'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ': പ്രതിരോധത്തിന്റെ പുസ്തകം

'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ': പ്രതിരോധത്തിന്റെ പുസ്തകം

ചരിത്രം കാതലായ ഈ പുസ്തകത്തിലൂടെ 62 അധ്യായങ്ങളിലായി 73 ഇന്ത്യൻ റിപ്ലബ്ലിക്ക് വർഷങ്ങളിൽ വേരുപടർന്ന 'ഹിന്ദുത്വ' രാഷ്ട്രീയത്തിൻ്റെ സൂക്ഷ്മക്കാഴ്ചയാണ് പി എൻ ഗോപീകൃഷ്ണൻ തുറന്നുവയ്ക്കുന്നത്

ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഹിന്ദുവേയുള്ളൂ. ഹിന്ദുത്വ എന്ന് കേട്ടതായി ഓർമയില്ല. പക്ഷേ എൽ കെ അദ്വാനിയെ എനിക്കറിയാമായിരുന്നു. അടൽ ബിഹാരി വാജ്പേയല്ല, അയോധ്യയിലേക്കു രഥയാത്ര നടത്തിയ ലാൽ കൃഷ്ണ അദ്വാനിയാണ് വീരൻ എന്നാണ് ആ കുഞ്ഞു പ്രായത്തിൽ ചുറ്റുപാട് തന്ന അറിവ്. ഇന്ന് കുഞ്ഞുങ്ങൾക്ക് നരേന്ദ്ര മോദിയെ ചൂണ്ടിക്കാണിച്ചു ചിലർ പറഞ്ഞു കൊടുക്കും പോലെ. 

1992ലെ രഥയാത്ര നമ്മുടെ കേരളത്തിൽ പോലും സൃഷ്ടിച്ച സാംസ്കാരിക ഹിംസാത്മകത നേരിട്ടറിഞ്ഞ സ്വാനുഭവത്തെ ആമുഖത്തിൽ ഉദ്ധരിച്ചു കൊണ്ടാണ് പിഎൻ ഗോപീകൃഷ്ണൻ 'ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ' എന്ന ചരിത്രപുസ്തകം തുടങ്ങുന്നത്. ജീവിക്കുന്ന കാലത്തോട് സ്ഫോടനാത്മകമായി സംവദിക്കുന്ന ഈ പുസ്തകം വ്യാജചരിത്രങ്ങൾ അനുദിനം മെനഞ്ഞെടുത്ത് നാൾക്കുനാൾ വികസിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിനുനേർക്കുള്ള ധീരമായ പ്രതിരോധമാണ്. ഉത്തരവാദിത്തമുള്ള ഒരു പൗരജീവിതത്തിൻ്റെ കഠിനാദ്ധ്വാനമാണ്. 748 താളുകളിലെ വായന വായനാനന്തരമെന്ത് ചെയ്യണം എന്ന സംവാദത്തിലേക്ക് നിശ്ചയമായും പ്രേരിപ്പിക്കുന്നു.

'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ': പ്രതിരോധത്തിന്റെ പുസ്തകം
ഇന്ദിരാ ഗാന്ധിയും ഹിന്ദുത്വ രാഷ്ട്രീയവും

'എന്തുകൊണ്ട് ഈ കഥനം' എന്ന പുസ്തകത്തിലെ ഒന്നാം അധ്യായം 'വീണ്ടും സവർക്കർ' എന്ന അറുപത്തിരണ്ടാം അധ്യായത്തിൽ ഉപസംഹരിക്കുന്നത് യാദൃച്ഛികമല്ല. 62 അധ്യായങ്ങളിലായി 73 ഇന്ത്യൻ റിപ്ലബ്ലിക്ക് വർഷങ്ങളിൽ വേരുപടർന്ന 'ഹിന്ദുത്വ' രാഷ്ട്രീയത്തിന്റെ സൂക്ഷ്മക്കാഴ്ച പിഎൻജി തുറന്നുവയ്ക്കുന്നു. ചരിത്രമാണതിന്റെ കാതൽ.

ഇന്ത്യൻ ഫാസിസത്തെപ്പറ്റി ഏതെങ്കിലും ഒരു ഘട്ടത്തിൽ ചർച്ച ഉരുത്തിരിയാത്ത സന്ദർഭം ഇന്നിവിടെ സംഭവിക്കാതിരിക്കുന്നില്ല! പക്ഷേ നിഗ്രഹോത്സുകമായ ആ ഫാസിസ്റ്റ് രാഷ്ട്രീയത്തിൻ്റെ വ്യാപ്തിയെക്കുറിച്ചുള്ള ധാരണയില്ലായ്മയും മൂലകാരണങ്ങളെക്കുറിച്ചുള്ള അജ്ഞതയും അതറിയുന്നതിലെ വിമുഖതയും ഇനിമേൽ അപകടമെന്ന് അഭിസംബോധന ചെയ്തുകൊണ്ട് പുസ്തകം ഇന്ത്യൻ യാഥാർഥ്യങ്ങളുടെ ചരിത്രസംഭവങ്ങളിലേക്ക് കടക്കുന്നു.

ബ്രാഹ്മണിസം ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ എങ്ങനെ പ്രവർത്തിച്ചുതുടങ്ങി എന്നിടത്താണ് അന്വേഷണത്തിന്റെ തുടക്കം. മറാത്താ ചിത്പാവൻ ബ്രാഹ്മണർ അവരുടെ രാജ്യനഷ്ടങ്ങളിൽനിന്ന് സാമൂഹ്യ പദവിയിലേക്ക് തിരിച്ചുവരാൻ  ജാതിമേൽക്കോയ്മയെ എങ്ങനെ ഉപയോഗിച്ചെന്ന ചരിത്രം പരതുന്നു. മേൽക്കോയ്മകൾക്ക് പരുവപ്പെടുത്തിയ യാഥാസ്ഥിതിക ബ്രാഹ്മണസ്വത്വത്തെ കേവലം സ്വന്തം ഇടത്തിൽ ഒതുക്കാതെ, ചുറ്റുമുള്ള  സാമൂഹികനിർമിതിക്കായി പ്രയോഗിക്കുന്ന ഘട്ടത്തെ നാം കണ്ടെടുക്കുന്നു. അവിടെ ഒരു പേര് തെളിയുന്നുണ്ട്, ബാൽ ഗംഗാധർ തിലക്.

പണ്ട് പഠിച്ച ആ പേര്, ' ലാൽ-പാൽ-ബാൽ എന്ന മൂവർ സംഘ സ്വാതന്ത്ര്യ സമര ചരിത്രകഥകളിലെ ആ പേര്.  'മറാത്ത'യുടെയും 'കേസരി'യുടെയും ദേശീയതയുടെയും മാത്രം നാവല്ലായിരുന്നു.  ഹിന്ദുബോധങ്ങളുടെയും നാവായി മാറിയതെങ്ങനെയെന്ന് ദേശീയതയെ ബ്രാഹ്മണദേശീയതയാക്കി മാറ്റിയതെങ്ങനെയെന്ന് തെളിവുകൾ സംസാരിക്കുന്നു. ഗണേശോത്സവങ്ങളും ശിവജി ഉത്സവങ്ങളും ജനകീയമാക്കി തിലക് മറാത്തയെ ഒരു 'ഹിന്ദു'സാമ്രാജ്യം തന്നെയാക്കി മാറ്റി. ബ്രിട്ടീഷുകാർക്കെതിരെ  നിൽക്കുന്നുവെങ്കിലും അതിന്റെ അടിത്തറ ബ്രാഹ്മണിസമാക്കിയതെങ്ങനെയെന്ന്  പിന്നീടുള്ള അധ്യായങ്ങൾ വിവരിക്കുന്നു.

'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ': പ്രതിരോധത്തിന്റെ പുസ്തകം
ഭരണഘടനയില്‍നിന്ന് മോദി സര്‍ക്കാര്‍ 'ഇന്ത്യയെ' പുറത്താക്കുമോ? പേര് തര്‍ക്കത്തിന്റെ നാള്‍വഴികള്‍

വിധ്വംസകമായ സനാതനങ്ങളെ അവസരം കിട്ടുമ്പോൾ  ആയിരം തലയുള്ള വിഷസർപ്പമെന്നപോൽ വമിപ്പിക്കുന്ന കാലത്താണ് ഈ പുസ്തകം 'ഹിന്ദുത്വ' യുടെ ഉദയ വ്യാപ്തിയെ ചൂണ്ടിക്കാണിക്കുന്നത്

സവർക്കറുടെ  വരവും വളർച്ചയും വിശദമായി പറയുകയാണ് പിന്നീട്. 'ഓ എന്റെ ആര്യൻ സഹോദരങ്ങളേ ഉയിർത്തെഴുന്നേല്ക്കൂ' എന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള 'മിത്രമേള'യും ആയുധം ശേഖരിക്കുന്ന അഭിനവ് ഭാരതും  ഹിന്ദുത്വത്തിൻ്റെ പടകൂട്ടിയ കൂട്ടങ്ങളായി. ബ്രിട്ടീഷ് ഗവണ്മെൻ്റിനും ഇന്ത്യാഗവണ്മെൻ്റിനും മുമ്പാകെ  സവർക്കർ സമർപ്പിച്ച മാപ്പപേക്ഷകളുടെ ഉള്ളടക്കവും പശ്ചാത്തലവും ഇന്ത്യയിലെ പൗരർ അറിഞ്ഞിരിക്കേണ്ട ചരിത്രരേഖകളാണ്. ഈ പുസ്തകത്തിൻ്റെ കോർ ആയ ഇരുപതാം അധ്യായത്തിലെത്തുമ്പോൾ 'എ മറാത്ത' എന്ന നുണപ്പേരിൽ എഴുതിയ 'ഹിന്ദുത്വ'  വിശദചർച്ചയ്ക്ക് വരുന്നു. 

ഹിന്ദു എന്നതിൽനിന്ന് ഹിന്ദു സംസ്കൃതിയെ പാകപ്പെടുത്തി,  വംശീയ സ്ഥാപനവല്കരണത്തിൻ്റെ നുണസിദ്ധാന്തങ്ങളുണ്ടാക്കി  ഹിംസാധിഷ്ഠിത യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തെ പ്രതിഷ്ഠിക്കുന്ന 'ഹിന്ദുത്വ'യുടെ വിമർശനാത്മക വിചാരങ്ങൾ തുടർന്നുള്ള അധ്യായങ്ങളിൽ വായിക്കാം. 'ഹിന്ദുത്വ' ഉഗ്രമായി വെളിപ്പെടണമെന്നില്ല. അനുകൂലമാകുന്ന കാലം വരെ ശാന്തമായുമിരിക്കാം. ആരിലും മൃദുവായി വാഴാം. വിധ്വംസകമായ സനാതനങ്ങളെ അവസരം കിട്ടുമ്പോൾ  ആയിരം തലയുള്ള വിഷസർപ്പമെന്നപോൽ വമിപ്പിക്കുന്ന കാലത്താണ് ഈ പുസ്തകം 'ഹിന്ദുത്വ' യുടെ ഉദയ വ്യാപ്തിയെ ചൂണ്ടിക്കാണിക്കുന്നത്.

'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ': പ്രതിരോധത്തിന്റെ പുസ്തകം
പെരിയാറില്‍നിന്ന് ഉദയനിധി സ്റ്റാലിന്‍ വരെ, സനാതന ധര്‍മത്തിനെതിരായ ദ്രാവിഡ കലാപങ്ങള്‍

സവർക്കർ സാഹിത്യത്തെ തൊലിയുരിച്ച് അതിൻ്റെ ഉള്ളിലിരിപ്പിനെ തുറന്നുകാണിക്കുന്നുണ്ട് പിഎൻജി. ഹിന്ദുത്വ യുടെ മുതലെടുപ്പുകളും ഇരട്ടത്താപ്പുകളും രണ്ടാം ലോകമഹായുദ്ധകാലത്തെ ആസ്പദമാക്കി വിശകലനം ചെയ്യുന്നുണ്ട്.

ആർഎസിഎസിന്റെ വാർപ്പും വികാസവുമെത്രമേൽ  ആസൂത്രിതമെന്ന് വിശദീകരിക്കുന്നു തുടർ അധ്യായങ്ങളിൽ. ഹിന്ദുമതമെന്ന ബഹുസ്വരതയെ തകർത്തു തരിപ്പണമാക്കാൻ സവർക്കറും ആർഎസുംഎസും പ്രവർത്തിച്ചതെങ്ങനെയെന്ന് സോദാഹരണം വ്യക്തമാക്കുന്നുണ്ട്. അവരുടെ മുഖ്യശത്രു ബ്രിട്ടീഷുകാരല്ല, ഗാന്ധിജിയായിരുന്നു. 'മഹാത്മ'യുടെ പ്രചോദനത്തിലെ ഹിന്ദു-മുസ്ലിം മൈത്രിയും ബഹുജന കൂട്ടായസമരങ്ങളും അതുവരെ സ്വരുക്കൂട്ടിയ ഹിന്ദുത്വ സ്ഥാപനത്തെ ഉലക്കുമെന്ന ചിന്ത സവർക്കറുടെ ഗാന്ധി ആക്രമണത്തിന് മൂർച്ച കൂട്ടി.

ഗാന്ധിവധം വരെ ആ ആക്രമണം മൂർച്ചകൂട്ടി വന്നു. സവർക്കർ സാഹിത്യത്തെ തൊലിയുരിച്ച് അതിന്റെ ഉള്ളിലിരിപ്പിനെ തുറന്നുകാണിക്കുന്നുണ്ട് പിഎൻജി. ഹിന്ദുത്വ 'യുടെ മുതലെടുപ്പുകളും ഇരട്ടത്താപ്പുകളും രണ്ടാം ലോകമഹായുദ്ധകാലത്തെ ആസ്പദമാക്കി വിശകലനം ചെയ്യുന്നുണ്ട്.

ഹിന്ദുരാഷ്ട്ര മുന്നണിപ്പടയുടെ നേതാവായാണ് ഗോഡ്സേ വരുന്നത്. ഹിന്ദുരാഷ്ട്രസ്വപ്നത്തിൽ ഗോഡ്സെയുമായി ചേരുന്ന ഒരാൾ നാരായൺ ആപ്തേയാണ്. സവർക്കർ-ഗോഡ്സേ-ആപ് തേ ത്രിത്വം ഇന്ത്യൻ മതേതരത്വത്തെ തകർക്കുന്ന വിഷമത്രികോണമായി എന്ന് ഗോപികൃഷ്ണണൻ വസ്തുതകളിലൂടെ നിരീക്ഷിക്കുന്നു

രാജ്യത്തിൽനിന്നുകൊണ്ട് രാജ്യത്തിന്റെ (നെഹ്റു നേതൃത്വം നൽകിയ) ഫാസിസ്റ്റ് വിരുദ്ധ നിലപാടിനെതിരെ സംഘം  നിലകൊണ്ടു. ഗാന്ധിജിയുടെയും മറ്റും നേതൃത്വത്തിൽ സ്വരുക്കൂട്ടിയ ധാർമി്മിക രാഷ്ട്രീയപരിസരത്തെ മതത്തിന്റെ വൈകാരികപ്രയോഗത്താൽ കീഴ്‌പ്പെടുത്താനായിരുന്നു അവരുടെ ശ്രമം. ജനാധിപത്യത്തെ ഫാസിസവത്ക്കരിക്കാൻ സവർക്കറും ഗോൾവാൾക്കറും മെനഞ്ഞ പ്രത്യയശാസ്ത്രത്തിൽ  'ഹിന്ദുസ്ഥാൻ' കിട്ടുമെങ്കിൽ പാകിസ്താൻ ഓക്കെ എന്ന ബ്രാഹ്മണ രാഷ്ട്രീയത്തിൻ്റെ ഉള്ള് വെളിപ്പെട്ടു. ജിന്നയുടെ മുസ്ലീം രാഷ്ട്രം സവർക്കറിൻ്റെ ഹിന്ദു രാഷ്ട്രത്തിൻ്റെ പ്രതിഫലനമാണ്.

ഹിന്ദുരാഷ്ട്ര മുന്നണിപ്പടയുടെ നേതാവായാണ് ഗോഡ്സേ വരുന്നത്. ഹിന്ദുരാഷ്ട്ര സ്വപ്നത്തിൽ ഗോഡ്സേയുമായി ചേരുന്ന ഒരാൾ നാരായൺ ആപ്തേയാണ്. സവർക്കർ-ഗോഡ്സേ-ആപ് തേ ത്രിത്വം ഇന്ത്യൻ മതേതരത്വത്തെ തകർക്കുന്ന വിഷമത്രികോണമായി എന്ന് ഗോപികൃഷ്ണണൻ വസ്തുതകളിലൂടെ നിരീക്ഷിക്കുന്നു. ഏറ്റവും പ്രധാനം അവർ ആദ്യം വ്യാപരിച്ച മണ്ഡലം മാധ്യമ ലോകമെന്നതാണ് ! ഈ സത്യാനന്തര കാലത്ത് നാം കാണുന്ന  കാഴ്ചകൾക്ക് എത്ര മാത്രം അടിത്തറയുണ്ടെന്നറിയുക ! ആ ത്രിത്വത്തിലേക്ക് കർക്കരേ, പഹ് വ, ബഡ്ഗേ, കിസ്തയ എന്നിങ്ങനെ പേരുകൾ ചേരുമ്പോൾ ഇന്ത്യയുടെ എക്കാലത്തെയും ആഘാതമായ ഗാന്ധി വധത്തിൻ്റെ  ആസൂത്രക പട്ടിക വിപുലപ്പെടുന്നു.

'ഏക് ലേ ചലോര ' എന്ന അധ്യായം മുതൽ തുടർന്നിങ്ങോട്ട് നെഞ്ച് കഴച്ചിട്ടേ വായിച്ചസാനിപ്പിക്കാനാകൂ. നമ്മുടെ രാഷ്ട്രീയ ആഭ്യന്തര സങ്കീർണത എത്ര തീവ്രവും അപരിഹാര്യമാം വിധം കഠിനവുമായിരുന്നു എന്ന് തിരിച്ചറിയാം. ഗാന്ധിജിക്ക് തുന്നിക്കെട്ടാനുണ്ടായത് ഇന്ത്യയുടെ  നീണ്ട കീറലായിരുന്നു എന്ന് വേദനിക്കാം. 1948 ജനുവരി 30 ലേക്ക് ബാപ്പു നടന്നത് ജീവന്മരണ പോരാട്ടമെന്ന് തിരിച്ചറിഞ്ഞു കൊണ്ടെന്നറിയുമ്പോൾ കണ്ണു നിറയാതെ ആ അധ്യായത്തിലെ അവസാന ഖണ്ഡിക-ദൃക് സാക്ഷിയായ മനുവിൻ്റെ ഡയറി-വായിച്ചു തീരാനാവില്ല.

ഗാന്ധിവധ വിചാരണകളും അറസ്റ്റുകളും ഒടുവിലെ അധ്യായങ്ങളിൽ വിവരിക്കുന്നു. അവിടെ ഗോഡ്സേ ഷിംലാ കോടതിയിൽ നടത്തിയ പ്രസ്താവനയുടെ ഇഴകീറിയുള്ള വിശകലനമുണ്ട്. 1977 ൽ അത് പൊതുമണ്ഡലത്തിലെത്തുംവരെ ഒരു മതഭ്രാന്തൻ്റെ കൊല മാത്രമായിരുന്നു ഗാന്ധി വധം. വെറും ചാവേറായ ഗോഡ്സേയ്ക്കുപിന്നിലെ സൂത്രധാരൻ സവർക്കർ സൃഷ്ടിച്ചെടുത്ത ഹിന്ദുത്വയുടെ വ്യാജ ചരിത്രനിർമിതിയുടെ വേരുകളിലെത്താൻ അത്ര കാലം വേണ്ടിവന്നു. പിന്നീട് കപൂർ കമ്മിഷൻ റിപ്പോർട്ടും. 

സവർക്കറിൽ കല്ലിട്ട് വളർന്ന് അനുദിനം വികസിക്കുന്ന ഈ  ഇന്ത്യൻ സാംസ്കാരിക പ്രപഞ്ചത്തിനെതിരെയുള്ള പ്രതിരോധ പുസ്തകമാണ് 'ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ'.

ഈ ചരിത്ര ആധാരരേഖകൾ വായിച്ചൊടുവിൽ 'വീണ്ടും സവർക്കർ'എന്നെത്തുന്നു.1992ലെ ബാബറി മസ്ജിദ് എന്നു പുസ്തകത്തിൻ്റെ ആമുഖം തുടങ്ങിയിടത്ത് അത് തിരിച്ചെത്തുന്നു. ഇന്ത്യൻ ഫാസിസം സവർക്കറിസമാണ്. ഗാന്ധിക്കപ്പുറത്ത് സവർക്കർക്ക് ഹാരമിട്ട ചുമരുണ്ടായി. സവർക്കറുടെ ജന്മദിനമായിരുന്നു പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനം. മുസ്ലീങ്ങൾ സദാ വേട്ടയാടപ്പെടുന്നു. ദളിതർ കരുവാക്കപ്പെടുന്നു. ഉത്തർപ്രദേശും ഗുജറാത്തും മോഡലാകുന്നു. ഹിന്ദുത്വ 'വെറും ഒരു പുസ്തകത്തിൻ്റെ പേരല്ല എന്നറിയുന്നു. 'ഭാരതം'  വെറും മാറ്റമല്ല എന്നറിയുന്നു.

സവർക്കറിൽ കല്ലിട്ട് വളർന്ന് അനുദിനം വികസിക്കുന്ന ഈ  ഇന്ത്യൻ സാംസ്കാരിക പ്രപഞ്ചത്തിനെതിരെയുള്ള  പ്രതിരോധ പുസ്തകമാണ് 'ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ'. ആ കഥയുടെ കല്ല് സൂക്ഷ്മചരിത്രമാണ്. അംബേദ്കറും സുഭാഷ് ചന്ദ്രബോസും നെഹ്റുവും മലബാർ കലാപവും രത്നനഗിരിയും നേപ്പാളും ലവ് ജിഹാദും ചരിത്ര വസ്തുതകളുമായി പ്രത്യക്ഷപ്പെടുന്നുണ്ട്. കേട്ടതും കേട്ടുകൊണ്ടിരിക്കുന്നതും സത്യങ്ങളാക്കി വച്ച നുണകളാണെന്ന് തിരിച്ചറിയാം. ട്രോളും തമാശയും പോര അവയെ കല്ലിന് മേൽ കല്ല് അവശേഷിപ്പിക്കാതെ തകർക്കാൻ മതിയാവുകയെന്ന് ഉള്ള് കിടുങ്ങുന്നു.

logo
The Fourth
www.thefourthnews.in