ഇന്ത്യൻ - ഇംഗ്ലീഷ് കവി ജയന്ത മഹാപത്ര അന്തരിച്ചു

ഇന്ത്യൻ - ഇംഗ്ലീഷ് കവി ജയന്ത മഹാപത്ര അന്തരിച്ചു

ഇംഗ്ലീഷ് കവിതയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ കവിയാണ് മഹാപത്ര

പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് കവി ജയന്ത മഹാപത്ര (95) അന്തരിച്ചു. ന്യുമോണിയയും വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും മൂലം ഒഡീഷ കട്ടക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

ഇംഗ്ലീഷ് കവിതയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ കവിയാണ് മഹാപത്ര. നീണ്ട 50 വര്‍ഷത്തിനുള്ളില്‍ ഇംഗ്ലീഷ് കവിതകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കവിയുടെ മടക്കം.

രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് അദ്ദേഹം 2015ല്‍ പത്മശ്രീ പുരസ്‌കാരം മടക്കി നല്‍കി

തന്റെ സമകാലികരെ അപേക്ഷിച്ച് മഹാപത്ര വളരെ വൈകിയാണ് കവിതകള്‍ എഴുതിത്തുടങ്ങിയത്. എന്നാല്‍ ഈ വൈകിയുള്ള തുടക്കം ഒരിക്കലും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്ക് മുന്നില്‍ തടസ്സമായിരുന്നില്ല. ഭാഷാ സമ്പത്തും സാഹിത്യ നൈപുണ്യവും, അനുഭവങ്ങളുടെ മനോഹരമായ ചിട്ടപ്പെടുത്തലുകളും മഹാപത്രയുടെ കവിതകളെ ഹൃദയസ്പര്‍ശിയാക്കി.

1981ല്‍ 'റിലേഷന്‍ഷിപ്പ്' എന്ന ഇംഗ്ലീഷ് കവിതയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഒരു ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന് ലഭിക്കുന്ന അപൂര്‍വ അംഗീകാരങ്ങളില്‍ ഒന്നാണ് ഇത്. പിന്നീട് 2009ല്‍ പത്മശ്രീ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. എന്നാല്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് 2015 ല്‍ അദ്ദേഹം പുരസ്‌കാരം മടക്കി നല്‍കി.

ഇന്ത്യൻ - ഇംഗ്ലീഷ് കവി ജയന്ത മഹാപത്ര അന്തരിച്ചു
സമൂഹത്തെ പുനര്‍നിര്‍മിക്കാന്‍ വില്ലുവണ്ടി തെളിച്ച വിപ്ലവകാരി

മഹാപത്രയുടെ ജനപ്രിയ കവിതകളായ 'ഇന്ത്യന്‍ സമ്മര്‍', 'ഹംഗര്‍' എന്നിവ ആധുനിക ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിക്കുകളായാണ് കണക്കാക്കുന്നത്. 1928 ഒക്ടോബര്‍ 22ന് കട്ടക്കില്‍ ജനിച്ച മഹാപത്ര, 1949ല്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഒഡീഷയിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ലാണ് വിരമിച്ചത്.

കവിയുടെ വിയോഗത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് അനുശോചനം രേഖപ്പെടുത്തി. ഇംഗ്ലീഷിലും ഒഡിയയിലും ഒരുപോലെ പ്രതിഭാധനനായ കവിയായിരുന്നു മഹാപത്രയെന്ന് അദ്ദേഹം പറഞ്ഞു.ഒഡിയ സാഹിത്യത്തെ വിശാലമായ തലത്തിലേക്ക് ഉയര്‍ത്താനും ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് യുവാക്കള്‍ക്ക് വഴികാട്ടിയാകാനും അദ്ദേഹത്തിനായെന്ന് നവീൻ പട്നായിക് അനുസ്മരിച്ചു.

logo
The Fourth
www.thefourthnews.in