഹാർപർ വിന്റജ് ആണ് പ്രസാധകർ. വില 499 രൂപ 

logo
The Fourth
www.thefourthnews.in