സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര്: ഇനി പോരാട്ടം സുപ്രീംകോടതിയില്‍, നിയമവഴി തേടി കേരളവും തമിഴ്‌നാടും

സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര്: ഇനി പോരാട്ടം സുപ്രീംകോടതിയില്‍, നിയമവഴി തേടി കേരളവും തമിഴ്‌നാടും

ഇരുസംസ്ഥാനങ്ങളിലും ഗവർണർ സർക്കാർ പോര് അയയാതെ തുടരുകയാണ്. ബില്ലുകളുടെ കാര്യത്തില്‍ സമവായത്തിലെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സർക്കാരുകള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിച്ചും വിവിധ വിഷയങ്ങളില്‍ സര്‍ക്കാരുകളെ പ്രതിക്കൂട്ടിലാക്കിയും പ്രവര്‍ത്തിക്കുന്ന ഗവര്‍ണമാരെ പൂട്ടാന്‍ നിയമ വഴി തേടി കേരളവും തമിഴ്‌നാടും. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍, ആര്‍ എന്‍ രവി എന്നിവര്‍ക്കെതിരെ ഇരു സര്‍ക്കാരുകള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഭരണഘടനയുടെ 32-ാം അനുഛേദ പ്രകാരം റിട്ട് ഹര്‍ജികളാണ് ഇരുസംസ്ഥാനങ്ങളും തൊട്ടടുത്ത ദിവസങ്ങളില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ബില്ലുകളില്‍ ഒപ്പുവയ്ക്കാതെ തടഞ്ഞുവയ്ക്കുന്നത് തടയാന്‍ 'പരമാവധി സമയം' നിശ്ചയിക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം. ബില്ലുകളില്‍ സമയബന്ധിതമായി തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹർജിയിലെ തമിഴ്നാട് സർക്കാരിന്റെ ആരോപണങ്ങള്‍

12 ബില്ലുകളിലാണ് ഗവർണർ ആര്‍ എന്‍ രവി ഒപ്പിടാതെ വൈകിപ്പിക്കുന്നതായി തമിഴ്നാട് സർക്കാർ ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതുമൂലം സംസ്ഥാനത്ത് ഭരണഘടനാ സ്തംഭനമുണ്ടാകുന്നെതായി സർക്കാർ അവകാശപ്പെടുന്നു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ രാഷ്ട്രീയ എതിരാളിയായി ഗവർണർ സ്വയം അവരോധിക്കുകയാണെന്നും പൗരന്റെ അധികാരം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഹർജിയില്‍ പറയുന്നുണ്ട്.

സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര്: ഇനി പോരാട്ടം സുപ്രീംകോടതിയില്‍, നിയമവഴി തേടി കേരളവും തമിഴ്‌നാടും
എട്ട് ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നു; ഗവർണർക്കെതിരെ കേരളം സുപ്രീം കോടതിയില്‍

റെമിഷന്‍ ഉത്തരവുകള്‍, ദൈനംദിന ഫയലുകള്‍, നിയമന ഉത്തരവുകള്‍, റിക്രൂട്ട്മെന്റ് ഉത്തരവുകളുടെ അംഗീകാരം, അഴിമതിയില്‍ ഉള്‍പ്പെട്ട മന്ത്രിമാരെയും എംഎല്‍എമാരെയും വിചാരണ ചെയ്യാനുള്ള അനുമതി നല്‍കല്‍, അഴിമതി കേസുകള്‍ സിബിഐക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള ഉത്തരവ്, തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ എന്നിവ ഒപ്പിടാതെ ഗവർണർ സർക്കാരുമായി ശത്രുതാമനോഭാവം പുലർത്തുകയാണെന്നും ഹർജിയില്‍ വ്യക്തമാക്കുന്നു.

തമിഴ്നാട് പബ്ലിക്ക് സർവീസ് കമ്മിഷന്‍ (ടി എന്‍ പി എസ് സി) ചെയർമാന്റേയും മറ്റ് അംഗങ്ങളുടേയും നിയമനം സംബന്ധിച്ചുള്ള അപേക്ഷകള്‍ അംഗീകരിക്കാത്തതാണ് ഉദാഹരണമായി ഹർജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ടി എന്‍ പി എസ് സിയുടെ പ്രവർത്തനം നിലവില്‍ നാല് അംഗങ്ങളെ വച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഹർജിയില്‍ പറയുന്നു. പലതവണ ഗവർണറെ സമീപിച്ചിരുന്നെങ്കിലും സമീപനം പ്രതികൂലമായിരുന്നെന്നും സർക്കാർ ചൂണ്ടിക്കാണിച്ചു.

തമിഴ്നാട് സർക്കാരിന്റെ ആവശ്യങ്ങള്‍

ബില്ലുകള്‍ വൈകിപ്പിക്കുന്നതിലൂടെയുള്ള ഗവർണറിന്റെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് പ്രഖ്യാപിക്കണം.

ഗവർണറുടെ മുന്നിലുള്ള ബില്ലുകള്‍ പരിഗണിക്കുന്നതിന് സമയപരിധി നിശ്ചയിക്കണം.

സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര്: ഇനി പോരാട്ടം സുപ്രീംകോടതിയില്‍, നിയമവഴി തേടി കേരളവും തമിഴ്‌നാടും
കേരളവർമ ചെയർപേഴ്‌സണ്‍: ആദ്യം കെഎസ്‌യുവിന് ജയം, റീകൗണ്ടിങ്, വൈദ്യുതിമുടക്കം; എസ്എഫ്‌ഐക്ക് വിജയം, തർക്കം ഹൈക്കോടതിയിലേക്ക്

ഹർജിയിലെ കേരള സർക്കാരിന്റെ ആരോപണങ്ങളും ആവശ്യവും

സർവകലാശാല നിയമഭേദഗതി ബില്ലുകള്‍ (5), ലോകായുക്ത ഭേദഗതി ബില്‍, സഹകരണ സംഘങ്ങളുടെ ഭേദഗതി ബില്‍, പൊതുജനാരോഗ്യ ബില്‍ എന്നിങ്ങനെ സംസ്ഥാന നിയമസഭ അംഗീകരിച്ച എട്ട് ബില്ലുകളാണ് ഗവർണർക്ക് മുന്നിലുള്ളത്. ഇതില്‍ സർവകലാശാല നിയമഭേദഗതി ബില്ലുകള്‍ 23 മാസത്തോളമായി ഗവർണർ ഒപ്പിടാതെ വൈകിപ്പിക്കുന്നതായാണ് ഹർജിയില്‍ പറയുന്നത്.

ബില്ലുകള്‍ ഒപ്പിടാന്‍ വൈകുന്നതിലൂടെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങള്‍ തടസപ്പെടുന്നതായി ഹർജിയില്‍ പറയുന്നു. ബില്ലുകളിൽ സമയബന്ധിതമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്നു തന്നെയാണ് കേരള സർക്കാരും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടി പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. നിയമസഭ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമീപനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്താണ് ഭരണഘടനയിലെ 32-ാം അനുഛേദം

ഭരണഘടന അനുവദിക്കുന്ന തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന് തോന്നുകയാണെങ്കില്‍ നീതിക്കായി സുപ്രീം കോടതിയെ സമീപിക്കുന്നതിനുള്ള അവകാശമാണ് 32-ാം അനുഛേദത്തിലൂടെ നല്‍കുന്നത്. അവകാശസംരക്ഷണത്തിനായി നിർദേശങ്ങളോ ഉത്തരവുകളോ പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീം കോടതിക്കുണ്ട്.

logo
The Fourth
www.thefourthnews.in