കരസേന
കരസേന

മാനസിക സമ്മർദം; അ‍ഞ്ച് വർഷത്തിനുള്ളിൽ ആത്മഹത്യ ചെയ്തത് 819 സെെനികർ

സെെനികരുടെ സമ്മർദം ലഘൂകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതിരോധ സഹമന്ത്രി

സൈനികരിൽ മാനസിക സമ്മർദം കൂടുന്നുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്നും കേന്ദ്ര സർക്കാർ. പാർലമെന്റിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിലാണ് ആശങ്കാജനകമായ കണക്കുകൾ. കഴിഞ്ഞ അ‍ഞ്ചു വർഷത്തിനിടെ 819 സെെനികർ ആത്മഹത്യ ചെയ്തതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭയിൽ എ എ റഹീമിന്റെ ചോദ്യത്തിന് മറുപടിയായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ടാണ് ഇക്കാര്യം അറിയിച്ചത്.

കരസേനയിൽ മാത്രം 642 സെെനികർ അഞ്ച് വർഷത്തിനിടെ ആത്മഹത്യ ചെയ്തു. വ്യോമസേനയിൽ 148 ഉം നാവികസേന 29 ഉം സെെനികരാണ് ഈ കാലയളവിൽ ആത്മഹത്യ ചെയ്തതെന്ന് ഔദ്യോ​ഗിക കണക്ക് വ്യക്തമാക്കുന്നു. കടുത്ത മാനസിക സമ്മർദമാണ് സെെനികരെ ആത്മാഹത്യയിലേക്ക് നയിക്കുന്ന പ്രധാന ഘടകമെന്നും ഭട്ട് പറഞ്ഞു. സർവീസിലിരിക്കെ സെെനികർക്കിടയിൽ നിന്നും ഇത്രയേറെ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്നും സെെനികരുടെ സമ്മർദം ലഘൂകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതിരോധ സഹമന്ത്രി രാജ്യസഭയെ അറിയിച്ചു.

മുൻകരുതൽ നടപടികൾ

വിഷാദം, ആത്മഹത്യാ പ്രവണത എന്നിവയുൾപ്പെടെ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ഉദ്യോഗസ്ഥരെ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനും 2009 മുതൽ തന്നെ രാജ്യത്ത് വിപുലമായ ഒരു മാനസികാരോഗ്യ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതി വഴി സമ്മർദത്തിന്റെ ഉയർന്ന അപകടസാധ്യതയുള്ള ഉദ്യോഗസ്ഥരെ യൂണിറ്റ് കമാൻഡിങ് ഓഫീസർമാർ, റെജിമെന്റൽ മെഡിക്കൽ ഓഫീസർമാർ, ജൂനിയർ ലീഡർമാർ എന്നിവർ വഴി കണ്ടെത്തി കൗൺസിലിങ് നൽകുകയും ചെയ്യുന്നുണ്ട്.

വിഷാദം, ആത്മഹത്യാ പ്രവണത എന്നിവയുൾപ്പെടെ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ഉദ്യോഗസ്ഥരെ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനും 2009 മുതൽ തന്നെ രാജ്യത്ത് വിപുലമായ ഒരു മാനസികാരോഗ്യ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

അവധിക്ക് ശേഷം യൂണിറ്റിലേക്ക് മടങ്ങുന്ന എല്ലാ ഉദ്യോഗസ്ഥരെയും റെജിമെന്റൽ മെഡിക്കൽ ഓഫീസർമാർ അഭിമുഖം നടത്തുകയും കൗൺസിലിങ് നടത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്യുന്നു. സെെനികർക്കായി സൈക്യാട്രിക് പരിശോധന നടത്തുന്നതിനും, കാര്യക്ഷമമായ രീതിയിൽ രോഗനിർണയം നടത്തുന്നതിനും ആവശ്യമായ വിശദമായ മാർഗനിർദേശങ്ങൾ സായുധ സേന മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ പുറത്തിറക്കിയിട്ടുണ്ടെന്നും ഭട്ട് ചൂണ്ടിക്കാട്ടി. ഈ നടപടികൾക്ക് ശേഷവുമാണ് ഇത്രയേറെ ആത്മഹത്യകൾ സേനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എന്തുകൊണ്ട് ഇത്ര സമ്മര്‍ദം?

കടുത്ത മാനസിക സമ്മര്‍ദത്തിന് പ്രധാന കാരണമായി കണക്കാക്കുന്നത് ദൈര്‍ഘ്യമേറിയ ജോലി സമയമാണ്. പ്രതിദിനം 15 മുതല്‍ 16 വരെ മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്ന രീതിയിലാണ് പലയിടങ്ങളിലേയും ക്രമീകരണം. തുടര്‍ച്ചയായ ജോലി ഉറക്കക്കുറവിനും അത് മാനസികാരോഗ്യ പ്രശ്‌നത്തിനും കാരണമാകും. സ്ഥാനക്കയറ്റമടക്കം കരിയര്‍ സംബന്ധിച്ച ആശങ്കകളും ചെറുതല്ലാത്ത പ്രശ്‌നമാകുന്നു. കുടുംബവുമായി മാറിനില്‍ക്കുന്നതും ജോലിയുടെ ഗൗരവസ്വഭാവവും സമ്മര്‍ദം വര്‍ധിപ്പിക്കുന്ന സാഹചര്യമാണ്. അതിര്‍ത്തി പ്രദേശങ്ങളിലും പ്രശ്‌നബാധിത മേഖലകളിലും ജോലി ചെയ്യുന്ന സൈകരുടെ അവസ്ഥ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in