ചൈനീസ് പ്രൊപ്പഗണ്ട നടത്തിയിട്ടില്ല, നിയമത്തില്‍ പൂര്‍ണവിശ്വാസം; പോരാട്ടം തുടരുമെന്ന് ന്യൂസ് ക്ലിക്ക്

ചൈനീസ് പ്രൊപ്പഗണ്ട നടത്തിയിട്ടില്ല, നിയമത്തില്‍ പൂര്‍ണവിശ്വാസം; പോരാട്ടം തുടരുമെന്ന് ന്യൂസ് ക്ലിക്ക്

ഇന്നലെ ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം ന്യൂസ് ക്ലിക്ക് പത്രാധിപര്‍ പ്രബീര്‍ പുരകായസ്തയേയും എച്ച്ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയേയും അറസ്റ്റ് ചെയ്തിരുന്നു

പത്രസ്വാതന്ത്ര്യത്തിനും ജീവനും വേണ്ടി ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി പോരാട്ടം തുടരുമെന്ന് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെയും ഡൽഹി പോലീസിന്റെയും നടപടി നേരിടുന്ന ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്ക്. ചൈനീസ് പ്രൊപ്പഗണ്ട, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളെല്ലാം തെറ്റാണെന്നും റിപ്പോര്‍ട്ടിങ് തുടരുന്നത് തടയുന്നതിനുള്ള ബോധപൂര്‍വശ്രമത്തിന്റെ ഭാഗമായാണ് തങ്ങളുടെ ഓഫീസ് മുദ്രവച്ചതെന്നും ന്യൂസ് ക്ലിക്ക് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

പത്രസ്വാതന്ത്ര്യത്തെ ബഹുമാനിക്കാതെ വിമര്‍ശനങ്ങളെ രാജ്യദ്രോഹപരവും ദേശവിരുദ്ധ പ്രചാരണവുമായി കണക്കാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ശക്തമായി അപലപിക്കുന്നു. 2021 മുതൽ ന്യൂസ് ക്ലിക്കിനെ വേട്ടയാടുകയാണ്.

ന്യൂസ് ക്ലിക്ക് കള്ളപ്പണം വെളുപ്പിച്ചതായുള്ള ആരോപണത്തിൽ ഇഡിക്ക് ഒന്നും ചെയ്യാനായിട്ടില്ല. ന്യൂസ്‌ക്ലിക്കിന്റെ എല്ലാ രേഖകളും കൈവശമുണ്ടായിട്ടും ഒരു കുറ്റവും തെളിയിക്കാൻ കഴിയാതെ ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച വ്യാജ ലേഖനം ഉപയോഗിച്ച് യുഎപിഎ ചുമത്തി സ്ഥാപനം അടച്ചുപൂട്ടാന്‍ ശ്രമിക്കുകയാണ്.

ചൈനീസ് പ്രൊപ്പഗണ്ട നടത്തുകയോ ഏതെങ്കിലും ചൈനീസ് സ്ഥാപനത്തിന്റെ നിര്‍ദേശപ്രകാരമോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. ഉയര്‍ന്ന നിലവാരം അടിസ്ഥാനമാക്കിയുളള പത്രപ്രവര്‍ത്തനം നടത്തുന്ന സ്വതന്ത്ര വാര്‍ത്ത വെബ്സൈറ്റാണ് തങ്ങളുടേത്. കൃത്യമായ ബാങ്ക് അക്കൗണ്ടുകൾ മുഖേനെ മാത്രമേ ഫണ്ട് സ്വീകരിച്ചിട്ടുള്ളൂവെന്നും 'ഞങ്ങള്‍ ഇത് പറയാനാഗ്രഹിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനയിൽ ന്യൂസ് ക്ലിക്ക് വ്യക്തമാക്കി.

തങ്ങള്‍ക്ക് എഫ്ഐആറിന്റെ പകര്‍പ്പ് നല്‍കിയിട്ടില്ലെന്നും ചുമത്തിയിരിക്കുന്ന കുറ്റം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നും ന്യൂസ്ക്ലിക്ക് പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. വെബ്സൈറ്റില്‍ ചൈനീസ് പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് യുഎപിഎ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നു മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ന്യൂസ്ക്ലിക്കിന്റെ ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടേയും ജീവനക്കാരുടേയും വീടുകളില്‍ റെയ്ഡ് നടത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം

ഒക്ടോബര്‍ മൂന്നിന്, ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം ന്യൂസ്ക്ലിക്കിന്റെ ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും വീടുകളിലും റെയ്ഡ് നടത്തി. നിരവധി പേരെ ചോദ്യം ചെയ്യുകയും ഞങ്ങളുടെ ഡയറക്ടര്‍ പ്രബീര്‍ പുരകായസ്തയെയും അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തു.

എഫ്ഐആറിന്റെ പകര്‍പ്പ് ഞങ്ങള്‍ക്ക് നല്‍കിയിട്ടില്ല. എന്തൊക്കെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറിയിട്ടില്ല. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ജീവനക്കാരുടെ വീടുകളില്‍ നിന്നും ന്യൂസ്ക്ലിക്ക് ഓഫീസില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. ഞങ്ങളുടെ റിപ്പോര്‍ട്ടിങ് തുടരുന്നത് തടയുന്നതിനുള്ള ബോധപൂര്‍വ്വമുള്ള ശ്രമത്തിന്റെ ഭാഗമായി ന്യൂസ്ക്ലിക്കിന്റെ ഓഫീസ് സീല്‍ ചെയ്തു.

വെബ്സൈറ്റില്‍ ചൈനീസ് പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് യുഎപിഎ പ്രകാരം കുറ്റം ചുമത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. പത്രസ്വാതന്ത്ര്യത്തെ ബഹുമാനിക്കാതെ വിമര്‍ശനങ്ങളെ രാജ്യദ്രോഹപരവും ദേശവിരുദ്ധ പ്രചാരണവുമായി കണക്കാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ശക്തമായി അപലപിക്കുന്നു.

2021 മുതല്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ന്യൂസ്ക്ലിക്കിനെ ലക്ഷ്യമാക്കി വേട്ടയാടിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗം, ആദായനികുതി വകുപ്പ് എന്നീ ഏജന്‍സികള്‍ ന്യൂസ്ക്ലിക്ക് ഓഫീസുകളും ജീവനക്കാരുടെ വസതികളും റെയ്ഡ് ചെയ്തിട്ടുണ്ട്.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇതിന് മുന്‍പും പിടിച്ചെടുത്തിട്ടുണ്ട്. ഇമെയിലുകളും മറ്റ് ആശയവിനിമയ സംവിധാനങ്ങളും സൂക്ഷ്മമായി പരിശോധിക്കപ്പെട്ടതാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ന്യൂസ്‌ക്ലിക്കിന് ലഭിച്ച ഫണ്ടുകളുടെ എല്ലാം ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ഇൻവോയ്‌സുകൾ, ചെലവുകൾ, ഫണ്ടുകളുടെ സ്രോതസ്സുകൾ എന്നിവ സർക്കാരിന്റെ വിവിധ ഏജൻസികൾ കാലാകാലങ്ങളിൽ പരിശോധിച്ചു. വിവിധ ഡയറക്‌ടർമാരും മറ്റ് ബന്ധപ്പെട്ട വ്യക്തികളും അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയരായിട്ടുണ്ട്.

ന്യൂസ് ക്ലിക്ക് കള്ളപ്പണം വെളുപ്പിച്ചതായുള്ള ആരോപണത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഇഡിക്ക് ഒന്നും ചെയ്യാനായില്ല. ന്യൂസ്‌ക്ലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. ആദായനികുതി വകുപ്പിന് കോടതികൾക്ക് മുമ്പാകെ അതിന്റെ നടപടികളെ പ്രതിരോധിക്കാനും സാധിച്ചിട്ടില്ല. കഴിഞ്ഞ നിരവധി മാസങ്ങളില്‍ ഈ ഏജന്‍സികളൊന്നും പ്രബീര്‍ പുരകായസ്തയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല.

ന്യൂസ്‌ക്ലിക്കിന്റെ എല്ലാ രേഖകളും കൈവശമുണ്ടായിട്ടും ഒരു കുറ്റവും തെളിയിക്കാൻ കഴിയാതെ ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച വ്യാജ ലേഖനം ഉപയോഗിച്ച് യുഎപിഎ ചുമത്തി സ്ഥാപനം അടച്ചുപൂട്ടാന്‍ ശ്രമിക്കുകയാണ്. കർഷകരുടെയും തൊഴിലാളികളുടെയും അവഗണിക്കപ്പെട്ട വിഭാഗങ്ങളും ഉള്‍പ്പെടുന്ന യഥാർത്ഥ ഇന്ത്യയെ ചിത്രീകരിക്കാനുള്ള സ്വാതന്ത്യത്തെ അടിച്ചമര്‍ത്തുകയാണ്.

ഞങ്ങള്‍ ഇത് പറയാനാഗ്രഹിക്കുന്നു

  • ന്യൂസ് ക്ലിക്ക് ഒരു സ്വതന്ത്ര വാര്‍ത്ത വെബ്സൈറ്റാണ്

  • ഞങ്ങളുടെ പത്രപ്രവര്‍ത്തനം ഉയര്‍ന്ന നിലവാരം അടിസ്ഥാനമാക്കിയുളളതാണ്

  • ഒരു ചൈനീസ് സ്ഥാപനത്തിന്റേയോ നിര്‍ദേശപ്രകാരം ന്യൂസ് ക്ലിക്ക് ഒരു വാര്‍ത്തയും പ്രസിദ്ധീകരിക്കുന്നതല്ല.

  • ന്യൂസ്ക്ലിക്ക് വെബ്സൈറ്റില്‍ ചൈനീസ് പ്രചാരണം നടത്തിയിട്ടില്ല.

  • ന്യൂസ്‌ക്ലിക്ക് അതിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഉള്ളടക്കം സംബന്ധിച്ച് നെവിൽ റോയ് സിംഗാമിൽ നിന്നുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നില്ല.

  • ന്യൂസ്‌ക്ലിക്കിന് ലഭിച്ച എല്ലാ ധനസഹായവും കൃത്യമായ ബാങ്കിംഗ് അക്കൗണ്ടുകളില്‍ നിന്ന് മാത്രമാണ്.

ന്യൂസ്‌ക്ലിക്ക് വെബ്‌സൈറ്റിൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള ഉള്ളടക്കവും ഇന്റർനെറ്റിൽ ലഭ്യമാണ്. അതിൽ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ചൈനീസ് പ്രചാരണമെന്ന് കരുതുന്ന ഒരു ലേഖനമോ വീഡിയോയോ ഇല്ല. കോടതിയിലും ജുഡീഷ്യല്‍ നടപടിക്രമങ്ങളിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി പത്രസ്വാതന്ത്ര്യത്തിനും ജീവനും വേണ്ടി പോരാടും.

ഇന്നലെ ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം ന്യൂസ്ക്ലിക്ക് പത്രാധിപര്‍ പ്രബീര്‍ പുരകായസ്തയേയും എച്ച്ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയേയും അറസ്റ്റ് ചെയ്തിരുന്നു. രാവിലെ മുതല്‍ തുടര്‍ന്ന റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. ഇതിന് പിന്നാലെ പ്രതിഷേധം അറിയിച്ചുകൊണ്ട് ന്യൂസ്ക്ലിക്ക് പ്രസ്താവന പുറത്തിറക്കിയത്.

logo
The Fourth
www.thefourthnews.in