പങ്കാളിയെ വെട്ടിനുറുക്കി പ്രഷർ കുക്കറിലിട്ട് വേവിച്ചു; അൻപത്തിയാറുകാരൻ അറസ്റ്റിൽ

പങ്കാളിയെ വെട്ടിനുറുക്കി പ്രഷർ കുക്കറിലിട്ട് വേവിച്ചു; അൻപത്തിയാറുകാരൻ അറസ്റ്റിൽ

മുപ്പത്തിയാറുകാരിയായ സരസ്വതി വൈദ്യയാണ് മുംബൈയിൽ കൊല്ലപ്പെട്ടത്

രാജ്യത്ത് വീണ്ടും ശ്രദ്ധ വാൾക്കർ മോഡൽ കൊലപാതകം. മുംബൈയിൽ അൻപത്തിയാറുകാരനാണ് ലിവ് ഇന്‍ പങ്കാളിയായ മുപ്പത്തിയാറുകാരിയായ സരസ്വതി വൈദ്യയെ കൊലപ്പെടുത്തിയത്. ഇരുവരും താമസിച്ചിരുന്ന മിരാ-ഭയന്ദർ പ്രദേശത്തെ അപ്പാർട്ട്മെന്റിൽനിന്ന് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വെട്ടിനുറുക്കിയ നിലയിൽ സരസ്വതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.

സരസ്വതി വൈദ്യയും പങ്കാളിയായ മനോജ് സഹാനിയും മൂന്ന് വർഷമായി ഒന്നിച്ച് കഴിയുകയായിരുന്നു. വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റിലാണ് ഇരുവരും താമസിച്ച് വന്നിരുന്നത്. വൈദ്യയുടെയും സഹാനിയുടെയും അപ്പാർട്ട്‌മെന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പരാതിപ്പെട്ട കെട്ടിടത്തിലെ താമസക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്

അപ്പാർട്ട്മെന്റിലെത്തിയ ഉദ്യോഗസ്ഥർ അഴുകിയ മൃതദേഹം ഒന്നിലധികം കഷണങ്ങളായി മുറിച്ച നിലയില്‍ കണ്ടെത്തി. വൈദ്യയെ കൊലപ്പെടുത്തിയ ശേഷം, ഇലക്ട്രിക് കട്ടർ ഉപയോ​ഗിച്ച് പലകഷ്ണങ്ങളാക്കി മുറിക്കുകയും പിന്നാലെ പ്രഷർകുക്കറിലിട്ട് വേവിക്കുകയും ചെയ്ത ശേഷം പ്ലാസ്റ്റിക് കവറിലേക്ക് മാറ്റി മറ്റൊരിടത്ത് ഉപേക്ഷിക്കാനാണ് പ്രതി പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ തന്നെ അതിക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞതായി മുംബൈ ഡിസിപി ജയന്ത് ബജ്ബലെ പറഞ്ഞു. തൊട്ടുപിന്നാലെ, സഹാനിയെ അന്വേഷണ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തു. അതേസമയം, കൊലപാതകത്തിന് കാരണമെന്തെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

 ശ്രദ്ധ വാൾക്കറും അഫ്താബ് അമീന്‍ പൂനാവാലയും
ശ്രദ്ധ വാൾക്കറും അഫ്താബ് അമീന്‍ പൂനാവാലയും

കഴിഞ്ഞ വർഷം മെയ് 18നാണ്, ഡല്‍ഹിയില്‍ ശ്രദ്ധ വാൾക്കറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി അഫ്താബ് അമീന്‍ പൂനാവാല പലയിടത്തായി ഉപേക്ഷിച്ചത്. ശ്രദ്ധയുടെ കൊലപാതകം രാജ്യത്ത് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. മൂന്ന് ആഴ്ച ഫ്രിഡ്ജില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ 18 ദിവസം കൊണ്ടാണ് നഗരത്തില്‍ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്. ഡേറ്റിങ് ആപ്പായ ബംബിള്‍ വഴിയാണ് അഫ്താബ് ശ്രദ്ധയെ പരിചയപ്പെടുന്നത്. ശ്രദ്ധയെ കൊന്നതിന് ശേഷവും ആപ്പിലെ പ്രൊഫൈല്‍ ഉപയോഗിച്ച് അഫ്താബ് നിരവധി സ്ത്രീകളുമായി ചാറ്റ് ചെയ്യുന്നുണ്ടായിരുന്നെന്നും പോലീസ് കണ്ടെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in