കേന്ദ്ര സായുധ പോലീസ് സേനയില്‍ 84,866 ഒഴിവുകള്‍; അഞ്ച് മാസത്തിനിടെ 31,785 പേരെ നിയമിച്ചെന്ന് കേന്ദ്രം

കേന്ദ്ര സായുധ പോലീസ് സേനയില്‍ 84,866 ഒഴിവുകള്‍; അഞ്ച് മാസത്തിനിടെ 31,785 പേരെ നിയമിച്ചെന്ന് കേന്ദ്രം

കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ സിഎപിഎഫുകളില്‍ 31,785 പേരുടെ റിക്രൂട്ട്മെന്റ് നടന്നതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്

ആറ് കേന്ദ്ര സായുധ സേനകളിലായി 84,866 തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നതായി കേന്ദ്രം. സിആര്‍പിഎഫ്, ബിഎസ്എഫ് തുടങ്ങിയ ആറ് കേന്ദ്ര സായുധ പോലീസ് സേനകളിലായാണ് തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയില്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ സിഎപിഎഫുകളില്‍ 31,785 പേരുടെ റിക്രൂട്ട്മെന്റ് നടന്നതായും റായ് പറഞ്ഞു.

ആകെ 1,00,5,520 തസ്തികകളാണ് വിവിധ സായുധ സേനകള്‍ക്കായി അനുവദിച്ചിരിക്കുന്നത്. അതില്‍ 84,866 തസ്തികകളും ഒഴിഞ്ഞ് കിടക്കുന്നതായാണ് നിത്യാനന്ദ് റായ് രാജ്യസഭയില്‍ പറഞ്ഞത്. വിരമിക്കല്‍, രാജി, സ്ഥാനക്കയറ്റം, മരണം, പുതിയ ബറ്റാലിയന്‍ രൂപീകരിക്കല്‍, പുതിയ തസ്തികകള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ കാരണങ്ങളാലാണ് സിഎപിഎഫുകളില്‍ കൂടുതല്‍ ഒഴിവുകള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

2023 ജനുവരി ഒന്നിലെ കണക്കനുസരിച്ച് സിആര്‍പിഎഫില്‍ 29,283 ഒഴിവുകളും, ബിഎസ്എഫില്‍ 19,987, സിഐഎസ്എഫില്‍ 19,475, എസ്എസ്ബിയില്‍ 8,273, ഐടിബിപിയില്‍ 4,142, ആസാം റൈഫിള്‍സില്‍ 3,706 ഒഴിവുകളാണുള്ളത്. 2023 ജനുവരി 1 വരെ, കേന്ദ്ര സായുധ പോലീസ് സേനയില്‍ ആകെ 247 ഡോക്ടര്‍മാരുടെയും 2,354 നഴ്സുമാരുടെയും മറ്റ് മെഡിക്കല്‍ പ്രൊഫഷണലുകളുടെയും തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടെന്നും കേന്ദ്രം രാജ്യസഭയില്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in