എഴുത്തച്ഛൻ പുരസ്കാരം എസ് കെ വസന്തന്

എഴുത്തച്ഛൻ പുരസ്കാരം എസ് കെ വസന്തന്

അഞ്ചുലക്ഷം രൂപയും ശില്‍പ്പവും മംഗളപത്രവും അടങ്ങുന്നതാണ് പുരസ്‍കാരം

മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്‍കാരമായ എഴുത്തച്ഛന്‍ പുരസ്‍കാരം ഭാഷാ ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ എസ് കെ വസന്തന്. അഞ്ചുലക്ഷം രൂപയും ശില്‍പ്പവും മംഗളപത്രവും അടങ്ങുന്ന പുരസ്‍കാരം സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപിച്ചത്. 89-ാം വയസിലാണ് എസ് കെ വസന്തനെ തേടി പുരസ്കാരമെത്തുന്നത്.

മികച്ച അധ്യാപകൻ, വാഗ്മി, ഗവേഷണ മാർഗദർശി തുടങ്ങിയ നിലകളിലുള്ള സംഭാവനകൾ കൂടി പരിഗണിച്ചാണ് എഴുത്തച്ഛൻ പുരസ്‌കാരത്തിന് ഡോ. വസന്തനെ തിരഞ്ഞെടുത്തത്. ഡോ. അനില്‍ വള്ളത്തോള്‍ ചെയര്‍മാനും ഡോ. ധർമരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി സോമൻ, മെമ്പർ സെക്രട്ടറി സി പി അബൂബക്കർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരനിർണയം നടത്തിയത്.

എഴുത്തച്ഛൻ പുരസ്കാരം എസ് കെ വസന്തന്
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ  മർത്യനു പെറ്റമ്മ തൻ ഭാഷ താൻ

ഉപന്യാസം, നോവൽ, ചെറുകഥ, കേരള ചരിത്രം, വിവർത്തനം എന്നിങ്ങനെ വിവിധ ശാഖകളില്‍ എസ് കെ വസന്തന്റെ രചനകൾ പണ്ഡിതരുടെയും സഹൃദയരുടെയും സജീവമായ ശ്രദ്ധ പിടിച്ചുപറ്റിയിയെന്ന് പുരസ്കാരനിർണയ സമിതി അഭിപ്രായപ്പെട്ടു. ചരിത്രഗവേഷകന്‍, അധ്യാപകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായ വസന്തൻ കാലടി ശ്രീശങ്കര കോളേജിലും പിന്നീട് സംസ്കൃത സർവകലാശാലയിലും അധ്യാപകനായിരുന്നു.

കൂടിയല്ലാ ജനിക്കുന്ന നേരത്തും, കേരള സംസ്‌കാര ചരിത്രനിഘണ്ടു, നമ്മള്‍ നടന്ന വഴികള്‍ എന്നിവയാണ് പ്രധാന രചനകള്‍. 2007-ല്‍ വൈജ്ഞാനിക സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേരള സാംസ്‌കാരികചരിത്ര നിഘണ്ടു എന്ന രചനയ്ക്കായിരുന്നു പുരസ്‌കാരം. 2013 ല്‍ സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമി പുരസ്‌കാരജേതാവുമായിരുന്നു എസ് കെ വസന്തന്‍.

എറണാകുളം ഇടപ്പള്ളി സ്വദേശിയാണ്. കരുണാകര മേനോന്റേയും സരസ്വതി അമ്മയുടെയും മകനായി 1935 നവംമ്പർ 17 നാണ് ജനനം.

logo
The Fourth
www.thefourthnews.in