ഇൻഡോറിൽ ക്ഷേത്രക്കിണറിന്റെ മേൽത്തട്ട് ഇടിഞ്ഞ് 11 മരണം

ഇൻഡോറിൽ ക്ഷേത്രക്കിണറിന്റെ മേൽത്തട്ട് ഇടിഞ്ഞ് 11 മരണം

ഇനിയും ആളുകൾ കിണറിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന

മധ്യപ്രദേശിലെ ഇൻഡോറിലെ ശ്രീ ബലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിലെ പടിക്കിണറിന്റെ മേൽത്തട്ട് തകർന്നു വീണതിനെത്തുടർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 11 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഇനിയും ആളുകൾ കിണറ്റിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. 19 പേരെ രക്ഷിച്ചതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു.

ഇന്നു രാവിലെ രാമനവമി ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. കിണറിന്റെ മേൽത്തട്ടിൽ ധാരാളം ആളുകൾ തടിച്ചുകൂടിയതിനെത്തുടർന്ന് ഭാരം താങ്ങാനാവാതെയാണ് തകർന്നുവീണത്. അപകടത്തിൽ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.

എന്താണ് പടിക്കിണർ?

ജലനിരപ്പിലേക്ക് ഇറങ്ങുന്ന രീതിയിലുള്ള നീണ്ട പടവുകളുള്ള കിണറുകളാണ് പടിക്കിണറുകൾ. വേനൽ കാലങ്ങളിലും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാൻ പണ്ടുകാലങ്ങളിൽ നിർമിച്ചിരുന്ന പടിക്കിണറുകൾ ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലുമുണ്ട്. സാമൂഹിക, സാംസ്കാരിക, മതപരമായ പ്രാധാന്യം പടിക്കിണറുകൾക്കുണ്ടെന്ന് പറയപ്പെടുന്നു. ഭൂകമ്പങ്ങൾ വരെ അതിജീവിക്കാൻ പറ്റുന്ന ഘടനയിൽ നിർമിച്ച ഇത്തരം കിണറുകൾ ഏഴു മുതൽ 19-ാം നൂറ്റാണ്ട് വരെയുള്ള ഭൂഗർഭ വാസ്തുവിദ്യ നിർവചിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ഇൻഡോറിലെ ശ്രീ ബലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിലെ പടിക്കിണറിന്റെ കോൺക്രീറ്റ് നിർമിത മേൽത്തട്ടാണ് തകർന്നത്.

logo
The Fourth
www.thefourthnews.in