മോക്ഷം തേടി അലയുന്ന ദൈവങ്ങൾ; രാഷ്ട്രീയ മോക്ഷം തേടുന്ന ഭക്തർ

മോക്ഷം തേടി അലയുന്ന ദൈവങ്ങൾ; രാഷ്ട്രീയ മോക്ഷം തേടുന്ന ഭക്തർ

ജയമോഹന്റെ 'മാടൻ മോക്ഷം' എന്ന നോവൽ എഴുതിക്കഴിഞ്ഞ് 34 വർഷത്തിനുശേഷം വായിക്കുമ്പോൾ നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ പ്രവചനാത്മകമായ രീതിയിൽ അവതരിപ്പിക്കുകയാണെന്ന് തോന്നും

മുപ്പത്തി മുക്കോടി ദേവഗണങ്ങളും അത്രതന്നെ ഉപദേവ ഗണങ്ങളും സ്വന്തമായുണ്ടെന്ന് വിശ്വസിച്ചിരുന്ന/വിശ്വസിക്കുന്ന അടിസ്ഥാനവർഗമാണ് ഇന്ത്യയിലേത്. ഓരോ ഗ്രാമങ്ങളിലും ചുരുങ്ങിയത് ഒരു കാവും ആൽത്തറയും ഒരു പ്രതിഷ്ഠയുമുണ്ടായിരുന്നു. വികസനപാതയിൽ നാടുകൾ ഗ്രാമങ്ങളായും നഗരങ്ങളായും പട്ടണങ്ങളായും വളർന്നപ്പോൾ ആരാധിക്കാൻ ആളില്ലാതെ ദൈവൾ പലതും അനാഥത്വം നേരിട്ടു. 

ഭക്തരാൽ ഉപേക്ഷിക്കപ്പെട്ട അടിത്തട്ടിലുള്ള ദൈവങ്ങൾ, തങ്ങൾക്ക് കിട്ടാതായ കള്ളും നേർച്ചക്കോഴിയും അന്വേഷിച്ച് പൂജാരിമാരെ തേടിയിറങ്ങാൻ തുടങ്ങി. ഇതൊക്കെ ഇന്ത്യയിൽ ഹിന്ദുത്വമെന്നത് ഒരു രാഷ്ട്രീയ ശക്തിയായി മാറുന്നതിന് മുൻപ് നടന്ന കാര്യങ്ങളാണ്. രാജ്യത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളിൽനിന്നു തന്നെ വേണമായിരുന്നു രാഷ്ട്രീയതയുടെ അടിത്തറ പാകുവാനും. ഉപേക്ഷിക്കപ്പെട്ട ദൈവങ്ങളെ ഏറ്റെടുക്കാനും നന്നായി പരിപാലിക്കാനും അണികൾ രംഗത്തുവന്നു. വിശ്വാസവും രാഷ്ട്രീയതയും കലർത്തി യാഥാസ്ഥിതികരായ ജനങ്ങളുടെ ഉള്ളിലേക്ക് ഭയഭക്തി ബഹുമാനം നിറയ്ക്കാൻ അവർക്ക് കഴിഞ്ഞു. നാട്ടിലെ വെറും കൽത്തറകൾ വലിയ ക്ഷേത്രങ്ങളായി. കമാനങ്ങളും ശ്രീകോവിലുകളും വന്നു. ഓരോ ക്ഷേത്രത്തിനും പ്രത്യേകം കമ്മിറ്റിയും അതിൽ തൽപ്പരകക്ഷികളായ രാഷ്ട്രസേവക വിശ്വാസികളുമുണ്ടായി. അങ്ങനെ ഇന്ത്യയിൽ ഹിന്ദുത്വം വളർന്നതിന്റെയും താഴേക്കിടയിലുള്ള ഒരു ദൈവത്തിനു വന്ന പരിണാമത്തെയും കുറിച്ചുള്ള ആക്ഷേപഹാസ്യ നോവലാണ് ജയമോഹന്റെ 'മാടൻ മോക്ഷം'.

ദളിത് ജീവിതവും ജനങ്ങൾക്കിടയിലെ ജാതീയമായ വേർതിരിവുകളും രാഷ്ട്രീയ അടിച്ചമർത്തലുമൊക്കെ എഴുത്തുകളിൽ വിഷയമാക്കിയ ശ്രദ്ധേയനായ തമിഴ് - മലയാളം എഴുത്തുകാരനാണ് ജയമോഹൻ. അദ്ദേഹം 1989ൽ തമിഴിൽ എഴുതിയ നോവലാണ് മാടൻ മോക്ഷം. വർഷങ്ങൾക്കുശേഷം മാടൻ മോക്ഷം മലയാളത്തിൽ പ്രസിദ്ധീകൃതമാകുമ്പോൾ അത് ഏറെ കാലികപ്രസക്തി കൈവരിച്ചത് അപ്രതീക്ഷിതമായിരിക്കാം. ദൈവങ്ങളിലെ ദളിതനാണ് മാടൻ. ചുടല കാക്കുന്ന ദൈവമായതിനാൽ ചുടലമാടനെന്നും വിളിപ്പേരുണ്ട്.

തികച്ചും ഹാസ്യാത്മകമായാണ് ജയമോഹൻ മാടൻ മോക്ഷം എന്ന കഥ അവതരിപ്പിക്കുന്നത്. എഴുതിക്കഴിഞ്ഞ് 34 വർഷത്തിന് ശേഷം വായിക്കുമ്പോൾ  നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ പ്രവചനാത്മകമായ രീതിയിൽ ഒരു നോവലായി അവതരിപ്പിക്കുകയായിരുന്നു ജയമോഹൻ എന്ന് തോന്നും

മാടനെ പോലെ അത്രയും ജനകീയനായ ഒരു ദൈവമില്ലെന്ന് തന്നെ പറയാം. ഏതു നേരത്തും പരാതി പറയാനും ചീത്ത വിളിക്കാനും കള്ളുകുടിച്ചു വന്ന് ജീവിതത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾക്കെല്ലാം പുലഭ്യം പറയാനും തീർത്തും സാധാരണക്കാരായ ആളുകൾ തിരഞ്ഞെടുക്കുന്നത് മാടനെയാണ്. എന്നാൽ അവരുടെ ജീവിത സാഹചര്യങ്ങൾ മാറിത്തുടങ്ങിയപ്പോൾ അവർ മാടനെ മറക്കുകയും മാടനു നേർച്ചയായി കള്ളും കോഴിയും നൽകുന്ന പതിവ് പതിയെ നിർത്തലാക്കുകയും ചെയ്തു. നിവർത്തികെട്ട മാടൻ പൂജാരിയെ തേടി ഇറങ്ങുന്നതും ജനങ്ങളിലെ അധികാര രാഷ്ട്രീയം മാടനെ  ഏറ്റെടുത്ത് വലിയ ക്ഷേത്രത്തിന്റെ ഉള്ളിലാക്കി ഇളകാൻ ആവാതെ ഉറപ്പിച്ചുനിർത്തുന്നതും മാടന്റെ ഇഷ്ടവിഭവമായ കള്ളിനും കോഴിക്കും പകരം ശർക്കര പായസവും നെയ്യും പാലും അഭിഷേകങ്ങളായി നടത്തുന്നതുമാണ് കഥയിലെ പ്രമേയം.

തികച്ചും ഹാസ്യാത്മകമായാണ് ജയമോഹൻ മാടൻ മോക്ഷം എന്ന കഥ അവതരിപ്പിക്കുന്നത്. എഴുതിക്കഴിഞ്ഞ് 34 വർഷത്തിന് ശേഷം വായിക്കുമ്പോൾ  നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ പ്രവചനാത്മകമായ രീതിയിൽ ഒരു നോവലായി അവതരിപ്പിക്കുകയായിരുന്നു ജയമോഹൻ എന്ന് തോന്നും. എങ്ങനെയാണ് ഇന്ത്യയിൽ ഹിന്ദുത്വമെന്നത് ഒരു രാഷ്ട്രീയ ശക്തിയാവുകയും തുടർന്ന് രാജ്യത്തിന്റെ അധികാരാവസ്ഥയിൽ എത്തുകയും ചെയ്തത് എന്നതും കൂടി നോവൽ വായനയിലൂടെ ചിന്തിക്കേണ്ടിയിരിക്കുന്നു. ജനങ്ങളെ ഒപ്പം കൂട്ടാൻ അവരുടെ വിശ്വാസത്തെ കയ്യിലെടുക്കുക എന്നൊരു ഗൂഢതന്ത്രം പ്രയോഗിക്കുകയാണ് ഹിന്ദുത്വ ശക്തികൾ ഇവിടെ ചെയ്യുന്നത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിശ്വാസികളുടെ ആരാധനാലയങ്ങൾക്ക് സംഭാവനകൾ നൽകിയും അവയുടെ നടത്തിപ്പിന് സഹായങ്ങൾ ചെയ്തും ഹിന്ദുത്വ രാഷ്ട്രീയം പതിയെ ജനങ്ങൾക്കുള്ളിലേക്ക്  ഇടിച്ചുകയറി.

ക്രെയിൻ കൊണ്ട് മാടനെ ഉയർത്തി കോൺക്രീറ്റ് കൊണ്ട് ഉറപ്പിച്ചു വയ്ക്കുമ്പോൾ പരിഭ്രമിക്കുന്ന ദൈവത്തെ കഥയിൽ കാണാം

ഗ്രാമങ്ങളിൽ കാക്കി ട്രൗസറും കാവി മുണ്ടുമുടുത്ത ചെറുപ്പക്കാർ ശ്രമദാനത്തിനിറങ്ങി. മാടനെപ്പോലുള്ള അനാഥദൈവങ്ങളെ അവർ ഏറ്റെടുക്കുകയും കൽത്തറകളും മൺതറകളും പൊളിച്ചു മാറ്റി കരിങ്കൽ ഭിത്തിയിൽ കോൺക്രീറ്റ് തൂണുകളുള്ള ശ്രീകോവിലുകളും കമാനങ്ങളും നിർമിക്കുകയും ആ ക്ഷേത്രങ്ങളിൽ ബ്രാഹ്മണരുടെ നേതൃത്വത്തിൽ പൂജാ വിധിപ്രകാരം പ്രതിഷ്ഠ നടത്തുകയും ചെയ്തു. ക്രെയിൻ കൊണ്ട് മാടനെ ഉയർത്തി കോൺക്രീറ്റ് കൊണ്ട് ഉറപ്പിച്ചുവയ്ക്കുമ്പോൾ പരിഭ്രമിക്കുന്ന ദൈവത്തെ കഥയിൽ കാണാം. ചാണകം തളിച്ച് ശുദ്ധിവരുത്തുകയും ഗോമൂത്രം കൊണ്ടും പാലുകൊണ്ടും അഭിഷേകവും  പൂക്കൾ കൊണ്ട് അർച്ചനയും നടത്തുന്ന വിചിത്ര രീതിയിലുള്ള ആരാധനകൾ ആ ദൈവത്തിന് പുതുമയായിരുന്നു. ചുടലദൈവമായ മാടന്റെ ആവശ്യം കള്ളും കുരുതിയുമാണ്. ബലി നിഷേധിച്ചവർ തന്നെയാണ് ഗോമൂത്രവും പശുക്കളുടെ പാലും കൊണ്ട് അഭിഷേകം നടത്താൻ എത്തിയത്. വളരെ  സരസമായാണ് ജയമോഹൻ ഇതെല്ലാം നോവലിൽ ആവിഷ്കരിച്ചിരിക്കുന്നത്.

അസുഖം വരുമ്പോൾ ദൈവത്തെ വിളിക്കാതെ ആശുപത്രികളിൽ പോകാൻ ആളുകൾ പഠിച്ചു. എന്നിരുന്നാലും കൂറ്റൻ ക്ഷേത്രങ്ങൾ പണിയുന്നതുകൊണ്ട് ആർക്ക് എന്ത് പ്രയോജനം എന്നത് ചിന്തിക്കേണ്ടതാണ്

ഇന്ത്യയെ പോലുള്ള രാജ്യത്ത് പട്ടിണിയും സാമ്പത്തിക അസമത്വങ്ങളും തുടർക്കഥകളാകുമ്പോൾ ക്ഷേത്രനിർമാണത്തിനും രാഷ്ട്രനേതാക്കളുടെയും മറ്റും കൂറ്റൻ പ്രതിമ സ്ഥാപിക്കാനും ഭരണകൂടങ്ങൾ മുൻകൈയെടുക്കുന്നത്  തീർത്തും വിരോധാഭാസമാണ്. വികസനമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ താഴേക്കിടയിലേക്കുള്ള ജനങ്ങളുടെ വികസനം കൂടിയാണെന്ന് അധികാരികൾ ഓർക്കേണ്ടതുണ്ട്. റെയിലും പാലവും റോഡും ക്ഷേത്രവും പ്രതിമയും നിർമിക്കുന്നതോടൊപ്പം അതിസാധാരണ ജീവിതങ്ങളിലേക്കുള്ള ഒരു കാഴ്ച കൂടി അത്യാവശ്യമാണ്. 

നാട്ടിൻപുറങ്ങളിൽ വസൂരിയും മറ്റു മാരക പകർച്ചവ്യാധികളും കുറഞ്ഞപ്പോൾ, അതിന് ആധുനിക ചികിത്സ വന്നപ്പോൾ അതുവരെ ആശ്രയമായി കണ്ട് നേർച്ചകൾ നേർന്നു പ്രാർത്ഥിച്ച തങ്ങളുടെ ദൈവത്തെ ആളുകൾ മറന്നുപോയി. അസുഖം വരുമ്പോൾ ദൈവത്തെ വിളിക്കാതെ ആശുപത്രികളിൽ പോകാൻ ആളുകൾ പഠിച്ചു. എന്നിരുന്നാലും കൂറ്റൻ ക്ഷേത്രങ്ങൾ പണിയുന്നതുകൊണ്ട് ആർക്ക് എന്ത് പ്രയോജനമെന്നത് ചിന്തിക്കേണ്ടതാണ്. ഏറ്റവും  സാധാരണ ദൈവമായ മാടനും മറുതയും കാളിയും പറശ്ശിനി മുത്തപ്പനുമെല്ലാം സമൂഹത്തിലെ തൊഴിലാളികളുടെയും താഴ്ന്ന വിഭാഗങ്ങളുടെയും ദൈവങ്ങളാണ്. കമ്യൂണിസത്തിന്റെ ആശയം ഉള്ളിൽ കൊണ്ടുനടന്ന അടിസ്ഥാന വർഗങ്ങളുടെ കുലദൈവങ്ങളാണ്.

സാധാരണ ദൈവമായ മാടനും മറുതയും കാളിയും പറശ്ശിനി മുത്തപ്പനുമെല്ലാം സമൂഹത്തിലെ തൊഴിലാളികളുടെയും താഴ്ന്ന വിഭാഗങ്ങളുടെയും ദൈവങ്ങളാണ്

മതങ്ങളുടെ കാപട്യത്തെ മാത്രമല്ല മതവും ജനങ്ങളും തമ്മിലുള്ള കാതലായ ഒരു ബന്ധത്തെ കൂടി മാടൻ മോക്ഷം എന്ന നോവൽ ചർച്ച ചെയ്യുന്നുണ്ട്. നമ്മുടെ പാരമ്പര്യത്തിൽ ദൈവവും ജനങ്ങളും തമ്മിലുള്ള ബന്ധം പിതൃ-പുത്ര ബന്ധം പോലെയോ മാതൃ-പുത്ര ബന്ധം പോലെയോ അതുമല്ലെങ്കിൽ രാജാവും- പ്രജയും തമ്മിലുള്ള ബന്ധം പോലെയോ ദൃഢവും വൈകാരികവുമായിരുന്നു. അർജുനനും കൃഷ്ണനും തമ്മിലുള്ള  സൗഹൃദം പോലും അത്തരത്തിലുള്ളതാണ്. സോഷ്യലിസ്റ്റ് മനോഭാവം വച്ചുപുലർത്തുന്ന ദൈവങ്ങളുടെ കൂടെയിരുന്നു കള്ളുകുടിക്കാനും നാടൻ ഭാഷയിൽ സംസാരിക്കാനും ദൈവങ്ങളെ കുറ്റപ്പെടുത്താനും ഒരു ഭക്തന് യാതൊരു ഭയവുമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. മാടൻ മോക്ഷത്തിലെ ദൈവമായ മാടൻ പൂജാരിയായ അപ്പിയ്ക്ക് കേവലം ആകാശ വാസിയല്ല; മറിച്ച് സുഹൃത്തും വിശ്വസ്തനുമാണ്. അത്രയും ഗാഢമായൊരു പവിത്ര ബന്ധമാണത്. ഒരു പ്രപഞ്ചശക്തിയെ തന്റെ സുഹൃത്തായി തൊട്ടടുത്തു നിർത്തുകയെന്നത് നിഷ്കളങ്കരായ ജനങ്ങൾക്ക് മാത്രം സാധിക്കുന്ന ഒരു കാര്യമാണ്. അതിനെയാണ് ക്രമേണ നിക്ഷിപ്ത താൽപ്പര്യക്കാർ രാഷ്ട്രീയവൽക്കരിച്ച്,  യുദ്ധത്തിന്റെയും അക്രമങ്ങളുടേയും വഴിയിലെത്തിച്ച് മനുഷ്യരക്തം വീഴ്ത്താൻ വരെ കാരണമാക്കിയത്.

ഒരു പ്രപഞ്ചശക്തിയെ തന്റെ സുഹൃത്തായി തൊട്ടടുത്തു നിർത്തുക എന്നത് നിഷ്കളങ്കരായ ജനങ്ങൾക്ക് മാത്രം സാധിക്കുന്ന ഒരു കാര്യമാണ്

ജയമോഹൻ ഈ നോവൽ എഴുതുന്ന എൺപതുകളുടെ അവസാനം തമിഴ് നാട്ടിലെ ഗ്രാമീണ സംസ്‌കൃതി പരിവർത്തനത്തിന്റെ പാതയിലായിരുന്നു. സമൂഹത്തിലെ താഴ്ന്നവിഭാഗത്തിലെ ആളുകൾ ഉപജീവനത്തിനായി പ്രവാസ ജീവിതം തിരഞ്ഞെടുക്കുകയും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലെത്തുകയും അവർ സ്വന്തം ദൈവങ്ങളുടെ ക്ഷേത്രവും പരിസരങ്ങളും പരിപാലിക്കാൻ മുൻ കൈയെടുക്കുകയും ചെയ്തു. പണമെന്നത് വ്യക്തിയുടെയും അധികാരത്തിന്റെയും അടയാളമായി മാറ്റപ്പെട്ടു. ക്ഷേത്രവും വിഗ്രഹവും അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉന്നതകുല ജാതരായ ബ്രാഹ്മണ പൂജാരിമാരെ വരുത്തുകയും അവർ നാട്ടുദൈവങ്ങളുടെ മുഖഛായ തന്നെ മാറ്റി ആദിമ വൈദികസമ്പ്രദായത്തിലേക്ക് മാറ്റുകയും ചെയ്തു. ഉടുക്ക് പാട്ടുകൾ മുഴങ്ങി കേട്ട ക്ഷേത്രങ്ങളിൽനിന്ന് മൈക്ക് സെറ്റുകൾ വഴി ഭക്തി ഗാനങ്ങൾ പ്രവഹിക്കാനും തുടങ്ങി.

സമൂഹത്തിൽ അരികുജീവിതം നയിക്കുന്ന ഏറ്റവും താഴെക്കിടയിലുള്ള വിഭാഗങ്ങളാണ് മാടനെ പോലുള്ള ദൈവങ്ങളെ ആരാധിക്കുന്നത്. കറുത്ത നിറത്തിൽ വിരാജിക്കുന്ന മാടനും സമാന ദൈവങ്ങളും ദ്രാവിഡ സംസ്കാരത്തിന്റെ അവിഭാജ്യഘടകങ്ങളുമാണ്. സവർണ ബിംബങ്ങളുമായോ സവർണ ദൈവങ്ങളുമായോ താഴെത്തട്ടിലുള്ള ജനങ്ങൾക്കോ അവരുടെ ആരാധനാ മൂർത്തികൾക്കോ ബന്ധമില്ല. കാലം മാറിയതോടെ ആഗോള വത്കരണത്തിന്റെ ഭാഗമായി ഇന്ത്യയിൽ മധ്യവർഗ്ഗം എന്നൊരു വിഭാഗം ഉടലെടുക്കുകയും അവർക്ക് സമൂഹത്തിൽ പതിയെ മേൽക്കൈ ലഭിക്കുകയും ചെയ്തു. ക്രമേണ ആൾക്കാർ ദളിത് ദൈവങ്ങളെ ഉപേക്ഷിക്കുകയോ മറക്കുകയോ ചെയ്യാൻ തുടങ്ങി. ഗതികെട്ട ദൈവങ്ങൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി നടക്കാൻ നിർബന്ധിതരായത് അങ്ങനെയാണ്.

സാമൂഹ്യ ശാസ്ത്ര പഠനത്തേക്കാളുപരിയായി നരവംശശാസ്ത്ര പഠനത്തിന്റെ ഭാഗമായാണ് മാടനും ചാത്തനും മാറുന്നത്

ഇത്തരം വരേണ്യ വിഭാഗങ്ങളുടെ ആരാധനകൾക്കോ, പ്രീതിക്കോ പാത്രമാകാത്ത മാടനെ പോലുള്ള ദളിത് ദൈവങ്ങൾ തുടർന്നുള്ള സാമൂഹ്യ ശാസ്ത്ര പഠനങ്ങളിലൊന്നും വിഷയമാകുന്നില്ലെന്നത് കാണാം. സാമൂഹ്യ ശാസ്ത്ര പഠനത്തേക്കാളുപരിയായി നരവംശശാസ്ത്ര പഠനത്തിന്റെ ഭാഗമായാണ് മാടനും ചാത്തനും മാറുന്നത്. ഒരു പ്രത്യേക വിഭാഗത്തിലുള്ള മനുഷ്യരെക്കുറിച്ച് പഠനം നടത്തുമ്പോൾ അവരുടെ കുലദൈവങ്ങളെയും  ആചാര രീതികളെയും പഠനവിഷയമാക്കുന്നു എന്നതൊഴിച്ചാൽ സാമൂഹ്യശാസ്ത്ര പഠനത്തിലോ മറ്റു ചരിത്രരേഖകളിലോ ഈ ദളിത് ദൈവങ്ങൾക്ക് യാതൊരു സ്ഥാനവുമില്ലാതായി.

എഴുതപ്പെട്ട ചരിത്രത്തിലോ പൊതുസമൂഹം നിലവിൽ പഠിക്കുന്ന ചരിത്രത്തിലോ അവർ വിശ്വസിക്കുന്ന തത്വ സംഹിതകളിലോ ദ്രാവിഡ ദൈവങ്ങൾക്കുള്ള പ്രസക്തി കാലക്രമേണ കുറഞ്ഞു വരികയും പതിയെ തീരെ ഇല്ലാതാവുകയും ചെയ്തു. ഐതിഹ്യങ്ങൾ, കെട്ടുകഥകൾ, പുരാണങ്ങൾ ഇതിനെയെല്ലാം വേറൊരു കാഴ്ചപ്പാടോടു കൂടി കാണാൻ പുതിയ ലോകം തയാറാവുകയും അവർക്കായി പുതിയ ക്ഷേത്രങ്ങളും ആരാധനാ രീതികളും നിലവിൽ വരികയും ചെയ്തു. മാടനെപ്പോലുള്ള സോഷ്യലിസ്റ് മനോഭാവമുള്ള ദൈവങ്ങൾ കാലയവനികയ്ക്കുള്ളിൽ മറയുകയും അധികാരത്തിന്റെ ദൈവരൂപങ്ങൾ ഉടലെടുക്കുകയും ചെയ്തു. ഇന്ത്യയിലെ പല പ്രവിശ്യകളിലും പല തരം ഉത്സവങ്ങൾ ദൈവപൂജ എന്നതിനേക്കാൾ ഇന്ത്യയിലെ ബഹുജന സംസ്കാരത്തിനു മേൽ സാമൂഹ്യാധികാരം നേടിയെടുക്കാനുള്ള ഉപാധിയെന്ന മട്ടിലാണ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഈ ഉത്സവങ്ങൾ പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും ഇടങ്ങളായി മാറാൻ അധികം കാലതാമസം വേണ്ടി വന്നില്ല.  

ഹിന്ദുത്വ ശക്തികളാണ് ക്ഷേത്ര അധികാരികളാകുന്നതും വിശ്വാസത്തെ കൂട്ടുപിടിച്ച് ജനങ്ങളുടെ ഉള്ളിലേക്ക് തീവ്ര ഹിന്ദുവികാര രാഷ്ട്രീയം ഉടലെടുപ്പിക്കുന്നതും.  കേരളത്തിൽ ഒരു പരിധിവരെ ഹിന്ദുത്വ രാഷ്ട്രീയം നിലനിൽക്കുന്നതും അങ്ങനെയാണെന്ന് പറയാം

തമിഴ്നാട്ടിലെ ഒരു സാധാരണ ഗ്രാമമാണ് നോവലിന്റെ പശ്ചാത്തലം ജയലളിതാ സർക്കാർ സംസ്ഥാനത്ത് മൃഗബലി നിരോധിച്ച സമയമാണ് നോവലിന്റെ ആശയരൂപീകരണം നടക്കുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ മാത്രം കാഴ്ചയായോ അനുഭവമായോ ഈ വിഷയത്തെ ഒതുക്കി നിർത്താൻ പറ്റില്ല. കേരളത്തിൽ ഉൾപ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണിത്. ആരാധനാലയങ്ങളുടെ കമ്മിറ്റികളിൽ രാഷ്ട്രീയപാർട്ടികൾ പ്രവർത്തിക്കരുതെന്ന് നിയമം വന്നിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കുന്ന സാഹചര്യമൊന്നും ഉണ്ടാകുന്നില്ല.

ഹിന്ദുത്വ ശക്തികളാണ് ക്ഷേത്ര  അധികാരികളാകുന്നതും വിശ്വാസത്തെ കൂട്ടുപിടിച്ച് ജനങ്ങളുടെ ഉള്ളിലേക്ക് തീവ്ര ഹിന്ദുവികാര രാഷ്ട്രീയം ഉടലെടുപ്പിക്കുന്നതും.  കേരളത്തിൽ ഒരു പരിധിവരെ ഹിന്ദുത്വ രാഷ്ട്രീയം നിലനിൽക്കുന്നതും അങ്ങനെയാണെന്ന് പറയാം. ഈ രാഷ്ട്രീയത്തിന്റെ സ്വാധീനം കേരളം പോലുള്ള മതേതരമായ ഒരു സമൂഹത്തിൽ എത്രമാത്രം ആഴത്തിലായിക്കഴിഞ്ഞുവെന്ന് മനസിലാക്കാൻ ജയമോഹൻ ആമുഖത്തിൽ പറയുന്ന ഒരു സംഭവം മാത്രം മതി. മാടൻ മോക്ഷത്തിന്റെ മലയാള വിവർത്തനം അദ്ദേഹം തയാറാക്കിയത് ഒരു പ്രമുഖ മലയാള വാരികയ്ക്ക് വേണ്ടിയായിരുന്നു. അവർ അത് പ്രസിദ്ധീകരിക്കാൻ തയാറായില്ല. ഇപ്പോൾ, വർഷങ്ങൾക്ക് ശേഷം ഡിസി ബുക്സ് ആണ് വിവർത്തനം പ്രസിദ്ധീകരിച്ചത്. 

ഭാവനകളുടെ  ലോകത്തുനിന്നുകൊണ്ടുമാത്രം കഥകൾ സൃഷ്ടിക്കാതെ ആളുകളുമായി ഇടപെടുന്ന വിഷയം ശക്തമായി അവതരിപ്പിക്കുന്നു എന്നതിലാണ് ജയമോഹൻ വ്യത്യസ്തനാകുന്നത്

ഇന്ത്യയെ പോലുള്ള ഒരു മഹാരാജ്യത്ത് ജനാധിപത്യം തുടർന്നുപോകുന്നതിനുള്ള പ്രധാന കാരണം പല ജാതികളിലും മതങ്ങളിലുമുള്ള ദൈവങ്ങളുടെ സാന്നിധ്യം കൂടിയാവാം എന്നൊരു വാദം വിചിത്രമായി കാണേണ്ടതില്ല. അപ്പോൾ ആ ചുറ്റുപാടിൽ അരികുപറ്റി ജീവിക്കുന്നവരുടെ ദൈവങ്ങളെ മറക്കുകയോ അവർക്ക് പുതിയ അവതാരപ്പിറപ്പുകൾ നൽകുകയോ ചെയ്യുമ്പോൾ ജനാധിപത്യത്തിന്റെ സന്തുലിതാവസ്ഥ തന്നെ തകരുന്നു എന്ന സന്ദേശം കൂടി പെരുമാൾ മുരുകൻ മാടൻ മോക്ഷത്തിലൂടെ ഉന്നയിക്കുന്നു.

ജയമോഹന്റെ മാടൻ മോക്ഷം ആക്ഷേപഹാസ്യമായി തന്നെ വായിക്കുമ്പോൾ വായനക്കാരുടെ ബോധമണ്ഡലത്തിൽ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികൾ കൂടി കടന്നുവരും. രാജ്യത്ത് നടമാടുന്ന അരാജകത്വവും സാധാരണ ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ നിറഞ്ഞ ജീവിതവും അവർ അനുസ്മരിക്കും. ഭാവനകളുടെ  ലോകത്തുനിന്നുകൊണ്ടുമാത്രം കഥകൾ സൃഷ്ടിക്കാതെ ആളുകളുമായി ഇടപെടുന്ന വിഷയം ശക്തമായി അവതരിപ്പിക്കുന്നുവെന്നതിലാണ് ജയമോഹൻ വ്യത്യസ്തനാകുന്നത്. നേരത്തെ 'നൂറു സിംഹാസനങ്ങൾ' പോലുള്ള കൃതികളിൽ അദ്ദേഹം പരിചയപ്പെടുത്തിയ ഈ രീതി തന്നെയാണ് മാടൻ മോക്ഷവും പിന്തുടരുന്നത്. 

logo
The Fourth
www.thefourthnews.in