ജമ്മുവില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു

ജമ്മുവില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു

സംശയകരമായ സാഹചര്യത്തില്‍ പോയ ട്രക്കിനെ സുരക്ഷാ സേന പിന്തുടരുകയായിരുന്നു

ജമ്മുവില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ജമ്മുവിലെ സിദ്ര മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും രാവിലെ ഏറ്റുമുട്ടിയത്. സംശയകരമായ സാഹചര്യത്തില്‍ പോകുകയായിരുന്ന ഒരു ട്രക്കിനെ സൈന്യം പിന്തുടരുകയായിരുന്നു. സിദ്രയില്‍ വെച്ച് ട്രക്ക് തടഞ്ഞു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ വാഹനത്തില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. അതോടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ നിറയൊഴിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതെന്ന് ജമ്മു എഡിജിപി മുകേഷ് സിങ് പറഞ്ഞു.

ഏറ്റുമുട്ടലില്‍ ട്രിക്കിന് തീപിടിച്ചു. ഓടി രക്ഷപ്പെട്ട ട്രക്ക് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ, പ്രദേശം മുഴുവൻ സീൽ ചെയ്തു. ഹൈവേയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു.

ഇന്നലെ, ജമ്മുവിന് സമീപം ഉധംപൂരിൽ 15 കിലോ സ്ഫോടകവസ്തു സുരക്ഷാസേന നിര്‍വീര്യമാക്കിയിരുന്നു. ഐഇഡി, ആര്‍ഡിഎക്സ്, ഡിറ്റണേറ്ററുകള്‍ എന്നിവയായിരുന്നു ഇത്. വലിയ ഭീകരാക്രമണ പദ്ധതിയാണ് ഒഴിവാക്കാനായതെന്ന് സുരക്ഷാസേന കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in