പ്രതിപക്ഷ മഹാസഖ്യം രൂപീകരിക്കാനുളള യോഗത്തിൽ 16 പാർട്ടികൾ പങ്കെടുക്കും; തിരക്ക് കാരണം രാഹുലും ഖാർഗെയും എത്തില്ല

പ്രതിപക്ഷ മഹാസഖ്യം രൂപീകരിക്കാനുളള യോഗത്തിൽ 16 പാർട്ടികൾ പങ്കെടുക്കും; തിരക്ക് കാരണം രാഹുലും ഖാർഗെയും എത്തില്ല

യോ​ഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും തിരക്കുകൾ ചൂണ്ടിക്കാട്ടി പങ്കെടുക്കില്ലെന്നാണ് വിവരം

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നെ ബിജെപിക്കെതിരെയുളള കരുനീക്കത്തിന്റെ ഭാഗമായി, ജൂൺ 12ന് ബിഹാറിലെ പാട്നയിൽ വച്ച് നടക്കുന്ന പ്രതിപക്ഷ യോ​ഗത്തിൽ 16 പാർട്ടികൾ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. ബിജെപിക്കെതിരായ നീക്കങ്ങൾ ചർച്ച ചെയ്യാനുളള ആദ്യ പ്രതിപക്ഷ യോ​ഗമാണിത്. എന്നാൽ, ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന യോ​ഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും തിരക്കുകൾ ചൂണ്ടിക്കാട്ടി ഒഴിവാകാനാണ് സാധ്യത.

ജൂൺ 12ന് നടക്കുന്ന യോ​ഗം ജൂൺ 23-ലേക്ക് മാറ്റിവയ്ക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ, എല്ലാവർക്കും അനുയോജ്യമായ ഒരു ദിവസത്തിൽ യോ​ഗം സംഘടിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും അതിനാൽ അന്തിമ ഷെഡ്യൂൾ അനുസരിച്ച് യോഗം നടത്താനുമാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇതേത്തുടർന്ന്, യോഗത്തിൽ പങ്കെടുക്കാൻ തങ്ങളുടെ നേതാക്കളിലൊരാളെ നിയോഗിക്കുമെന്ന് കോൺഗ്രസ് ഉറപ്പുനൽകിയിട്ടുണ്ട്.

പ്രതിപക്ഷ നിരയിൽ നിന്നും, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, അനന്തരവൻ അഭിഷേക് ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ അടക്കമുളളവർ യോ​ഗത്തിൽ പങ്കെടുക്കും. അതേസമയം, പശ്ചിമ ബംഗാൾ നിയമസഭയിലെ കോൺഗ്രസിന്റെ ഏക എംഎൽഎ ആയിരുന്ന ബയറൺ ബിശ്വാസിന്റെ കൂറുമാറ്റം പ്രതിപക്ഷ ഐക്യനിരയിൽ വിളളലുകൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തലുകൾ. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ, തൃണമൂലിന്റെ ശക്തികോട്ടയായ സാഗർദിഖിയിൽ നിന്നും കോൺ​ഗ്രസ് ടിക്കറ്റിൽ വൻഭൂരിപക്ഷത്തോടെ വിജയിച്ച ബയറൺ ബിശ്വാസിന്റെ കൂറുമാറ്റം കോൺ​ഗ്രസിന് വലിയ തിരിച്ചടിയാണ് സംസ്ഥാനത്ത് ഉണ്ടാക്കിയിരിക്കുന്നത്.

നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഡൽഹിയിൽ രാഹുൽ ​ഗാന്ധിയുമായി നേരത്തെ ചർച്ചകൾ നടത്തിയിരുന്നു.ബിജെപിയെ നേരിടുന്നതിനായി പ്രധാന വിഷയങ്ങളിൽ ഒരു പൊതു നിലപാട് കൊണ്ടുവരാൻ 'ചിന്തൻ ശിബിർ' വേണമെന്ന് രാഹുൽ ആ ചർച്ചയിൽ ആവശ്യപ്പെട്ടു. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി വിശദമായ ഒരു സംഭാഷണം നടത്താൻ എല്ലാ പ്രതിപക്ഷ നേതാക്കളും ഡൽഹിയിൽ മൂന്നോ നാലോ ദിവസം ഒരുമിച്ച് ഇരിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. അതേസമയം, നിലവിൽ നടക്കുന്നത് ഒരു പ്രാഥമിക യോഗം മാത്രമാണെങ്കിലും എല്ലാ ലോക്‌സഭാ സീറ്റുകളിലും ബിജെപിക്കെതിരെ ഒരു പൊതു സ്ഥാനാർത്ഥിയെ നിർത്താനാണ് പ്രതിപക്ഷ പാർട്ടികൾ ലക്ഷ്യമിടുന്നത്.

എന്നാൽ, ജൂൺ 12ന് നടക്കുന്ന യോ​​ഗത്തിൽ ഖാർ​ഗെയും രാഹുലും ഇല്ലാതെ പോകുന്നത് കെജ്‌രിവാളിന് തലവേദനയാണ്. കഴിഞ്ഞ മൂന്ന് മാസമായി കോൺഗ്രസ് നേതൃത്വത്തെ കാണാൻ ശ്രമിച്ചിട്ടും രാഹുലോ ഖാർഗെയോ അനുകൂലമായി പ്രതികരിച്ചില്ലെന്ന് കെജ്‌രിവാൾ ഒന്നിലധികം തവണ പരാതിപ്പെട്ടിട്ടുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്. ഡൽഹിയിൽ ലഫ്റ്റന്റ് ഗവർണർക്ക് അധികാരം നൽകുന്ന ഓർഡിനൻസുമായി ബിജെപി സർക്കാർ മുന്നോട്ട് വന്നതിനെ തുടർന്ന് ഓർഡിനൻസിനെതിരെ പ്രതിപക്ഷ പിന്തുണ തേടി കെജ്‌രിവാൾ കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തിവരികയാണ്. ഇന്ന്, ചെന്നൈയിൽ വച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നുമായും കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രതിപക്ഷത്തെ ഏകോപിപ്പിക്കുന്നതിനായി ഡിഎംകെ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിലും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഏജൻസികളെ ഉപയോ​ഗിച്ച് പ്രതിപക്ഷ പാർട്ടികളെ ഭയപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച സ്റ്റാലിൻ, തിരക്കുകൾ മാറ്റിവെച്ച് ജൂൺ 12ന് നടക്കുന്ന യോ​ഗത്തിൽ പങ്കെടുക്കുമെന്നും പറഞ്ഞു. നേരത്തെ, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ചയുടെ നേതാവുമായ ഹേമന്ത് സോറനും യോ​ഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in