ആധാര്‍
ആധാര്‍

സബ്സിഡികളും ആനുകൂല്യങ്ങള്‍ക്കും ആധാർ നിർബന്ധം; യുഐഡിഎഐ സര്‍ക്കുലര്‍

നിലവില്‍ രാജ്യത്തെ 99 ശതമാനം പൗരന്‍മാര്‍ക്കും ആധാര്‍ നമ്പര്‍ ഉണ്ട്

സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി. ഓഗസ്റ്റ് 11ന് യുഐഡിഎഐ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നിലവില്‍ രാജ്യത്തെ 99 ശതമാനം പൗരന്‍മാര്‍ക്കും അവരുടെ പേരില്‍ ആധാര്‍ നമ്പര്‍ ഉണ്ട്. ആധാര്‍ നിയമത്തിലെ സെക്ഷന്‍ 7 പ്രകാരം, ഒരു ആധാര്‍ നമ്പര്‍ ഇല്ലാത്ത അല്ലെങ്കില്‍ നല്‍കാത്ത ഒരു വ്യക്തിക്ക് സബ്സിഡിയോ ആനുകൂല്യമോ സേവനമോ നല്‍കുന്നതിന് ഇതര മാര്‍ഗങ്ങള്‍ അനുവദിക്കാന്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയതായും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ആധാര്‍ നമ്പര്‍ അനുവദിക്കുന്നത് വരെ മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആനുകൂല്യങ്ങളും സബ്സിഡിയും സേവനങ്ങളും ലഭ്യമാക്കാവുന്നതാണ്

സര്‍ക്കുലര്‍ പ്രകാരം ആധാര്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍, ഒരു വ്യക്തിക്ക് എന്റോള്‍മെന്റിനായി അപേക്ഷ സമര്‍പ്പിക്കാമെന്നും അപേക്ഷ സമര്‍പ്പിച്ച് ആധാര്‍ നമ്പര്‍ അനുവദിക്കുന്നത് വരെ മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആനുകൂല്യങ്ങളും സബ്സിഡിയും സേവനങ്ങളും ലഭ്യമാക്കാവുന്നതാണ്.

വെര്‍ച്വല്‍ ഐഡന്റിഫയറിന്റെ (വിഐഡി) സൗകര്യം യുഐഡിഎഐ നേരത്തെ തന്നെ വാഗ്ദാനം ചെയ്തിരുന്നു. ആധാര്‍ നമ്പറിനൊപ്പം മാപ്പ് ചെയ്തിരിക്കുന്ന താല്‍കാലികവും പിന്‍വലിക്കാവുന്നതുമായ 16 അക്ക നമ്പറാണിത്. ഇ-കെവൈസി സേവനത്തിന് ആധാര്‍ നമ്പറിന് പകരമായി ഇത് ഉപയോഗിക്കാന്‍ സാധിക്കും.

'സാമൂഹിക ക്ഷേമ പദ്ധതികള്‍ സുഗമമായി നടപ്പിലാക്കുന്നതിന് ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ ആവശ്യമായി വന്നേക്കാം. അത്തരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഗുണഭോക്താക്കളോട് ആധാര്‍ നമ്പറുകള്‍ നല്‍കാനും വിഐഡി ഓപ്ഷണല്‍ ആക്കാനും ആവശ്യപ്പെടാം '- യുഐഡിഎഐ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

കൂടാതെ, ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കുന്നതിനായുള്ള വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് ആധാറോ ആധാര്‍ എന്റോള്‍മെന്റ് നമ്പറോ ആവശ്യമായേക്കാമെന്നും യുഐഡിഎഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ജനങ്ങള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ആധാറിന്റെ പ്രധാന്യം ഉയര്‍ത്തികാണിക്കുവാനുമാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

logo
The Fourth
www.thefourthnews.in