ആന്ധ്രാപ്രദേശിൽ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം

ആന്ധ്രാപ്രദേശിൽ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം

ദുരന്തമുണ്ടായത് ചന്ദ്രബാബു നായിഡു നയിക്കുന്ന റാലിക്കിടെ

ആന്ധ്രാപ്രദേശിൽ തെലുങ്ക് ദേശം പാർട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു. നെല്ലൂർ ജില്ലയിലെ കണ്ടുകുരുവിലാണ് റോഡ്ഷോയ്ക്കിടെ അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേര്‍ക്ക് പരുക്കേറ്റതായും ഇതിൽ പലരുടേയും നില ഗുരുതരമാണെന്നുമാണ് റിപ്പോർട്ടുകൾ. ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബുനായിഡുവിന്റെ റോഡ്ഷോയ്ക്കിടെയാണ് അപകടം.മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടും.

വലിയ ജനക്കൂട്ടമാണ് റാലിവരവേൽക്കാൻ യോഗസ്ഥത്ത് എത്തിയത്. തുറന്ന വാഹനത്തിലായിരുന്നു ചന്ദ്രബാബുനായിഡു ഉണ്ടായത്. പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുൻപായിരുന്നു അപകടം. തിരക്കിൽപ്പെട്ട് തുറന്ന ഓടയിലേക്ക് വീണാണ് പ്രവർത്തകർ മരിച്ചത്. യോഗം ഉടന്‍ റദ്ദാക്കിയ നായിഡു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ജഗൻ മോഹൻറെഡി നയിക്കുന്ന വൈഎസ്ആര്‍ കോൺഗ്രസ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി ടിഡിപി റോഡ്ഷോ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നെല്ലൂർ ജില്ലയിൽ പൊതുപരുപാടി സംഘടിപ്പിച്ചത്.

ടിഡിപി പ്രവര്‍ത്തകരുടെ മരണം പാര്‍ട്ടിക്ക് തീരാനഷ്ടമാണെന്നും അവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ചന്ദ്രബാബു നായിഡുവിന്റെ മകനും ടിഡിപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ നാരാ ലോകേഷ് പ്രതികരിച്ചു. പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ മക്കള്‍ക്ക് എന്‍ ടി ആര്‍ ട്രസ്റ്റിന്റെ സ്ഥാപനങ്ങളില്‍ പഠനം നടത്താൻ സൗകര്യമൊരുക്കുമെന്നും ടിഡിപി അറിയിച്ചു.

logo
The Fourth
www.thefourthnews.in