മനുഷ്യക്കടത്തോ? ഗുജറാത്തിൽനിന്ന് അഞ്ച് വർഷത്തിനിടെ കാണാതായത് 41,000 സ്ത്രീകളെ

മനുഷ്യക്കടത്തോ? ഗുജറാത്തിൽനിന്ന് അഞ്ച് വർഷത്തിനിടെ കാണാതായത് 41,000 സ്ത്രീകളെ

തിരോധാനത്തിനു പിന്നിലെ കാരണം മനുഷ്യക്കടത്താണെന്ന് ഗുജറാത്ത് പോലീസ് മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. രാജൻ പ്രിയദർശി

അഞ്ച് വർഷത്തിനിടെ ഗുജറാത്തിൽനിന്ന് 41,621 സ്ത്രീകളെ കാണാതായതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട്. 2016-ൽ 7,105, 2017-ൽ 7,712, 2018-ൽ 9,246, 2019-ൽ 9,268, 2020ൽ 8,290 സ്ത്രീകളെയാണ് കാണാതായിരിക്കുന്നത്.

"ബിജെപി നേതാക്കൾ കേരളത്തിലെ സ്ത്രീകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ 40,000 ത്തിലധികം സ്ത്രീകളെയാണ് കാണാതായിരുന്നത്"
- കോൺഗ്രസ് വക്താവ് ഹിരേൻ ബാങ്കർ

സംസ്ഥാന സർക്കാർ 2021 ൽ നിയമസഭയിൽ നടത്തിയ പ്രസ്താവന പ്രകാരം അഹമ്മദാബാദിലും വഡോദരയിലും മാത്രം 2019-20ൽ 4,722 സ്ത്രീകളെ കാണാതായി. "ബിജെപി നേതാക്കൾ കേരളത്തിലെ സ്ത്രീകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ നാൽപ്പതിനായിത്തിലധികം സ്ത്രീകളെയാണ് കാണാതായിരുന്നത്", ഗുജറാത്തിലെ കോൺഗ്രസ് വക്താവ് ഹിരേൻ ബാങ്കർ പറഞ്ഞു.

'സംസ്ഥാനത്തുനിന്ന് കാണാതായവരുടെ കേസുകൾ ഗൗരവമായി പരിഗണിക്കാത്തതാണ് നിലവിലുള്ള പോലീസ് സംവിധാനത്തിന്റെ പ്രശ്നം. ബ്രിട്ടീഷുകാരുടെ കാലത്തെ രീതിയിലാണ് പോലീസ് ഇപ്പോഴും കേസുകൾ അന്വേഷിക്കുന്നത്', മുൻ ഐപിഎസ് ഓഫീസർ സുധീർ സിൻഹ പറഞ്ഞു

"പെൺകുട്ടികളെയും സ്ത്രീകളെയും ഗുജറാത്തിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് വേശ്യാവൃത്തിയ്ക്കായി നിർബന്ധിച്ച് അയക്കുന്ന ചില കേസുകൾ ശ്രദ്ധയിൽ പെട്ടിരുന്നു," ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗവും, മുൻ ഐപിഎസ് ഓഫീസറുമായ സുധീർ സിൻഹ പറഞ്ഞു.

"സംസ്ഥാനത്തുനിന്ന് കാണാതായ വ്യക്തികളുടെ കേസുകൾ ഗൗരവമായി പരിഗണിക്കാത്തതാണ് നിലവിലുള്ള പോലീസ് സംവിധാനത്തിന്റെ പ്രശ്നം. ബ്രിട്ടീഷുകാരുടെ കാലത്തെ രീതിയിലാണ് പോലീസ് ഇപ്പോഴും കേസുകൾ അന്വേഷിക്കുന്നത്. അതാണ് തിരോധാന കേസുകൾ എങ്ങുമെത്താതെ പോകുന്നത്. കൊലപാതകത്തേക്കാൾ ഗുരുതരമാണ് ഇത്തരം കേസുകൾ. കാരണം, ഒരു കുട്ടിയെ കാണാതെ ആകുമ്പോൾ വർഷങ്ങളോളം മാതാപിതാക്കൾ കുട്ടിക്കായി കാത്തിരിക്കുന്നു. അതിനാൽ ഇത്തരം കേസുകൾ കൊലപാതക കേസുകൾ പോലെ തന്നെ കർശനമായി അന്വേഷിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സ്ത്രീകളുടെ തിരോധാനത്തിനു പിന്നിലുള്ള കാരണം മനുഷ്യക്കടത്താണെന്ന് ഗുജറാത്ത് പോലീസ് മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. രാജൻ പ്രിയദർശി പറഞ്ഞു. "ഞാൻ ഔദ്യോഗിക പദവിയിലുണ്ടായിരുന്ന സമയത്ത് ചില സംഘങ്ങൾ മനുഷ്യക്കടത്ത് വഴി സ്ത്രീകളെ മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുകയും വിൽക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു.''

''ഖേദ ജില്ലയിൽ ഞാൻ സൂപ്രണ്ടായി ജോലി ചെയ്യുമ്പോൾ പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടിയെ ഉത്തർപ്രദേശ് കൂട്ടിക്കൊണ്ടുപോയി ആ സംസ്ഥാനത്ത് വിറ്റു. അവിടെ അവൾക്ക് കർഷക തൊഴിലായിരുന്നു ജോലി. ഞങ്ങൾക്ക് അവളെ രക്ഷിക്കാൻ കഴിഞ്ഞു. പക്ഷേ എല്ലാ കേസുകളിലും ഇത് സംഭവിക്കുന്നില്ല,"അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ മനുഷ്യക്കടത്ത് കൂടുന്നുവെന്നാണ് കഴിഞ്ഞ മാസം പുറത്തുവന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2022ലെ ഹ്യൂമന്‍ ട്രാഫിക്കിങ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഇന്ത്യ മനുഷ്യക്കടത്ത് തടയുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങള്‍ പോലും പാലിക്കുന്നില്ലെന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണ്ടെത്തൽ.

logo
The Fourth
www.thefourthnews.in