ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; മിസോറാം ശാന്തം, വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; മിസോറാം ശാന്തം, വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഛത്തീസ്ഗഢിലെ സുക്മയില്‍ ഐഇഡി ബോംബ് പൊട്ടിത്തെറിച്ച് ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു

ഛത്തീസ്ഗഢ്, മിസോറാം നിയമസഭ തിരഞ്ഞടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഛത്തീസ്ഗഢില്‍ 22.97 ശതമാനം പോളിങ് രേഖപ്പെടുത്തി. 26.43 ശതമാനമാണ് മിസോറാമില്‍ ഇതുവരെ രേഖപ്പെടുത്തിയത്. ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായും മിസോറാമില്‍ ഒറ്റ ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലെ, നക്‌സല്‍ ബാധിത മേഖലകള്‍ അടക്കം 20 സീറ്റുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഛത്തീസ്ഗഢിലെ സുക്മയില്‍ ഐഇഡി ബോംബ് പൊട്ടിത്തെറിച്ച് ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോബ്രാ ബറ്റാലിയന് നേരെയാണ് ആക്രമണം നടന്നത്. ക്യാമ്പില്‍ നിന്ന് എലംഗുണ്ട ഗ്രാമത്തിലേക്ക് പോയ സൈനിക സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബില്‍ സൈനികന്‍ ചവിട്ടുകയായിരുന്നു.

രണ്ട് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ സ്‌ഫോടനമാണ് ഇത്. കാന്‍കെറില്‍ തിങ്കളാഴ്ച നടന്ന കുഴിബോംബ് സ്‌ഫോടനത്തില്‍ ഒരു ബിഎസ്എഫ് കോണ്‍സ്റ്റബളിനും രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു.

തന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണകാലയളവില്‍ സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ അവകാശപ്പെട്ടു. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ വോട്ടിങ് ശതമാനം വര്‍ധിക്കുമെന്നും കോണ്‍ഗ്രസിന് അധികാര തുടര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മിസോറാമില്‍ വോട്ടെടുപ്പ് സമാധാനപൂര്‍ണമാണ്. 40 അംഗ നിയമസഭയില്‍, മിസോ നാഷണല്‍ ഫ്രണ്ടും സോറം പിപ്പിള്‍സ് മൂവ്‌മെന്റും (സെഡ്പിഎം) തമ്മിലാണ് പോരാട്ടം. തങ്ങള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സഖ്യ സര്‍ക്കാരിന്റെ സാധ്യത തന്നെയില്ലെന്നും സെഡ്പിഎം നേതാവ് ലാങ്ഹിങ്‌ലോവ ഹമര്‍ പറഞ്ഞു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in