ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമില്‍ തീപിടിത്തം
ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമില്‍ തീപിടിത്തം

സെക്കന്തരാബാദില്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമില്‍ തീപിടിത്തം; 8 മരണം

പുക മൂലം ശ്വാസംമുട്ടിയാണ് ആളുകള്‍ മരിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ എട്ട് മരണം. തീപിടിച്ച കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന ഹോട്ടലിലെ താമസക്കാരാണ് മരിച്ചത്. നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്.

കെട്ടിട സമുച്ചയത്തിന്‍റെ ഏറ്റവും താഴത്തെ നിലയില്‍ ഉണ്ടായിരുന്ന ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമിനാണ് ആദ്യം തീപിടിച്ചത്. ഇതിന് മുകളിലെ ഒന്നും രണ്ടും നിലകളില്‍ പ്രവര്‍ത്തിക്കുന്ന റൂബി ഹോട്ടലില്‍ താമസിച്ചിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. അഗ്നിബാധയുണ്ടാവുമ്പോള്‍ ഹോട്ടലില്‍ 25 ആളുകള്‍ ഉണ്ടായിരുന്നു. രക്ഷപെടുന്നതിന് വേണ്ടി ചിലര്‍ ഹോട്ടലിലെ ജനലിലൂടെ ചാടി രക്ഷപെടാന്‍ ശ്രമിച്ചതും അപകടത്തിന്റെ വ്യാപ്തികൂട്ടി.

ഹോട്ടലിലെ ജനലിലൂടെ ചാടി രക്ഷപെടാന്‍ ശ്രമിച്ചതും അപകടത്തിന്റെ വ്യാപ്തികൂട്ടി.

പ്രദേശവാസികളുടെ നേതൃത്വത്തിലായിരുന്നു അദ്യം രക്ഷാപ്രവര്‍ത്തനം. അഗ്നിശമനസേനയും സംഭവ സ്ഥലത്ത് എത്തി. ക്രെയ്ന്‍ ഉപയോഗിച്ചായിരുന്നു പിന്നീടുള്ള ഹോട്ടലിലെ രക്ഷാപ്രവര്‍ത്തനം. പുക മൂലമുണ്ടായ ശ്വാസം മുട്ടല്‍ കാരണമാണ് ആളുകള്‍ മരിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

തീപിടിത്തം ഉണ്ടായ സ്ഥലത്ത് ഇലക്ട്രിക് സ്കൂട്ടറുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇതിന്റെ ചാര്‍ജ്ജറില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് നിഗമനം. മറ്റെന്തിങ്കിലും കാരണം ഉണ്ടെങ്കില്‍ അത് കണ്ടെത്താന്‍ വിശദമായ പരിശോധന വേണ്ടിവരുമെന്നും ഹൈദരബാദ് ഡെപ്യൂട്ടി കമ്മീഷനര്‍ ചന്ദന ദീപ്തി പറഞ്ഞു. തീപിടിത്തം ഉണ്ടായപ്പോള്‍ സമുച്ചയത്തിലെ വാട്ടര്‍ സ്പ്രിംഗ്ളര്‍ സംവിധാനം പ്രവര്‍ത്തിക്കാതിരുന്നതും പരിശോധിക്കുന്നുണ്ട്. തീപിടിത്തം ഉണ്ടായ കാരണം ഉറപ്പാക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മെഹ്മൂദ് അലി അറിയിച്ചു.

സെക്കന്തരാബാദിലെ തീപിടിത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.

logo
The Fourth
www.thefourthnews.in