'പ്രേമലേഖനം' മുതൽ 'പ്രേമനഗരം' വരെ; പ്രണയം കിനിഞ്ഞിറങ്ങിയ മലയാളം

'പ്രേമലേഖനം' മുതൽ 'പ്രേമനഗരം' വരെ; പ്രണയം കിനിഞ്ഞിറങ്ങിയ മലയാളം

വായനക്കാരുടെ മനസുകളിൽ ഇടം നേടിയ ചില പ്രണയ നോവലുകളിലൂടെയും, കഥകളിലൂടെയും ഒരു ചെറിയ യാത്ര

ഭാഷയുടെയും ദേശത്തിന്റെ അതിർവരമ്പുകൾ ഇല്ലാതെ, ലിംഗ ഭേദങ്ങളൊന്നുമേയില്ലാതെ ഈ പ്രപഞ്ചമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന പ്രണയം. സിനിമകളിലൂടെയും, നോവലുകളിലൂടെയും, കഥകളിലൂടെയും എത്രയോ പ്രണയങ്ങളും പ്രണയികളും ഇന്നും നമ്മുടെ മനസുകളിൽ ജീവിക്കുന്നുണ്ട്. അത്തരത്തിൽ വായന ജീവശ്വാസമായി കരുതുന്നവർക്കായി, വരികളിലൂടെയും എഴുത്തുകളിലൂടെയും പ്രണയിക്കുന്നവർക്ക് വേണ്ടി ചില പ്രണയാക്ഷരങ്ങള്‍

" പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു ? ഞാനാണെങ്കിൽ എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിയുകയാണ്. സാറാമ്മയോ ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയായി എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യർഥിച്ചു കൊണ്ട് സാറാമ്മയുടെ കേശവൻ നായർ "

കേശവൻ നായരുടേയും സാറാമ്മയുടെയും പ്രേമത്തിന്റെ ലേഖനമാണ് പ്രേമലേഖനം. പരോക്ഷമായി മതാന്തര വിവാഹങ്ങളെ അനുകൂലിച്ചു എന്നതിനാൽ 1944ൽ തിരുവിതാംകൂറിൽ നിരോധിച്ചതാണ് ബഷീറിന്റെ പ്രേമലേഖനം. പ്രണയത്തിന്റെ മായാജാലം തീർത്തിരിക്കുകയാണ് കഥാകൃത്ത് പ്രേമലേഖനത്തിലൂടെ.

" എന്റെ ഹൃദയത്തിൽ പെണ്ണേ നിനക്കായി വലിയ ഒരൊഴിവുണ്ട്. ഇതിന് ശുപാർശയും കൈക്കൂലിയും ഒന്നും ആവശ്യമില്ലല്ലോ " കേശവൻ നായർ സാറാമ്മയോട് തന്റെ പ്രണയം വ്യക്തമാക്കുന്നു.

ഒരു സങ്കീർത്തനം പോലെ

"ആ അടഞ്ഞു കിടക്കുന്ന മൂന്നാമത്തെ വഴി തുറക്കാൻ വല്ല വഴിയുമുണ്ടോന്ന് നോക്കിക്കൂടെ ? അഗാധമായ ഹൃദയഭാവത്തോടു കൂടി ദസ്തയേവ്സ്കി അന്നയുടെ കണ്ണുകളിലേക്ക് നോക്കി. അന്നേരം ഒരു കടൽ പോലെ അവളുടെ ഹൃദയവും ഇളകിമറിഞ്ഞു. തന്റെ ഹൃദയത്തിലും ഒരു കടലുണ്ടെന്ന് അന്നാദ്യമാണ് അവൾ അറിയുന്നത് "

പ്രശസ്ത റഷ്യൻ സാഹിത്യകാരൻ ഫിയോദർ ദസ്തയേവ്സ്കിയുടെ ജീവിത കഥ ആസ്പദമാക്കി പെരുമ്പടവം ശ്രീധരൻ 1993 ൽ രചിച്ച നോവലാണ് 'ഒരു സങ്കീർത്തനം പോലെ'. ദസ്തയേവ്സ്കി ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചന നടത്തുന്ന സമയം സഹായിയായി എത്തിച്ചേരുന്ന അന്നയുമായുള്ള കണ്ടുമുട്ടലിലൂടെയുമാണ് നോവലിന്റെ പുരോഗമനം.

ലോല

"രാത്രി വളരെക്കഴിഞ്ഞിരുന്നു. പ്രഭാതം അടുത്തടുത്ത് വരുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. ഞാൻ കട്ടിലിലിരുന്നു. എന്റെ കാൽക്കൽ വെറും നിലത്തായി ലോലയും. ഇടയ്ക്കിടെ എന്റെ കൈകളിൽ അവൾ മൃദുവായി ചുംബിച്ചു. മറ്റു ചിലപ്പോൾ നിശബ്ദയായി അവൾ എന്റെ മുഖത്തേക്ക് നോക്കി. അവൾ അമേരിക്കക്കാരിയാണെന്നു വിശ്വസിക്കാൻ ആ നിമിഷങ്ങളിൽ പ്രയാസം തോന്നി. രാവിലെ തമ്മിൽ പിരിഞ്ഞു. വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക് വിടതരിക..."

ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക എന്നുപറഞ്ഞ് ആർക്കാണ് പ്രണയത്തെ അവസാനിപ്പിക്കാൻ സാധിക്കുക. ആ മധുരം ആർക്കാണ് മറക്കാൻ കഴിയുക. പ്രണയം നഷ്ടമായാലും ഒരിക്കൽ ചുംബിക്കപ്പെട്ട ആ ചുണ്ടുകളെ വീണ്ടും നമ്മൾ തിരഞ്ഞു കൊണ്ടേയിരിക്കും, വ്യത്യസ്തമായ 18 തരത്തിലുള്ള പ്രണയകഥകളെ പറ്റി പദ്മരാജൻ എഴുതിയ കഥയാണ് ലോല. മനസ്സിൽ പ്രണയം കാത്തുസൂക്ഷിക്കുന്നവരും ഒരിക്കലെങ്കിലും പ്രണയിച്ചവരുമെല്ലാം ലോല വായിച്ചിരിക്കണം.

മഞ്ഞ്

"വിമലാ ജീ എനിക്ക് നിങ്ങളെ ഇഷ്ടമാണ്. പരിഭ്രമിക്കാൻ ഒന്നും ഇല്ല. പ്രേമലേഖനം എഴുതില്ല. വഴിയിൽ തടഞ്ഞു നിർത്തില്ല, ഒന്നും ചെയ്യില്ല. ഒരു ബന്ധവും ഉറപ്പിക്കാതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ് "

കാത്തിരിപ്പിന് അന്ത്യമില്ലെന്ന് ജീവിതം കൊണ്ട് കാണിച്ചു തരികയാണ് വിമല. എവിടെയെന്നറിയാത്ത സുധീർകുമാർ മിശ്രയ്ക്ക് വേണ്ടിയാണ് വിമലയുടെ കാത്തിരിപ്പ്. പക്ഷെ ഒരു പ്രതീക്ഷയും ഇല്ലാത്തപ്പോഴും വിമല പറയുന്നത്, വരും വരാതിരിക്കില്ലെന്നാണ്! കാലം എത്ര കഴിഞ്ഞാലും വായനക്കാരുടെ മനസിലേയ്ക്ക് പെയ്തിറങ്ങി ആണ്ടു പോയതാണ് എം ടി വാസുദേവൻ നായരുടെ മഞ്ഞ്.

ഒരിക്കൽ

"അകലെയെക്കാൾ അകലെയാകുന്നു നീ, അരികിലേക്കാൾ അരികിലാണത്ഭുതം "

എൻ മോഹനന്റെ ആത്മകഥാംശമുള്ള നോവലാണ് 'ഒരിക്കൽ'. ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ സ്ത്രീയെപ്പറ്റി മോഹനൻ നടത്തുന്ന തുറന്ന് പറച്ചിൽ കൂടിയാണ് ഒരിക്കൽ. വിവാഹത്തിന് മുൻപ് ജീവിതത്തിലുണ്ടായിരുന്ന സ്ത്രീയാണ് ചക്കിയെന്ന പേരിൽ നോവലിലൂടെ ലളിതാംബിക അന്തർജ്ജനത്തിന്റെ മകൻ കൂടിയായ എൻ മോഹനൻ പരിചയപ്പെടുത്തുന്നത്.

ആ മരത്തെയും മറന്നു ഞാൻ

"സ്നേഹം ഒരു വല്ലാത്ത മരം തന്നെ. ഇല വീണാലും ചില വീണാലും കായ് വീണാലും മുളയ്ക്കും, പുറംതോടുകൾ ഉണങ്ങും, അടരും, കാതൽ ബാക്കി നിൽക്കും"

മീര, ക്രിസ്റ്റി, അജിത്ത് ഇവർ മൂന്നുപേരിലൂടെയുമാണ് കെ ആർ മീരയുടെ 'ആ മരത്തെയും മറന്നു ഞാൻ' എന്ന നോവലിന്റെ കഥ കടന്ന് പോകുന്നത്. ഭൂതകാലവും, വര്‍ത്തമാനകാലവും, മിഥ്യയും യാഥാര്‍ഥ്യവും, സ്നേഹവും വെറുപ്പും, കാമവും നിഷ്കളങ്കതയുമെല്ലാം നോവലിലെ ആണിക്കല്ലുകളായി മാറുന്നു.

മായ

" നിത്യതയുടെ മറുകരയില്‍ നിന്ന് നീ തിരിഞ്ഞു നോക്കിയതുപോലെ. ഭൂതകാലത്തിലെവിടെയൊക്കെയോ ഒഴുകിപ്പരന്ന നിന്റെ ശബ്ദം ഞാന്‍ സംഗ്രഹിച്ചത് കാതിലാണോ നെഞ്ചിലാണോ, ഒരു ഓര്‍മക്കുടന്നയിലാണോ..? എന്റെ കളിമുറ്റങ്ങളില്‍ നീ ഉണ്ടായിരുന്നില്ല. ബാല്യകൗതുകങ്ങളെ നീ തൊട്ടൊഴിഞ്ഞില്ല. കൗമാരംകുലച്ച ഞരമ്പുകളില്‍ നീ കോരിയെറിഞ്ഞില്ല. യൗവ്വനശയ്യയില്‍ നിന്റെ വാര്‍മുടി ഉലഞ്ഞുവീണില്ല. നീ വരുന്നത് വൈകിയാണ്.നിന്റെ കരം ഗ്രഹിക്കാതെ അനിശ്ചതപഥങ്ങളിലൂടെ നീ എന്നെ കൊണ്ടുപോയി. ജീവിതമേ എന്നു വിളിച്ചിരുന്നു..! അതോ മരണമെന്നോ? "

23 വയസ്സുകാരിയായ മായ. ജീവിതത്തിലൊരിക്കലും തനിച്ചാക്കുകയില്ലെന്ന് ആവര്‍ത്തിച്ച ആ പെൺകുട്ടി, ക്യാൻസർ ബാധിച്ച് മരിച്ചു. പിന്നീട് ഒരിക്കൽ ഏകാന്തതയില്‍ തനിച്ചിരുന്നപ്പോള്‍ ഫേസ്ബുക്കിലെ ഇന്‍ബോക്‌സില്‍ തെളിഞ്ഞ മായാചന്ദന എന്ന പെണ്‍കുട്ടിയുടെ ഓര്‍മകളിലേക്കും അവള്‍ ജീവിതത്തിൽ നൽകിയ സൗരഭ്യമുള്ള പ്രണയത്തിന്റെ ഓര്‍മകളുമാണ് വി ആര്‍ സുധീഷിനെ മായ എന്ന നോവലിലെത്തിച്ചത്.

പ്രേമനഗരം

''ഇനിയൊരിക്കലും ഒരു ഋതു പിറക്കില്ലിതുപോലെ, നാം പരസ്പരം തോറ്റ മാത്രയിൽ പൂത്തുലഞ്ഞ പ്രപഞ്ചമെന്നപോൽ, എല്ലാ സദാചാരങ്ങളുടെയും കെട്ടറുക്കുന്നത് പ്രേമമാണ്. ഒരാൾ പ്രേമത്തിലകപ്പെടുകയെന്നാൽ സ്വാതന്ത്ര്യത്തിന്റെ ചിറക് മുളയ്ക്കുന്നു എന്നർഥം"

നീലുവിന്റെയും മാധവിന്റെയും അനശ്വരമായ പ്രണയ കഥ പറയുകയാണ് 'പ്രേമനഗര'ത്തിലൂടെ ബിനീഷ് പുതുപ്പണം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ നീലുവും, അവിവാഹിതനായ മാധവുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. നീലുവും മാധവും അവിചാരിതമായി കണ്ടുമുട്ടുന്നതും, പ്രണയത്തിന്റെ പാരമ്യതയിൽ ചുറ്റുപാടുകളെ മറന്ന് അവർ ഇറങ്ങിത്തിരിക്കുന്നതുമാണ് നോവലിന്റെ ഇതിവൃത്തം. സദാചാരസമൂഹത്തിന്റെ കെട്ടുറപ്പുകളെയെല്ലാം തകർക്കുകയാണ് ബിനീഷ് പ്രേമനഗരത്തിലൂടെ.

logo
The Fourth
www.thefourthnews.in