'പ്രിയേ നിനക്കൊരു ഗാനം'; രവിമേനോന്റെ 22ാമത്തെ പുസ്തകം പ്രകാശനം ചെയ്തു
ajaymadhu

'പ്രിയേ നിനക്കൊരു ഗാനം'; രവിമേനോന്റെ 22ാമത്തെ പുസ്തകം പ്രകാശനം ചെയ്തു

പ്രഭാ വര്‍മയാണ് പുസ്‌കത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. ചലച്ചിത്ര നടന്‍ പ്രേം കുമാര്‍ പുസ്തകം ഏറ്റുവാങ്ങി

മാധ്യമ പ്രവര്‍ത്തകനും സംഗീത നിരൂപകനുമായ രവിമേനോന്റെ 'പ്രിയേ നിനക്കൊരു ഗാനം' പ്രകാശനം ചെയ്തു. കേരളാ നിയമസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌കോത്സവത്തിലായിരുന്നു പുസ്തക പ്രകാശനം.

കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പ്രഭാ വര്‍മയാണ് പുസ്‌കത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. ചലച്ചിത്ര നടന്‍ പ്രേം കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ബുക്കര്‍ മീഡിയ പബ്ലിക്കേഷന്‍സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. സംഗീതവുമായി ബന്ധപ്പെട്ട് രവിമേനോന്‍ എഴുതുന്ന 22ാമത്തെ പുസ്‌കമാണ് പ്രിയേ നിനക്കൊരു ഗാനം. അഭിനേതാവും ഗായകനുമായിരുന്ന കൃഷ്ണചന്ദ്രന്‍ അധ്യക്ഷനായിരുന്നു.

പാട്ടെഴുത്തുകള്‍ക്ക് വായനക്കാരില്ലാത്ത ഒരു കാലമുണ്ടായിരുന്നെന്നും ആ സാഹചര്യത്തിലും അത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചെന്നും രവി മേനോന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. 'പാട്ടെഴുത്ത് പംക്തിയിലെ ലേഖനങ്ങള്‍ സമാഹരിച്ച് പുസ്‌കമാക്കാന്‍ തുനിഞ്ഞപ്പോള്‍ സംഗീത പുസ്തകങ്ങള്‍ക്ക് വായനക്കാരില്ലെന്നായിരുന്നു പ്രമുഖ പ്രസാധനശാലയുടെ മറുപടി. എന്നാല്‍ പിന്നീട് തന്റെ പല പുസ്തകങ്ങളുടെയും പ്രസാധകര്‍ ആ പ്രമുഖ പ്രസാധനശാലയായിരുന്നു'. രവി മേനോന്‍ പറഞ്ഞു.

സംഗീതവുമായി ബന്ധപ്പെട്ട് തന്റെ 22ാമത്തെ പുസ്തകം പ്രകാശനം ചെയ്തെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയകാല സിനിമാ ഗാനങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തണമെങ്കില്‍ ഇത്തരത്തിലുള്ള പുസ്‌കങ്ങള്‍ അനിവാര്യമാണെന്ന് കൃഷ്ണചന്ദ്രന്‍ അഭിപ്രായപ്പെട്ടു. നവംബര്‍ 1 മുതല്‍ 7 വരെയാണ് നിയമസഭാ പരിസരത്ത് അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്. ഇതിനോടനുബന്ധിച്ച് 240ഓളം പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നുണ്ട്.

logo
The Fourth
www.thefourthnews.in