വ്യാപക അക്രമവും അട്ടിമറി നീക്കവും; തദ്ദേശ തിരഞ്ഞെടുപ്പിനിടെ കലാപ ഭൂമിയായി ബംഗാൾ, 15 മരണം

വ്യാപക അക്രമവും അട്ടിമറി നീക്കവും; തദ്ദേശ തിരഞ്ഞെടുപ്പിനിടെ കലാപ ഭൂമിയായി ബംഗാൾ, 15 മരണം

വൈകുന്നേരം അഞ്ച് മണി വരെ 66.2% പോളിങ് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

പശ്ചിമ ബംഗാളില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അരങ്ങേറിയത് വ്യാപക അക്രമസംഭവങ്ങള്‍. ബൂത്ത് പിടിത്തവും തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങളും പലയിടത്തും വോട്ടെടുപ്പ് സംഘര്‍ഷ ഭരിതമാക്കി. സംസ്ഥാനത്താകെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ 15 പേരാണ് കൊല്ലപ്പെട്ടത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ കൊട്ടിക്കലാശമായിരുന്നു വോട്ടെടുപ്പ് ദിനം സംസ്ഥാനത്ത് അരങ്ങേറിയത്. 24 പേര്‍ക്ക് സംഘര്‍ഷങ്ങള്‍ക്കിടെ വെടിയേറ്റു. കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഏര്‍പ്പെടുത്തിയതെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായില്ല. മുര്‍ഷിദാബാദ് ജില്ലയിലാണ് ഏറ്റവുമധികം അക്രമസംഭവങ്ങള്‍ ഉണ്ടായത്. അഞ്ച് പേരാണ് ജില്ലയില്‍ കൊല്ലപ്പെട്ടത്. കൂച്ച് ബെഹാര്‍ ജില്ലയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ബര്‍ദ്വാനിലും നോര്‍ത്ത് ദിനാജ്പൂരിലും രണ്ട് പേര്‍ വീതവും മാള്‍ഡ, നാദിയ, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളില്‍ ഒരാള്‍ വീതവുമാണ് കൊല്ലപ്പെട്ടത്. സൗത്ത് 24 പര്‍ഗാനാസിലെ ഭാംഗറിലെ കാശിപൂര്‍ പ്രദേശത്ത് റോഡില്‍ കിടന്ന ബോംബുകള്‍ എടുത്ത കളിച്ച രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പന്തെന്ന് കരുതിയാണ് കുട്ടികള്‍ ബോംബ് എടുത്തത്.

കൊല്ലപ്പെട്ടവരില്‍ 10 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. ടിഎംസി പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും രണ്ട് ബി ജെ പി അനുഭാവികളും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് സിപിഎം പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് കലാപത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ വെള്ളിയാഴ്ച നടന്ന അക്രമങ്ങളില്‍ പരുക്കേറ്റ ചികിത്സയില്‍ കഴിയുകയായിരുന്നു. മല്‍പഹാര്‍പൂര്‍ പഞ്ചായത്തില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ മകള്‍ തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഗുണ്ടകള്‍ ആണ് മകള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ വൈകുന്നേരം അഞ്ച് മണി വരെ 66.2% പോളിങ് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ കണക്കാണിത്. വെസ്റ്റ് മിഡ്നാപ്പൂരിലാണ് 79.1 ശതമാനത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച അസാധാരണ സാഹചര്യം പോളിങ് കുറയാന്‍ കാരണമായി എന്നാണ് വിലയിരുത്തല്‍.

logo
The Fourth
www.thefourthnews.in