ജോർജി ഗോസ്പദനോവ്; യുക്രെയ്‌നു വേണ്ടി ശബ്ദമുയർത്തിയ ബള്‍ഗേറിയന്‍ എഴുത്തുകാരന്‍

ജോർജി ഗോസ്പദനോവ്; യുക്രെയ്‌നു വേണ്ടി ശബ്ദമുയർത്തിയ ബള്‍ഗേറിയന്‍ എഴുത്തുകാരന്‍

ബുക്കർ പുരസ്കാരം ലഭിച്ച ടൈം ഷെൽട്ടറിന്റെ രചയിതാവാണ് ജോർജി ഗോസ്പദനോവ്

1989 ന് ശേഷം ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളുടെ രചയിതാവ്, യൂറോപ്യൻ സാഹിത്യത്തിലെ വേറിട്ട ശബ്ദം, ജോർജി ഗോസ്പദനോവിന് വിശേഷണങ്ങള്‍ പലതാണ്. ജോർജിയെ തേടി ബുക്കർ പ്രൈസ് എത്തുമ്പോൾ അത് അദ്ദേഹത്തിന്റെ മാതൃരാജ്യമായ ബൾഗേറിയയുടെ സ്വത്വത്തെയും സംസ്കാരത്തെയും ലോകത്തിന്റെ നെറുകയിലെത്തിലെത്തിച്ചതിനുള്ള അംഗീകാരം കൂടിയാണ്. മാനുഷിക മൂല്യങ്ങളെ ചേർത്തുപിടിച്ച എഴുത്തുകാരനാണ് ജോർജി. അദ്ദേഹത്തിന്റെ ആഖ്യാനങ്ങൾ പലതും സമീപകാല കിഴക്കൻ യൂറോപ്പിന്റെ ഭൂതകാലത്തെയും, ലോകത്തിന്റെ ഉത്കണ്ഠകളെയും അടയാളപ്പെടുത്തുന്നതായിരുന്നു.

നോവലിലേക്ക് കവിതയെ കടത്തിവിടുന്ന അദ്ദേഹത്തിന്റെ ആഖ്യാനശൈലി കാവ്യാത്മകവും ദാർശനികവുമാണ്. ജോർജിയുടെ പുസ്തകങ്ങൾ ജർമ്മൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, ഡാനിഷ്, പോളിഷ്, ടർക്കിഷ്, അൽബേനിയൻ, ഐസ്‌ലാൻഡിക് തുടങ്ങി 25 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

1990കളുടെ തുടക്കത്തിൽ കവിതകൾ എഴുതിക്കൊണ്ടാണ് അദ്ദേഹം എഴുത്തിലേക്ക് പ്രവേശിക്കുന്നത്. 99-ൽ എഴുതിയ 'നാച്ചുറൽ' എന്ന കൃതിയിലൂടെ നോവൽ രചനയിലേക്ക് . അരാജകത്വവും പരീക്ഷണാത്മകവുമായ അരങ്ങേറ്റമെന്നാണ് ഈ നോവലിനെ അമേരിക്കന്‍ സാഹിത്യ മാസികയായ 'ന്യൂയോർക്കർ' വിശേഷിപ്പിച്ചത്. ജർമ്മൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ തുടങ്ങി 21 ഭാഷകളിൽ പ്രസിദ്ധീകരിച്ച നാച്ചുറൽ നോവലിലൂടെ ​ജോർജി അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടി.

2001-ൽ ചെറുകഥകളുടെ സമാഹാരമായ ജോർജി ആൻഡ് അദർ സ്റ്റോറീസ് വായനക്കാർക്കിടയിൽ എത്തി. ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയൻ ഭാഷകളിൽ പുറത്തിറങ്ങിയ ഈ കൃതി ഫ്രാങ്ക് ഓ'കോണർ അവാർഡ് പട്ടികയില്‍ ഇടംപിടിച്ചു. സമകാലിക ഉത്തരാധുനിക നോവലുകളിൽ നിന്നും വ്യത്യസ്തമായാണ് ​ജോർജിയുടെ രചനാ ശൈലി. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവൽ 'ദ ഫിസിക്‌സ് ഓഫ് സോറോ' 2013 ലെ മികച്ച നോവലിനുളള മൂന്ന് ദേശീയ അവാർഡുകൾ നേടിയിരുന്നു. ഇറ്റാലിയൻ, ജർമ്മൻ, സെർബിയൻ, റൊമാനിയൻ ഭാഷകളിലാണ് കൃതി പ്രസിദ്ധീകരിച്ചത്. 2019ൽ തിയോഡോർ ഉഷേവ് ഈ നോവലിനെ അടിസ്ഥാനമാക്കി, ഒരു ആനിമേറ്റഡ് ഷോർട്ട് ഫിലിമും പുറത്തിറക്കിയിരുന്നു. ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും മനസ്സിലാക്കാൻ പാടുപെടുന്ന ഒരു മനുഷ്യൻ തന്റെ ബാല്യകാലത്തെ ഓർത്തെടുക്കുന്ന കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത ആഖ്യാന ശൈലി സ്വീകരിച്ചുകൊണ്ടാണ് ഇവിടെയും ​ജോർജി കഥ പറയുന്നത്.

ജർമ്മൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, ഡാനിഷ് തുടങ്ങിയ ഭാഷകളിൽ പുറത്തിറങ്ങിയ 'ടൈം ഷെൽട്ടർ' 2021ല്‍ വിഖ്യാത പുരസ്കാരമായ സ്ട്രെഗ യൂറോപ്യൻ പ്രൈസ് നേടിയിരുന്നു. ബൾഗേറിയൻ വിവർത്തക ആഞ്ചല റോഡാൽ ടൈം ഷെൽട്ടര്‍ ഇം​ഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ ബുക്കര്‍ പ്രൈസ് ജോർജിയെ തേടിയെത്തിയത്.

പ്രവചനാതീതമായ ശൈലി പിന്‍തുടരുന്ന ടൈം ഷെൽട്ടർ വിവർത്തനം ചെയ്ത് റഷ്യയിൽ വിൽക്കാനുള്ള തീരുമാനം ബൾഗേറിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. യുക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യയെ നിശിതമായി വിമര്‍ശിച്ചയാളാണ്‌ ജോർജി. പുടിൻ വിരുദ്ധനായ ​അദ്ദേഹം കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലെ കിഴക്കൻ യൂറോപ്പിന്റെ ഭൂതകാലത്തെയും ഓർമ്മകളെയുമാണ് തന്റെ കൃതികൾക്ക് ആധാരമാക്കിയിരുന്നത്.

ടൈം ഷെൽട്ടർ പുടിനെ ലക്ഷ്യം വച്ചുകൊണ്ടാണ് എഴുതിയതെന്നും പുടിനും റഷ്യൻ ജനതയും ഇത് വായിക്കണമെന്നും നോവല്‍ പ്രകാശനത്തിനു പിന്നാലെ ​ജോർജി ആവശ്യപ്പെട്ടിരുന്നു. പുടിൻ വിരുദ്ധ നോവലെന്നാണ് ടൈം ഷെൽട്ടറിനെ ​ഗിയോർ​ഗി വിശേഷിപ്പിച്ചത്. യുക്രെയ്ന് മേലുളള റഷ്യയുടെ കടന്നു കയറ്റത്തിന് പിന്നാലെ സാംസ്കാരിക ലോകത്ത്, നിരവധി കലാകാരന്മാരും സംഗീതജ്ഞരും റഷ്യയിൽ നിന്നും അകലം പാലിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ​ജോർജി ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്. റഷ്യയുടെ അധിനിവേശത്തിന് തൊട്ടുപിന്നാലെ, ഹൊറർ ഹെവിവെയ്റ്റ്, സ്റ്റീഫൻ കിംഗ് ഉൾപ്പെടെയുള്ള എഴുത്തുകാർ തങ്ങളുടെ കൃതികൾ റഷ്യയിൽ പ്രസിദ്ധീകരിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

ഗൃഹാതുരമായ ഭൂതകാലത്തിൽ അഭയം തേടുന്നതാണ് ടൈം ഷെൽട്ടറിന്റെ പ്രധാന പ്രമേയം. യുക്രെയിനിൽ അധിനിവേശം നടത്തിക്കൊണ്ട് പുടിൻ ശ്രമിക്കുന്നത് 1940-കളുടെ തുടക്കത്തിലേക്ക് മടങ്ങാനാണെന്നാണ് ​ജോർജി പറയുന്നത്. പുടിൻ ആഗ്രഹിക്കുന്നത് യുദ്ധം ജയിക്കാനല്ലെന്നും യുക്രെയ്ൻ എന്ന രാജ്യത്തെ ഉന്മൂലനം ചെയ്തുകൊണ്ട് അവിടെയുളള ജനതയുടെ അസ്തിത്വത്തെ മുറിവേൽപ്പിച്ച് അടിച്ചമർത്തി ഭരിക്കാനാണെന്നും ജോർജി ആരോപിച്ചിരുന്നു. റഷ്യയിൽ ടൈം ഷെൽട്ടർ വായിക്കപ്പെടുന്ന സാഹചര്യം ഒരുങ്ങുകയാണെങ്കിൽ യുദ്ധം കൊണ്ട് എന്താണ് നേടുന്നതെന്ന് പുടിൻ ചിന്തിച്ചില്ലെങ്കിലും റഷ്യൻ ജനത ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in