സിവിൽ സർവീസിൽ എൻജിനീയറിങ് ബിരുദധാരികളുടെ തള്ളിക്കയറ്റം; ഹ്യുമാനിറ്റീസ് പ്രാതിനിധ്യം കുറയുന്നു

സിവിൽ സർവീസിൽ എൻജിനീയറിങ് ബിരുദധാരികളുടെ തള്ളിക്കയറ്റം; ഹ്യുമാനിറ്റീസ് പ്രാതിനിധ്യം കുറയുന്നു

സിവില്‍ സര്‍വീസില്‍ നിയമിക്കുന്നവരില്‍ 70 ശതമാനത്തിലധികവും സാങ്കേതിക പശ്ചാത്തലത്തില്‍നിന്നുള്ളവർ

രാജ്യത്ത് സിവിൽ സർവിസ് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളിൽ എൻജിനീയര്‍മാരുടെ എണ്ണം കൂടുന്നു. 2020ല്‍ സര്‍വീസിന്റെ ഭാഗമായവരിൽ 65 ശതമാനവും എന്‍ജിനീയർമാരാണ്. അതേസമയം, ഹ്യുമാനിറ്റീസ് പഠിച്ചവർ ഉന്നത സർവിസിലെത്തുന്നത് കുറഞ്ഞുവരികയാണെന്നും പാര്‍ലമെന്ററി പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്‍ജിനീയറിങ് ബിരുദധാരികളായ 46 ശതമാനം പേരായിരുന്നു 2011ൽ സിവിൽ സർവിസിലെത്തിയത്. 2020ല്‍ ഇത് 65 ശതമാനമായി ഉയര്‍ന്നു. അതേസമയം, മെഡിക്കല്‍ ബിരുദമുള്ളവർ 2011ലെ 14 ശതമാനമായിരുന്നെങ്കിൽ 2020ല്‍ അത് നാല് ശതമാനമായി കുറഞ്ഞു.

ഹ്യുമാനിറ്റീസ് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. 2011ല്‍ 27 ശതമാനമായിരുന്ന ഹ്യുമാനിറ്റീസ് പ്രാതിനിധ്യം 2020ല്‍ 23 ശതമാനമായി കുറഞ്ഞതായും സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യസഭാ അംഗം സുശീല്‍ മോദിയുടെ നേതൃത്വത്തിലുള്ളതാണ് സമിതി.

എൻജിനീയറിങ്ങിൽ മികച്ച വിജയം കൈവരിച്ച നിരവധി ഉദ്യോഗാര്‍ഥികളെയാണ് എല്ലാ വര്‍ഷവും സിവില്‍ സര്‍വീസിലേയ്ക്ക് യു പി എസ് സി നിയമിക്കുന്നത്. ഇത് അവരുടെ സേവനം ആവശ്യമായ മറ്റ് മേഖലകളെ വിപരീതമായി ബാധിച്ചേക്കാമെന്ന് 'റിവ്യൂ ഓഫ് ഫങ്ഷനിങ് ഓഫ് റിക്രൂട്ട്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ' എന്ന പേരിലുള്ള സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ ബിരുദധാരികളുടെ കാര്യത്തിലും ഇതേ ആശങ്ക റിപ്പോർട്ട് പങ്കുവയ്ക്കുന്നു. അതിനാൽ സിവില്‍ സര്‍വിസിന്റെ നിയമന പ്രക്രിയയില്‍ പുനര്‍വിചിന്തനം നടത്തണമെന്നും സമിതി നിർദേശിക്കുന്നു.

സിവില്‍ സവീസ് ഉദ്യോഗസ്ഥരുടെ പ്രകടനവും പരിശീലനവും വിലയിരുത്തിയ പാനല്‍ ഭരണത്തിന്റെ ഗുണനിലവാരത്തില്‍ ഇടിവുണ്ടായിട്ടുണ്ടെന്നും ഇത് വര്‍ധിച്ചുവരുന്ന ജോലി ഭാരം മൂലമാകാമെന്നും നിരീക്ഷിച്ചു. നേരത്തെ പദ്ധതികളുടെ എണ്ണം കുറവായതിനാല്‍ ജോലിഭാരം കുറവായിരുന്നു, ഇത് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ പൊതുസേവകര്‍ക്ക് അവസരം നല്‍കി. എന്നാലിപ്പോള്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് സമയം കണ്ടെത്താനും ജനങ്ങളിലേക്ക് പോകാനും വളരെ ബുദ്ധിമുട്ടാണെന്നും പാര്‍ലമെന്ററി പാനല്‍ പറയുന്നു.

കാലം മാറുന്നതിനനുസരിച്ച്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പരിശീലന രീതികളില്‍ സര്‍ക്കാര്‍ നിരവധി സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത, ഊര്‍ജ്ജം, തീവ്രത എന്നിവ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും പാനല്‍ അഭിപ്രായപ്പെട്ടു.

പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന്, പ്രത്യേകിച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കേണ്ടതുണ്ട്. ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള ഒരു പാലമാണെന്നും അവര്‍ മാനുഷിക പരിഗണനകളോടെ അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കേണ്ടവരാണ്. അവര്‍ക്ക് ജനങ്ങളോട് സെന്‍സിറ്റീവ് സമീപനം ആവശ്യമാണെന്നും കമ്മിറ്റി കരുതുന്നു.

അവര്‍ മിക്കപ്പോഴും ദരിദ്രര്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്, അല്ലാതെ വരേണ്യവര്‍ഗത്തോടൊപ്പമല്ല. സെന്‍സിറ്റീവ് അല്ലാത്തൊരാള്‍ക്ക് ഒരു നല്ല ഭരണാധികാരിയാകാന്‍ കഴിയില്ല എന്നും പാനല്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ ഏത് പ്രശ്‌നത്തിനോടും മാനുഷികവും സഹാനുഭൂതിയും നിറഞ്ഞതുമായ സമീപനം നടത്തുന്നവിധത്തില്‍ സിവില്‍ സര്‍വീസിന് പരിശീലനം നല്‍കേണ്ടതുണ്ടെന്ന് കമ്മിറ്റി പറഞ്ഞു. ഇന്നത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ മുന്‍ഗാമികളുടെ അതേ നിയമവൈദഗ്ധ്യമില്ലെന്നും സമിതി നിരീക്ഷിച്ചു.

logo
The Fourth
www.thefourthnews.in