എട്ട് വര്‍ഷം കൊണ്ട് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 12.43 ലക്ഷം പേര്‍; കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍

എട്ട് വര്‍ഷം കൊണ്ട് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 12.43 ലക്ഷം പേര്‍; കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍

2021ല്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 1.63 ലക്ഷം. 20,000 പേരുടെ വര്‍ധന 2022ലുണ്ടായെന്നും കണക്കുകള്‍.

2014 മുതല്‍ രാജ്യത്തെ 12.43 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി കണക്കുകള്‍. ഈ വര്‍ഷം ആദ്യത്തെ പത്ത് മാസത്തിനുള്ളില്‍ 1.83 ലക്ഷത്തോളം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചെന്നും കേന്ദ്രം ലോക്‌സഭയില്‍. ഡിസംബര്‍ ഒമ്പതിന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ജനുവരി മുതല്‍ ഒക്ടോബര്‍ മാസം വരെയുള്ള കണക്കുകള്‍ പുറത്ത് വിട്ടത്. 2021ല്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 1.63 ലക്ഷമായിരുന്നു. 20,000 പേരുടെ വര്‍ധനയാണ് 2022ലുണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് എം പി അബ്ദുള്‍ ഖാലിഖിന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക്‌സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2014 ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 1.29 ആയിരുന്നു. 2015 ല്‍ ഇത് 1.31 ലക്ഷമായി ഉയര്‍ന്നു

2014 ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 1.29 ആയിരുന്നു. 2015 ല്‍ ഇത് 1.31 ലക്ഷമായി ഉയര്‍ന്നു. 2016 ല്‍ 1.33 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചപ്പോള്‍ 2018 ല്‍ ഇത് 1.34 ലക്ഷമായിരുന്നു. എന്നാല്‍ 2020 ല്‍ ഇത് 85,256 ആയി കുറയുകയും ചെയ്തു. കണക്കുകള്‍ പ്രകാരം 2014 മുതല്‍ 12.43 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു എന്നാണ് കേന്ദ്രം സഭയില്‍ വ്യക്തമാക്കിയത്.

60 പൗരന്‍മാര്‍ ഈ വര്‍ഷം ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു

കേന്ദ്രം ലോക്‌സഭയില്‍ നല്‍കിയ മറുപടി പ്രകാരം കഴിഞ്ഞ വര്‍ഷം 1.63 ലക്ഷം ഇന്ത്യക്കാരില്‍ പകുതി പേരും അമേരിക്കയുടെ പൗരത്വ വാഗ്ദാനം വേണ്ടെന്ന് വെച്ചവരാണ്. 78,284 പേര്‍ അമേരിക്കന്‍ പൗരത്വം സ്വകരിച്ചപ്പോള്‍ 23,533 പേര്‍ ഓസ്‌ട്രേലിയയും 21,597 പേര്‍ കാനഡയും തിരഞ്ഞെടുത്തു. അതേസമയം ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 60 പൗരന്‍മാര്‍ ഈ വര്‍ഷം ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ നിയമം അനുസരിച്ച് ഇന്ത്യക്കാര്‍ക്ക് ഇരട്ട പൗരത്വം അനുവദനീയമല്ല. ഇന്ത്യക്കാര്‍ വിദേശ പൗരത്വം സ്വീകരിക്കുകയാണെങ്കില്‍ കോണ്‍സുലര്‍ ഓഫീസില്‍ അവരുടെ പാസ്‌പോര്‍ട്ട് സമർപ്പിക്കണമെന്നാണ് നിയമം.

logo
The Fourth
www.thefourthnews.in