കേന്ദ്ര സേനകളിൽ മൂന്ന് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 436 പേർ; പഠിക്കാൻ കർമസേന രൂപീകരിച്ചതായി ആഭ്യന്തരമന്ത്രാലയം

കേന്ദ്ര സേനകളിൽ മൂന്ന് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 436 പേർ; പഠിക്കാൻ കർമസേന രൂപീകരിച്ചതായി ആഭ്യന്തരമന്ത്രാലയം

ആത്മഹത്യയുടെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായി കർമസേന രൂപീകരിച്ചിട്ടുണ്ടെന്നും ഇതിനായുള്ള റിപ്പോർട്ട് തയ്യാറാക്കുകയാണെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയിൽ

കഴിഞ്ഞ മൂന്ന് വ‍‍ർഷത്തിനിടയിൽ കേന്ദ്ര സായുധസേനയിലും, അസം റൈഫിൾസിലുമായി ആത്മഹത്യ ചെയ്തവരുടെ എണ്ണം 436. അതിൽ തന്നെ ഏറ്റവും കൂടുതൽ ആത്മഹത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സിആർപിഎഫിൽ. സിആർപിഎഫിൽ മാത്രം 154 പേരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. 111 പേർ ബിഎസ്എഫിലും. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ രാജ്യസഭയിൽ വ്യക്തമാക്കിയത്. സായുധ സേനാംഗങ്ങളുടെ ആത്മഹത്യ സംബന്ധിച്ച് പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിന് കർമസേന രൂപീകരിച്ചിച്ചുണ്ടെന്നും റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.

54 പേർ 2020 ലും, 57 പേർ 2021 ലും കഴിഞ്ഞ വർഷം 43 പേരുമായി ആകെ 154 പേരാണ് സിആർപിഎഫിൽ ആത്മഹത്യ ചെയ്തു. ബിഎസ്എഫിൽ 30 പേർ 2020 ലും, 44 പേർ 2021 ലും 37 പേർ 2022 ലുമായി ജീവനൊടുക്കിയെന്ന് ആഭ്യന്തരസഹമന്ത്രി വ്യക്തമാക്കി

'സിഐഎസ്‌എഫിൽ 2020ൽ 18 പേരും 2021ൽ 21 പേരും 2022ൽ 24 പേരും ആത്മഹത്യ ചെയ്തു. സശസ്ത്ര സീമ ബലിൽ (എസ്എസ്ബി) 2020ൽ 18 പേരും 2021ൽ ഒൻപതും കഴിഞ്ഞ വർഷം 13 പേരും ആത്മഹത്യ ചെയ്തു. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിൽ (ഐടിബിപി) 2020ൽ 13 പേരും 2021ൽ 10 പേരും കഴിഞ്ഞ വർഷം ഒൻപത് പേരും ആത്മഹത്യ ചെയ്തു. അസം റൈഫിൾസിൽ 2020 ൽ ഒൻപത് പേരും 2021 ൽ 14 പേരും 2022 ൽ ഏഴ് പേരും ജീവനൊടുക്കി. നാഷണൽ സെക്യൂരിറ്റി ഗാർഡിൽ (എൻഎസ്ജി) 2020 മുതൽ 2023 വരെ ഓരോ വർഷവും രണ്ട് പേർ വീതം ആത്മഹത്യ ചെയ്തു.' റായി വ്യക്തമാക്കി.

കേന്ദ്ര സേനകളിൽ വർധിക്കുന്ന ആത്മഹത്യയുടെ കാരണങ്ങൾ കണ്ടെത്തി പരിഹാരങ്ങൾ നിർദേശിക്കുന്നതിനയി ഒരു കർമസേന രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും നിത്യാനന്ദ് റായ് പറഞ്ഞു. ജോലി സ്ഥലത്തെ സാഹചര്യങ്ങൾ, സേവന സാഹചര്യങ്ങൾ, വ്യക്തിപരമായ പ്രശ്നങ്ങൾ എന്നിവയാണ് സൈനികരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അവധി, സ്ഥലംമാറ്റം തുടങ്ങിയവയിൽ കൂടുതൽ സുതാര്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സഭയെ അറിയിച്ചു. കഷ്ടപ്പാടുള്ള പ്രദേശത്ത് സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥർക്ക് സാധ്യമാകുന്നത് പോലെ ചോയ്‌സ് പോസ്റ്റിംഗ് മറ്റിടങ്ങളിലും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടാകുന്ന പരുക്കുകൾക്ക് ശേഷമുള്ള ആശുപത്രിവാസ കാലയളവിനെ ജോലിക്കാലമായി തന്നെ രേഖപ്പെടുത്തും, സേനാംഗങ്ങളുടെ പരാതികൾ കണ്ടെത്തി പരിഹരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ നിരന്തര ആശയവിനിമയം നടത്തും തുടങ്ങിയ കാര്യങ്ങളും മന്ത്രി അറിയിച്ചു. മതിയായ വിശ്രമം ഉറപ്പു വരുത്തുമെന്നും റായി വ്യക്തമാക്കി.

ബുദ്ധിമുട്ടുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക, സൈനികരുടെ വ്യക്തിപരവും മാനസികവുമായ ആശങ്കകൾ പരിഹരിക്കുന്നതിന് ആവശ്യമായ ചർച്ചകൾ വിദഗ്ധരുമായി സംഘടിപ്പിച്ച് നൽകുക, ആവശ്യമായ ധ്യാനവും യോഗയും സംഘടിപ്പിക്കുകയും ചെയ്യുക തുടങ്ങി സൈനികരുടെ സമ്മർദം കുറയ്ക്കാൻ ആഭ്യന്തര മന്ത്രാലയം വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. ഒഴിവുകൾ അനുസരിച്ച് യോഗ്യരായ ഉദ്യോഗസ്ഥർക്ക് പ്രമോഷനുകൾ നൽകുമെന്നും നിത്യാനന്ദ് റായ് പറഞ്ഞു.

logo
The Fourth
www.thefourthnews.in