കാലാതിവർത്തിയായ ഖസാക്കും രവിയുടെ എതിർ സഞ്ചാരവും

കാലാതിവർത്തിയായ ഖസാക്കും രവിയുടെ എതിർ സഞ്ചാരവും

1970കളിൽ ആധുനികതയുടെ ഇതിഹാസ കാവ്യമായി വാഴ്ത്തപ്പെട്ടുകൊണ്ടാണ് ഖസാക്കിന്റെ ഇതിഹാസം മലയാള ഭാവുകത്വത്തിനുമേൽ പ്രചണ്ഡമായി പ്രഹരിക്കുന്നത്

ആധുനികതയുടെ അസ്തിത്വ ദുഃഖം ഇന്നൊരു പുരാവസ്തുവാണ്. ആധുനിക നാഗരികതയുടെ ഏകകമായ വ്യക്തി, അർഥ ശൈഥില്യങ്ങളിൽ ഉഴറി സ്വത്വാന്വേഷണങ്ങളുടെ വിഫലതയിൽ മൃത്യുദാഹിയാകുന്നത് പഴയ പ്രമേയമായി കഴിഞ്ഞു. എന്നാൽ മനുഷ്യാവസ്ഥയുടെ മൗലികമായ വൈരുദ്ധ്യങ്ങൾ എക്കാലവും സമകാലികമാണ്. അതുകൊണ്ടാണ് ആധുനികതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മലയാള സാഹിത്യത്തിൽ വാഴ്ത്തപ്പെട്ട പല കൃതികളും കാലപ്രവാഹത്തിൽ അനാകർഷകമായിട്ടും ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ നൂറാം പതിപ്പിന്റെ നിറവിൽ നിൽക്കുന്നത്. 1970കളിൽ ആധുനികതയുടെ ഇതിഹാസ കാവ്യമായി വാഴ്ത്തപ്പെട്ടുകൊണ്ടാണ് ഖസാക്കിന്റെ ഇതിഹാസം മലയാള ഭാവുകത്വത്തിനുമേൽ പ്രചണ്ഡമായി പ്രഹരിക്കുന്നത്. എന്നാൽ സാഹിത്യപ്രസ്ഥാനങ്ങളുടെ പതാകകൾ കാലത്തിൻ്റെ കൊടുങ്കാറ്റിൽ പിഞ്ചി പോയിട്ടും ഈ നോവൽ തലപ്പൊക്കത്തോടെ മലയാളികളുമായി ഇന്നും സംവദിക്കുന്നു. അതായത് ആധുനികതയുടെ ഇടർച്ച കൂടിയാണ് ഖസാക്കിന്റെ ചിരന്തന പ്രഭാവം.

വഴിയമ്പലം തേടി

1968 ജനുവരി 28 മുതൽ ഓഗസ്റ്റ് 4 വരെ 28 അധ്യായങ്ങളായാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിക്കുന്നത്. മലയാള സാഹിത്യത്തിൽ ആധുനികതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഈ കാലഘട്ടം വളരെ പ്രധാനമാണ്. തൊട്ടടുത്ത വർഷങ്ങളിലാണ് എം മുകുന്ദന്റെ ഡൽഹിയും കാക്കനാടന്റെ ഉഷ്ണമേഖലയും ആനന്ദിന്റെ ആൾക്കൂട്ടവും പുറത്തിറങ്ങുന്നത്. ലോകയുദ്ധത്തിന് ശേഷമുള്ള യൂറോപ്യൻ അരക്ഷിതാവസ്ഥയിൽ രൂപംകൊണ്ട ആധുനികതാ സാഹിത്യ പ്രസ്ഥാനം, ഇന്ത്യൻ രാഷ്ട്രപുരോഗതിയോടുള്ള യുവജന അവിശ്വാസമായാണ് ഇവിടെ പരാവർത്തനം ചെയ്യപ്പെട്ടത്. 1960കളിലെ ഈ സാമൂഹിക വിഷാദമാണ് അന്നത്തെ മലയാള നോവലുകളിൽ അസ്തിത്വ വ്യഥയുടെ പൊതുപശ്ചാത്തലമായി മാറുന്നത്. ഇതിനുള്ള പ്രമേയ പരിസരം പൊതുവിൽ നഗരമാണ്. അന്നത്തെ പ്രധാന നോവലുകളിൽ എല്ലാം കാണാനാകുക നഗരങ്ങളിലേക്കുള്ള വ്യഥിത സഞ്ചാരമാണ്. എന്നാൽ ഖസാക്കിന്റെ ഇതിഹാസത്തിൽ കാണാനാകുക അതിപ്രാദേശികതയിലേക്കുള്ള വിപരീത സഞ്ചാരമാണ്. നഗര പ്രതിനിധിയായ രവി പുരാവൃത്തങ്ങളുടെ നിശ്ചലഭൂമികയിലേക്ക് എതിർ സഞ്ചാരം നടത്തുകയാണ്. വ്യവസ്ഥാപിത ലോകത്തിൽ നിന്ന് അവ്യവസ്ഥയിലേക്കുള്ള ഒറ്റയാൾ സഞ്ചാരം.

ആധുനികതയുടെ ദാർശനിക നെറ്റിപ്പട്ടം ഇല്ലാതെ തന്നെ കാലങ്ങളിലൂടെ നോവൽ നിലനിൽക്കുന്നു എന്നതാണ്, നൂറാം പതിപ്പ് കടന്നതിന്റെ കാരണം

ഊട്ടിയിൽ അച്ഛനും ചിറ്റമ്മയുമുള്ള, വിദേശത്ത് സഹോദരിമാരുള്ള, ആസ്ട്രോഫിസിക്സ് പഠിച്ച, ദേശ സഞ്ചാരങ്ങൾ നടത്തിയ രവിയുടെ ഈ വിപരീത സഞ്ചാരമാണ് ഖസാക്കിന്റെ ഇതിഹാസത്തെ കാലാതിവർത്തിയാക്കുന്നത്. രവി കാമനകളുടെ ചാക്രികതയിൽ നിസ്സംഗമായി കറങ്ങുകയും ബന്ധങ്ങളിൽ നിന്ന് നിരുന്മേഷിയായി ഇറങ്ങിപ്പോകുകയും ചെയ്യുന്ന അടിയുറപ്പില്ലാത്ത വ്യക്തിത്വമാണ്. പക്ഷേ രവി എത്തിപ്പെടുന്നത് ഭ്രമാത്മകവും സങ്കീർണവുമായ വ്യക്തിത്വങ്ങളുടെ മിത്തിക്കൽ ഭൂമികയിലേക്കാണ്. അള്ളാപ്പിച്ച മൊല്ലാക്കയും നൈസാമലിയും അപ്പുക്കിളിയും പോലുള്ള കഥാപാത്രങ്ങളുടെ ജൈവികതയിൽ രവിയെ പോലെ വായനക്കാരനും ആണ്ടുപോകുന്നു. യുക്തി അസന്നിഹിതമായ, പ്രാചീനത മുറ്റിനിൽക്കുന്ന ഖസാക്ക് രവിയെ നിഷ്പ്രഭനാക്കി സ്ഥലഭൂതമായി മാറുന്നു.

മലമ്പുഴ അണക്കെട്ടിന്റെ നിർമാണം നടക്കുന്ന 1950കളുടെ ആദ്യപകുതിയിൽ ഏകാധ്യാപക വിദ്യാലയം എന്ന ആധുനികവൽക്കരണത്തിന്റെ ദൗത്യവുമായാണ് രവി ഖസാക്കിലെത്തുന്നത്. പക്ഷേ സകല നാഗരികതയുടെയും ഉറയുരിഞ്ഞ്, കാമുകിയായ പത്മയുടെ സ്നേഹത്തോടുപോലും അപരിചിതനായി മാറുന്നു രവി. പിന്നെ ഖസാക്കിലെ കൊടുങ്കാറ്റിൽ ഉലഞ്ഞ് സ്വയം ബലിയായി തീരുന്നു. രവിയിലെ രവി തന്നെ അഴിഞ്ഞില്ലാതാകുന്നു. അതിന് പ്രാപ്തമാക്കുന്നത് ഖസാക്ക് എന്ന സ്ഥലരാശിയിലെ ഉൾപ്പിരിവുകളാണ്. സവിശേഷമായ വിശ്വാസങ്ങളും ഭാഷയും ബന്ധസങ്കീർണതകളുമുള്ള, കാലം തളംകെട്ടി കിടക്കുന്ന ഖസാക്ക് രവിയെ നിശൂന്യനാക്കുകയാണ്. നഗരങ്ങളിലെ ആൾക്കൂട്ടങ്ങളിൽ സ്വത്വശൂന്യത അറിഞ്ഞവരേക്കാൾ ഖസാക്കിന്റെ അതിപ്രാദേശികതയിലേക്ക് വിപരീത സഞ്ചാരം നടത്തിയ രവി മലയാളിക്ക് സ്വീകാര്യമാകുന്നത് ഈ ഘടകം കൊണ്ടാണ്.

ചെതലിയിലെ പദധ്യാനം

പരസ്പരം അപരിചിതരായ സസ്യ - ജന്തു ലോകങ്ങളും ജന്തുലോകത്തിന്റെ ദയാരഹിതമായ മറവിയുമാണ് ഖസാക്കിലേക്ക് മലയാളിയെ ആദ്യം വലിച്ചടിപ്പിച്ചത്. വായനക്കാരെ ഭ്രമിപ്പിക്കുകയും വർഷങ്ങളോളം ഉന്മത്തതയിൽ നിർത്തുകയും ചെയ്ത കാവ്യഭാഷയ്ക്ക് പിന്നിലുള്ളത് ഈ പ്രാപഞ്ചിക ആത്മീയത ആണ്. ഖസാക്കിലെ മഴയും വെയിലും കാറ്റും വെളിച്ചവും ജൈവികമായ ഒരു സഹവർത്തിത്വ ബോധത്തോടെയാണ് തളിർക്കുന്നത്. ഒ വി വിജയന്റെ പിൽക്കാല രചനകളിലെ സമൂർത്തമായ ആധ്യാത്മിക സന്ദേഹങ്ങൾക്ക് പകരം പ്രാപഞ്ചികമായ ആത്മീയതയുടെ തടങ്ങളാണ് ഖസാക്കിലുള്ളത്.

ഒ വി വിജയന്‍
ഒ വി വിജയന്‍

മൂരാച്ചി ഫ്യൂഡലിസ്റ്റ് എന്ന് നോവലിൽ തന്നെ വിശേഷിപ്പിക്കപ്പെടുന്ന ശിവരാമൻ നായർ സങ്കുചിത ഹിന്ദുത്വയുടെ ആദിരൂപമാണ്

വെള്ളത്തിന്റെ അന്ധമായ ആശ്ലേഷണവും മന്ദാര ഇലകൾ ചേർത്ത് തുന്നിയ പുനർജനിയുടെ കൂടും വെളുത്ത കാലവർഷവും കുനിഞ്ഞു കൊടുക്കുന്ന കരിമ്പനയും ഒക്കെ അതിഭൗതികമായ ഒരു കാവ്യഭാഷണം ആണ്. നോവലിൽ ഭൂപ്രകൃതി ഭാഷാപ്രകൃതിയായി മാറുന്നു. ധ്യാനാത്മകത ഭാഷയിൽ ഉറഞ്ഞു കൂടുന്നു. അതായത് ഖസാക്കിന്റെ ഇതിഹാസത്തിലെ ഭാഷ ഇത്രമേൽ വശീകരിക്കുന്നത്, അതിലെ പ്രപഞ്ചബോധം കൊണ്ടാണ്. നോവലിൽ വാക്കുകൾക്ക് പച്ച നിറമാണ്.

വേറൊരു നോവലിനും അവകാശപ്പെടാനാകാത്ത വിധം ഖസാക്കിന്റെ യഥാർഥ ഭൂമികയായ തസറാക്ക് സാഹിത്യാന്വേഷികളുടെ തീർഥാടന കേന്ദ്രമായി മാറിയത് അതുകൊണ്ടാണ്. കാറ്റുപിടിച്ച കരിമ്പനകളുടെ തട്ടകം മലയാളിക്ക് അപരിചിതമായി തോന്നുന്നില്ല. തസറാക്കിലെ വഴികളിൽ ഭാഷാ നിർമിതമായ ഒരു ഖസാക്ക് തിരഞ്ഞ് അവധൂതരെത്തുന്നു. ഇത്ര പതിറ്റാണ്ടുകൾക്ക് ശേഷവും.

പുസ്തകത്തിന്‍റെ നൂറാം എഡിഷന്‍
പുസ്തകത്തിന്‍റെ നൂറാം എഡിഷന്‍

ഹിന്ദുത്വ ബോധത്തിന്റെ ഭൂതകാലം

മറ്റ് ആധുനിക നോവലുകളിൽ നിന്ന് വിഭിന്നമായി ഖസാക്ക് കാലാതിവർത്തിയാകുന്നത്, വായനയിൽ ഇന്നും സാധ്യമാകുന്ന സമകാലികത കൊണ്ടാണ്. ഈ നോവലിൽ രാഷ്ട്രീയമായ പ്രവചനാത്മകത കൂടിയുണ്ട്. ആധുനികതാ വിഭ്രമങ്ങളിൽ ഒടുങ്ങി പോകാത്ത സാമൂഹികതലം ഖസാക്കിന്റെ ആന്തരിക ചേതനയാണ്. അത്തരമൊരു സൂക്ഷ്മ വായന സാധ്യമാക്കുന്ന കഥാപാത്രമാണ് ശിവരാമൻ നായർ. മൂരാച്ചി ഫ്യൂഡലിസ്റ്റ് എന്ന് നോവലിൽ തന്നെ വിശേഷിപ്പിക്കപ്പെടുന്ന ശിവരാമൻ നായർ സങ്കുചിത ഹിന്ദുത്വയുടെ ആദിരൂപമാണ്. ഇസ്ലാമിനെതിരായ വിദ്വേഷ യുക്തിയാണ് അയാളിൽ പ്രവർത്തിക്കുന്നത്. അത്തരം ഒട്ടേറെ സന്ദർഭങ്ങളിൽ നോവലിൽ കാണാനാകും. ഇസ്ലാമിക വിശ്വാസങ്ങളെ പുച്ഛിക്കുകയും വർഗീയ മനസ്സോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ശിവരാമൻ നായർ, ഖസാക്കിന്റെ സഹവർത്തിത്വ പൊതുധാരയ്ക്ക് പുറത്ത് ഒറ്റയ്ക്ക് നിൽക്കുന്നു. ഇന്ന് കേരളീയ ദേശങ്ങളിൽ സ്പർദ്ധയുടെ പ്രതിരൂപങ്ങൾ നിറഞ്ഞാടുമ്പോൾ ശിവരാമൻ നായർ സമകാലിക യാഥാർഥ്യം കൂടിയാകുന്നു.

മലയാളത്തിൽ ഏറ്റവും അഗാധമായി വായിക്കപ്പെടുകയും ഗഹനമായി പഠിക്കപ്പെടുകയും ചെയ്ത കൃതിയാണ് ഖസാക്കിന്റെ ഇതിഹാസം. ആധുനികതയുടെ ദാർശനിക നെറ്റിപ്പട്ടം ഇല്ലാതെ തന്നെ കാലങ്ങളിലൂടെ നോവൽ നിലനിൽക്കുന്നു എന്നതാണ്, നൂറാം പതിപ്പ് കടന്നതിന്റെ കാരണം. മാത്രമല്ല ആധുനിക - നാഗരിക യുക്തിയെ അഴിച്ചു കളയുകയും സ്വത്വ ശൂന്യതാ ബോധത്തിന്റെ വിഷദംശനങ്ങളെ അതിവർത്തിക്കുകയും ചെയ്യുന്നു ഈ ഇതിഹാസം.

logo
The Fourth
www.thefourthnews.in