ഒ വി വിജയന്റെ അനവധി സന്ദർശനങ്ങള്‍ - ഒരാത്മഗതം

ഒ വി വിജയന്റെ അനവധി സന്ദർശനങ്ങള്‍ - ഒരാത്മഗതം

വിജയനെ ഒരാള്‍ക്ക് ഇഷ്ടമാകുന്നതിനുള്ള പല കാരണങ്ങളുണ്ട്‌. അതിലൊന്ന്, ഒരു ഭാഷയെ അതിന്റെ തന്നെ മോഹവും സ്വപ്നവുമാക്കാന്‍ പാകമായ ഒരു ഭാവന സമ്മാനിക്കുന്നതില്‍ വിജയന്‍ പുലര്‍ത്തിയ ഇഴമുറിയാത്ത ജാഗ്രതയാണ്

എഴുത്തുകാരെപ്പറ്റിയുള്ള ഓര്‍മ അവരുടെ എഴുത്തിനെ പ്രതി മാത്രമാകുന്നില്ല,  അവരെഴുതിയിരുന്ന കാലഘട്ടത്തിന്റെ ഓര്‍മയിലേക്ക്  കൂപ്പുകുത്തുക മാത്രമാകുന്നില്ല, അവരുടെ മരണാനന്തര ജീവിതത്തെപ്പറ്റിയോ അവരുടെ പിന്തുടര്‍ച്ചയെപ്പറ്റിയോ ഉള്ള വിലയിരുത്തലുകള്‍ മാത്രവുമാകുന്നില്ല, മറിച്ച്, അവരുടെ ‘ഭാവന’യുടെ തന്നെ പുനരാവര്‍ത്തനങ്ങളുടെ (Repetitions) പല സന്ദർഭങ്ങളിലെ സന്ദര്‍ശനങ്ങളാണ് നമ്മെ അവരെപ്പറ്റി വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നത്. എങ്കില്‍, അങ്ങനെ നമ്മെ സന്ദര്‍ശിക്കുന്ന ഒരെഴുത്തുകാരന്‍ ഒ വി വിജയനാണ്. വിജയന്റെ ഭാവനാലോകം അത്തരം സന്ദര്‍ശനങ്ങള്‍ കൊണ്ട് സമൃദ്ധവുമാണ്.

എന്തുകൊണ്ടാണ് അങ്ങനെയൊരു ഊഴം വിജയന് മാത്രമായി പറയുന്നത് എന്നാണെങ്കില്‍, ഒരിക്കല്‍,  ആ കലയെ സാധ്യമാക്കിയ സാമൂഹ്യബോധ്യങ്ങളുടെ പല പരിണാമങ്ങളിലൂടെയും അതേ കല നമ്മെ നേരിടുന്നു എന്നതാണ് ഒരു കാരണം. മരണാനന്തരവും സഞ്ചരിക്കുന്ന ജീവവായുപോലെയാണത്.  വിജയന്റെ പ്രമേയങ്ങള്‍ “പ്രത്യയശാസ്ത്ര മുക്തമായ സ്വാതന്ത്ര്യ”ത്തെ കാംക്ഷിക്കുന്ന ഒരു ഭാഷയുടെ കൂടി കലയാകുന്നതും അതുകൊണ്ടുകൂടിയാണ്.  

വാസ്തവികതയുടെ  ബലിഷ്ടമായ വ്യാപ്തിയെ ഭ്രമാത്മകതകൊണ്ടും, ഭ്രാന്തോളം പോയ കല്‍പ്പനകള്‍കൊണ്ടും, കറുത്ത ഹാസ്യം കൊണ്ടും, വാസ്തവങ്ങളുടെ തന്നെ അനവധി പ്രതിഫലനങ്ങള്‍ ഉയര്‍ത്തിയും തന്റെ ഈ സ്വാതന്ത്യത്തെ വിജയന്‍ ആവിഷ്ക്കരിക്കുന്നു

അല്ലെങ്കില്‍, വിജയനെ ഒരാള്‍ക്ക് ഇഷ്ടമാകുന്നതിനുള്ള പല കാരണങ്ങളുണ്ട്‌. അതിലൊന്ന്, ഒരുപക്ഷെ ഏറ്റവും വിശേഷമായി പറയാന്‍ പറ്റുന്നത്,  ഒരു ഭാഷയെ അതിന്റെ തന്നെ മോഹവും സ്വപ്നവുമാക്കാന്‍ പാകമായ ഒരു ഭാവന സമ്മാനിക്കുന്നതില്‍ വിജയന്‍ പുലര്‍ത്തിയ ഇഴമുറിയാത്ത ജാഗ്രതയാണ്. സാഹിത്യത്തെ (എഴുത്തിനെയും)  ഒരേസമയം ഭാഷയുടെയും കലയുടെയും ആവശ്യമായി ‘ഉയര്‍ത്തി വയ്ക്കുന്ന’ ഒരനുഭവം വിജയന്‍ തന്റെ വായനക്കാര്‍ക്ക് എപ്പോഴും കരുതിവയ്ക്കുന്നു -  ആ പ്രമേയങ്ങള്‍ പലതും, വിജയന്റെ പല ഹാസ്യചിത്രങ്ങളെപ്പോലെയും,  പിന്‍വാങ്ങിയപ്പോഴും. തന്റെ കാലത്തെ സമാഹരിക്കാന്‍ വിജയനുണ്ടായിരുന്ന മനോബലം തന്റെ തന്നെ ഭാവനയുടെ സ്വാതന്ത്ര്യത്തെ പിന്‍പറ്റുക എന്നാണ്. വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ടല്ല. വേറെ വഴിയൊന്നും വേണ്ടാ എന്ന് ഉറപ്പിക്കുന്നതുകൊണ്ടാണ്, അങ്ങനെ. വാസ്തവികതയുടെ  ബലിഷ്ടമായ വ്യാപ്തിയെ ഭ്രമാത്മകതകൊണ്ടും, ഭ്രാന്തോളം പോയ കല്‍പ്പനകള്‍കൊണ്ടും, കറുത്ത ഹാസ്യം കൊണ്ടും, വാസ്തവങ്ങളുടെ തന്നെ അനവധി പ്രതിഫലനങ്ങള്‍ ഉയര്‍ത്തിയും തന്റെ ഈ സ്വാതന്ത്യത്തെ വിജയന്‍ ആവിഷ്ക്കരിക്കുന്നു. അതിനാല്‍, വിജയന്റെ നോവലുകളിലും കഥകളിലും ലേഖനങ്ങളിലും ഹാസ്യചിത്രീകരണങ്ങളിലും പശ്ചാത്തലമാകുന്ന എന്തിലും  അവയുടെ പ്രമേയങ്ങളെയും  ‘കര കവിയുന്ന’ ഒരു ബൗദ്ധിക സത്യസന്ധത സ്ഥാനം പിടിക്കുന്നു. ഇപ്പോഴും. ‘കരകവിയുന്നത്’ എന്ന് ഇവിടെ  പറഞ്ഞത് വസ്തുവല്‍ക്കരണത്തിലേക്ക് സമാഹരിക്കപ്പെടുന്ന ഏത് ലളിതബുദ്ധിയെയും പ്രതിരോധിക്കുന്നത് എന്ന അര്‍ഥത്തിലാണ്. നമ്മുടെ എഴുത്തിന് അപൂര്‍വ്വമായ അനുഭവമായിരുന്നു, അത്.

വിജയന്റെ കാർട്ടൂൺ ശേഖരത്തെ നോക്കൂ: ആ വരകളുടെ ആയുസിൽ കുടുങ്ങി കിടന്ന കാലം, രാജ്യത്തിന്റെയും ദേശത്തിന്റെയും ഓർമയിൽ എപ്പോഴുമുണ്ട്

ഒരിക്കലുണ്ടായിരുന്ന ‘ശീതയുദ്ധകാല’ത്തെ ഒരെഴുത്തുകാരനെ, അയാളുടെ രാഷ്ട്രീയ പ്രതിനിധ്യങ്ങളോടെ, വിജയനുവേണ്ടി, വെറുതെ സങ്കല്‍പ്പിച്ചു നോക്കൂ: അയാള്‍ തന്റെ ഭാഷയുടെയും ദേശത്തിന്റെയും ‘നോട്ടപ്പുള്ളി’യായിരുന്നു എന്ന് നമ്മള്‍ ആദ്യം കണ്ടുപിടിക്കുന്നു. എക്കാലത്തും അല്ലെങ്കില്‍ അതങ്ങനെയായിരുന്നു. സോവിയറ്റ് കമ്മ്യൂണിസത്തിന്റെയും അമേരിക്കന്‍ അഭീഷ്ടങ്ങളുടെയും രണ്ടു തരത്തിലുള്ള  രാഷ്ട്രീയ ഇടപെടലുകളിലാണ്,  ഈ രണ്ട് ബ്ലോക്കുകളിലേക്കും ചേരി തിരിഞ്ഞ രാജ്യങ്ങളെപ്പോലെ,  എഴുത്തുകാരും നിലയുറപ്പിച്ചത് എന്ന് പിറകെ  നമ്മള്‍ മനസിലാക്കുന്നു. അക്കാലത്തെ എഴുത്തുകാരെ അങ്ങനെയാണ് വേഗം വേര്‍തിരിച്ചിരുന്നത്. എന്നാല്‍, ‘നിയന്ത്രിത ഭാവന’ യുടെ ഇരകള്‍ എന്ന വിധം ഇതേ എഴുത്തുകാരെ ആ കാലത്തും പിന്നെയും നമ്മള്‍ കണ്ടുമുട്ടുന്നു.  അദ്ഭുതമെന്ന് തോന്നാം, ഒ വി വിജയന് അങ്ങനെയൊരു ‘യോഗം’ ഉണ്ടായിരുന്നു – ‘വിധി’യെക്കാള്‍. ഏതെങ്കിലും വിധത്തിലുള്ള സമഗ്രാധിപത്യ രാഷ്ട്രീയ ഘടനയിലല്ല വിജയന്‍ ജീവിച്ചിരുന്നതും എഴുതിയിരുന്നതും എന്നതുകൊണ്ടാണ് ഇതിനെ അദ്ഭുതം എന്ന് പറഞ്ഞത്.  എന്നാല്‍, സത്യനിഷ്ഠയോടെ ഉയര്‍ന്ന ആന്റിനാ പോലെ ഇതെല്ലാം വിജയനെ തൊടാതിരുന്നതുമില്ല. (ഈ സത്യനിഷ്ഠയെയാണ് വിജയന്‍ ‘സന്ദേഹം’ എന്ന വാക്കുകൊണ്ട് നമുക്ക് പല വിധത്തില്‍ പരിചയപ്പെടുത്തുന്നത് എന്നാണ് എന്റെ തോന്നല്‍. ഒരു കമ്മ്യൂണിസ്റ്റ്  സമൂഹം അല്ലാതിരുന്നിട്ടും ഒരു വലിയ കാലം കമ്മ്യൂണിസ്റ്റ് ഇച്ഛ, രാഷ്ട്രീയത്തിലും കലയിലും കണ്ടെത്തിയ മൂന്നോ നാലോ തലമുറയിലെ  മനുഷ്യരുടെ ലോകംകൂടിയായിരുന്നു, നമ്മള്‍, കേരളീയരുടേത്. വിജയന്‍, ആ കാലത്തോട്  നിരന്തരം കലയും സാഹിത്യവും രാഷ്ട്രീയവും പറഞ്ഞുകൊണ്ടുതന്നെ വിയോജിച്ചു. ഒരുപക്ഷെ, നമ്മുടെ ആധുനികതയുടെ തന്നെ  സാഹിത്യ പ്രതികരണങ്ങള്‍ പോലെയായിരുന്നു അത്. അങ്ങനെയാണ്, നമ്മുടെ  സാഹിത്യത്തിലെ, അതിനാല്‍ നമ്മുടെ ആധുനികതയിലെയും, സ്വന്തം “ശീതയുദ്ധ കാല കല” യിലെ “സ്റ്റാലിന്‍ യുഗ”ത്തെ വിജയന്‍ പ്രതിരോധിച്ചത്.  

ആ അർഥത്തിൽ ഒരു 'വീട്ടുകാരി'യെ പോലെയാണ്‌ കാർട്ടൂണിസ്റ്റ്: ലോകം അവളിൽ അകത്തുനിന്നും പുറത്തു നന്നും ഇരമ്പിക്കൊണ്ടിരിക്കുന്നു, അതിനെ വീട് എന്ന് സ്വസ്ഥമാക്കുമ്പോഴും

വിജയന്റെ കാർട്ടൂൺ ശേഖരത്തെ നോക്കൂ: ആ വരകളുടെ ആയുസിൽ കുടുങ്ങി കിടന്ന കാലം, രാജ്യത്തിന്റെയും ദേശത്തിന്റെയും ഓർമയിൽ എപ്പോഴുമുണ്ട്. അതില്‍ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ വാസനയെ നേരിട്ട വരകളുണ്ട്, ഗാന്ധിജിയുടെ ഓർമകളുണ്ട്, ശീത സമരകാലത്തെ റഷ്യയും നമ്പൂതിരിപ്പാടുമുണ്ട്, അക്കാലത്തെ ഉത്തരേന്ത്യയിലെ കർഷക നേതാക്കളും ജാതി നേതാക്കളുമുണ്ട്. എല്ലാം സ്വാഭാവികമായിട്ടുതന്നെ. വരാനിരുന്ന നരേന്ദ്ര മോദിയുടെ  കാലത്തെ വർഗീയ ഫാഷിസത്തിന്റെ പ്രവചനമൊന്നുമില്ല എന്നിരുന്നാലും കമ്മ്യുണിസ്റ്റ് ഫാഷിസത്തിന്റെ ഓർമ പെരുക്കുന്ന "ധർമപുരാണ"ത്തിന്റെ അണിയറ ഒരുക്കങ്ങൾ ഇതേ കാര്‍ട്ടൂണ്‍ ശേഖരത്തില്‍ നമ്മള്‍ കണ്ടുപിടിക്കുന്നു. ഒരു പക്ഷെ, ഒരു ദിവസത്തെ ലോകമാകും കാർട്ടൂണിസ്റ്റിന്റെ മനസ്സിൽ. ചിലപ്പോൾ അതിൽ നിറയെ തന്റെ തന്നെ  രാജ്യമാകും. ആ അർഥത്തിൽ ഒരു 'വീട്ടുകാരി'യെ പോലെയാണ്‌ കാർട്ടൂണിസ്റ്റ്: ലോകം അവളിൽ അകത്തുനിന്നും പുറത്തു നന്നും ഇരമ്പിക്കൊണ്ടിരിക്കുന്നു, അതിനെ വീട് എന്ന് സ്വസ്ഥമാക്കുമ്പോഴും. വിജയനും അങ്ങനെയായിരുന്നു: ശീതയുദ്ധകാലത്തെ ലോകം, അതിന്റെ രാഷ്ട്രീയം, തന്റെ രാജ്യത്തും തന്റെ ഭാവനയിലും വിജയൻ സന്ദർശിച്ചുകൊണ്ടിരുന്നു. ചില നേരത്ത്  ജന്തുചോദനപോലെത്തന്നെ. അതിനാല്‍, ‘അടിയന്തരാവസ്ഥ’ കാലത്തെ വിജയനെയും, കമ്മ്യൂണിസ്റ്റ് അപചയത്തിന്റെ കാലത്തെ വിജയനെയും, സമഗ്രാധിപത്യ പ്രത്യയശാസ്ത്രങ്ങളുടെ മേധാവിത്തകാലത്തെ വിജയനെയും,  ഒരാള്‍ക്ക് ഇപ്പോഴും ഭാവന ചെയ്യാനാകുന്നു: അങ്ങനെ, വിജയനെ ഓര്‍മിക്കുമ്പോള്‍, സമകാലികത, എഴുത്തിലെങ്കിലും മരണാനന്തര ജീവിതത്തിന്റെ കൂടി വ്യാഖ്യാനമാകുന്നത് അതുകൊണ്ടാണ്. ഏത് എഴുത്തുകാരനും അത് ആഗ്രഹിച്ചുപോകും, അവരുടെ മരണത്തിനും ശേഷം.

logo
The Fourth
www.thefourthnews.in