ബന്‍വാരിലാല്‍ പുരോഹിത്, ഭഗവന്ത് സിങ് മന്‍
ബന്‍വാരിലാല്‍ പുരോഹിത്, ഭഗവന്ത് സിങ് മന്‍

വിശ്വാസം തെളിയിക്കാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനം റദ്ദാക്കി: പഞ്ചാബിലും ഗവര്‍ണര്‍ - സര്‍ക്കാര്‍ ഏറ്റുമുട്ടല്‍

വിശ്വാസം തെളിയിക്കുന്ന പ്രമേയം പാസാക്കാനായി മാത്രം പ്രത്യേക സഭാസമ്മേളനം വിളിക്കുന്നത് ചട്ടവിരുദ്ധമെന്ന് രാജ്ഭവൻ

നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ അഭ്യര്‍ത്ഥന നിരസിച്ചതോടെ പഞ്ചാബിലും ഗവര്‍ണര്‍ സര്‍ക്കാര്‍ ഏറ്റുമുട്ടലിന് വഴിയൊരുങ്ങുന്നു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാന്‍ പ്രത്യേക സമ്മേളനം വിളിക്കണമെന്ന മന്ത്രിസഭയുടെ ആവശ്യമാണ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് തള്ളിയത്. ഇതോടെ ഗവര്‍ണര്‍ക്ക് എതിരെ എംഎല്‍എമാരെ ഉള്‍പ്പെടെ രംഗത്തിറക്കി തെരുവില്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നും ആം ആദ്മിയും.

ആംആദ്മി അംഗങ്ങളെ വരുതിയിലാക്കാന്‍ ബിജെപി ഓപറേഷന്‍ ലോട്ടസിലൂടെ ശ്രമിക്കുന്നു എന്ന ആരോപണം ഉയര്‍ത്തിയാണ് ആംആദ്മി വിശ്വാസം തെളിയിക്കാന്‍ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. പ്രത്യേക സമ്മേളനം വിളിക്കാന്‍ സഭാച്ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും കോണ്‍ഗ്രസും രംഗത്ത് എത്തിയതോടെയാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്.

തെരുവില്‍ പ്രതിഷേധിക്കാന്‍ മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നും ആം ആദ്മിയും.

ഓപറേഷന്‍ ലോട്ടസിലൂടെ പഞ്ചാബ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന് ആരോപണമുന്നയിച്ചാണ് സെപ്റ്റംബര്‍ 22 ന് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വിശ്വാസവോട്ട് തേടിയുള്ള പ്രമേയം പാസാക്കാനായി മാത്രം പ്രത്യേക സഭാസമ്മേളനം വിളിക്കുന്നത് ചട്ടവിരുദ്ധമാണെന്നന്ന് ചൂണ്ടിക്കാട്ടി രാജ്ഭവൻ അനുമതി നിഷേധിക്കുകയായിരുന്നു. പുതിയ ഉത്തരവിൽ, പഞ്ചാബ് സർക്കാർ വിളിച്ച വിശ്വാസ പ്രമേയം പരിഗണിക്കുന്നതിനായി നിയമസഭ വിളിക്കുന്നത് സംബന്ധിച്ച മുൻ ഉത്തരവ് പ്രത്യേക നിയമങ്ങളുടെ അഭാവത്തിൽ പിൻവലിക്കുന്നതായി പഞ്ചാബ് ഗവർണർ വ്യക്തമാക്കി.

ഗവര്‍ണര്‍ക്ക് എതിരായ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി മാര്‍ച്ച് നടത്തുമെന്ന് ആംആദ്മി നേതൃത്വം അറിയിച്ചു. വിധാന്‍ സഭയില്‍ നിന്നും രാജ്ഭവനിലേക്ക് പാര്‍ട്ടിയുടെ 92 എംഎല്‍എമാരെയും അണി നിരത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിരിക്കുന്നത്.

അതേസമയം, നിയമസഭാ സമ്മേളനം വിളിക്കുന്നത് തടഞ്ഞഗവർണറുടെ നടപടിയോട് വളരെ രൂക്ഷമായാണ് ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്. 'ജനാധിപത്യം അവസാനിച്ച് കഴിഞ്ഞു 'എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

"മന്ത്രിസഭ വിളിച്ച സമ്മേളനം ഗവർണർക്ക് എങ്ങനെ നിരസിക്കാൻ കഴിയും? അങ്ങനെയാണെങ്കിൽ ജനാധിപത്യം അവസാനിച്ചുകഴിഞ്ഞു. രണ്ട് ദിവസം മുമ്പാണ് ഗവർണർ സമ്മേളനത്തിന് അനുമതി നൽകിയത്. ഓപ്പറേഷൻ ലോട്ടസ് പരാജയപ്പെടാൻ തുടങ്ങിയപ്പോൾ മുകളിൽ നിന്ന് അദ്ദേഹത്തിന് അനുമതി പിൻവലിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് നിര്‍ദേശം വന്നിട്ടുണ്ടാകും" അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.

ഗവർണറുടെ നടപടിയെ വിമർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും രംഗത്തെത്തി. "ഗവർണറുടെ നേതൃത്വത്തിൽ നിയമസഭ നടത്താൻ അനുവദിക്കാത്തത് രാജ്യത്തിന്റെ ജനാധിപത്യത്തിന്മേൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. ഇപ്പോൾ ജനാധിപത്യം നടപ്പിലാക്കുന്നത് കോടിക്കണക്കിന് ആളുകൾ തിരഞ്ഞെടുത്ത പ്രതിനിധികളോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ നിയമിച്ച ഒരു വ്യക്തിയോ ആണ്" ഭഗവന്ത് മൻ ട്വീറ്റ് ചെയ്തു.

അതേസമയം ബിജെപിയും കോൺഗ്രസ്സും അടക്കമുള്ള സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾ ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്തു. "പഞ്ചാബ് നിയമസഭയുടെ 'പ്രത്യേക സമ്മേളനം' റദ്ദാക്കാനുള്ള പഞ്ചാബ് ഗവർണറുടെ തീരുമാനം സ്വാഗതാർഹമാണ്, അത് ഭരണഘടനയിൽ വേരൂന്നിയുള്ളതാണ്." എന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

പഞ്ചാബില്‍ തിരഞ്ഞെടുപ്പിന്റെ സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ എഎപി പരാജയപ്പെട്ടെന്നും ബിജെപിക്കെതിരെ ഇത്തരം പ്രസ്താവനകൾ നടത്തി പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നുമായിരുന്നു ബിജെപിയുടെ ആരോപണം.

logo
The Fourth
www.thefourthnews.in