യു പി തദ്ദേശ തിരഞ്ഞെടുപ്പ്:  'മുസ്ലിം പരീക്ഷണത്തിൽ' നേട്ടം കൊയ്ത് ബി ജെ പി, വിജയിച്ചത് 61 പേർ

യു പി തദ്ദേശ തിരഞ്ഞെടുപ്പ്: 'മുസ്ലിം പരീക്ഷണത്തിൽ' നേട്ടം കൊയ്ത് ബി ജെ പി, വിജയിച്ചത് 61 പേർ

ബിജെപിയുടെ വിജയം കൂടുതൽ ശ്രദ്ധയാകര്‍ഷിക്കുന്നത് സ്ഥാനാര്‍ഥി നിര്‍ണയം കൊണ്ടാണ്. ഇത്തവണ 391 മുസ്ലിങ്ങളെയാണ് പാർട്ടി മത്സരിപ്പിച്ചത്

കര്‍ണാടക തിരഞ്ഞെടുപ്പില്‍ കൂപ്പുകുത്തിയ ബിജെപിക്ക് അൽപ്പം ആശ്വാസം നൽകുന്നതായിരുന്നു ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. പതിനേഴിടത്തും മേയര്‍ സ്ഥാനം സ്വന്തമാക്കിയ ബിജെപി ആകെയുള്ള 1401 വാര്‍ഡുകളില്‍ പകുതിയോളവും. പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയെ തറപറ്റിച്ചായിരുന്നു ജയം. എന്നാല്‍ ബിജെപിയുടെ വിജയം കുറച്ചകൂടി ശ്രദ്ധയാകര്‍ഷിക്കുന്നത് സ്ഥാനാര്‍ത്ഥി നിര്‍ണയം കൊണ്ടാണ്.

സംഭാല്‍ ജില്ലയിലെ മുപ്പതിനായിരത്തോളം ജനസംഖ്യയുള്ള ചെറിയ പട്ടണമാണ് സിര്‍സിയ. ഇവിടെ നഗര്‍ പഞ്ചായത്തിന്റെ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത് കൗസര്‍ അബ്ബാസ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ച 61 മുസ്ലിം സ്ഥാനാര്‍ഥികളിലൊരാളാണ് അബ്ബാസ്. ഹിന്ദു മേല്‍ക്കോയ്മ പ്രോത്സാഹിപ്പിച്ച് അധികാരത്തിലെത്തിയ ബിജെപിക്ക് സംസ്ഥാനത്തെ വലിയൊരു വിഭാഗം മുസ്ലിങ്ങളുടെ പിന്തുണ ലഭിച്ചുതുടങ്ങിയതെന്ന് സൂചിപ്പിക്കുന്നതാണ് ഫലം.

ഇത്തവണ അഞ്ച് നഗര പാലിക പരിഷത്ത് ചെയര്‍മാന്‍, 32 നഗര പഞ്ചായത്ത് ചെയര്‍മാന്‍, 80 മുനിസിപ്പല്‍ കോര്‍പറേഷൻ അംഗങ്ങൾ, എന്‍ പി പിയിലേക്കും എന്‍ പിയിലേക്കുമുള്ള 278 അംഗങ്ങൾ ഉള്‍പ്പെടെ 391 സീറ്റുകളിലേക്കാണ് ബി ജെ പി മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ഇവരിൽ 90 ശതമാനവും പസ്മന്ദ വിഭാഗത്തിലുള്ളവരായിരുന്നു.

മുസ്ലിങ്ങള്‍ ക്രമേണ ബിജെപിയിലേക്ക് മാറുകയാണെന്നതാണ് ഫലം തെളിയിക്കുന്നതെന്ന് യു പിയിലെ ഏക മുസ്ലിം മന്ത്രിയായ ദാനിഷ് ആസാദ് അന്‍സാരി പറയുന്നത്. പസ്മന്ദ മുസ്ലിം വിഭാഗത്തിലുള്ളവരുടെ പിന്തുണ നേടാന്‍ ബിജെപിക്ക് സാധിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്നും ദാനിഷ് അന്‍സാരി പറഞ്ഞു.

2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് 391 പേരെ മത്സരിപ്പിച്ചുകൊണ്ട് ബിജെപി മുസ്ലിങ്ങളുടെ പിന്തുണയും പാര്‍ട്ടിയോടുള്ള ചായ്‌വും പരീക്ഷിക്കുകയായിരുന്നുവെന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ബിജെപി നേതാവ് പറഞ്ഞു. എല്ലാവരെയും ഒപ്പം കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞാബദ്ധനാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി പറഞ്ഞു.

''എല്ലാ സര്‍ക്കാര്‍ പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ ഒരു വിവേചനവുമില്ലാതെ എല്ലാവര്‍ക്കും സുതാര്യമായി നല്‍കുന്നു. മോദിയിലുള്ള മുസ്ലിങ്ങളുടെ വിശ്വാസം വര്‍ധിച്ചു, എല്ലാ വിഭാഗങ്ങളും ബിജെപിക്ക് വോട്ട് ചെയ്യുന്നു. ബിജെപി-അപ്നാദള്‍ (എസ്) സഖ്യം വിജയിച്ച സുവാറില്‍ 90 ശതമാനം വോട്ടര്‍മാരും മുസ്ലിങ്ങളാണ്,'' ചൗധരി ചൂണ്ടിക്കാട്ടി.

''എസ് പിയും ബി എസ് പിയും കോണ്‍ഗ്രസും വളരെക്കാലമായി മുസ്ലീങ്ങള്‍ക്കിടയില്‍ ബി ജെ പിയെക്കുറിച്ച് ഭയം സൃഷ്ടിച്ചിരുന്നു. എന്നാല്‍ മുസ്ലിം വിഭാഗം അതില്‍നിന്ന് കരകയറി. ബി ജെ പിയിലുള്ള അവരുടെ വിശ്വാസം വര്‍ധിച്ചുവരികയാണ്. സമീപകാല തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ ബി ജെ പി ടിക്കറ്റ് ആവശ്യപ്പെടുന്നു,'' ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് കുന്‍വര്‍ ബാസിത് അലി പറഞ്ഞു. മോര്‍ച്ചയുടെ പ്രചാരണങ്ങള്‍ മുസ്ലിങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017 ല്‍ 44,000 മുസ്ലിം ആധിപത്യമുള്ള ബൂത്തുകളില്‍ ബിജെപിക്ക് കമ്മിറ്റികളുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ 25,000 ബൂത്തുകളില്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ സാധിച്ചു.

തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ തങ്ങളുടെ മുസ്ലിം സ്ഥാനാർഥികളുടെ വിജയം ന്യൂനപക്ഷ മുന്നേറ്റം പരീക്ഷിച്ചു തുടങ്ങിയ തങ്ങൾക്ക് മികച്ച തുടക്കമാണ് നൽകുന്നതെന്നാണ് ബി ജെ പി പറയുന്നത്. മുസ്ലിം സമുദായത്തിലേക്ക് എത്തിച്ചേരാനുള്ള നിരന്തര ശ്രമങ്ങൾ ഭാവിയിലും തുടരുമെന്നും ബിജെപി പറയുന്നു.

logo
The Fourth
www.thefourthnews.in