ദുരന്തനിവാരണം, ധനപ്രതിസന്ധി, സൗജന്യങ്ങള്‍ മൂലമുള്ള അധികബാധ്യത;  16–ാം ധനകാര്യ കമ്മിഷന്‍ ടേംസ് ഓഫ് റഫറന്‍സിന് അംഗീകാരം

ദുരന്തനിവാരണം, ധനപ്രതിസന്ധി, സൗജന്യങ്ങള്‍ മൂലമുള്ള അധികബാധ്യത; 16–ാം ധനകാര്യ കമ്മിഷന്‍ ടേംസ് ഓഫ് റഫറന്‍സിന് അംഗീകാരം

2017 നവംബര്‍ 27ന് രൂപീകരിക്കപ്പെട്ട 15ാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശകള്‍ക്ക് 2025-2026 സാമ്പത്തിക വര്‍ഷം വരെ കാലാവധിയുണ്ട്.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നികുതി വരുമാനം പങ്കിടുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ നല്‍കുന്ന 16-ാം ധനകാര്യ കമ്മിഷന്റെ 'ടേംസ് ഓഫ് റഫറന്‍സ്' കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇന്ന് ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 2026 ഏപ്രിൽ 1 മുതൽ 5 വർഷത്തേക്കുള്ള നികുതിവിഹിതം പങ്കിടൽ നിരക്ക് ഈ കമ്മിഷനാണ് നിർദേശിക്കുന്നത്.

സംസ്ഥാനങ്ങളുടെ ധനപ്രതിസന്ധി, സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യങ്ങൾ മൂലമുള്ള അധികബാധ്യത അടക്കം 16-ാം ധനകാര്യ കമ്മിഷന്‍റെ പരിഗണയില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 നവംബര്‍ 27ന് രൂപീകരിക്കപ്പെട്ട 15ാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശകള്‍ക്ക് 2025-2026 സാമ്പത്തിക വര്‍ഷം വരെ കാലാവധിയുണ്ട്. മുമ്പൊന്നുമില്ലാത്ത രീതിയിലുള്ള വിവാദങ്ങളാണ് 15ാം കമ്മീഷനുണ്ടായിരുന്നത്.

ധനകാര്യ കമ്മിഷന്‍

നികുതി വരുമാനം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും, സംസ്ഥാനങ്ങള്‍ക്കിടയിലും വിതരണം ചെയ്യുന്ന ഭരണഘടനാ സ്ഥാപനമാണ് ധനകാര്യ കമ്മിഷന്‍. ഭരണഘടനാ അനുച്ഛേദം 280 പ്രകാരം രാഷ്ട്രപതിയാണ് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും പുതിയ ധനകാര്യ കമ്മിഷനെ നിയമിക്കുന്നത്.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി അധികാരങ്ങളും ചെലവ് ഉത്തരവാദിത്തങ്ങളും തമ്മിലുള്ള അസന്തുലിതകള്‍ പരിഹരിക്കുന്നതും, സംസ്ഥാനങ്ങള്‍ക്കിടയിലെ പൊതു സേവനങ്ങള്‍ തമ്മിലുള്ള തുല്യത ഉറപ്പാക്കുന്നതും ധനകാര്യ കമ്മീഷന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ വിതരണം ചെയ്യുന്ന നികുതികള്‍, സംസ്ഥാനങ്ങള്‍ തമ്മില്‍ പങ്കുവെക്കുന്ന നികുതികള്‍ എന്നിവയുടെ ശിപാര്‍ശകള്‍ രാഷ്ട്രപതിക്ക് മുന്നില്‍ അവതരിപ്പിക്കുന്നതാണ് പ്രധാനമായും കമ്മീഷന്റെ ചുമതല. കൂടാതെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കേണ്ട ഗ്രാന്‍ഡ് ഇന്‍ എയ്ഡ് നയങ്ങളും തീരുമാനിക്കുന്നത് ധനകാര്യ കമ്മിഷനാണ്.

കമ്മിഷന്‍റെ ഘടന

ഒരു ചെയര്‍മാനും നാല് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് ധനകാര്യ കമ്മിഷന്‍. 1951ലെ ധനകാര്യ കമ്മിഷന്‍ നിയമം, ധനകാര്യ കമ്മിഷന്‍ ചട്ടം എന്നിവ പ്രകാരം പൊതുകാര്യങ്ങളില്‍ അനുഭവ പരിചയമുള്ളവരെയാണ് ചെയര്‍മാനായി തിരഞ്ഞെടുക്കുന്നത്. ഹൈക്കോടതി ജഡ്ജിമാര്‍, സര്‍ക്കാരിന്റെ ധനകാര്യങ്ങളെയും അക്കൗണ്ടുകളെയും കുറിച്ച് അറിവുള്ളവര്‍, സാമ്പത്തിക കാര്യങ്ങളിലും ഭരണകാര്യങ്ങളിലും വിപുലമായ അനുഭവങ്ങളുള്ളവര്‍, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പ്രത്യേകം അറിവുള്ളവര്‍ എന്നിവരാണ് മറ്റ് നാല് അംഗങ്ങളില്‍ ഉള്‍പ്പെടുന്നത്.

കെസി നിയോഗിയുടെ നേതൃത്വത്തില്‍ 1952 ഏപ്രില്‍ ആറിനാണ് ആദ്യത്തെ ധനകാര്യ കമ്മീഷന്‍ രൂപീകരിച്ചത്. ആര്‍ട്ടിക്കിള്‍ 281 പ്രകാരം പാര്‍ലമെന്റിലെ ഇരുസഭകളിലും കമ്മീഷന്റെ ശിപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന റിപ്പോര്‍ട്ട് രാഷ്ട്രപതി സമര്‍പ്പിക്കേണ്ടതുണ്ട്.

16–ാം ധനകാര്യ കമ്മിഷൻ രൂപീകരിക്കുന്നതിനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചതിന് പിന്നാലെ നവംബര്‍ ആദ്യവാരം കമ്മിഷന്റെ ഒഎസ്ഡി (ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി) ആയി റിത്വിക് രഞ്ജനം പാണ്ഡെയെ കേന്ദ്രം നിയമിച്ചിരുന്നു. നിലവിൽ ധനമന്ത്രാലയത്തിൽ ജോയിന്റെ സെക്രട്ടറിയാണ്. അഡീഷനൽ സെക്രട്ടറി റാങ്കിലാണ് പുതിയ നിയമനം.

ദുരന്തനിവാരണം, ധനപ്രതിസന്ധി, സൗജന്യങ്ങള്‍ മൂലമുള്ള അധികബാധ്യത;  16–ാം ധനകാര്യ കമ്മിഷന്‍ ടേംസ് ഓഫ് റഫറന്‍സിന് അംഗീകാരം
ആറു പതിറ്റാണ്ട് നീണ്ട സായുധ പോരാട്ടം അവസാനിപ്പിച്ച് മണിപ്പൂർ വിമത സംഘടന; യു എൻ എൽ എഫ് സമാധാനക്കരാറിൽ ഒപ്പുവച്ചു

ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഓരോ ധനകാര്യ കമ്മിഷനെയും അവതരിപ്പിക്കുന്നത്. ഭരണഘടനാ സ്ഥാപനമായതുകൊണ്ട് തന്നെ നീതി ആയോഗ് പോലുള്ള മറ്റു സ്ഥാപനങ്ങളേക്കാള്‍ അധികാരവും ധനകാര്യ കമ്മിഷനുണ്ട്. ധനകാര്യ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇതു പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ നികുതി വിഹിതത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്കായി നല്‍ക്കേണ്ടതുണ്ട്. പതിനാലാം ധനകാര്യ കമ്മീഷന്‍ പ്രകാരം ഇത് 42 ശതമാനം ആയിരുന്നു.

15ാം ധനകാര്യ കമ്മിഷനും വിവാദങ്ങളും

2017 നവംബറിലാണ് 15ാം ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്. 2020-21 മുതല്‍ അഞ്ച് വര്‍ഷ കാലയളവിലേക്ക് ശിപാര്‍ശകള്‍ നല്‍കാനുള്ളതായിരുന്നു ഈ കമ്മിഷന്‍. എന്നാല്‍ 15ാമത് ധനകാര്യ കമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ ഒരു വര്‍ഷം കൂടി നീട്ടി 2025-26 സാമ്പത്തിക വര്‍ഷത്തിലെ ശിപാര്‍ശകള്‍ കൂടി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 2026-27 ബജറ്റിലേക്ക് പരിഗണിക്കുന്നതിനായി 2025 ഒക്ടോബറിനകമാണ് 15ാം ധനകാര്യ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

ജനസംഖ്യ (2011) 15%, വിസ്തീര്‍ണ്ണം 15%, വനമേഖല 10%, ആളോഹരി ആഭ്യന്തര വരുമാനം 45%, ജനസംഖ്യ നിയന്ത്രണം 12%, നികുതി ക്ഷമത 3 % എന്നീ മാനദണ്ഡങ്ങള്‍ മുൻനിർത്തിയാണ് സംസ്ഥാനങ്ങള്‍ തമ്മിലുള്ള നികുതി വിതരണം പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നിര്‍ദേശിച്ചത്.

നികുതി കൈമാറ്റത്തില്‍ ജനസംഖ്യയ്ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ നികുതി ഫണ്ടിന്റെ ഒരു നിശ്ചിത അളവ് മാത്രമാണ് ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ളത്. 14ാമത് ധനകാര്യ കമ്മീഷന്‍ 25 ശതമാനമാണ് ജനസംഖ്യ കണക്കാക്കി നികുതി വിതരണം ചെയ്തത്.

1971ലെ സെന്‍സസ് പ്രകാരം നികുതി വിതരണം ചെയ്യുന്ന രീതി ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1976 ലെ ഏഴാം ധനകാര്യ കമ്മീഷനിലാണ്. 1971ലെ സെന്‍സസില്‍ നിന്നുള്ള ഡാറ്റയെ ആശ്രയിച്ചുള്ള മുന്‍ രീതിയില്‍ നിന്ന് മാറി 2011ലെ സെന്‍സസില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് 15ാം ധനകാര്യ കമ്മീഷന്‍ നികുതി വിതരണം നടത്തിയിട്ടുള്ളത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോക്‌സഭ സീറ്റ് വിതരണം ചെയ്യുന്നത് പോലും 1971ലെ ഡാറ്റ മുന്‍നിര്‍ത്തിയാണ്.

1971ലെ കുടുംബാസൂത്രണ നയങ്ങള്‍ക്ക് മുമ്പുള്ള കണക്കുകളായിരുന്നു, 13ാം ധനകാര്യ കമ്മീഷന്‍ വരെ നികുതിയുടെ കാര്യത്തില്‍ മാനദണ്ഡമായി സ്വീകരിച്ചത്. എന്നാല്‍ 14ാം ധനകാര്യ കമ്മീഷന്‍ 2011ലെ സെന്‍സസിന് 10 ശതമാനം വെയിറ്റേജ് നല്‍കിയിരുന്നു. ഇത് കുടുംബാസൂത്രണ നയങ്ങള്‍ പാലിച്ച തമിഴ്‌നാട് പോലുള്ള സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചു.

ദുരന്തനിവാരണം, ധനപ്രതിസന്ധി, സൗജന്യങ്ങള്‍ മൂലമുള്ള അധികബാധ്യത;  16–ാം ധനകാര്യ കമ്മിഷന്‍ ടേംസ് ഓഫ് റഫറന്‍സിന് അംഗീകാരം
'എബിവിപി സ്ഥാപക നേതാവിൻ്റെ ജന്മശതാബ്ദി ആഘോഷിക്കണം'; മഹാരാഷ്ട്രയിലെ സർവകലാശാലകൾക്ക് യുജിസി നിർദേശം

1971 മുതല്‍ 2011 വരെ ജനസംഖ്യയില്‍ കേരളത്തില്‍ 56 ശതമാനവും തമിഴ്‌നാട്ടില്‍ 75 ശതമാനവും വളര്‍ച്ചയാണുണ്ടായത്. മറുവശത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ജനസംഖ്യയില്‍ സ്‌ഫോടനാത്മക വളര്‍ച്ചയാണുണ്ടായത്. അവരുടെ മൊത്തം ജനസംഖ്യാ വളര്‍ച്ച ജനസംഖ്യാ വളര്‍ച്ചയെക്കാള്‍ കൂടുതലായിരുന്നു.

കേരളവും ധനകാര്യ കമ്മീഷനും

പത്താം ധനകാര്യ കമ്മീഷന്‍ പ്രകാരം ഡിവിസിബിള്‍ പൂളിന്റെ 3.8% ആയിരുന്നു കേരളത്തിന് ലഭിച്ച് കൊണ്ടിരുന്നത്. 14ാം ധനകാര്യ കമ്മീഷന്‍ ഇത് 2.5% ആയി കുറച്ചു. 15ാം ധനകാര്യ കമ്മീഷന്റെ ഡിവിസിബിള്‍ പൂളിന്റെ 1.9 ശതമാനം മാത്രമേ കേരളത്തിന് നല്‍കിയിരുന്നുള്ളു. അതായത് 18,000 കോടി രൂപയുടെ കുറവാണ് ഇക്കാരണം കൊണ്ട് മാത്രം കേരളത്തിനുണ്ടായത്.

ധനകാര്യ കമ്മീഷന്‍ അനുവദിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മൂലവും കേരളത്തിന് പല നികുതി വിഹിതങ്ങളും ലഭിച്ചിരുന്നില്ല. ആദ്യഘട്ടത്തില്‍ 15ാം ധനകാര്യ കമ്മീഷന്റെ ആദ്യ വിഹിതമായ 954.5 കോടി രൂപ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചു കിട്ടിയിട്ടുണ്ടായിരുന്നില്ല. പതിനാലാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച തുകയുടെ പത്തുശതമാനത്തില്‍ കുറവ് മാത്രമേ ചിലവഴിക്കാന്‍ ബാക്കിയുണ്ടാവാന്‍ പാടുള്ളൂ എന്നതായിരുന്നു കേന്ദ്രത്തിന്റെ വാദം. എന്നാല്‍ ഈ തുക വിട്ടുനല്‍കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടതിന്റെ ഫലമായി തടഞ്ഞുവെച്ച 15ാം ധനകാര്യ കമ്മീഷന്‍ വിഹിതത്തില്‍ നിന്നും ഒരു ഗഡു കഴിഞ്ഞ ആഴ്ച കേന്ദ്രം കേരളത്തിന് അനുവദിച്ചിരുന്നു. 252 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഡല്‍ഹിയിലെത്തി നേരിട്ട് കേന്ദ്ര പഞ്ചായത്ത് രാജ് ഗ്രാമ വികസന വകുപ്പ് മന്ത്രി ഗിരിരാജ് സിങ് നഗരവികസന വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരുമായി ചര്‍ച്ചയും നടത്തിയിരുന്നു. 15ാം ധനകാര്യ കമ്മീഷന്‍ അനുവദിക്കുന്ന ആദ്യ ഗഡുവിന്റെ പത്ത് ശതമാനം 14ാം ധനകാര്യ കമ്മീഷന്റെ തുകയില്‍ ബാക്കിയുണ്ടെങ്കില്‍ വിഹിതം നല്‍കില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഭരണഘടനാ പരമായി ഇല്ലാത്ത വ്യവസ്ഥയാണിതെന്നും അതുകൊണ്ട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കേരളം വ്യക്തമാക്കുകയായിരുന്നു.

16ാം ധനകാര്യ കമ്മീഷന് മുന്നിലുള്ള വെല്ലുവിളികള്‍

പതിനാറാം ധനകാര്യ കമ്മീഷന് പ്രധാന വെല്ലുവിളിയാകുക മറ്റൊരു ഭരണഘടനാ സ്ഥാപനമായ ജിഎസ്ടി കൗണ്‍സിലായിരിക്കുമെന്ന് 15-ാം ധനകാര്യ കമ്മീഷന്‍ സെക്രട്ടറി അരവിന്ദ് മേത്ത വ്യക്തമാക്കിയിരുന്നു. നികുതി നിരക്കിനെ കുറിച്ചുള്ള കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ കമ്മീഷന്റെ വരുമാന കണക്കുകൂട്ടലുകളില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നതാണെന്നാണ് വിലയിരുത്തല്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in